പ്രിയമുള്ള കൂട്ടുകാരേ,
വിഷുവും വേനൽമഴയുമൊക്കെ ആഘോഷമാക്കിയ ആഴ്ച കടന്നുപോയി. ഈ പുതിയ ആഴ്ചയിൽ നമ്മുടെമുന്നിൽ വളരെ പ്രധാനപ്പെട്ട ഒരു ദിവസം കടന്നു വരുന്നുണ്ട് –
ഏപ്രിൽ 22.
ലോകഭൗമദിനമായി ആചരിക്കുന്നത് ഈ ദിവസമാണ്. ഭൂമിയുടെ സംരക്ഷണമാണ് ഭൗമദിനാചരണത്തിൻ്റെ ലക്ഷ്യം. ജനങ്ങളിൽ പരിസ്ഥിതിയെക്കുറിച്ച് അവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ 1970 ഏപ്രിൽ 22-നു അമേരിക്കൻ ഐക്യനാടുകളിലാണ് ആദ്യത്തെ ഭൗമദിനം ആചരിച്ചത്.
മനുഷ്യന്റെ ഇടപെടലിനെ ആശ്രയിച്ചാണ് ഭൂമിയുടെ നിലനിൽപ്പ്. അതിനെ സംരക്ഷിക്കുകയോ നശിപ്പിക്കുകയോ ചെയ്യാൻ മനുഷ്യനാവും. ഈ നൂറ്റാണ്ട് അവസാനിക്കുമ്പോഴേക്കും ഭൂമിയിലെ ചൂട് നാലു ഡിഗ്രിയെങ്കിലും കൂടുമെന്നാണ് യു എൻ പഠനസംഘത്തിന്റെ മുന്നറിയിപ്പ്. പെട്രോളും മറ്റിന്ധനങ്ങളും കത്തുമ്പോൾ പുറത്തുവിടുന്ന കാർബൺ അന്തരീക്ഷത്തിൽ നിറയുന്നതാണ് ക്രമാതീതമായി വർദ്ധിക്കുന്ന ചൂടിനു പിന്നിലുള്ള അടിസ്ഥാനകാരണം. ആഗിരണം ചെയ്യുവാൻ ആവശ്യമായ വനങ്ങളും മറ്റു സസ്യാവരണങ്ങളും കുറഞ്ഞതോടെ ഈ കാർബൺ അന്തരീക്ഷത്തിൽത്തന്നെ അവശേഷിക്കുന്നു. പ്രകൃതിയിലേക്കുള്ള തിരിച്ചുപോക്കാണ് ഈ പ്രതിസന്ധിക്കുള്ള ഏകപരിഹാരം. ആഗോളവ്യാപകമായി നടക്കുന്ന ഇത്തരം ശ്രമങ്ങളിലാണ് ലോകത്തിന്റെ പ്രതീക്ഷ.നാളത്തെ തലമുറയുടെ ഇങ്ങനെയുള്ള ദുർവിധിതിരുത്തുകയാണ് ഭൗമദിനാചരണത്തിൻ്റെ ലക്ഷ്യം.
ജീവൻ്റെ നിലനില്പിനാധാരം ഭൂമിയും പരിസ്ഥിതിയുമാണ്. അതിനെ നശിപ്പിക്കുന്ന ഒരു പ്രവൃത്തിയും ചെയ്യുകയില്ലെന്നും പ്രകൃതി സംരക്ഷണത്തിനായി പ്രവർത്തിക്കുമെന്നും നമുക്ക് പ്രതിജ്ഞയെടുക്കാം.
ഇനി മാഷെഴുതിയ ഒരു കവിതയായാലോ?
🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿
🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿
പുഴയും കുഞ്ഞും
〰️〰️〰️〰️〰️〰️〰️〰️
കിളിക്കുമുമ്പേ ഉണർന്നുപായണ
പുഴയെങ്ങോട്ടാണ്?
കളിച്ചുനില്ക്കണ കുട്ടാ ഞാനൊരു
കടൽതേടിപ്പോണ്.
കുതിച്ചുചാടിത്തുള്ളണകാലിൽ
കിലുക്കമെന്താണ് !
കുലുങ്ങുമാേളക്കൊലുസു കണ്ടാൽ
കുഞ്ഞിനതറിയില്ലേ?
മരത്തിനും കിളികൾക്കും നിന്നോ-
ടിണക്കമെന്താണ് ?
പകർന്നുനൽകും മതിയാവോളം
പതഞ്ഞവെള്ളം ഞാൻ.
എനിക്കുമുണ്ട് നിന്നോടിഷ്ടം-
കൂടാനൊരു മോഹം.
മനുഷ്യനല്ലേ ഞങ്ങളെ വെറുതെ
മാന്തുന്നോനല്ലേ ?
അടുത്തിടേണ്ടാ ഭയമാണുള്ളിൽ
പൊയ്ക്കോ നീയകലെ.
മിഴിക്കുടങ്ങൾ നിറഞ്ഞു മുത്തുകൾ
അടർന്നു വീണപ്പോൾ
മലർക്കുടംപോൽ ചിരിച്ചു പാൽപുഴ
മൊഴിഞ്ഞു “ചങ്ങാതീ
കരഞ്ഞിടേണ്ട വെറുതെ നിന്നെ
കളിയാക്കിയതല്ലേ !”
നനഞ്ഞ പൂവിൻചിരിപോലപ്പോൾ
തെളിഞ്ഞു കുഞ്ഞുമുഖം.
🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
പുഴയും കുഞ്ഞും ഇഷ്ടമായോ? പുഴ പറയും പോലെ മനുഷ്യർ പുഴകളും കാടും മലയും വയലുമെല്ലാം മലിനമാക്കുന്നുണ്ട്. പരിസ്ഥിതി മാേശമായാൽ അത് നമ്മുടെ ജീവിതമാണ് നശിപ്പിക്കുന്നതെന്ന് കൂട്ടുകാരോട് പറഞ്ഞു മനസ്സിലാക്കണം കേട്ടോ.
ഇനിയിപ്പോൾ നിങ്ങളോട് കഥ പറയാനെത്തുന്നത് എറണാകുളം ജില്ലയിൽ തൃപ്പൂണിത്തുറയ്ക്കടുത്ത് മാമലയിൽ താമസിക്കുന്ന ശ്രീ. പ്രശാന്ത് വിസ്മയ എന്ന ബാലസാഹിത്യപ്രതിഭയാണ്. അദ്ദേഹം തിരുവാങ്കുളത്ത് “വിസ്മയ പ്ലസ്സ് ഡിജിറ്റൽ സ്റ്റുഡിയോ ” എന്ന പേരിൽ ഫോട്ടോഗ്രാഫിസ്ഥാപനം നടത്തുന്നുണ്ട്.
ഓൾ ഇൻഡ്യ വീരശൈവമഹാസഭയുടെ എറണാകുളം ജില്ലാ ജനറൽ സെക്രട്ടറി, ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസ്സിയേഷൻ തൃപ്പൂണിത്തുറ – മുളന്തുരുത്തി മേഖലാസെക്രട്ടറി, കൊച്ചിൻ സാഹിത്യ അക്കാദമി സംസ്ഥാന പ്രതിനിധി തുടങ്ങിയ സ്ഥാനങ്ങൾ വഹിക്കുന്നു.
മാഞ്ചോട്ടിലെ കുഞ്ഞനുറുമ്പുകൾ ( കവിതകൾ – ബാലസാഹിത്യം )
കുട്ടികളുടെ ബസവണ്ണൻ
(പുനരാഖ്യാനം)
ചക്രക്കസേരയിലെ വിരുന്നുകാർ
(കവിതാ സമാഹാരം)
മരിച്ചവരുടെ ഛായാച്ചിത്രങ്ങൾ
(കഥാസമാഹാരം)
കുക്കുടുവനത്തിലെ വിശേഷങ്ങൾ
( കഥകൾ – ബാലസാഹിത്യം )
മാന്ത്രികപ്പൂച്ച (നോവൽ – ബാലസാഹിത്യം )
അക്കുക്കൂ കുക്കുക്കൂ
(നോവൽ – ബാലസാഹിത്യം ) എന്നിവയാണ് പുസ്തകങ്ങൾ.
ഇരുപതോളം ഗ്രൂപ്പ്പുസ്തകങ്ങളിലും സൃഷ്ടികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
” പട്ടുപാവാട “എന്ന സംഗീത ആൽബത്തിന് ഗാനരചന നിർവ്വഹിച്ചിട്ടുണ്ട്.
2020ലെ കേരള ബാലസാഹിത്യ അക്കാദമി പുരസ്കാരം, 2021 ലെ കുഞ്ചൻ നമ്പ്യാർ സ്മാരക പുരസ്ക്കാരം, ജീവചരിത്രവിഭാഗത്തിൽ 2021 ലെ കേരള ബാലസാഹിത്യഅക്കാദമി പുരസ്കാരം, എം. കെ. ദിലീപ് കുമാർ സ്മാരകകഥാപുരസ്ക്കാരം, കൈരളി സരസ്വതി സ്മാരകപുരസ്ക്കാരം, 2022 ലെ നവഭാവന ചാരിറ്റബിൾ ട്രസ്റ്റിൻ്റെ കുഞ്ഞുണ്ണി മാഷ് സ്മാരക പുരസ്ക്കാരം കെ.എസ്.വിശ്വനാഥൻ സ്മാരക ബാലസാഹിത്യ പുരസ്ക്കാരം (2023) കൊച്ചിൻ സാഹിത്യ അക്കാദമിയുടെ സുവർണ്ണത്തൂലിക – 2023 പുരസ്ക്കാരം, ഭാരത് സേവക് സമാജത്തിൻ്റെ (B.S.S) ഹോണറബിൾ പുരസ്ക്കാരം
പാറ്റ് ടാഗോർ – പുരസ്ക്കാരവും തുടങ്ങി നിരവധി അംഗീകാരങ്ങൾ ലഭിച്ചു.
ശ്രീ. പ്രശാന്ത് വിസ്മയ യുടെ കഥയാണ് താഴെ ‘
🌱🌱🌱🌱🌱🌱🌱🌱🌱🌱🌱
💐💐💐💐💐💐💐💐💐💐💐
അടി ഇടി അക്കിടി
എന്നത്തേയുംപോലെ ഇന്നും മിന്നുപ്പൂച്ച അച്ചൂൻ്റെ അമ്മ കൊടുത്ത പാലും ബ്രഡ്ഡും മൂക്കുമുട്ടെ കഴിച്ച് അടുക്കളയുടെ മൂലയിൽ ഉറക്കം തുടങ്ങി.
അങ്ങനെയിരിക്കുമ്പോൾ വീട്ടിലെ തട്ടുംമുകളിലിൽ വിശന്ന് വലഞ്ഞ് ഇരിക്കുകയായിരുന്ന ചോട്ടു ചുണ്ടെലി എഴുന്നേറ്റു. ചോട്ടുച്ചുണ്ടെലിയുടെ ലക്ഷ്യം വീട്ടിലെ അടുക്കളയോടു ചേർന്നുള്ള സ്റ്റോർറൂമായിരുന്നു. അവിടെയാണല്ലോ അരിയും പച്ചക്കറിയുമൊക്കെ സൂക്ഷിച്ചുവച്ചിട്ടുള്ളത്. അവൻ തട്ടിൻമുകളിൽ നിന്നും പതുക്കെപ്പതുക്കെ ഓരോ പടിയിൽനിന്നും ചാടിച്ചാടി താഴേക്ക് ഇറങ്ങാൻ തുടങ്ങി. എന്നാലൊ…?
തട്ടുംപടിയിലെ തട്ടും മുട്ടും
ഒട്ടും കേൾപ്പിച്ചീടാതെ
ചോട്ടുച്ചുണ്ടെലി
ചാടിച്ചാടിയിറങ്ങുമ്പോൾ
അയ്യോ! ചാട്ടം, തെറ്റിപ്പോകെ
ഒന്നടിതെറ്റിനിലത്തേക്ക്!
പ്ഠും..പ്ഠും എന്ന ഒച്ചയോടെ താഴേക്ക്, ഉരുണ്ടുരുണ്ട് മൂക്കും കുത്തിവീണു.
“കിയ്യോ! കിയ്യോ.. ” ചോട്ടുച്ചുണ്ടെലിയുടെ കരച്ചിൽ കേട്ട് സ്വപ്നം കണ്ട് ഉറങ്ങുകയായിരുന്ന മിന്നുപ്പൂച്ച കണ്ണുതുറന്നു.
നല്ല രസത്തിലുറങ്ങുമ്പോൾ
ശല്യം ചെയ്യുവതാരാണ്?
കൊല്ലും ഞാനാശല്യക്കാരനെ
കയ്യിൽ കിട്ടിയാൽ കട്ടായം!
എന്ന് ദേഷ്യത്തോടെ മനസ്സിൽ വിചാരിച്ച് എഴുന്നേല്ക്കാൻ നോക്കി. പക്ഷേ, വയറുനിറച്ചും ഭക്ഷണം കഴിച്ചതുകാരണം എഴുന്നേല്ക്കാൻ കഴിയാതെ മടിയനായ മിന്നുപ്പൂച്ച ഇന്നുകൂടി ക്ഷമിച്ചേക്കാം എന്നുംപറഞ്ഞ് വീണ്ടും ഉറക്കംതുടങ്ങി.
തൻ്റെ കരച്ചിൽ കേട്ട് ആരെങ്കിലും വരുമെന്ന ചിന്തയുണ്ടായപ്പോൾ ചോട്ടുച്ചുണ്ടെലി വേദന കടിച്ചമർത്തി. പെട്ടെന്നാണ് തൊട്ടുമുന്നിൽ ഉറങ്ങുന്ന മിന്നുപ്പൂച്ചയെ കണ്ടത്!
കാര്യം നേടണമെന്നുണ്ടെങ്കിൽ
കൗശലമൊന്നുണ്ടാക്കേണം
കിയ്യോ.. കിയ്യോ കരഞ്ഞെന്നാൽ
വയ്യാതായി പൊല്ലാപ്പാകും!
കൂടുതൽ ആലോചിച്ചു നില്ക്കാനും സമയമില്ല. ചോട്ടുച്ചുണ്ടെലി അടുക്കളയുടെ ഭാഗത്തേക്ക് ശബ്ദമുണ്ടാക്കാതെ നടന്നു. ഈ സമയം മിന്നുപ്പൂച്ചയുടെ സ്വപ്നത്തിൽ ഒരു വലിയ നായ്ക്കുട്ടി കടന്നുവന്നു. അവൻ നായ്ക്കുട്ടിയുടെ മുന്നിൽ ശൗര്യത്തോടെ ചീറികൊണ്ടിരുന്നു. ചോട്ടുച്ചുണ്ടെലി നോക്കുമ്പോൾ ഉറങ്ങിക്കിടക്കുന്ന മിന്നുപ്പൂച്ച ചെവി കൂർപ്പിക്കുന്നു. ഇടയ്ക്ക് മീശ വിറപ്പിക്കുന്നു. ഇതെന്തു കഥ! ചിലപ്പോൾ തന്നെ കണ്ടിരിക്കും. എന്നിട്ട് ഉറക്കം നടിച്ചു കിടക്കുന്നതായിരിക്കും. അപ്പോൾ രക്ഷയില്ല. ഇനി ഒരു വഴിയെയുള്ളു.
മനസ്സിൽ എന്തൊ ചിന്തിച്ചുറപ്പിച്ച് ചോട്ടുച്ചുണ്ടെലി ചുമരിൽച്ചാരി വച്ചിരുന്ന ചൂലിൻ്റെ മുകളിലേക്ക് ഒറ്റച്ചാട്ടം! എന്നാലോ, ചൂല് മറിഞ്ഞു മിന്നുപ്പൂച്ചയുടെ മേലേക്ക് വീണു. ഒപ്പം ചോട്ടുച്ചുണ്ടെലിയും! ആകപ്പാടെ പേടിച്ചു പോയ ചോട്ടുച്ചുണ്ടെലി പിന്നൊന്നും നോക്കിയില്ല മിന്നുപ്പൂച്ചയുടെ വാലിൽ ഒരു കടിയും കൊടുത്തുകൊണ്ടു സ്റ്റോർ റൂമിലേക്ക് ഒറ്റച്ചാട്ടം ചാടിമറഞ്ഞു. പാവം മിന്നുപ്പൂച്ച! അവൻ്റെ സ്വപ്നത്തിലെ നായ്ക്കുട്ടിയെ കണ്ട് ഓടാൻ തുടങ്ങിയതായിരുന്നു അപ്പോഴാണ് ചൂലും ചോട്ടുച്ചുണ്ടെലിയും മിന്നുപ്പൂച്ചയുടെ മേലേ വീണത്. പോരാത്തതിന് വാലിൽ ഒരു കടിയും കിട്ടിയത്. പിന്നൊന്നും നോക്കിയില്ല. ഉറക്കത്തിൽ നിന്നുമുണർന്ന മിന്നുപ്പൂച്ച ഉണ്ടക്കണ്ണും തുറുപ്പിച്ച് തിരിഞ്ഞു നോക്കാതെ പുറത്തേക്ക് വാലുംപൊക്കിപ്പാഞ്ഞുപോയി!
🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
കഥ അടിപൊളിയായില്ലേ!കുസൃതിക്കരൻ ചോട്ടുവും മടിയൻ മിന്നുവും. ഇക്കഥയിൽ ആരാ പേടിച്ചോടിയത്? ചോട്ടുച്ചുണ്ടെലിയോ മിന്നുപ്പൂച്ചയോ?
ഏതായാലും കഥ രസകരമായി. ഇനി നമുക്കൊരു കവിത പാടാം. കവിതയുമായി വരുന്ന മാമനെക്കണ്ടോ?
അബ്ദു കാവനൂർ എന്നാണ് കവിയുടെ പേര്..
കുന്നംപള്ളി ആയിഷ മൻസിലിൽ ഭാര്യ സലീന കുന്നനും മക്കളായ ആദിൽ മുഹമ്മദ്,ആയിഷ സൽവ, അൽഫ ഫാത്തിമ എന്നിവരുമൊത്ത് മലപ്പുറം ജില്ലയിൽ മഞ്ചേരിക്കും അരീക്കോടിനുമിടയിലുള്ള കാവനൂരിലാണ് അബ്ദു കാവനൂർ താമസിക്കുന്നത്.. B com ബിരുദധാരിയായ അദ്ദേഹം മഞ്ചേരിയിൽ
രജിസ്ട്രേഷൻ വകുപ്പിൽ ക്ലർക്കായി ജോലി ചെയ്യുന്നു.
കുട്ടികൾക്കും മുതിർന്നവർക്കുമായിധാരാളം കവിതകൾ രചിക്കുന്നു
ശ്രീ. അബ്ദു കാവനൂർ കുട്ടികൾക്കായി രചിച്ച രസകരമായ ഒരു കവിത താഴെ കൊടുക്കുന്നു.
✳️✳️✳️✳️✳️✳️✳️✳️✳️✳️✳️
🌳🌳🌳🌳🌳🌳🌳🌳🌳🌳🌳
കിളിക്കൂട്ട്
________
കാറ്റാടിക്കൊമ്പിലിരുന്നു
കാറ്റേറ്റിട്ടൂഞ്ഞാലാടും
കുഞ്ഞാറ്റക്കിളിയുടെ കൂട്ടിനു
കാറ്റത്തൊരു പൈങ്കിളിവന്നു..
കാടിന്റെ കഥകൾ ചൊല്ലി
കാട്ടാറിൻ മഹിമയുമോതി
കുഞ്ഞാറ്റക്കിളിയും ചേർന്നു
കളിചിരിയുടെ മഞ്ചലിലേറി.
കുളിർ വീശും കാറ്റത്തങ്ങനെ
കായ്കനികൾ വന്നു പതിയ്ക്കേ
കൂട്ടാളികളായവർ കിളികൾ
കൊതിയോടവ തിന്നു രസിച്ചു
കാർമേഘം മാനത്തെത്തി
കോരിച്ചൊരിയുന്നൊരു മഴയിൽ
കുഞ്ഞാറ്റക്കിളിയുടെ കൂട്ടിൽ
പൈങ്കിളിയും ചേർന്നു വിരുന്നായ്…..
പൈങ്കിളിയും ചേർന്നു വിരുന്നായ്.
നല്ല കവിത. കുഞ്ഞാറ്റയും പൈങ്കിളിയും കൂട്ടുകാരായില്ലേ?. ഇതു പോലെയാവണം നമ്മളും ജീവിതത്തിൽ. പരസ്പരം സ്നേഹിക്കുകയും സഹായിക്കുകയും ചെയ്യണം. കവിതയിലൂടെ കവി നല്കുന്നത് നാം നല്ല കുട്ടികളായി വളരാനുള്ള ആഹ്വാനമാണ്.
🍍🍍🍍🍍🍍🍍🍍🍍🍍🍍🍍
കഥ പറയാൻ മിടുക്കിയായ ഉണ്ണിമോളുടെ കഥയുമായി ഒരു ചേച്ചി എത്തുന്നുണ്ട്. പാലക്കാട് ജില്ലയിലെ ഷൊർണൂരാണ്. റംല.എം.ഇഖ്ബാൽ എന്ന ഈ കഥാകാരി താമസമാക്കിയിരിക്കുന്നത്. വനിതാ ലൈബ്രേറിയനായി ജോലി ചെയ്യുന്ന ഈ കഥാകാരി വാർത്താവായന വളരെ ഹൃദ്യമാണ്.നല്ലൊരു സ്റ്റോറിടെല്ലറുമാണ്. ശ്രീമതി റംല എം ഇഖ്ബാലിൻ്റെ കഥ
☀️☀️☀️☀️☀️☀️☀️☀️☀️☀️☀️☀️
💫💫💫💫💫💫💫💫💫💫💫💫
തിരിച്ചറിവുകൾ
———————-
വേനലവധിക്ക് സ്വന്തം തറവാടുകളിലെത്തിയ കുട്ടികളെല്ലാം ഒത്തുചേർന്ന് ഫോണും ടാബും ടെലിവിഷനുമൊന്നും ഈ രണ്ടു മാസം ഉപയോഗിക്കില്ലെന്ന് പ്രതിജ്ഞയെടുത്തു. പകരം അച്ഛനമ്മമാർ പറഞ്ഞു തന്നതും തങ്ങൾക്ക് നഷ്ടപ്പെട്ടതുമായ കളികളും കഥകളും പരസ്പരം കളിച്ചും പറഞ്ഞും അവധിദിനങ്ങൾ വിനിയോഗിക്കാൻ തീരുമാനിച്ചു. ഒന്നിച്ചിരുന്നു കളിച്ചുംഥപറഞ്ഞും ആഹാരം കഴിച്ചും കുളത്തിൽ നീന്തിത്തുടിച്ചും അവർ ഉത്സാഹത്തിലായി. .. എന്നും ഉച്ചയ്ക്ക് തൊടിയിലെ ഏറ്റവും വലിയ മാവിൻ ചുവട്ടിൽ അവർ കഥപറയാൻ ഒത്തുകൂടും. ഓരോ ദിവസവും ഓരോരുത്തർ കഥ പറയണമെന്ന് നിർബന്ധമാണ്.
വിളവന്മാരായ കുട്ടികൾ അവർ കണ്ട അന്യഭാഷാ സിനിമകളിൽ നിന്നു മൊക്കെ കഥയുണ്ടാക്കി കുട്ടികളുടെ ഇടയിൽ ആളായി…. അങ്ങനെ കൂട്ടത്തിലെ ഏറ്റവും ചെറുതും നിഷ്കളങ്കയുമായ പത്തുവയസ്സുകാരി ഉണ്ണിമോൾക്കും വന്നു കഥപറയേണ്ട ദിവസം .
എന്നാൽ നാട്ടിൽത്തന്നെ താമസിച്ചുവരുന്ന, ഫോണോ ടാബോ ഒന്നും ഉപയോഗിക്കാൻ കിട്ടാത്ത അവൾക്കു പറയാൻ അത്തരം കഥകളൊന്നും ഇല്ലായിരുന്നു. എങ്കിലും പറഞ്ഞല്ലേ പറ്റൂ……
ഉണ്ണിമോൾ അമ്മയുടെ വീട്ടിൽ പോയപ്പോൾ അവിടത്തെ വയസ്സായ മുത്തശ്ശി പറഞ്ഞകഥയാണ് പറയാൻ തീരുമാനിച്ചത്. മറ്റു കൂട്ടുകാരൊക്കെ ആകാംക്ഷാപൂർവ്വം കാതോർത്തിരിക്കുകയാണ്. ഉണ്ണിമോൾഎഴുന്നേറ്റു നിന്നു.. കഥ പറഞ്ഞു തുടങ്ങി…
” പണ്ട് പണ്ട്…… അതായതു ബസും കാറുമൊക്കെ വരുന്നതിനും മുൻപ് ഗ്യാസ് സ്റ്റവ് ഒന്നുമില്ലാത്ത കാലത്താണ് കേട്ടോ ഈ കഥ ഉണ്ടായത്….
അന്ന് മിഥില എന്നൊരു രാജ്യമുണ്ടായിരുന്നു. അവിടത്തെ അമ്മിണിയമ്മൂമ്മക്ക് മക്കളോ സ്വന്തബന്ധമോ ഉണ്ടായിരുന്നില്ല. ആ അമ്മൂമ്മ കാട്ടിൽനിന്നും ഉണങ്ങിയ വിറക് ശേഖരിച്ചു നാട്ടിലെ വീട്ടമ്മമാർക്ക് കൊടുക്കും. അവർ അമ്മിണിയമ്മൂമ്മക്ക് കുറച്ചു ഭക്ഷണമോ പണമോ കൊടുക്കും.അങ്ങനെയാണ് അമ്മൂമ്മ ജീവിച്ചു വന്നത്. എന്നാൽ പ്രായം കൂടിയതോടെ അമ്മൂമ്മക്ക് വയ്യാതായി. വിറകു ശേഖരിക്കലും കുറഞ്ഞു.അവർക്ക് ആരുമൊന്നും കൊടുക്കാതായി.
അങ്ങനെയിരിക്കെ വിശപ്പ് സഹിക്കവയ്യാതായ ഒരു ദിവസം എങ്ങനെയെങ്കിലും അല്പം വിറകുണ്ടാക്കി എന്തെങ്കിലും ആഹാരം കഴിക്കാം എന്നുറപ്പിച്ചു അമ്മുമ്മ കാട്ടിലെത്തി . ഒന്നുരണ്ടു വിറകുചുള്ളികൾ പെറുക്കിയപ്പോഴേക്കും ക്ഷീണം കാരണം അമ്മൂമ്മ തലചുറ്റി വീണു….എണീക്കാൻ പോലുമാകാതെ ഒരേ കിടപ്പായി..”..
ഉണ്ണിമോൾ കഥ നിറുത്തി എല്ലാവരെയുമൊന്നു നോക്കി.
“അപ്പോൾ അതിലെ വരുന്നവർഅമ്മൂമ്മയെ സഹായിക്കില്ലേ…?” മനുവിന്റെ സംശയം. ഗൗരി, കഥയിൽ തടസ്സമുണ്ടാക്കിയ ദേഷ്യത്തോടെ ഗൗരി ഒച്ചയിട്ടു ” ചെക്കാ, അന്ന് ‘ധാരാളം ജനങ്ങളില്ല ഇന്നത്തെപ്പോലെ ആളുകൾ ടൂറൊന്നും പോകാറുമില്ല ….. അല്ലേ രേണു ചേച്ചി…?
ഏറ്റവും മുതിർന്ന രേണുവിനോടുള്ള ഗൗരിയുടെ ചോദ്യത്തിന് അവൾ…ശരിയാ എന്ന് തലയാട്ടി. പിന്നെ കണ്ണട നേരെ വച്ചുകൊണ്ട് രേണുവും എന്നിട്ട് എന്ന ഭാവത്തോടെ ഉണ്ണിമോളെ നോക്കി. തന്റെ കഥ എല്ലാവരും കൗതുകത്തോടെ കേൾക്കുന്നുണ്ടെന്ന് മനസ്സിലാക്കിയ ഉണ്ണിമോൾ ശബ്ദം അല്പമൊന്നു ശരിയാക്കിയിട്ട് കഥതുടർന്നു.
” ഹേയ്.., അമ്മൂമ്മേ.. എഴുന്നേല്ക്കൂ ” എന്നാരോ പറയുന്നത് കേട്ട്
അമ്മൂമ്മ പതിയെ കണ്ണുതുറന്നു ചുറ്റും നോക്കി… ആരെയും കാണാതെ അത്ഭുതപ്പെട്ടു. അപ്പോഴതാ വീണ്ടും ആ ശബ്ദം.
” ഞാൻ ഈ വനത്തിലെ ദേവതയാണ്. നിങ്ങളുടെ ഈ അവസ്ഥയിൽ ഞാൻ വളരെ ദുഖിക്കുന്നു… എന്ത് വരമാണ് എന്നിൽ നിന്നും ആഗ്രഹിക്കുന്നത്… പറഞ്ഞോളൂ..? ”
അമ്മൂമ്മ പേടിച്ചു എഴുന്നേറ്റിരുന്നു, എന്നിട്ട് വീണ്ടും ചുറ്റും കണ്ണോടിച്ചു…. ഇല്ല.. ആരേം കാണുന്നില്ല….. വിറയ്ക്കുന്ന ശബ്ദത്തോടെ അവർ പറഞ്ഞു ….
” എനിക്ക് മരിക്കുംവരെ മൂന്നുനേരം ആഹാരം കിട്ടിയാൽ മാത്രംമതി ”
.. ഇതുകേട്ട ദേവത അമ്മൂമ്മക്ക് ഒരു സ്വർണ്ണത്തളിക നല്കിക്കൊണ്ട് പറഞ്ഞു
” ഒരു ദിവസം മൂന്നുനേരം മാത്രം എന്താഹാരം വേണമെങ്കിലും ഈ തളികയോട് ചോദിക്കുക…. ആവശ്യം കഴിഞ്ഞാൽ പിന്നെ തളിക ഉടനെതന്നെ ആഹാരം തരുന്നതല്ല…. സത്യമാണോ എന്ന് പരീക്ഷിക്കാനായി വീണ്ടും ചോദിക്കുകയുമരുത്. അങ്ങനെ ചെയ്താൽ തളിക താനെ പൊട്ടിപ്പോകുന്നതാണ് “…
അമ്മൂമ്മ കണ്ണുനീര് തുടച്ചു കൈകൂപ്പി. ആ തളികയുമായി വീട്ടിലെത്തി . അന്നുമുതൽ അമ്മൂമ്മയ്ക്ക് ആഹാരം കുശാലായി ലഭിച്ചു…. ഇഷ്ടമുള്ള ആഹാരം ആവശ്യത്തിനു മാത്രം ചോദിച്ചു കഴിച്ചു. അമ്മൂമ്മയടെ ആരോഗ്യം പുഷ്ടിപ്പെട്ടു.മരണംവരെ ആർത്തിയൊന്നും കൂടാതെ വേണ്ടഭക്ഷണം മാത്രം കഴിച്ച് ജീവിച്ചു പോന്നു…..”
ഉണ്ണിമോൾ കഥ പറഞ്ഞു നിർത്തി… ആരും ഒന്നും മിണ്ടിയില്ല. ……..
” അതാണ് പറയുന്നത് ആരുമില്ലാത്തവർക്ക് ദൈവം തുണയുണ്ടാകും എന്ന്” രേണു ഇങ്ങനെ പറഞ്ഞപ്പോൾ എല്ലാവരും സന്തോഷത്തോടെ നല്ല ഒരു കഥ പറഞ്ഞ ഉണ്ണിമോളേ ബഹുമാനത്തോടെ നോക്കി.
വേണ്ടതൊക്കെ ചോദിച്ചാൽ ലഭിക്കുമായിരുന്നിട്ടും ആവശ്യത്തിനുള്ളതുമാത്രം വരമായി സ്വീകരിച്ച നമ്മുമ്മ നമുക്കെല്ലാവർക്കും ഒരു പാഠമാണ്. അനാവശ്യമായ നിർബന്ധങ്ങളും ആഗ്രഹങ്ങളും കൊണ്ട് മാതാപിതാക്കളെയും മറ്റും നിങ്ങളാരും വേദനിപ്പിക്കരുത്.
🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
ഇനിയൊരു കൊച്ചു കവിതയാവാം. കവിത പാടിയെത്തുന്നത് വളരെ പ്രസിദ്ധനായ ഒരു കവിയാണ്. – ശ്രീ. ശ്രീധരൻ പറൊക്കോട്.
മലപ്പുറം ജില്ലയിലെ നിലമ്പൂരിനടുത്ത് ചുങ്കത്തറയാണ് ജന്മസ്ഥലം.
മുണ്ടപ്പാടം, ചുങ്കത്തറ, എന്നീ സ്കൂളുകളിൽ പ്രാഥമികവിദ്യാഭ്യാസം. മമ്പാട് കോളേജിൽ നിന്നു M.A. (eco) പാസ്സായി. തുടർന്ന് ഇംഗ്ലീഷ് സാഹിത്യം, M.A. population studies, M. Phil, diploma in Perental Education എന്നിവ പാസ്സായി.
1991 മുതൽ Calicut University സർവ്വീസിലായിരുന്നു.
ഇന്ത്യയിലും വിദേശത്തുമായി ധാരാളം വേദികളിൽ കവിത അവതരിപ്പിച്ചു.
2007 ൽ Serbia യുടെ വിവിധ ഭാഗങ്ങളിൽ കവിതാവതരണം നടത്തി. 2015 ൽ Taiwan ൽ കവിതയക്കുറിച്ച് സംസാരിക്കുകയും കവിത യവതരിപ്പിക്കുകയും ചെയ്തു. 2018 ൽ ചൈന യില് വെച്ച് നടന്ന ലോക കവിസമ്മേളനത്തിൽ പങ്കെടുത്തു. വേൾഡ് അക്കാദമി ഓഫ് ആർട്ട് AND CULTURE നൽകുന്ന ഓണറ റി ഡോക്ടറേറ്റ് സ്വീകരിച്ചു.
മഹാത്മാ ഗാന്ധി, നെൽസൺ മണ്ടേല, weeping womb, slum flowers, Science of Dream, Please enter your secret number,മയിലമ്മക്ക്, കറുത്ത പാട്ട്, എൻഡോ സൾഫാൻ, പേരില്ലാ ത്തവൾ, സത്യാഗ്രഹം തുടങ്ങി മുപ്പതോളം ഗ്രന്ഥങ്ങളുടെ രചയിതാവാണ്.
കവിതകൾ വിവിധ ഭാഷകളിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്.
കാഫ്ല ഇൻ്റർനാഷണൽ ഏർപ്പെടുത്തിയ സാഹിത്യ ശ്രീ അവാർഡ്, സാഹിത്യ ശിരോമണി അവാർഡ്, Shan E Adab തുടങ്ങിയ അവാർഡുകൾക്ക് തെരഞ്ഞെടുക്കപ്പെട്ടു.
ഇപ്പോൾ കുടുംബസമേതം കാലിക്കറ്റ് സർവ്വകലാശാലയ്ക്കടുത്ത് കോഹിനൂരിൽ താമസിക്കുന്നു.
ശ്രീ. ശ്രീധരൻ പറൊക്കോടിൻ്റെ കവിത വായിക്കാം
🍄🍄🍄🍄🍄🍄🍄🍄🍄🍄🍄
🌻🌻🌻🌻🌻🌻🌻🌻🌻🌻🌻
നല്ലതല്ല
————-
ഉള്ളത് പറയാം
കളിയാക്കേണ്ട !
കള്ളൻ വന്നതു
മുഴുവനെടുത്തു
കണ്ടവരൊന്നും
മിണ്ടാതായി!
കണ്ണിൽക്കണ്ടതു
തട്ടിയെടുത്താൽ
കണിശംപറയാം
കൊള്ളുകയില്ല.
കട്ടുകടത്തിയ –
തൊന്നും തന്നെ
കിട്ടുകയില്ലെ –
ന്നോർക്കുകവേണ്ടെ?
〰️〰️〰️〰️〰️〰️〰️〰️〰️〰️〰️
കവിതകളും കഥകളും നിങ്ങൾക്ക് ഇഷ്ടമായിട്ടുണ്ടാവും എന്നാണ് മാഷ് കരുതുന്നത്.
ഇനിയും കൂടുതൽ സാഹിത്യ പ്രതിഭകളെയും അവരുടെ രചനകളെയും പരിചപ്പെടുവാൻ താല്പര്യമുണ്ടാകുമല്ലോ. വരും ലക്കങ്ങളിലൂടെ നമുക്കതു സാധിക്കാം.
സ്നേഹത്താേടെ,
നിങ്ങളുടെ.. സ്വന്തം