Saturday, November 23, 2024
HomeUS Newsശുഭചിന്ത - (64) - പ്രകാശഗോപുരങ്ങൾ - (40) മനസ്സ് എന്ന പ്രതിഭാസം

ശുഭചിന്ത – (64) – പ്രകാശഗോപുരങ്ങൾ – (40) മനസ്സ് എന്ന പ്രതിഭാസം

പി . എം . എൻ . നമ്പൂതിരി.

മനസ്സ് എന്ന പ്രതിഭാസം

*ആധുനിക ശാസ്ത്രത്തിനു പോലും അജ്ഞാതമായൊരു വിഷയമാണ് മനസ്സെന്ന പ്രതിഭാസം*

നമ്മുടെ ശരീരത്തിലെ ഓരോ അവയവങ്ങളും എവിടെയാണെന്ന് നമുക്ക് അറിയാവുന്നതാണ്. ഈ അവയവങ്ങളുടെയല്ലാം ക്ഷതങ്ങൾ തിരിച്ചറിയാനും ചികിത്സിക്കാനും ആധുനിക സംവിധാനങ്ങളുണ്ട്. എന്നാൽ മനസ്സ് എവിടെ സ്ഥിതി ചെയ്യുന്നുവെന്ന് ആർക്കും അറിയില്ല. എങ്കിലും മനസ്സുമായി ബന്ധപ്പെട്ട പിരിമുറുക്കം ഏവര്‍ക്കും ഉണ്ടായികൊണ്ടിരിക്കുന്നു .

മനസ്സ് സ്ഥൂല ശരീരത്തിനുള്ളിലെ സൂക്ഷ്മ ശരീരമാണ്. ഈ മനസ്സാണ് മനുഷ്യന് സ്വര്‍ഗ്ഗവും നരകവും ഉണ്ടാക്കുന്നത് .മാത്രമല്ല ഈ മനസ്സു തന്നെയാണ് നമ്മുടെ ബന്ധുവും ശത്രുവും എന്ന് നമ്മൾ മനസ്സിലാക്കണം

“മനഃ ഏക മനുഷ്യാണാം കാരണം ബന്ധമോക്ഷയോ” എന്നത് ഇതിനെ ദൃഢീകരിക്കുന്നു. മനസ്സിനെ നിയന്ത്രണവിധേയമാക്കാതെ പോയാല്‍ നരകമാകും ഫലം. മനസ്സിനെ നിയന്ത്രിക്കുന്നത് കാറ്റിനെ പിടിച്ചുകെട്ടുന്നപോലെ ദുഷ്‌കരമാണന്നാണ് ഭഗവാൻ ശ്രീകൃഷ്ണന്‍ അര്‍ജ്ജുനനോട് പറഞ്ഞിട്ടുള്ളത് .

നമ്മുടെ എല്ലാ പ്രശ്നങ്ങൾക്കും പ്രധാന കാരണം നമ്മുടെ മനസ്സു തന്നേയാണ്  അത് ജ്ഞാനത്തിൽ കൂടി മാത്രമേ മനസ്സിലാക്കാൻ കഴിയൂ . ജ്ഞാനം നമ്മുടെ മനസ്സിനെ കാണിച്ചുതരുന്ന കണ്ണാടിയാണ്. ധ്യാനം ചെയ്യുംതോറും മനസ്സിലെ അഴുക്കുകൾ തുടച്ച് നീക്കപ്പെടും. നമ്മൾ ചെയ്യുന്ന ഓരോ പാപങ്ങളും മനസ്സിൽ കെട്ടിക്കിടക്കുന്ന അഴുക്കുകളാണ്. നമ്മളെ ആദരണീയനാക്കുന്നതും നിന്ദ്യനാക്കുന്നതും മനസ്സാണ്.

മടിയന്മാരാണ് കൂടുതലും രോഗത്തിന് അടിമകളാകുന്നത്. നിഷ്ക്രിയനാകുന്നതാണ് രോഗമുണ്ടാകാൻ പ്രധാനകാരണം. അതുകൊണ്ട് വെറുതെ ഇരിക്കാതെ കര്‍മ്മങ്ങൾ ചെയ്യുക. ചെയ്യുന്ന കർമ്മങ്ങൾ നന്മയുള്ളതാവണം. ശ്രീരാമകൃഷ്ണപരമഹംസർ തൊണ്ടയില്‍ അർബുദം വന്നിട്ടും തളരാതെ കർമ്മമണ്ഡലത്തിൽ തിളങ്ങിനിന്നു.

പ്രതിസന്ധികളിൽ പതറുകയും തളരുകയും സ്വാഭാവികമാണ്. മനോധൈര്യമുള്ള അര്‍ജ്ജുനന്‍പോ ലും കുരുക്ഷേത്രത്തില്‍ ഒരു ഘട്ടത്തിൽ തളര്‍ന്നുവല്ലോ .

ഓരോരുത്തരും അവരവരുടെ അറിവും സാഹചര്യവുമനുസരിച്ച് തങ്ങളുടെ കര്‍മ്മം ചെയ്യേണ്ടതാണ്.

യജ്ഞത്തിലെ നെയ്യാണ് മനസ്സ്. വിവേകമാണ് അതില്‍ നിന്നും ലഭിക്കുന്ന പ്രസാദം. നദിക്ക് കുറുകെ അണക്കെട്ട് നിര്‍മ്മിക്കുമ്പോള്‍ അത് ഒരു ശക്തിയാകുന്നപോലെ ചഞ്ചലമായ മനസ്സിനെ ഏകാഗ്രമാക്കുമ്പോൾ നമുക്ക് ഒരു പ്രത്യേക ശക്തി ലഭിക്കുന്നു. സജ്ജനസംസര്‍ഗ്ഗം ഉണ്ടായാൽ മാത്രമേ മനസ്സിനെ ഉയർത്താൻകഴിയൂ.എന്നാൽ നമ്മൾ പലപ്പോഴും കച്ചവട മനസ്സോടെയാണ് പലതും വീക്ഷിക്കുന്നതും കാണുന്നതും വിലനിശ്ചയിക്കുന്നതും. ഒന്ന് മനസ്സിലാക്കുക മനുഷ്യന്‍ ഒരു മണ്‍കുടത്തിന് സമാനമാണ്. എപ്പോൾ വേണമെങ്കിലും ഉടഞ്ഞു പോകാം.

പ്രലോഭനങ്ങള്‍ക്ക് വഴങ്ങാത്തവനാണ് യഥാർത്ഥ യോഗി. കണ്ണു കാണുന്നവരാണ് കൂടുതലും വീഴുന്നത്. കണ്ണു കാണാത്തവർ വീഴുന്നില്ല. കാരണം കണ്ണു കാണാത്തവർ എപ്പോഴും ജാഗരൂകരായിരിക്കും. അതു കൊണ്ട് മനസ്സിലാക്കുക നമ്മുടെ എല്ലാ പ്രശ്നങ്ങൾക്കും പ്രധാന കാരണം ചാഞ്ചാടുന്ന മനസ്സു തന്നെയാണ് . ചഞ്ചലമനസ്സുള്ളവർക്ക് ഒരിക്കലും സമാധാനം ഉണ്ടാകുകയില്ല.

ഉദ്ധരേദ് ആത്മനാത്മാനാം എന്ന് ഭഗവത്‌ഗീതയിൽ പറയുന്നുണ്ട്. അതായത്. ഒരാൾക്ക്‌ ഉയരണമെങ്കിൽ അയാള്‍ ആശ്രയിക്കേണ്ടത് സ്വന്തം മനസ്സിനെയാണെന്നാണ്. അതുപോലെ ഒരാൾ അധ:പതിക്കുന്നതും മനസ് കാരണത്താൽ തന്നെയാണ്. മനസ് നിയന്ത്രിതമല്ലാതെയും എകാഗ്രതയില്ലാതെയും ശക്തിയില്ലാതെയും പ്രവർത്തിക്കുമ്പോൾ സംഭവിക്കുന്നത്‌ അബദ്ധങ്ങൾ മാത്രമായിരിക്കും. അതെ മനസ്സ്തന്നെ എകാഗ്രവും ശക്തവും അചഞ്ചലവുമായാൽ നമ്മളെക്കൊണ്ട് സാധ്യമാവാത്തതായി യാതൊന്നും തന്നെ ഉണ്ടാവുകയില്ല. ശാസ്ത്രജ്ഞന്മാരുടെ ഏകാഗ്രമായ മനസ്സിലാണ് ഇന്ന് നാം കാണുന്ന എല്ലാ കണ്ടെത്തലുകളുടെയും ആദ്യരൂപം ഉടലെടുത്തത്. അവർ സാധാരണ മനുഷ്യർ തന്നെയാണ്. കേവലം മനസ്സിനെ ഗൌരവത്തോടെ ഒരേ ദിശയിൽ സഞ്ചരിപ്പിച്ചതിനാൽ അവർ ശാസ്ത്രജ്ഞരായി മാറി.

ഇവിടെ നമ്മുടെ വിഷയം മനസ്സിനെ എങ്ങനെ നിയന്ത്രിക്കാം എന്നതാണ്. ആദ്യമായി ചെയ്യേണ്ടത്, ഞാൻ മനസ്സിനെ നിയന്ത്രിക്കാൻ ഒരുങ്ങുന്നു എന്ന് ചിന്തിക്കാതിരിക്കുക. പകരമായി ഞാൻ മനസ്സിനെ പരിപാലിക്കുവാനോ ശുശ്രൂഷിക്കാനോ ഒരുങ്ങുകയാണെന്നു ചിന്തിക്കുക. എന്തുകൊണ്ടെന്നാൽ നിയന്ത്രിക്കുന്നത്‌ മനസ്സിന് ഇഷ്ടമല്ല. രണ്ടാമതായിശ്രദ്ധിക്കേണ്ടതെന്തെന്നാൽ മനസ്സിനെ പരിപാലിക്കുന്നതിനു മുമ്പ് മനസ്സിനെ അറിയണം. കുതിര എന്തെന്ന് അറിയാതെ കുതിരയെ നയിക്കാ
ൻ സാദ്ധ്യമല്ലല്ലോ. നമ്മുടെ മനസ്സിന്റെ ഇഷ്ടാനിഷ്ടങ്ങൾ, വിചാര രീതികൾ, എന്നിവയെക്കുറിച്ച് അവബോധം ഉള്ളവരായിരിക്കണം നമ്മൾ.

മൂന്നാമതായി മനസിനെ നിയന്ത്രിക്കുക എന്നാൽ അതിനെ നിശ്ചലമാക്കുക എന്നല്ല. കുതിരവണ്ടി നിയന്ത്രിക്കുകയെന്നാൽ അതിനെ തളക്കൽ അല്ലല്ലോ, അതിനെ തനിക്കും മറ്റുള്ളവർക്കും ആസ്വാദ്യകരമാകുന്ന വിധം ചലിപ്പിക്കുക എന്ന് തന്നെയല്ലേ. ഇത് പോലെ മനസ്സിനെ തളക്കാൻ ശ്രമിക്കാതെ നല്ല ഫീലിങ്ങ്സ് ഉണ്ടാക്കുന്ന ചിന്തകളിലൂടെ അതിനെ നയിക്കുക. അപ്പോൾ ശാന്തിയും സ്നേഹവും ശക്തിയും ശുദ്ധിയും എല്ലാം തന്നിൽ നിറഞ്ഞിരിക്കുന്നുണ്ട് കണ്ടെത്താന്‍ കഴിയും. അതോടെ സാവധാനം മനസ്സ് ശന്തമാകുന്നതു കാണാം. ചിന്തകളുടെ എണ്ണം കുറച്ചാക്കുകയും, ഉണ്ടാക്കുന്ന ചിന്തകളിൽ കൂടുതൽ നേരം നിലനിൽക്കാൻ ശ്രമിക്കുകയും ചെയ്യു
ക. ഇത്തരത്തിൽ പരിശ്രമിച്ചു തുടങ്ങുകയാണെങ്കിൽ മനോ നിയന്ത്രണം എളുപ്പത്തിൽ സാദ്ധ്യമാകുന്നതാണ്. ഒരു തവണ ഏകാഗ്രതയുടെ ആനന്ദം നുകർന്നാൽ മനസ്സ് പിന്നീട് ആ അവസ്ഥയിലേക്ക് സ്വമേധയാ സഞ്ചരിക്കാൻ തുടങ്ങുകയും ചെയ്യും.

പി . എം . എൻ . നമ്പൂതിരി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments