Saturday, July 27, 2024
HomeUS Newsകതിരും പതിരും: (31) ആത്മഹത്യ ഒരു പ്രശ്നപരിഹാരിയോ ? ✍ജസിയഷാജഹാൻ

കതിരും പതിരും: (31) ആത്മഹത്യ ഒരു പ്രശ്നപരിഹാരിയോ ? ✍ജസിയഷാജഹാൻ

ജസിയഷാജഹാൻ✍

ആത്മഹത്യ ഒരു പ്രശ്നപരിഹാരിയോ ?

ദൈനംദിന ജീവിതത്തിൽ പെരുകിക്കൊണ്ടിരിക്കുന്ന ആത്മഹത്യകൾ! കാരണ
ങ്ങൾ പലതാകുമ്പോഴും ഒടുങ്ങുന്നത് വിലപ്പെട്ട മനുഷ്യജന്മങ്ങൾ തന്നെ. വഴിമുട്ടി നിൽക്കുന്ന ജീവിതമുനമ്പിൽ നിന്ന് ഒന്നു പിടിച്ചു കയറാൻ ഒരു കച്ചിത്തുരുമ്പുപോലും കാണാതാകുമ്പോൾ അല്ലെങ്കിൽ അവയും കൈയ്യൊഴിയുമ്പോൾ ഗത്യന്തരമില്ലാതെ ശിഷ്ടജീവിതത്തിൻ്റെ ബാക്കി പത്രങ്ങളിൽ ഒരു കുഞ്ഞു താളുപോലും കാലത്തിന് കീറിമുറിക്കാനും എഴുതിയെഴുതി വികൃതമാക്കാനും വിട്ടുകൊടുക്കാതെ കൂട്ടത്തോടെ ഒടുക്കുകയും ഒടുങ്ങുകയും ചെയ്യുന്ന മനുഷ്യമനസ്സാക്ഷിയെ ഞെട്ടിപ്പിക്കുന്ന തരത്തിലുള്ള കൂട്ട ആത്മഹത്യകൾ ഇന്ന് സുപരിചിതം.

തലക്കെട്ടുകളിലും വാർത്തകളിലും ക്യാമറ കണ്ണുകളിലും പരന്നൊഴുകി അവ ചുഴികളിൽ ആഴ്ന്നിറങ്ങും മുമ്പ് തന്നെ പുതിയതൊന്ന് മുനമ്പത്തെത്തും. കാര്യകാരണങ്ങൾ മറ്റൊരുവഴിയിലൂടെ നടക്കും. പ്രണയനൈരാശ്യം, സ്ത്രീധനകൊലവിളി, മാനസിക പീഡന വൈകൃതങ്ങൾ, വിഷാദരോഗം, ശാരീരിക പീഡനം, ഒരു നിലതെറ്റിയ വാക്ക്,വഴക്ക്, ഉപദേശം, വിസമ്മതങ്ങൾ, അനിഷ്ടക്കേടുകൾ, അസ്വാതന്ത്ര്യങ്ങൾ, അസ്വാരസ്യങ്ങൾ തുടങ്ങി..
കുട്ടികൾ, ടീനേജേഴ്സ്. ചെറുപ്പക്കാർ മുതിർന്നവർ എന്നിങ്ങനെ എല്ലാവിഭാഗങ്ങളിലും പെട്ടവരിൽ ആരെങ്കിലുമൊക്കെ ഇവയിലേതെങ്കിലും ഒന്നിലെങ്കിലും പെട്ട് സ്വയം കുരുതി കൊടുക്കുന്നു.

കൂടാതെ തൊഴിൽ നഷ്ടപ്പെടൽ , കുടുംബ പ്രശ്നങ്ങൾ,മാനസികാരോഗ്യ സേവനങ്ങളുടെ ലഭ്യതകുറവ്, ബലാൽസംഗം, പരീക്ഷയിലെ പരാജയം ഇവയൊക്കെയും തന്നെ ആത്മഹത്യയുടെ മറ്റു കാരണങ്ങളായി പങ്കുവഹിക്കുന്നു.

ചില ജനിതക കാരണങ്ങളും ആത്മഹത്യയ്ക്ക് വഴിയൊരുക്കാറുണ്ട്.

അവിഹിത ഗർഭം ചിലപ്പോഴെങ്കിലും കാരണമാകുന്നു. തീരാരോഗങ്ങൾ മൂലം ആത്മഹത്യ ചെയ്യുന്നവരും നമുക്കിടയിൽ കുറവല്ല.

ആത്മഹത്യകൾ ഭീകരമാണ്. ഭീരുത്വമാണ്. കാടുകയറുന്ന ചിന്തകളുടെ ഒരു നിർണ്ണായക ഘട്ടത്തിലെ വൈകാരിക പ്രതിഫലനമാണ്.

ചില നേരങ്ങളിൽ തോറ്റുകൊടുക്കാതിരിക്കാനുള്ള, നേരിടാൻ ശക്തിക്ഷയിച്ച ,
കടന്നുപോകാൻ വഴികളടഞ്ഞ മനസ്സിന്റെ പിടിവിട്ടു പോകലാണ്.

ഈ ആത്മഹത്യകൾക്ക് എന്താണ് കാരണം? എന്നതിനേക്കാൾ ഈ അവസ്ഥകളിൽ നിന്നും എങ്ങനെ കരകയറാം എന്ന വസ്തുതകളിലേക്കാണ് നാം ആദ്യം വിരൽ ചൂണ്ടേണ്ടത്.

അതിലൊന്നാമത്തേത് എന്തു പ്രശ്നങ്ങളേയും അവസ്ഥകളെയും നേരിടാനുള്ള മാനസികാരോഗ്യമാണ്. രണ്ടാമതായി ഒരു തുറന്ന സമീപനം… അതാണ് ഉണ്ടാകേണ്ടത്. ഇടുങ്ങിയ ചിന്താഗതിയും ഈഗോയും വലിപ്പചെറുപ്പ ധാരണയും,
മറ്റുള്ളവർ എന്തു കരുതുമെന്ന അമിതമായ അപകർഷതാബോധവും ഉത്കണ്ഠയും ഒക്കെ തുടച്ചുമാറ്റി എല്ലായിടത്തും ഇതൊക്കെ ഉണ്ട്, ആരും എല്ലാംതികഞ്ഞവരായിട്ടില്ല നമ്മുടെ പ്രശ്നങ്ങൾ തുറന്നു തന്നെ പറയാം… ഒന്നുമില്ലെങ്കിലും ! ആ നശിച്ച ചിന്തകളുടെ ഒടുവിലത്തെ നിമിഷങ്ങളിലെങ്കിലും എന്ന് അടിയുറച്ച് തീരുമാനിക്കുക.

ആത്മഹത്യ സത്യത്തിൽ ജീവിതത്തിൽ നാം ധൈര്യമായി നേരിടേണ്ടി വരുന്ന പ്രശ്നങ്ങളിൽ നിന്നുമുള്ള ഒരു ഒളിച്ചോട്ടമാണ്. ചിലപ്പോഴെങ്കിലും അപക്വമായ മനസ്സിന്റെ ആവലാതികളും വേവലാതികളും ആന്തരികസംഘർഷങ്ങളും തമ്മിലുള്ള വടം വലിയിൽ ആണ്ടു പോകുന്ന ഒടുക്കം വന്ന ചിന്തകളുടെ ഇരുട്ട് മാത്രമാണ്. ആ ഇരുട്ടിനെ വകഞ്ഞുമാറ്റിയാൽ ഒരു തരി വെട്ടം കാണാതിരി
ക്കുമോ? സ്വയം ഒന്നിരുത്തി ചിന്തിച്ചു നോക്കൂ..

ജീവിതത്തിൽ ഏറ്റവും വിലപ്പെട്ട ആത്മാർത്ഥതയുള്ള, എന്തിനും ഒപ്പം കൂടെനിന്ന് നല്ല രണ്ട് ഉപദേശമെങ്കിലും തരുന്ന, ഏതാവശ്യത്തിനും ഒന്നു വിളിക്കാൻ പറ്റുന്ന വീണ്ടും പച്ചമലയാളത്തിൽ പറഞ്ഞാൽ… ഉള്ളിലുള്ള വിമ്മിഷ്ടങ്ങളൊക്കെ ഒന്നു
മനസ്സ് തുറന്നുപങ്കുവയ്ക്കാനെങ്കിലും ഉതകുന്ന നല്ല ചങ്കുറപ്പുള്ള ഒന്നുരണ്ടു സുഹൃത്തുക്കളെയെങ്കിലുംസമ്പാദിച്ചുവയ്ക്കുക. ഇല്ലെങ്കിൽ ഇനിയുള്ള കാലങ്ങളിൽ താൻ താനായി മാത്രം വളർച്ച മുരടിച്ച് ഒറ്റപ്പെട്ട അന്ത്യത്തിൽ സായൂജ്യമടഞ്ഞ് മണ്ണടിയും.

ഒരു പരിധിവരെ കുറച്ചൊക്കെ ആത്മഹത്യാശ്രമങ്ങളെ തടയാൻ നമുക്ക് കഴിയും. അതിനായി ശക്തമായ കുടുംബ ബന്ധങ്ങൾ കെട്ടിപ്പടുക്കാൻ ശ്രമിക്കുക. മറക്കുകയും പൊറുക്കുകയും ചെയ്യുക. മാനസിക രോഗമുള്ളവരെ തക്കസമയത്ത് ചികിത്സിക്കുകയും അവരെ നിരീക്ഷിക്കുകയും ചെയ്യുക. ആത്മഹത്യ ചെയ്യാനുള്ള മാർഗ്ഗങ്ങളെന്തെങ്കിലും കയ്യെത്തും ദൂരത്തുള്ളത് ആത്മഹത്യാ പ്രവണത വർദ്ധിപ്പിക്കുന്നു.അതിനെ തടയുക.

അമിതമദ്യപാനത്തിൽ നിന്നും മയക്കുമരുന്ന് ഉപയോഗത്തിൽ നിന്നും മുക്തി നേടാനായി പരിശ്രമിക്കുക. മറ്റുള്ളവരുടെ സഹായം തേടുക. സാമ്പത്തിക വളർച്ചയ്ക്ക് വഴിയൊരുക്കുക. നിരാശാബോധം ഒഴിവാക്കി എല്ലാം അവസാനിച്ചു എന്ന് കരുതുന്നിടത്ത് നിന്ന് എത്രയോ നല്ല തുടക്കങ്ങൾ ഉണ്ടായിട്ടുണ്ട് എന്നു വിശ്വസിക്കുക.

ഒരുവിളിപ്പുറത്ത് ഓടിയെത്തുന്നവരിൽ ആരെങ്കിലും ഒരാളെങ്കിലും നിങ്ങൾക്ക് അത്താണിയാകും എന്ന് ഓർക്കുക. ജീവിതം എല്ലാ നല്ല അവസ്ഥകളും മോശം അവസ്ഥകളും ചേർന്നതാണ്. നാം ഈ രണ്ടവസ്ഥകളേയും ഒരേപോലെ സ്വീകരിക്കേണ്ടതാണ് . അത് നമ്മുടെ ധർമ്മമാണ് എന്ന് വിശ്വസിക്കുക. ശുഭ ചിന്തകളെ വളർത്തുക. വെറുതെയെങ്കിലും സ്വപ്നങ്ങൾ കാണുക.

ഒരു പുരുഷൻ ആത്മഹത്യ ചെയ്യാനുള്ള സാധ്യത സ്ത്രീയെ അപേക്ഷിച്ചു നോക്കുമ്പോൾ നാലിരട്ടിയാണ് . ഒരിക്കൽ ആത്മഹത്യയ്ക്ക് ശ്രമിച്ചവരിൽ ഒരു ആത്മഹത്യാ പ്രവണത അവർ അറിയാതെ തന്നെ ഉള്ളിൽ ഉണ്ടാകും.അതറിയാവുന്ന മറ്റുള്ളവർ, കുടുംബാംഗങ്ങൾ എന്നിവരുടെ ശ്രദ്ധ അവരിൽ എപ്പോഴും ഉണ്ടായിരിക്കണം. അവരെ കേൾക്കാനും അറിയാനും എത്ര തിരക്കിനിടയിലും സമയം കണ്ടെത്തണം. മുമ്പ് ആത്മഹത്യ നടന്ന കുടുംബങ്ങളിൽ പെട്ട മറ്റ് അംഗങ്ങൾക്കും ഇത് പ്രാവർത്തികമാക്കാൻ ജീവിതത്തിൻെറ ഏതെങ്കിലും ഒരു ഘട്ടത്തിൽ, അവസ്ഥയിൽ പ്രചോദനമുണ്ടാകും .അതും തടയേണ്ടതാണ് പരിഗണി
ക്കേണ്ടതാണ്. ശ്രദ്ധിക്കേണ്ടതാണ് .

സ്വന്തം ജീവൻ എടുക്കുന്നതിനെ പറ്റി സ്ഥിരമായി ചിന്തിക്കുന്നതിനെ ആധുനിക വൈദ്യശാസ്ത്രത്തിൽ “സൂയിസൈഡൽ ഐഡിയേഷൻ “എന്നാണ് പറയുന്നത്. അങ്ങനെ ആരെങ്കിലും നിങ്ങളോടു പറയുന്നുണ്ട് എങ്കിൽ! എനിക്ക് ഇങ്ങനെ ഒരു ചിന്ത ഉണ്ട് എന്ന ഒരു സൂചനയെങ്കിലും മറ്റുള്ളവരിൽ നിന്നും നിങ്ങൾക്ക് കിട്ടുന്നുണ്ട് എങ്കിൽ !തീർച്ചയായും അവരെ എത്രയും പെട്ടെന്ന് കൗൺസിലിംഗ് വഴി ഈ ചിന്തകളിൽ നിന്നും വഴി തിരിച്ചെടുക്കുക. മറ്റുള്ളവർക്കൊപ്പം നമ്മളും ഉണർന്നു പ്രവർത്തിക്കുക.

ഇന്നലകളെ വാർത്തെടുത്തവരെ, ഇന്നിനെ സജീവമാക്കുന്നവരെ, നാളെയുടെ വാഗ്ദാനങ്ങളെ സ്വയം കൊന്നൊടുക്കാതിരിക്കാൻ നമുക്കൊന്നായി മുന്നോട്ടു പ്രവർത്തിക്കാം…

ആത്മഹത്യയെ … ഭീരുത്വമേ … എന്നെ നീ നയിക്കേണ്ട !എന്നിൽ നീ വർത്തിക്കേണ്ട.. സധൈര്യം എന്തിനെയും നേരിട്ട് ഞാൻ ഇനി മുന്നോട്ട് തന്നെ.. എന്ന് ഓരോരുത്തരും പ്രതിജ്ഞ യെടുക്കുക. ഇരുളടഞ്ഞ പാതകൾ വെട്ടിത്തെളിക്കുക. എൻെറ ഈ ചെറിയ വരികൾ ആർക്കെങ്കിലും ഉപയോഗപ്പെട്ടുവെങ്കിൽ ഞാൻ കൃതാർത്ഥയായി .
മറ്റൊരു വിഷയവുമായി അടുത്തയാഴ്ച വീണ്ടും കാണാം.. നന്ദി.

ജസിയഷാജഹാൻ✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments