ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ പ്രതിചേര്‍ത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് അധിക കുറ്റപത്രം സമര്‍പ്പിച്ചു. ആംആദ്മി പാര്‍ട്ടിയെയും പ്രതിചേര്‍ത്താണ് അധികകുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. പ്രത്യേക സിബിഐ കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമുള്ള കേസില്‍ ആദ്യമായാണ് ഒരു രാഷ്ട്രീയപാര്‍ട്ടി പ്രതിചേര്‍ക്കപ്പെടുന്നത്.
കേസില്‍ മാര്‍ച്ച് 21 ഇ ഡി കസ്റ്റഡിയിലെടുത്ത കെജ്‌രിവാള്‍ ഇപ്പോള്‍ ഇടക്കാലജാമ്യത്തില്‍ പുറത്തിറങ്ങിയിരിക്കുകയാണ്. സമാനകേസില്‍ ഇ ഡി സമര്‍പ്പിക്കുന്ന എട്ടാമത്തെ കുറ്റപത്രമാണിത്. 18 പേരെ ഇതിനകം അറസ്റ്റ് ചെയ്തിട്ടുമുണ്ട്.
അതിനിടെ മദ്യനയ അഴിമതി കേസിലെ ഇ ഡിയുടെ അറസ്റ്റും റിമാന്‍ഡും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ അപ്പീല്‍ സുപ്രിംകോടതി വിധിപറയാന്‍ മാറ്റി. മനീഷ് സിസോദിയയുടെ അറസ്റ്റിന് ശേഷവും അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റിന് മുന്‍പുമുള്ള രേഖകള്‍ ഇ ഡി സുപ്രീം കോടതിയില്‍ ഹാജരാക്കി.
കേസില്‍ ജാമ്യം തേടി അരവിന്ദ് കെജ്‌രിവാളിന് വിചാരണ കോടതിയെ സമീപിക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദിപാങ്കര്‍ ദത്ത എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് വാദം കേട്ടത്. സുപ്രീം കോടതി അവധിക്കാലത്തിന് പിരിയും മുന്‍പുള്ള അവസാന ദിവസമായതിനാല്‍ അധിക സമയമെടുത്താണ് വാദം പൂര്‍ത്തിയാക്കിയത്.