ശ്രീ സുരേഷ് കുമാർ.വി തകഴിയിൽ ജനിച്ച കഥാകൃത്ത്. വിവിധ ആനുകാലികങ്ങളിൽ മുപ്പതോളം കഥകൾ എഴുതി. ഡിസി ബാലസാഹിത്യ പുരസ്‌കാരം 2024 “സുബേദാർ ചന്ദ്രനാഥ് റോയ് “ക്ക് ലഭിച്ചു. ഡിസി സുവർണ ജൂബിലി നോവൽ മത്സരത്തിൽ അദ്ദേഹത്തിന്റെ ‘ഡയാസ്പൊറ’ രണ്ടാം സമ്മാനം നേടി.
പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ : ഉറങ്ങുന്നവരുടെ ആംബുലൻസ്, യഹൂദൻ, സുബേദാർ ചന്ദ്രനാഥ് റോയ്, ഡയാസ്പൊറ.
2024 ലെ ഡിസി ബാലസാഹിത്യ പുരസ്‌കാരം നേടിയ ‘സുബേദാർ ചന്ദ്രനാഥ് റോയ്’ ഫാന്റസിയും സയൻസും പഴയതും പുതിയതുമായ ബാല്യകാല അനുഭവങ്ങളെയും കോർത്തിണക്കി എഴുതിയ അതിമനോഹരമായ നോവലാണ്. ബാലസാഹിത്യം കുട്ടികൾക്ക് മാത്രം ഉള്ളതാണെന്ന ചിന്തയെ തീർത്തും തള്ളിക്കളയുന്ന കൃതിയാണ് ‘സുബേദാർ ചന്ദ്രനാഥ് റോയ്’ എന്നതിൽ തർക്കമില്ല. മുതിർന്നവരും ഉറപ്പായും വായിച്ചിരിക്കേണ്ട നോവലാണിത്. ഈ നോവൽ നമ്മുടെ കുട്ടിക്കാല ജീവിത പരിസരങ്ങളിലേക്ക് നമ്മളെ കൈപിടിച്ച് കൊണ്ടുപോകുന്നുണ്ട്.
ഇത് ചന്ദ്രുവിന്റെ കഥയാണ്. പ്രകൃതിയെയും സർവ്വ ചരാചരങ്ങളെയും കരുതുകയും സ്നേഹിക്കുകയും ചെയ്യണം എന്ന ബോധ്യം ഉള്ളിൽ പേറുന്ന കുട്ടി. ഒത്തിരി സ്വപ്നങ്ങൾ കാണുന്ന ചന്ദ്രു, ഒരു ദിവസം കാണുന്ന സ്വപ്നം യാഥാർഥ്യമാകുന്നു. അവന് ചുറ്റുമുള്ള ജീവികൾ സംസാരിക്കുന്നത് എല്ലാം മനസിലാക്കാനുള്ള കഴിവ് അവന് കിട്ടുന്നു. പല്ലി മുതലുള്ള ജീവികൾ എല്ലാം മനുഷ്യൻ അവരോട് ചെയ്യുന്ന ദ്രോഹങ്ങൾ എണ്ണിയെണ്ണി ചന്ദ്രുവിനോട് പറയാൻ തുടങ്ങി. പ്രകൃതിയും അതിലുള്ളതെന്തും തന്റെ കാൽക്കീഴിലാണെന്ന് അഹങ്കരിക്കുന്ന മനുഷ്യൻ നിരായുധനായിപ്പോകുന്ന സംഭവത്തോടുകൂടി നോവൽ ഫാന്റസിയുടെ ലോകത്തേക്ക് കടക്കുന്നു. ഒരു ദിവസം ചന്ദ്രുവിനെ കാണാൻ പ്രകാശ വർഷങ്ങൾക്കപ്പുറത്തുനിന്ന് ഒരു അതിഥി എത്തുന്നു. അതിഥി വളർത്തുമൃഗങ്ങളെയും അവസാനം കൂടെപ്പിറപ്പിനെത്തന്നെ തട്ടിയെടുത്തപ്പോൾ അവളെത്തേടി ഇറങ്ങിതിരിക്കുകയല്ലാതെ ചന്ദ്രുവിന് മറ്റു മാർഗ്ഗം ഉണ്ടായിരുന്നില്ല. അതിശക്തനായ ശത്രുവിനെ നേരിടാൻ പുറപ്പെടുന്ന ചന്ദുവിനെ കാത്തിരുന്നത് ഒരുപാട് പ്രതിസന്ധികൾ ആയിരുന്നു.
ആയാസരഹിതമായി വായിച്ചു പോകാവുന്ന നോവലാണ് ‘സുബേദാർ ചന്ദ്രനാഥ് റോയ്’. ഓരോ അധ്യായത്തിലും പ്രധാനപ്പെട്ട ഒരു സംഭവം ചേർത്തിരിക്കുന്നതിനാൽ വായിച്ചു തീരുംവരെ ആകാംക്ഷ നിലനിൽക്കുന്നു.