Sunday, December 22, 2024
Homeസ്പെഷ്യൽറോബിൻ പള്ളുരുത്തി അവതരിപ്പിക്കുന്ന "ലേഖയും മാഷും" (ഭാഗം - 60)

റോബിൻ പള്ളുരുത്തി അവതരിപ്പിക്കുന്ന “ലേഖയും മാഷും” (ഭാഗം – 60)

റോബിൻ പള്ളുരുത്തി

“അയ്യോ മാഷേ , മാഷിനെന്താ പറ്റിയേ ?”

“ഏയ് ഒന്നുമില്ലടോ ലേഖേ , ഒരു തളർച്ച പോലെ തോന്നി. അല്ലാതൊന്നുമില്ല. ”

“എന്നിട്ട്, ഞാനങ്ങനെയല്ലല്ലോ കേട്ടത് ‘ മാഷ് വോട്ട് ചെയ്യാൻ ക്യൂവിൽ നിന്നപ്പോൾ കുഴഞ്ഞുവീണെന്നാണെല്ലോ ”

” വീണൊന്നുമില്ലടോ , വെയിലത്ത് കുറച്ചധികനേരം നിൽക്കേണ്ടിവന്നു. അതിൻ്റെയാവും. ഒരു ചെറിയ തലചുറ്റൽ . അല്ലാതൊന്നുമില്ല. പിന്നെ നമ്മുടെ നാട്ടുകാർക്ക് ചെറിയ കാര്യങ്ങൾ പോലും വലിയ സംഭവമാക്കി മാറ്റാൻ നിസാര സമയം മതീല്ലോ. അതാണ് ഇവിടെയും സംഭവിച്ചത്. ”

“മാഷേ, എന്തിനാ വെറുതെ നാട്ടുകാരെ കുറ്റം പറയുന്നത് ? അവര് തന്നെയല്ലെ മാഷിനെ വീട്ടിൽക്കൊണ്ടുവന്നാക്കിയത് ? അവരില്ലായിരുന്നെങ്കിൽ മാഷിപ്പോൾ കാറ്റുംകൊണ്ട് നടുറോട്ടിൽ കിടകിടന്നേനേ. അതു മറക്കണ്ട”

“ഓ, പിന്നേ. ഞാൻ അത്രയ്ക്കൊന്നും അവശാനായിരുന്നില്ല. നടന്നുതന്നെയാ വീട്ടിലെത്തിയതും. പിന്നെ എനിക്ക് ചുറ്റും ആരൊക്കെയോ ഉണ്ടായിരുന്നെന്നത് ശരിയാണ്. പക്ഷേ.., അതാരൊക്കെയായിരുന്നു ? എനിക്കാരുടേയും മഖമൊന്നും ഓർമ്മവരുന്നില്ലല്ലോ?”

“അതങ്ങനായാ മാഷേ, ബോധം പോയ മനുഷ്യന് കഴിഞ്ഞതൊന്നും ഓർമ്മയുണ്ടാവില്ല ”

” അപ്പോ ഞാൻ ശരിക്കും ബോധംകെട്ട് വീണതാണോ ?”

“എന്നാണ് ഞാൻ കേട്ടതും. അറിഞ്ഞതും. അതുകൊണ്ടല്ലെ ഞാനിവിടേയ്ക്ക് ഓടി വന്നത്.”

” ചിലപ്പോൾ അതു തന്നെയാവും സംഭവിച്ചത്. ഇപ്പോഴത്തെ വേനൽ ചൂടിൻ്റെ ശക്തി മനുഷ്യർക്ക് താങ്ങാൻ പറ്റാതായായിരിക്കുന്നു. അതിൻ്റെയാവും. ”

“അങ്ങനെ വഴിക്ക് വാ. ദേ, മാഷിപ്പോൾ പറഞ്ഞതാണ് ശരിയായ കാര്യം. വേനൽ ചൂട് ഈ വർഷം പതിവിലും കൂടുതലാണെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പിൽ പറയുന്നത് ”

” ആങ്ങ്ഹാ , അതിനി കൂടുകയേ ഉള്ളു. അല്ലെങ്കിലിപ്പോ, ഇനി അതായിട്ടെന്തിനാ കുറയുന്നേ.”

“അതെന്താ മാഷേ പെട്ടെന്നൊരു മനംമാറ്റം ”

” ലേഖേ , നിത്യോപയോഗ സാധനങ്ങൾക്കെല്ലാം അനുദിനം വിലകൂടുന്നുണ്ട്. കറണ്ടുബില്ലും, വാട്ടർ ബില്ലും, ടാക്സും , സെസ്സും എന്തിനധികം പറയുന്നു, മരുന്നിനുപോലും വിലകൂടുന്നു അപ്പോൾ പിന്നെ ചൂട് മാത്രം കുറഞ്ഞിട്ടെന്ത് കാര്യം ? അതും കൂടട്ടെ എല്ലാം എറ്റുവാങ്ങാൻ സാധാരണക്കാരൻ്റെ ജീവിതം ഇനിയും ബാക്കിയല്ലേ. അല്ലാതെന്താ ?”

റോബിൻ പള്ളുരുത്തി✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments