Saturday, November 23, 2024
HomeUS News"വറീത് ബ്രോക്കർ ഹാപ്പിയാണ് ഗഡീ" (സംഭവ കഥ) ✍സി. ഐ. ഇയ്യപ്പൻ, തൃശൂർ

“വറീത് ബ്രോക്കർ ഹാപ്പിയാണ് ഗഡീ” (സംഭവ കഥ) ✍സി. ഐ. ഇയ്യപ്പൻ, തൃശൂർ

സി.ഐ. ഇയ്യപ്പന്‍, തൃശ്ശൂര്‍.

നമ്മുടെ കഥാനായകൻ വറീത് ഒരു സുന്ദരനാണ്.വെള്ള ഷര്‍ട്ടും, മുണ്ടുമാണ് വേഷം. വസ്ത്രങ്ങളില്‍ അഴുക്കുപുരുളാതെ,ചുളിയാതെ ഇരിയ്ക്കുന്നതിനു വേണ്ടിയുള്ള നടപ്പും ഇരുപ്പും ഒരു രാജ പ്രമുഖനു തുല്ല്യമാണ്.അതുപോലെ സത്യസന്ധതയോടെ ,കറപുരളാതെ ജീവിയ്ക്കണമെന്നും വറീത് ആഗ്രഹിച്ചിരുന്നു. എന്നും എപ്പോഴും സന്തോഷത്തോടെ മാത്രമെ വറീതിനെ കാണാന്‍ കഴിയു .പേരിനോടൊപ്പം ഒരു വാലായി ബ്രോക്കറും കൂടിയുണ്ടെന്നു മാത്രം. പുളിയുടെ ബ്രോക്കര്‍ എന്നാണ് പറയുന്നത്. വറീതിനെ എല്ലാ കടക്കാര്‍ക്കും ഇഷ്ടമാണ് .ആള് ഒരു രസികനാണ് .സംസാരത്തില്‍ ചിരിയ്ക്കു വകനല്‍കുന്ന പലതും കാണും. എപ്പോഴും ചിരിച്ചുകൊണ്ടിരിയ്ക്കുന്ന വറീതിനെ കണ്ടാൽ ആര്‍ക്കും ഉള്ളില്‍ നിന്നൊരു ചിരിവരും.

വറീതിന്റെ ഭാര്യ സാറ സ്ക്കൂള്‍ടീച്ചറാണ്. ഇവര്‍ക്കു മിടുക്കന്‍മാരായ രണ്ടു ആണ്‍മക്കള്‍. വറീതിനു ഭാഗത്തില്‍ കിട്ടിയ പറമ്പിലുണ്ടായിരുന്ന വീട്ടിലാണ് താമസം. ഇതു പോലെ സ്വന്തമായി കിട്ടിയ മറ്റൊരു പറമ്പുമുണ്ട്. അതില്‍ നിന്ന് തേങ്ങ, മാങ്ങ,ചക്ക മുതലായവയും,വീട്ടാവശ്യത്തിനുള്ള പച്ചകറികളും കിട്ടും. ഞയറാഴ്ചകളില്‍ കാലത്ത് വറീതിന്റെ കൂട്ടുകാരന്‍ തോമാസിന്റെ വീട്ടില്‍ മറ്റു മൂന്നു
കൂട്ടുകാരുമായി ഇരുന്ന് ചീട്ടുകളിയ്ക്കും. സാധാരണ വിളിച്ചുകളി തന്നെ. വറീതിനും കൂട്ടുകാര്‍ക്കും യാതൊരു ദുശീലങ്ങളുമില്ല. നല്ല കൂട്ടുകാര്‍ ഒരു ഭാഗ്യമാണ്. കളികളില്‍ തോല്‍ക്കുന്നവരുടെ കാതില്‍ ചീട്ട് തുളച്ചത് ഇടും. അതു പോലെ നെറ്റിയിൽ നീലം കൊണ്ട് ഗോപി വരയ്ക്കും. മിയ്ക്ക പ്പോഴും മായാത്ത നീലം വറീതിന്റെ മുഖത്തുകാണും.

ഞയറാഴ്ചകളില്‍ കുട്ടികള്‍ക്കൊപ്പം എല്ലാവരും ഒരുമിച്ചിരുന്ന് ഭഷണം കഴിയ്ക്കണമെന്ന് വറീതിനു നിര്‍ബന്ധമാണ്. മക്കള്‍ സ്കൂളിലേയും,മറ്റുമുള്ള വിശേഷങ്ങള്‍ പങ്കുവെക്കും.ഒരുമ്മിച്ചിരുന്നുള്ള ചര്‍ച്ചകള്‍ ആ കുടുംബത്തിനു സന്തോഷം നല്‍കുന്നു. ദിവസവും കാലത്ത് നേരത്തെ തന്നെ എല്ലാവരും എഴുന്നേല്‍ക്കും. ടീച്ചറെ അടുക്കള പണിയില്‍ വറീത് സഹായിക്കും . അതുകൊണ്ട് കാലത്ത് കഴിയ്ക്കാനും, ഉച്ചയ്ക്കു് കഴിക്കാന്‍ കൊണ്ടു പോകാനുമുള്ള ഭഷണം നേരത്തെ തയ്യാറാകും. മാസത്തില്‍ രണ്ടു തവണ മറ്റേ പറമ്പിലേയ്ക്ക് വറീത് ഉച്ചയ്ക്ക് കഴിക്കാനുള്ള കഞ്ഞിയുമായി പോകും. പറമ്പില്‍ ധാരാളം പണികള്‍ കാണും .കൂലി കൊടുത്ത് ചെയ്യിക്കുന്നത് തെങ്ങില്‍ കയറി ഇടുന്നതും മാത്രം.
മാസത്തില്‍ അവസാന ഞായറാഴ്ച എല്ലാവരുമായി ടൗണില്‍ പോകും. കുറച്ചുനേരം പാര്‍ക്കിലോ , തേക്കിന്‍കാട് മൈതാനത്തൊ ഇരുന്ന് കപ്പലണ്ടി കഴിച്ചും, പരിചയകാരെ കണ്ടാല്‍ മിണ്ടിയും പറഞ്ഞും ഇരിയ്ക്കും. നേരം ഇരുട്ടുന്നതിനു മുമ്പ് പത്തന്‍സില്‍ പോയി മസാല ദോശയും ,കാപ്പിയും കഴിയ്ക്കും. വല്ലപോഴും നല്ല മലയാളം സിനിമയുണ്ടെങ്കില്‍ അതുകാണും. ശനി ,ഞായര്‍ ദിവസള്‍ കുട്ടികള്‍ക്കു കളിയ്ക്കാനുള്ള ദിവസങ്ങളാണെന്നാണ് വറീതിന്റെ പക്ഷം. അതുകൊണ്ട് പരീക്ഷ കാലത്തൊഴികെ എപ്പോഴും കുട്ടികള്‍ കൂട്ടുകാരുമായി കളിച്ച് ഉല്ലസിയ്ക്കും.

തമ്മില്‍,തമ്മില്‍ അറിഞ്ഞ്,സഹകരിച്ച് കൂട്ടായ തീരുമാനങ്ങളാല്‍ ജീവിച്ചിരുന്നതു കൊണ്ട് സമാധാനവും, സന്തുഷ്ടിയുമുള്ള ഒരു മാതൃക കുടുംബമായിരുന്നു അവരുടേത്. വറീതിന്റെ പിടിവാശിയും,സാറയുടെ സൗന്ദര്യപിണക്കങ്ങളും ഇതിനിടയില്‍ നടക്കുന്നുണ്ടെങ്കിലും വറീതും, സാറയും അടയും,ചക്കരയുമാണ്.
കാലത്തെ ഭഷണ ശേഷം വീടുപൂട്ടി എല്ലാവരും ഒന്നിച്ചാണ് ഇറങ്ങുക. സാറ ടീച്ചര്‍ ഒരു നല്ല പാചക കാരിയും ,ഭക്ഷണ പ്രിയയുമാണ്. ഞായറാഴ്ചകളിലാണ് പുതിയ ഭക്ഷണത്തിന്റെ പരീഷണങ്ങള്‍.

സാധാരണ കിഴക്കേകോട്ട വഴിയാണ് വറീത് വീട്ടിലേയ്ക്ക് വരാറ്.
ഒരു ദിവസം അങ്ങാടിയില്‍നിന്ന് വീട്ടിലേയ്ക്ക് വന്നത് പള്ളികുളം വഴിയാണ് . ചെറുപ്പത്തില്‍ തറവാടിന്റെ പിന്നിലെ പാടത്തുള്ള കുളത്തില്‍ കൂട്ടുകാരുമായി നീന്തികളിച്ചത് മനസില്‍ തെളിഞ്ഞുവന്നു.

ചെറുപ്പത്തില്‍ പഠിച്ച സൈക്കിള്‍‍ ചവിട്ടും, നീന്തലും ഒരു കാലത്തും മറക്കില്ല എന്ന് കേട്ടിട്ടുണ്ട്. എന്നാ ഒന്നു പരീക്ഷിച്ചു നോക്കാനായി കുളത്തിലേയ്ക്ക് ഇറങ്ങി . കുള കരയില്‍ വസ്ത്രങ്ങള്‍ അഴിച്ചുവെച്ച് കുളത്തിലേയ്ക്ക് മെല്ലെ ഇറങ്ങി. വയസുകാലത്തെ ഒരോ ആഗ്രഹങ്ങള്‍‍ .കുളത്തിലിറങ്ങിയപ്പോള്‍ എവിടന്നോ കുറച്ചു ധൈര്യമൊക്കെ കിട്ടി. ഒന്നു നീന്തിനോക്കി കുഴപ്പമില്ല. കുളത്തില്‍ കൂടുതല്‍ നേരം മുങ്ങികിടന്ന് കൂട്ടുകാരുമായി വറീത് പന്തയം വെയ്ക്കുകയും ജയിയ്ക്കാറുമുണ്ട്. അതൊന്നു പരീക്ഷിയ്ക്കാന്‍ ഒന്നു മുങ്ങി പൊങ്ങി. പിന്നെ കുറച്ച് അധികം നേരം മുങ്ങികിടന്നു പൊങ്ങി വന്നപ്പോള്‍ പടുക്കയില്‍ വെച്ച വസ്ത്രങ്ങള്‍ കാണാനില്ല.

റോഡിനു ചേരെയാണ് പള്ളികുളം. വഴിപോക്കന്‍മാരില്‍ ആരൊ പടിക്കയില്‍ പുതിയതു പോലെ ഇരിയ്ക്കുന്ന വസ്ത്രങ്ങൾ കണ്ട് എടുത്തു കൊണ്ടുപോയി. കുളത്തില്‍ നിന്ന് വറീത് വഴിയില്‍ പോകുന്നവരെ വിളിച്ചിട്ടും ആരും കേള്‍ക്കുന്നില്ല. നേരം ഇരുട്ടിതുടങ്ങി. ഭാഗ്യത്തിനു വിളി കേട്ട് ഒരാള്‍ വന്നു. അത് അങ്ങാടിയില്‍ കാണാറുള്ള ഒരു പരിചയകാരന്‍ ആയിരുന്നു. മൊബൈല്‍ ഫോണ്‍ ഇല്ലാത്ത കാലമായിരുന്നതു കൊണ്ട് അയാള്‍ വീട്ടില്‍ പോയി അറിയിച്ചു.വസ്ത്രങ്ങളുമായി വറീതിന്റെ മക്കൾ ഓടിയെത്തി.സഹായിച്ച ആള്‍ ഒരു ഉപകാരം ചെയ്തു വറീത് ബ്രോക്കറിനു പള്ളികുളത്തിൽ കുളിക്കുമ്പോൾ ഉടുവസ്ത്രം മോഷണം പോയ കഥ അങ്ങാടിയില്‍ പാട്ടാക്കി. പിറ്റേന്ന് വറീത് അങ്ങാടിയില്‍ വന്നപ്പോള്‍ കാണുന്നവരുടെ മുഖത്തെല്ലാം ഒരു കള്ള ചിരി. നമ്മുടെ വാറീത് ഒരു കൂസലും ഇല്ലാതെ എല്ലാവരുടെയും മുന്നിലൂടെ, കുശലാന്വേഷണങ്ങളും നടത്തി കടന്നു പോയി.കാലങ്ങൾ കടന്നുപോയി. എല്ലാവരുടെയും പോലെ, വറീതിന്റെ കുടുംബത്തിലും പ്രതിസന്ധികൾ ഉണ്ടായിരുന്നു.
” എന്നാലും വറീത് ബ്രോക്കര്‍ ഹാപ്പിയാണ്”.

സി.ഐ. ഇയ്യപ്പന്‍, തൃശ്ശൂര്‍.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments