Thursday, December 26, 2024
Homeകേരളംസംസ്ഥാനത്ത് 10 സപ്ലേകോ സൂപ്പർ മാർക്കറ്റുകൾ കൂടി തുറക്കുമെന്ന് ഭക്ഷ്യമന്ത്രി ജിആർ അനിൽ

സംസ്ഥാനത്ത് 10 സപ്ലേകോ സൂപ്പർ മാർക്കറ്റുകൾ കൂടി തുറക്കുമെന്ന് ഭക്ഷ്യമന്ത്രി ജിആർ അനിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ 10 സപ്ലേകോ സൂപ്പർ മാർക്കറ്റുകൾ കൂടി തുറക്കുമെന്ന് ഭക്ഷ്യമന്ത്രി ജിആർ അനിൽ. സർക്കാർ സപ്ലേകോയുടെ സേവനപരിധി വർധിപ്പിക്കാനാണ് എപ്പോഴും ശ്രമിക്കുന്നത്. ഈ സർക്കാർ വന്ന ശേഷം 90 പുതിയ കടകൾ ആരംഭിച്ചു. സപ്ലേകോയ്‌ക്കെതിരെ എപ്പോഴും മോശപ്പെട്ട വാർത്തകളാണ് വരുന്നതെന്നും യഥാർഥത്തിൽ പൊതുവിപണിയിലെ വിലനിലവാരം പിടിച്ചുനിർത്തുന്നതിൽ സപ്ലേകോ വഹിക്കുന്ന പങ്ക് ഏറെ വലുതാണെന്നും ഭക്ഷ്യമന്ത്രി പറഞ്ഞു.

റേഷൻ കടകളിലൊന്നും ഇല്ലെന്നും ആരും അവിടെ പോകുന്നില്ലെന്നുമാണ് പലരും പടർത്തുന്ന വാർത്ത. എന്നാൽ കേരളത്തിൽ മാത്രമാണ് ബിപിഎൽ കുടുംബം അല്ലാത്തവർക്കും സബ്‌സിഡി സാധനങ്ങൾ നൽകുന്നത്. ഈ മാസം ഇന്നേവരെ (ചൊവ്വാഴ്ച) 11 മണി വരെ കേരളത്തിലെ 36.14 ലക്ഷംപേർ റേഷൻ വാങ്ങിയതായി മന്ത്രി പറഞ്ഞു.

പുന്നപ്ര മാർക്കറ്റിന് തെക്കുവശം പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന സപ്ലൈകോ സൂപ്പർ മാർക്കറ്റ് പുന്നപ്ര മാർക്കറ്റിന് വടക്കു കിഴക്കുവശം സ്ഥിതിചെയ്യുന്ന നന്ദനം ബിൽഡിംഗിൽ പ്രവർത്തനം ആരംഭിച്ചതിന്റെ പ്രവർത്തനോദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. കൂടുതൽ വിശാലമായ സൗകര്യങ്ങളോടെയാണ് പുതിയ സൂപ്പർമാർക്കറ്റ് ആരംഭിച്ചിട്ടുള്ളത്. ഉപയോഗശൂന്യമായ അരി ഏതെങ്കിലും കാരണവശാൽ റേഷൻ കടകളിലെത്തിയാൽ അത് തിരിച്ചെടുത്ത് പുതിയത് നൽകാൻ കർശന നിർദ്ദേശം നൽകിയതായും മന്ത്രി പറഞ്ഞു. അമ്പലപ്പുഴ എംഎൽഎ എച്ച് സലാം അധ്യക്ഷത വഹിച്ചു.

നെല്ല് സംഭരിച്ച വകയിൽ കർഷകർക്ക് നൽകാനുള്ള തുക എത്രയും പെട്ടെന്ന് ലഭ്യമാക്കും. അഞ്ഞൂറ് കോടി രൂപ കുടിശ്ശികയുണ്ട്. ഇതിൽ വരുന്ന ആഴ്ച കേന്ദ്രത്തിൽ നിന്നുള്ള വിഹിതമായി 300 കോടി രൂപ ലഭിക്കുമെന്ന് കരുതുന്നു. സ്റ്റേറ്റ് ഇൻസെന്റീവും നൽകാൻ നടപടികളായിട്ടുണ്ട്. കേന്ദ്രം നിലവിൽ നൽകാനുള്ളത് 1100 കോടിയിലധികമാണ്. വായ്പാ പരിധി ഉയർത്താൻ ബാങ്കുകൾക്ക് അനുമതി ലഭിക്കുന്നില്ല. സപ്ലേകോ പി.ആർ.എസ്. നൽകുന്ന ബാങ്കുകൾക്ക് ഒരു കുടിശ്ശികയും വരുത്തിട്ടിലെന്നും ഇക്കാര്യത്തിലുള്ള ആക്ഷേപങ്ങൾ അടിസ്ഥാനമില്ലാത്തതാണെന്നും മന്ത്രി മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മന്ത്രി ജിആർ അനിൽ മറുപടി നൽകി.

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments