ന്യൂഡൽഹി: ഇറാനിൽ നിന്ന് ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനുള്ള ഓപ്പറേഷൻ സിന്ധു തുടങ്ങി. ഇതിന്റെ ഭാഗമായി ഇറാനിൽ കുടുങ്ങിയ 110 ഇന്ത്യൻ വിദ്യാർത്ഥികളുടെ സംഘം ഡൽഹിയിലെ ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിലെത്തി. ഇതിൽ 90 വിദ്യാർത്ഥികളും ജമ്മു കശ്മീരിൽ നിന്നുള്ളവരാണ്.
ഉന്നത ഉദ്യോഗസ്ഥരടക്കം വിദ്യാർത്ഥികളെ സ്വീകരിക്കാനായി എത്തിയിരുന്നു. ഇറാനിൽ 13,000ത്തിലധികം ഇന്ത്യൻ വിദ്യാർത്ഥികളുണ്ടെന്നാണ് കണക്ക്. ഇതിൽ ഭൂരിപക്ഷവും മെഡിക്കൽ വിദ്യാർത്ഥികളാണ്.
സമയബന്ധിതമായുള്ള ഒഴിപ്പിക്കൽ ശ്രമത്തിന് ജമ്മു കശ്മീർ വിദ്യാർത്ഥി അസോസിയേഷൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും വിദേശകാര്യ മന്ത്രി എസ് ജയശങ്കറിനും നന്ദി പറഞ്ഞു. മറ്റു വിദ്യാർത്ഥികളെ ഉടൻ നാട്ടിലേക്ക് എത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അസോസിയേഷൻ പറഞ്ഞു. ഡൽഹിയിൽനിന്ന് ശ്രീനഗറിലേക്കുള്ള വിമാന ടിക്കറ്റുകൾ ഉൾപ്പെടെ വിദ്യാർത്ഥികൾക്ക് വേണ്ടിയുള്ള സൗകര്യങ്ങൾ കേന്ദ്ര സർക്കാർ സൗജന്യമായി ചെയ്തുകൊടുക്കും.
ഇറാനും ഇസ്രായേലും തമ്മിലുള്ള സംഘർഷത്തിന്റെ ഫലമായി സ്ഥിതിഗതികൾ വഷളായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ, ഇറാനിലെ ഇന്ത്യൻ പൗരന്മാരുടെ സുരക്ഷയ്ക്കായി കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇന്ത്യൻ സർക്കാർ വിവിധ നടപടികൾ സ്വീകരിച്ചുവരുന്നതായി വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു.
വിദ്യാർത്ഥികൾക്ക് പുറമെ തീർത്ഥാടകർ ഉൾപ്പെടെ നിരവധി ഇന്ത്യൻ പൗരന്മാർ ഇറാനിൽ കുടുങ്ങിക്കിടക്കുകയാണ്. കഴിഞ്ഞ ദിവസം ടെഹ്‌റാനിലെ ഇന്ത്യൻ എംബസി അടിയന്തര ഹെൽപ്‍ലൈൻ ആരംഭിച്ചിരുന്നു. കഴിയുമെങ്കിൽ സ്വന്തം നിലയ്ക്കു ടെഹ്‍റാൻ വിടാനും എംബസി നിർദേശിച്ചിട്ടുണ്ട്.
ടെഹ്റാനിൽ ഇസ്രയേലിന്റെ ആക്രമണത്തിൽ പരിക്കേറ്റ 5 ഇന്ത്യൻ മെഡിക്കൽ വിദ്യാർത്ഥികളുടെ നില തൃപ്തികരമാണെന്നും ഇവരെ സുരക്ഷിത കേന്ദ്രത്തിലേക്കു മാറ്റിയെന്നുമാണ് വിവരം. വ്യോമമേഖല അടച്ചിരിക്കുന്നതിനാൽ ടെഹ്റാനിൽനിന്ന് 148 കിലോമീറ്റർ അകലെ ക്വോം നഗരത്തിലെത്തിച്ചാണ് ഇന്ത്യക്കാരെ അതിർത്തി കടത്തുന്നത്.