ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ നൂറിലേറെ സീറ്റുകളിൽ ബിജെപി സ്ഥാനാർഥികളെ തീരുമാനിച്ചതായി റിപ്പോർട്ടുകൾ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ വ്യാഴം രാത്രി ചേർന്ന ബിജെപിയുടെ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിയാണ് ഉത്തർപ്രദേശ്, മധ്യപ്രദേശ്, ഗുജറാത്ത്, അസം, കേരളം, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലെ സ്ഥാനാർഥി പട്ടികയിലാണ് ധാരണയിലെത്തിയത്. ഞായറാഴ്‌ച വീണ്ടും കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗമുണ്ട്. അതിനുശേഷം ആദ്യ പട്ടിക പുറത്തുവിടും.
മോദി വാരാണസിയിൽത്തന്നെ മത്സരിക്കും. തമിഴ്‌നാട്ടിലെ ഒരു മണ്ഡലത്തിൽക്കൂടി മത്സരിക്കുമെന്നും റിപ്പോർട്ടുണ്ട്. അമിത് ഷാ ഗാന്ധിനഗറിലും രാജ്‌നാഥ് സിങ് ലഖ്‌നൗവിലും. രാജ്യസഭാംഗങ്ങളായ ചില കേന്ദ്രമന്ത്രിമാർ ലോക്‌സഭയിലേക്ക് മത്സരിക്കും. ഭൂപേന്ദർ യാദവ്, നിർമല സീതാരാമൻ, സർബാനന്ദ സൊനോവാൾ, ജ്യോതിരാധിത്യ സിന്ധ്യ, രാജീവ് ചന്ദ്രശേഖർ, വി മുരളീധരൻ എന്നിവരാകും മത്സരിക്കുക. മധ്യപ്രദേശ് മുൻമുഖ്യമന്ത്രി ശിവ്‌രാജ് സിങ് ചൗഹാനെ പ്രഗ്യാസിങ് ഠാക്കൂറിന് പകരമായി ഭോപാലിൽ മത്സരിപ്പിച്ചേക്കുമെന്ന് സൂചനയുണ്ട്.
വിവിധ സംസ്ഥാനങ്ങളിലെ കോർഗ്രൂപ്പ് അംഗങ്ങളുമായി ബിജെപി പ്രസിഡന്റ് ജെ പി നദ്ദയും അമിത് ഷായും സംഘടനാചുമതലയുള്ള ജനറൽ സെക്രട്ടറി ബി എൽ സന്തോഷും ചർച്ച നടത്തിയിരുന്നു. തുടർന്ന് ചേർന്ന കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിയിൽ മോദിക്ക് പുറമെ നദ്ദ, അമിത് ഷാ, രാജ്‌നാഥ് സിങ് തുടങ്ങിയവർ പങ്കെടുത്തു. എൺപതിനടുത്ത് സിറ്റിങ് എംപിമാർക്ക് ബിജെപി സീറ്റ് നിഷേധിക്കുമെന്ന് സൂചനയുണ്ട്. രണ്ടുതവണ ജയിച്ചവരെയും ഒഴിവാക്കും.