വില്ലുപുരം: വിശ്വാസത്തിനു പണം പ്രശ്‌നമല്ല. തമിഴ്നാട്ടിലെ വില്ലുപുരത്തെ ക്ഷേത്രത്തിൽ ഒൻപത് നാരങ്ങയാണ് ലേലം ചെയ്തത്. 2.3 ലക്ഷം രൂപയ്ക്ക് അപൂർവമായ ലേലം നടന്നത്. വില്ലുപുരം രത്തിനവേൽ മുരുക ക്ഷേത്രത്തിലാണ് ലേലം നടന്നത്. ക്ഷേത്രത്തിലെ മുരുകൻ്റെ വേലിൽ കുത്തിയ നാരങ്ങ ഉപയോഗിച്ചു തയ്യാറാക്കുന്ന നാരങ്ങാവെള്ളം കുടിച്ചാൽ വന്ധ്യത മാറുമെന്നും കുടുംബത്തിന് അഭിവൃദ്ധി വന്നുചേരുമെന്നാണ് വിശ്വാസം. ഇതാണ് പൊന്നുംവിലയ്ക്ക് നാരങ്ങ ലേലം പോകാൻ കാരണം.
വില്ലുപുരത്തെ തിരുവെണ്ണൈനല്ലൂർ എന്ന ഗ്രാമത്തിൽ രണ്ടു ചെറുകുന്നുകളുടെ സംഗമസ്ഥാനത്താണ് ക്ഷേത്രം ചെയ്യുന്നത്. സന്താനലബ്ധിക്കായി നിരവധി ദമ്പതികൾ ക്ഷേത്രത്തിൽ എത്തി പ്രാർഥനയും വഴിപാടും നടത്താറുണ്ട്. ക്ഷേത്രത്തിൽനിന്ന് വിതരണം ചെയ്യുന്ന നാരങ്ങ പവിത്രമായാണ് വിശ്വാസികൾ കാണുന്നത്. മുരുകൻ്റെ വേലിൽ കുത്തിയ നാരങ്ങയ്ക്ക് ചില മാന്ത്രിക ശക്തിയുള്ളതായാണ് വിശ്വാസികളുടെ വിശ്വാസം.ഇക്കഴിഞ്ഞ പൈങ്കുനി ഉത്രം മഹോത്സവത്തോടനുബന്ധിച്ചാണ് ക്ഷേത്രത്തിൽ നാരങ്ങ ലേലം നടന്നത്.
ഒൻപത് ദിവസം നീളുന്ന ഉത്സവത്തിൻ്റെ ഓരോ ദിവസങ്ങളിലും ക്ഷേത്രത്തിലെ പൂജാരി ഓരോ നാരങ്ങ വേലിൽ തറയ്ക്കും. ഇവ ഉത്സവത്തിൻ്റെ സമാപന ദിവസം ലേലം ചെയ്യുന്നതാണ് ചടങ്ങ്. ക്ഷേത്രം മാനേജ്മെൻ്റിൻ്റെ നേതൃത്വത്തിലാണ് ലേലം നടപടികൾ നടക്കുന്നത്.ഒന്നാം ഉത്സവ ദിവസം വേലിൽ തറയ്ക്കുന്ന നാരങ്ങ വളരെ ശക്തിയുള്ളതായാണ് വിശ്വാസം. കുളത്തൂർ സ്വദേശികളായ ദമ്പതികളാണ് 50,500 രൂപയ്ക്ക് ഈ നാരങ്ങ സ്വന്തമാക്കിയത്. ലേലം ഉറപ്പിച്ചു ക്ഷേത്രക്കുളത്തിൽ സ്നാനം ചെയ്ത ശേഷമാണ് പൂജാരിയിൽനിന്ന് നാരങ്ങ ഏറ്റുവാങ്ങുന്നത്.