സ്വന്തം അറിവിനപ്പുറം പോകാനാകട്ടെ
______________________________
രണ്ടു സുഹൃത്തുക്കളൊരു നദിക്കരയിലൂടെ നടന്നു പോകുകയായിരുന്നു. ഒരാൾ പറഞ്ഞു. “നിങ്ങൾ നദിയിലെ മീനുകളെ കണ്ടോ അവ നീന്തിത്തുടിച്ച്, ജീവിതം ആഘോഷിക്കുകയാണ്. മറ്റേയാൾ എതിർത്തു”നിങ്ങൾ മീനല്ലല്ലോ. പിന്നെ എങ്ങനെയാണ്, മീനുകൾ സന്തോഷിക്കുകയാണെന്നു മനസ്സിലാക്കിയത്, അവ ചിലപ്പോൾ, വേദനയാൽ പുളയുകയാകാം” ഒന്നാമൻ പ്രതികരിച്ചു: “നിങ്ങൾ ഞാനല്ലല്ലോ. പിന്നെങ്ങനെയാണ്, മീനുകളുടെ സന്തോഷത്തേക്കുറിച്ചു എനിക്കറിയില്ലെന്നു പറയുവാൻ നിങ്ങൾക്കാകുക”
സ്വന്തം അനുഭവങ്ങളുടെയും, കാഴ്ചപ്പാടുകളുടെയും പടിപ്പുരയിലിരുന്നാണ്, നാം ഓരോരുത്തരും കാര്യങ്ങളെ വീക്ഷിക്കുന്നതും,വിലയിരുത്തുന്നതുമെല്ലാ സംഭവങ്ങൾക്കും, പല മാനങ്ങളും, എല്ലാ വാദങ്ങൾക്കും മറു വാദങ്ങളുമുണ്ട്. ഇഴഞ്ഞു നടക്കുന്നവൻ്റെയും, പറന്നു നടക്കുന്നവൻ്റെയും ലോകവീക്ഷണം ഒന്നായിരിക്കുകയില്ല. വ്യത്യസ്ത അനുഭവങ്ങളില്ലാത്തവർക്കു, വ്യത്യസ്ത സമീപനമുണ്ടാകില്ല. സ്ഥിരം വഴികളിലൂടെ മാത്രം സഞ്ചരിക്കുന്നവർ, ഒരേ ദിശാ സൂചികാ ബോർഡുകളും, കാഴ്ചകളും മാത്രമേ കണ്ടിരിക്കൂ. പരിമിത ദൃശ്യങ്ങളും, സങ്കുചിത ചിന്തകളും തീർത്ത മതിൽക്കെട്ടിനുള്ളിൽ നിന്നായിരിക്കും, അവരുടെ ഓരോ നിരൂപണങ്ങളും രുപപ്പെടുക.
എല്ലാം, സ്വന്തം അനുഭവങ്ങളിലൂടെ മാത്രം സ്വായത്തമാക്കുവാനാർക്കും കഴിയില്ല.
കുറേയേറെ അനുഭവങ്ങളും, നിരീക്ഷണങ്ങളും വേണ്ടിവരും യഥാർത്ഥ അറിവു നേടുവാൻ. അടുത്തുള്ളവയെ അറിയാനും, അകലെയുള്ളവയെ കണ്ടെത്താനുമുള്ള താൽപര്യമാണ്, ഒരാളുടെ അറിവിനെ,ക്രീയാത്മകവും, കാലീകവുമാക്കുന്നത്.
സ്വന്തം ലോകം വലുതാക്കുന്നതിനൊപ്പം, അപരൻ്റെ ലോകത്തെ ബഹുമാനിക്കാനും, നാം പഠിക്കണം. ഒരേ പ്രായമുള്ളവർക്കു പോലും, ഒരേ ചിന്തയോ. അറിവോ മാത്രമല്ലയുണ്ടാകുക. ഓരോരുത്തരും അടയാളപ്പെടുത്തുന്ന ശരി തെറ്റുകളിൽപ്പോലും, വ്യതിയാനങ്ങളുണ്ടാകാം. ആരുടേയും അറിവുകളെ നാം നിഷേധിക്കരുത്.
ദൈവം സഹായിക്കട്ടെ.. എല്ലാവർക്കും നന്മകൾ നേരുന്നു.
നന്ദി, നമസ്ക്കാരം.. 🙏