Wednesday, May 22, 2024
Homeസ്പെഷ്യൽകതിരും പതിരും: (പംക്തി - 38) 'കുട്ടികളിൽ ലൈംഗിക വിദ്യാഭ്യാസത്തിൻ്റെ അനിവാര്യത' ✍ ജസിയഷാജഹാൻ

കതിരും പതിരും: (പംക്തി – 38) ‘കുട്ടികളിൽ ലൈംഗിക വിദ്യാഭ്യാസത്തിൻ്റെ അനിവാര്യത’ ✍ ജസിയഷാജഹാൻ

ജസിയഷാജഹാൻ

കുട്ടികളിൽ ലൈംഗിക വിദ്യാഭ്യാസത്തിൻ്റെ അനിവാര്യത നമുക്കും ചർച്ച ചെയ്യാം…

കാലം ഇന്ന് ഒരുപാട് മുന്നോട്ട് കുതിച്ചിരിക്കുന്നു. എന്ത് വിവരവും ഒരു വിരൽത്തുമ്പ് ഒന്നനക്കിയാൽ ഗ്രഹിച്ചെടുക്കാൻ തക്കവണ്ണം പാകപ്പെട്ടിരിക്കുന്നു. എന്നിരുന്നാലും മനുഷ്യരുടെ ചെയ്തികളിൽ, വിവരക്കേടുകളിൽ, അറിവില്ലായ്മകളിൽ, ദുരാചാരങ്ങളിൽ, ദുഷ്കർമ്മങ്ങളിൽ ഒക്കെ നിബിഡവുമാണ്. എന്തിനും ആദ്യംഇരയാ
കുന്നത് നമ്മുടെ കുട്ടികളാണ്. അതുംപ്രായവ്യത്യാസമില്ലാതെ.

അതുകൊണ്ട് വളരെ ലളിതമായി നമുക്കു തുടങ്ങാം അല്ലേ?… ഞാൻ എങ്ങനെയാമ്മേ.. അല്ലെങ്കിൽ അച്ഛാ ഉണ്ടായെ… ? എന്ന് കുട്ടി കുഞ്ഞിക്കണ്ണുകളിൽ കൗതുകം നിറച്ച് ആകാംക്ഷയോടെ മാതാപിതാക്കളുടെ മുഖത്തു നോക്കി ചോദിക്കുമ്പോൾ! തമ്മിൽ തമ്മിൽ നോക്കി എന്തുചെയ്യണമെന്നറിയാതെ ,പറയണമെന്നറിയാതെ പെട്ടെന്ന് വായിൽ വന്നത് എന്തോ ഒന്നു പറഞ്ഞ് ഒപ്പിച്ച് കുട്ടിയെ സമാധാനപ്പെടുത്തി വിടുന്ന കാലം ഇനിയും കഴിഞ്ഞുപോയിട്ടില്ല. അപ്പോഴും ആ കുട്ടിയുടെ മനസ്സിൽബാക്കി
വച്ച സംശയങ്ങൾ ഒളിഞ്ഞിരിപ്പുണ്ടാകും. അതിനെ മറയ്ക്കും വിധം മാതാപിതാക്കൾ വിഷയം മാറ്റി കുട്ടിയെ മറ്റൊരു ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോകുന്നു.. ഇനി കുറച്ചുകൂടി വലിയ കുട്ടി ചോദിച്ചാൽ !എന്തോ അപരാധം പറഞ്ഞ മാതിരി
കുട്ടിയെ വഴക്കു പറയുകയോ .. അല്ലെങ്കിൽ കൊച്ചു വായിൽ വലിയ വർത്തമാനം ചോദിക്കരുത് ?എന്ന് പറയുകയോ ചെയ്തു വിടുന്നവരാണ് ഇന്നും കൂടുതൽ മാതാപിതാ
ക്കളും.അതിനൊക്കെ കാരണം അവർക്കും ലൈംഗിക വിദ്യാഭ്യാസത്തെക്കുറിച്ച്, അത് എങ്ങനെ പറഞ്ഞു കുട്ടികളെ ധരിപ്പിക്കണം എന്നതിനെക്കുറിച്ച് വ്യക്തമായ ഒരു അറിവും ധാരണയും ഇല്ലാത്തതുകൊണ്ടും ഇനി അങ്ങനെ ധരിപ്പിച്ചാൽ അത് കുട്ടികളിൽ വിപരീതഫലത്തിൽ ആകുമോ ? അവർക്ക് അതിനോടുള്ള സമീപനം എന്താകും? എന്നൊക്കെയുള്ള ആകുലതകളിലും സന്ദേഹങ്ങളിലും ഒക്കെ തന്നെ ആകാം..

എന്തു കാര്യത്തിനും രണ്ടു വശങ്ങൾ ഉണ്ട്. നല്ലതും ചീത്തയുമായ വശങ്ങൾ. അവയെ രണ്ടിനേയും ഒരേപോലെ സ്വീകരിച്ച് ആ രണ്ടു വ്യത്യസ്തപാതകളിലൂടെയും നമുക്കൊന്നു സഞ്ചരിച്ച് തിരികെ വരാം..

ചെറിയ പ്രായം മുതലേ കുട്ടികൾക്ക് അവരുടെ വളർച്ചയ്ക്കനുസരിച്ച് ഘട്ടം ഘട്ടമായി
ലൈംഗികാരോഗ്യവിദ്യാഭ്യാസം നിർബ്ബന്ധമായും ശാസ്ത്രീയമായി നൽകേണ്ടതുണ്ട്. സ്ക്കൂളുകളിൽ മറ്റു വിഷയങ്ങൾ കൈകാര്യം ചെയ്യുന്നപോലെ തന്നെ പാഠ്യപദ്ധതിയുടെ ഭാഗമാക്കി ഇതും ഒരു വിഷയമാക്കി തുടരാം… മറ്റു വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതു പോലെയല്ല ! ഒന്നു പാളിപ്പോയാൽ വൻതോതിൽ പൊട്ടിത്തെറികളും വിപരീത ഫലങ്ങളും ഉണ്ടാകാമെന്നതിനാൽ നല്ല പരിശീലനം നേടിയ അതിസൂക്ഷ്മമായി ഏറെ പക്വതയോടെ അവതരണമികവോടെ ഈ വിഷയം
കൈകാര്യം ചെയ്യുന്ന അധ്യാപകരെയാണ് നമുക്ക് വേണ്ടത്. ലൈംഗികത അതിന്റെ വിശാലമായ എല്ലാവിധത്തിലുള്ള അർത്ഥത്തിലും എല്ലാ ജീവജാലങ്ങളിലുമുള്ള ജീവധർമ്മമാണെന്ന് ബോദ്ധ്യപ്പെടുത്തി മനുഷ്യജീവിതത്തിൽ സെക്സിനുള്ള മഹത്തായ സ്ഥാനം എന്താണെന്ന് വ്യക്തമായി തിരിച്ചറിയാനും അതിനെ നിയന്ത്രി
ക്കാനും സഹായകമാകുന്ന രീതിയിലാകണം വിവരങ്ങൾ അവരെ ധരിപ്പിക്കേണ്ടത്.
സ്വന്തം ശരീരാവയവങ്ങളെക്കുറിച്ചുള്ള വ്യക്തമായ ബോധ്യവും ശുചിത്വം പാലിക്കേണ്ടതിൻ്റെ അനിവാര്യതയും ലൈംഗിക രോഗങ്ങൾ, അവ മൂലം അനുഭവിക്കേണ്ടി വരുന്ന ദുരിതങ്ങളും കഷ്ടതകളും , ഗർഭം, ഗർഭച്ഛിദ്രം, പ്രത്യുൽപാദന ശേഷി സാമൂഹിക പ്രശ്നങ്ങൾ ഇവയൊക്കെ നമ്മുടെ കുട്ടികൾ നന്നായി തന്നെ തിരിച്ചറിയേണ്ടതുണ്ട്.

മനുഷ്യജീവിതത്തിലെ ഏറ്റവുംവർണ്ണാഭവും, മധുരിതവും സമ്മോഹനവും എന്നാൽ ഏറെ അപകടം പിടിച്ചതുമായ കൗമാരകാലത്ത് പെട്ടെന്ന് നമുക്ക് ഗ്രഹിച്ചെടുക്കാൻ പറ്റാത്ത ഉൾക്കൊള്ളാൻ മനസ്സ് വിസമ്മതം പ്രകടിപ്പിക്കുന്ന ഒരു പാട് പ്രത്യേകതകളിലൂടെയാണ് നമ്മൾ കടന്നു പോകുന്നത്. മാനസിക മായും … ശാരീരികവും വൈകാരികവുമായ വളർച്ചയും വികാസവും ഉടലെടുക്കുന്നത് ഈ പ്രായത്തിലാണ്. ലൈംഗിക വികാരത്തെ ഉത്തേജിപ്പിക്കുന്ന ഹോർമോണുകൾ ഉൽപ്പാദിപ്പിക്കുന്ന പ്രായം കൂടിയാണിത്. പരസ്പരം എതിർ ലിംഗത്തിൽ പെട്ടവരോട് ലൈംഗിക ആകർഷണം ഉണ്ടാകുന്ന പ്രായവും ഇതു തന്നെ.സാങ്കേതിക വിദ്യ അതിന്റെ എല്ലാ വാതായനങ്ങളും തുറന്നുപിടിച്ച് സർവ്വവിധ സൗകര്യങ്ങളോടെയും വിദ്യാർത്ഥി ജീവിതത്തിന്റെ ഭാഗമായി വിലസുന്ന ഇന്നിൽ തെറ്റായ ലൈംഗിക കാഴ്ച്ചപ്പാടുകളും ,സമീപനങ്ങളും ,അറിവുകളും ആഭാസകരമായ ദൃശ്യങ്ങൾ അരങ്ങുതകർക്കുന്ന സിനിമകളും ചാനൽ ടെലിവിഷൻ പരസ്യങ്ങളും എല്ലാം ചേർന്ന് കുട്ടികളെ വികലമായ മാനസിക വ്യാപാരങ്ങളിലേക്ക് നയിക്കുന്ന പ്രവണതകൾ വർദ്ധിച്ചു വരുന്നതായി കാണുന്നു.ഒപ്പംആൺ പെൺ വ്യത്യാസമില്ലാതെ കുട്ടികൾ പല സാഹചര്യങ്ങളിലും ലൈംഗികമായി പീഡനം അനുഭവിക്കേണ്ടിവരുന്ന
നേർ കാഴ്ചകളും റിപ്പോർട്ടുകളും നിത്യജീവിതത്തിന്റെ ഒരുഭാഗമായി മാറി കഴിഞ്ഞു.

അപ്പോ… ഈ തിരിച്ചറിവുകളിൽ നിന്നുമൊക്കെയാണ് നമ്മൾ സ്കൂൾതലത്തിൽ തുടങ്ങുന്ന ലൈംഗിക വിദ്യാഭ്യാസത്തിൻ്റെ പോസിറ്റീവ് ആയ വശങ്ങളെക്കുറിച്ചും അതുകൊണ്ടുള്ള വിജ്ഞാനപ്രദമായ നേട്ടങ്ങളെക്കുറിച്ചും ശരിയായ ബോധവൽക്കരണത്തിലൂടെ മാറ്റങ്ങൾ സംഭവിക്കാൻ സാധ്യതയുള്ള സമൂഹ
ത്തിൻ്റെ ലൈംഗിക കാഴ്ചപ്പാടുകളെക്കുറിച്ചും കപട സദാചാര ബോധത്തെ തുരത്തുന്നതിനെക്കുറിച്ചും നമ്മുടെ ഗൃഹാന്തരീക്ഷത്തിൽ നിന്നും വളരെ പരിമിതമായഅറിവുകൾ മാത്രം പകർന്നു നൽകി അവർ വളരുമ്പോൾ എല്ലാം തനിയെ മനസ്സിലാക്കിക്കോളും എന്ന വാദത്തിൽ നാം തളച്ചിടുന്ന അവരുടെ വ്യക്തിഗത ചിന്തകളെ കുറിച്ചുമൊക്കെ വളരെ ഗഹനമായി മനസ്സിലാക്കേണ്ടത്.

അവർക്കു ലൈംഗിക വിജ്ഞാനം നൽകുന്നതുവഴി അവരുടെ കൗമാരകാലത്തെ വളരെ ഈസിയായി അവർക്ക് കൊണ്ടുപോകാനും യൗവ്വനകാലവും വിവാഹജീവിതവുമൊക്കെ കൂടുതൽ നന്നായി പെർഫോം ചെയ്തു വിജയകരമായി മുന്നോട്ടു നയിക്കാനും , ശരിയായ സമൂഹ ജീവിയായി മാറാനും ലിംഗസമത്വം ഉറപ്പിക്കാനും ഏതുവിധേനയുള്ള ലൈംഗിക ചൂഷണങ്ങളെയും എളുപ്പത്തിൽ മനസ്സിലാക്കാനും ചെറുത്തു നിൽക്കാനും,അശ്ളീല ചുവയുള്ള നോട്ടങ്ങളെയും വാക്കുകളേയും ചേഷ്ടകളേയും സമീപനങ്ങളേയും സാഹചര്യങ്ങളേയും ഉൾക്കരുത്തോടെ മനസ്സിലാക്കി നേരിടാനും കഴിയുന്നു. പൊതുബോധവും ജ്ഞാനവും അവരുടെ ജീവിതത്തിലുടനീളം പ്രകാശം പരത്തുന്നു.

ഇനിയിതിൻ്റെ നെഗറ്റീവ് വശങ്ങളെടുത്താൽ ഈ അറിവുകൾ വച്ച് കുട്ടികൾ
നേരത്തേ തന്നെ ലൈംഗിക ബന്ധത്തിന് തുനിയുമോ എന്ന് ഭയക്കുന്ന രക്ഷിതാക്കൾ ഉണ്ടാകാം. ഇനി പഠിപ്പിക്കുന്ന അധ്യാപകർ കുട്ടികളെ ഇതു വച്ച് ചൂഷണം ചെയ്യുമോ എന്ന് ഭയക്കാം. പേടിക്കാനും ചിന്തിക്കാനും പഴുതുകളും ആകുലതകളും ഏറും.

എന്നൊക്കെയായിരുന്നാലും പോസിറ്റീവ് ചിന്തകളെ നമുക്ക് വളർത്താം. ഒത്തൊരുമയോടെ കൈകോർക്കാം. പണ്ടത്തെ അമ്മൂമ്മമാർ പറഞ്ഞിരുന്ന ചില വാചകങ്ങളും ഈയവസരത്തിൽ തമാശയോടെ ഓർത്തുപോകുന്നു.. ” ഞാൻ പത്തു പെറ്റു.. പക്ഷെ..അങ്ങേരുടെ മുഖം ഇതേവരെ ശരിക്കൊന്ന് കണ്ടിട്ടില്ല എന്ന്..നല്ല തമാശ അല്ലേ?.. ഇപ്പോഴത്തെ കുട്ടികൾ കേട്ടാൽ ആഘോഷമാക്കും. ചോദ്യങ്ങൾ കൊണ്ട് അവരെ ശ്വാസം മുട്ടിക്കും..

അപ്പോ… വീണ്ടും മറ്റൊരു വിഷയവുമായി കാണാം.. നന്ദി,സ്നേഹം.

ജസിയഷാജഹാൻ✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments