ത്രീ ലെയർ ചോക്കലേറ്റ് ബിസ്ക്കറ്റ് പുഡ്ഡിംഗ്
ആവശ്യമുള്ള സാധനങ്ങൾ
1. പഞ്ചസാര: കാൽ കപ്പ്
കൊക്കോ പൗഡർ: മൂന്നു ടീസ്പൂൺ
വെള്ളം: മുക്കാൽ ഗ്ലാസ്
ബട്ടർ : നാലു ടേബിൾസ്പൂൺ
2:Unibic biscuit : 300 gm
അധികം പഴുക്കാത്ത ഏത്തപ്പഴം കാൽ ഇഞ്ചു
കഷണങ്ങളാക്കി നെയ്യിൽ
ചെറിയ ചുവപ്പു കളറിൽ മൂപ്പിച്ചത്: ഒരു കപ്പ്
വറുത്ത അണ്ടിപ്പരിപ്പ് നുറുക്കിയത്: അര കപ്പ്
3.പഞ്ചസാര : കാൽ കപ്പ്
മൈദ: നാലു ടേബിൾസ്പൂൺ
കോൺഫ്ലവർ : അഞ്ചു ടേബിൾ സ്പൂൺ
പാൽ : ഒരു ലിറ്റർ (വെള്ളം ചേർക്കാത്തത്)
വാനില എസ്സൻസ്: അര ടീസ്പൂൺ
ബട്ടർ: ഒരു ടേബിൾ സ്പൂൺ
4.പഞ്ചസാര : രണ്ടു ടേബിൾ സ്പൂൺ
കൊക്കോ പൗഡർ: ഒന്നര ടേബിൾ സ്പൂൺ
കോൺഫ്ലവർ : രണ്ടു ടേബിൾ സ്പൂൺ
പാൽ:350 ml
ബട്ടർ: ഒരു ടേബിൾ സ്പൂൺ
ചോക്കലേറ്റ്: 50 gm
ചോക്കലേറ്റ് സ്പ്രിഗിംൾസ് : ആവശ്യത്തിന് ( നിങ്ങൾക്കിഷ്ടമുള്ള ഏതു രീതിയിലും പുഡ്ഡിംഗ് ഡെക്കറേറ്റ് ചെയ്യാം.)
തയ്യാറാക്കുന്ന വിധം
ഒരു ചുവടുകട്ടിയുള്ള നോൺസ്റ്റിക് പാനിൽ ഒന്നാമത്തെ ചേരുവകൾ ആയ പഞ്ചസാര, കൊക്കോ പൗഡർ എന്നിവയിട്ട് തന്നിരിക്കുന്ന അളവിൽ ഉള്ള വെള്ളമൊഴിച്ച് നന്നായി മിക്സ് ചെയ്യുക.ഗ്യാസ് അടുപ്പിൽ പാൻ വച്ച് മീഡിയം തീയിൽ ബട്ടറും ചേർത്ത് നന്നായി ഇളക്കി കുറുക്കി എടുക്കുക. അതിനുശേഷം തണുക്കാൻ വയ്ക്കുക.
ഒരു ബൗളിൽ രണ്ടാമത്തെ ചേരുവയായ ബിസ്ക്കറ്റ് ചെറിയ കഷണങ്ങളായി ഒടിച്ചിട്ട് അതിലേക്ക് തയ്യാറാക്കി വച്ചിരിക്കുന്ന ഏത്തപ്പഴം നുറുക്കും ,അണ്ടിപ്പരിപ്പ് നുറുക്കും ഇട്ട് എല്ലാം കൂടി നന്നായി ഒന്നു മിക്സ് ചെയ്ത് ചോക്കലേറ്റ് സിറപ്പ് മുഴുവൻ അതിലേക്ക് ഒഴിച്ച് നന്നായി ഇളക്കി യോജിപ്പിച്ച് കാണാൻ നല്ല ഭംഗിയുള്ള ഒരു ബൗളിലേക്ക് പകർത്തി ഒഴിച്ച് എല്ലായിടവും സമനിരപ്പാക്കി വയ്ക്കുക.
ശേഷം ഫ്രിഡ്ജിൽ 10 മിനിറ്റ് തണുക്കാൻ വയ്ക്കുക.
അടുത്തതായി നല്ല ചുവടുകട്ടിയുള്ള ഒരു നോൺസ്റ്റിക് പാനിൽ മൂന്നാമത്തെ ചേരുവകളായ പഞ്ചസാര ,മൈദ, കോൺഫ്ലവർ എന്നിവയിട്ട് അതിലേക്ക് പാൽ ഒഴിച്ച് നന്നായി മിക്സ് ചെയ്യുക. ശേഷം വാനില എസൻസും ബട്ടറുമിട്ട് ഇടത്തരം തീയിൽ നന്നായി കുറുക്കി എടുക്കുക. ശേഷം നല്ലതുപോലെ തണുക്കാൻ വയ്ക്കുക. നന്നായി തണുത്തതിനു ശേഷം മിശ്രിതം തണുത്ത ബിസ്കറ്റ് ലേയറിൻ്റെ മുകളിലേക്ക് ഒഴിക്കുക. എല്ലായിടവും ഒന്ന് സമനിരപ്പാക്കി 30 മിനിറ്റ് ഫ്രിഡ്ജിൽ തണുക്കാൻ വയ്ക്കുക.
അടുത്തതായി ഒരു ബൗളിൽ നാലാമത്തെ ചേരുവകൾ ഒരുമിച്ചിട്ട് പാലുമൊഴിച്ച് നന്നായി മിക്സ് ചെയ്ത് ചുവടുകട്ടിയുള്ള ഒരു നോൺസ്റ്റിക്ക് പാനിലേക്ക് മിശ്രിതമൊഴിച്ച് ഗ്യാസ് അടുപ്പിൽ വച്ച് ഇടത്തരം തീയിൽ കുറക്കുക. കുറുകി വരുമ്പോൾ ബട്ടറും ചോക്ലേറ്റും ചേർത്ത് വീണ്ടും നന്നായി നല്ല കട്ടിയാവുന്നതുവരെ കുറുക്കി എടുക്കുക.അതിനു മുകളിലേക്ക് ചോക്കലേറ്റ് സ്പ്രിഗിംൾസ് വിതറി ഡെക്കറേറ്റ് ചെയ്ത് ഫ്രിഡ്ജിൽ നാലുമണിക്കൂർ തണുക്കാൻ വക്കുക.അപ്പോ..നമ്മുടെ ത്രീ ലെയർ ചോക്കലേറ്റ് ബിസ്ക്കറ്റ് പുഡ്ഡിംഗ് റെഡി. കുട്ടികൾക്കും വലിയവർക്കും ഒരുപോലെ ഇഷ്ടമാകുന്ന ഈ പുഡ്ഡിംഗ് ഇനി വിളമ്പാം.
മലയാളി മനസ്സിലെ എല്ലാ കൂട്ടുകാർക്കും എന്റെ ക്രിസ്തുമസ് പുതുവത്സരാശംസകൾ.
വീണ്ടും കാണാം… നന്ദി, സ്നേഹം.