നാദിയാ മൊയ്‌ദു ❤️
തന്റെ കന്നി സിനിമയിലൂടെ തന്നെ മലയാളി പ്രേക്ഷകരെ മൊത്തം കൈയിലെടുത്ത നാദിയ മൊയ്തു ആണ് ഇന്നത്തെ നമ്മുടെ താരം.
തലശ്ശേരിക്കാരനായ എൻ. കെ. മൊയ്തുവിന്റെയും. തിരുവല്ലക്കാരിയായ ലളിതയുടെയും മകളായി 1966 ഒക്ടോബർ 24ന് മുംബൈയിലെ സിയോണിലായിരുന്നു സറീന എന്ന നാദിയ ജനിച്ചത്. നാദിയക്ക് ഒരു സഹോദരി കൂടിയുണ്ട് – ഹസീന മൊയ്തു.
മുംബൈയിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം മുഴുവൻ. അപ്പോഴേക്കും തിരക്കുള്ള ഒരു നടിയായിക്കഴിഞ്ഞിരുന്ന നാദിയക്ക് തിരക്കുകൾ കാരണം വിദ്യാഭ്യാസം തുടരാനായില്ല. അതിനാൽ വിവാഹ ശേഷമായിരുന്നു തുടർ വിദ്യാഭ്യാസം.
“നോക്കെത്താ ദൂരത്ത് കണ്ണും നട്ട് ” എന്ന സിനിമയിലൂടെയാണ് നാദിയ സിനിമാ ലോകത്തേക്ക് അരങ്ങേറ്റം കുറിച്ചത്. സറീന വഹാബ് എന്ന നടി സിനിമകളിൽ വളരെ സജീവമായിരുന്ന കാലമായിരുന്നു അത്.പേരുകൾ തമ്മിൽ കൺഫ്യൂഷൻ വരാതിരിക്കാൻ വേണ്ടി ഫാസിലിന്റെ ഒരു ബന്ധുവാണ് നാദിയ എന്ന പേര് നിർദ്ദേശിച്ചത്.
നോക്കത്ത ദൂരത്ത് കണ്ണും നട്ട് എന്ന സിനിമയിൽ മോഹൻലാലിനും പത്മിനിക്കും ഒപ്പം അഭിനയിച്ച് തന്റെ കഴിവ് തെളിയിച്ച നാദിയക്ക് ആ കൊല്ലത്തെ മികച്ച നടിക്കുള്ള ഫിലിം ഫെയർ അവാർഡ് ലഭിച്ചു. അതിലെ ഗേളി എന്ന കഥാപാത്രം ഇന്നും മലയാളി പ്രേക്ഷകരുടെ മനസ്സിൽ മായാത്ത ഓർമ്മയായി നിലനിൽക്കുന്നു. “ആയിരം കണ്ണുമായി കാത്തിരുന്നു നിന്നെ ഞാൻ” എന്ന ഒറ്റ പാട്ടു പാട്ടു മതി നാദിയ മൊയ്തു നമ്മുടെ എല്ലാം അരികിലേക്ക് ഓടിയെത്താൻ.
തൊട്ടടുത്ത വർഷം ഇതേ സിനിമയുടെ തമിഴ് റീമേക്കായ ” പൂവേ പൂ ചൂടവാ” എന്ന സിനിമയിലൂടെ നാദിയ തമിഴ് സിനിമാലോകത്തേക്ക് കാലെടുത്തുവെച്ചു. പിന്നീടങ്ങോട്ട് കോളിവുഡിൽ അവരുടെ വസന്തകാലമായിരുന്നു. നിരവധി ഹിറ്റ് സിനിമകൾ! തന്റെ അഭിനയത്തികവ് തെളിയിക്കാൻ നാദിയക്ക് അധികം പരിശ്രമിക്കേണ്ടി വന്നില്ല. 1988ൽ “ബാസാർ റൗഡി” എന്ന സിനിമയിലൂടെ തെലുങ്കിൽ അരങ്ങേറ്റം നടത്തി.
1989ൽ ഫെഡറേഷൻ ഓഫ് അമേരിക്കൻ ബാങ്കിലെ മുൻ ചീഫ് കൺസൾട്ടൻഡ് ആയിരുന്ന ശിരീഷ് ഗോഡ് ബോലെയെ വിവാഹം ചെയ്ത നാദിയ യുഎസിലേക്ക് താമസം മാറ്റി. തുടർ വിദ്യാഭ്യാസം അവിടെ വച്ചായിരുന്നു. മീഡിയ മാനേജ്മെന്റിൽ അനുബന്ധ ബിരുദവും, കമ്മ്യൂണിക്കേഷൻ ആർട്സ്- റേഡിയോ ആൻഡ് ടെലിവിഷനിൽ ബി.എ.ബിരുദവും നേടി. തുടർന്ന് അമേരിക്കൻ ബ്രോഡ്കാസ്റ്റിംഗ് കോർപ്പറേഷനിൽ ന്യൂസ് റീഡറായി ജോലി ആരംഭിച്ചു. 2000 ആയപ്പോഴേക്കും ലണ്ടൻ ബിബിസിയിൽ ന്യൂസ് റീഡറായി പ്രമോഷൻ ലഭിക്കുകയും അവിടേയ്ക്ക് താമസം മാറ്റുകയും ചെയ്തു. വിവാഹ ശേഷവും നിരവധി സിനിമകൾക്ക് വേണ്ടി വേഷമിട്ട നാദിയ ” വധു ഡോക്ടറാണ്” എന്ന സിനിമയ്ക്ക് ശേഷം ഒരു ദശാബ്ദക്കാലം നീണ്ട ബ്രേക്ക് എടുത്തുവെങ്കിലും 2004ൽ വീണ്ടും തമിഴ് സിനിമയായ “കെ.കുമാരൻ- സൺ ഓഫ് മഹാലക്ഷ്മി” എന്ന തമിഴ് സിനിമയിലൂടെ തിരിച്ചുവരവ് നടത്തി.
തമിഴും തെലുങ്കും മലയാളവും കൂടാതെ ഇന്ത്യൻ ഇംഗ്ലീഷ് ലാംഗ്വേജ് ഫിലിം ആയ വണ്ടർ വുമണിലും നാദിയ അഭിനയിച്ചു. കൂടാതെ ഷോർട്ട് ഫിലിംസിലും ടെലി സീരിയലിലും ടിവി ഷോകളിലും നാദിയ തന്റെ സാന്നിധ്യം തെളിയിച്ചു കൊണ്ടേയിരുന്നു. ജയാ ടിവിയിലെ ജാക്ക്പോട്ട് എന്ന ഷോ ഖുശ്ബുവിന് പകരമായി നാദിയയാണ് ചെയ്തത്.
“മേ നെ പ്യാർ കിയ” എന്ന ഹിന്ദി സിനിമയിൽ സൽമാൻഖാന്റെ ജോഡിയായി അഭിനയിക്കാൻ ക്ഷണം ലഭിച്ചുവെങ്കിലും ദക്ഷിണേന്ത്യൻ സിനിമകളിലെ തിരക്കുകൾ കാരണം നദിയാ മൊയ്തുവിന് അത് നിരസിക്കേണ്ടിവന്നു.
“അട്ടാരിന്റിക്കി ദാരെടി” എന്ന സിനിമയിലെ മികച്ച അഭിനയത്തിന് നിരൂപക പ്രശംസ നേടുകയും മികച്ച സഹനടിക്കുള്ള നന്തി അവാർഡും ടി.എസ്.ആർ. ടിവി9 നാഷണൽ ഫിലിം അവാർഡും നേടി. 2022 ൽ ജെ.എഫ്. ഡബ്ല്യു.അച്ചീവേർസ് അവാർഡും നിരവധി മറ്റ് അവാർഡുകളും നേടി തന്റെ കഴിവ് തെളിയിച്ച നാദിയ 2008 ൽ ” ആരോഗ്യ” മിൽക്കിന്റെയും തങ്കമയിൽ ജുവല്ലറിയുടെയും ബ്രാൻഡ് അംബാസിഡർ ആയിരുന്നു.
മുംബൈയിൽ ജനിച്ചുവളർന്നത് കാരണം മറാത്തി സിനിമകളിൽ അഭിനയിക്കാൻ താല്പര്യമുള്ള നാദിയ മലയാള സിനിമക്കും തന്റേതായ സംഭാവനകൾ നൽകിയിട്ടുണ്ട്. കൂടും തേടി യിലെ ജൂഡിയും കണ്ടു കണ്ടറിഞ്ഞുവിലെ അശ്വതിയും പഞ്ചാഗ്നിയിലെ സാവിത്രിയും ഒന്നിങ്ങു വന്നെങ്കിലിലെ മീരയും ശ്യാമയിലെ ശ്യാമയും മലയാളി മനസ്സുകളിൽ ഇന്നും ജീവിക്കുന്ന കഥാപാത്രങ്ങൾ തന്നെ എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.
വിവാഹശേഷം വിദേശത്ത് താമസമാക്കിയെങ്കിലും 2007 ൽ ഇന്ത്യയിലേക്ക് തിരിച്ചു വന്ന നാദിയ കുടുംബസമേതം മുംബൈയിൽ സെറ്റിൽ ചെയ്തിരിക്കുകയാണ്. നാദിയ- ശിരീഷ് ദമ്പതികൾക്ക് രണ്ടു പെൺമക്കളാണ്. ( സനം, ജാന). ഇന്റീരിയർ ഡിസൈനിങ്ങിൽ താല്പര്യമുള്ള നാദിയ മൊയ്തു ഇപ്പോൾ അധികസമയവും ചിലവഴിക്കുന്നത് സ്വന്തം വീടിന്റെ ഇന്റീരിയർ ഡെക്കറേഷനിലാണ്.