വണ്ടി സ്റ്റേഷനിലെത്തിയപ്പോഴെക്കും പതിവുപോലെ നേരം സന്ധ്യയോടടുത്തിരുന്നു. മഞ്ഞ വെളിച്ചത്തിൽ സ്റ്റേഷനും പരിസരവും മുങ്ങിക്കിടന്നു. വണ്ടിയിറങ്ങിയ യാത്രക്കാരുടെ ഒഴുക്കിനുമീതെ മഞ്ഞവെയിൽ നാളങ്ങൾ വീണുതിളങ്ങി.
പ്ലാറ്റ്ഫോം പിന്നിട്ട് സ്റ്റേഷനിൽനിന്നും പുറത്ത് കടക്കാൻ ലഗേജുമായി ധൃതിയിൽ നീങ്ങുന്ന യാത്രക്കാരുടെ തിരക്കിലൂടെ കോണിപ്പടികൾ പതുക്കെ ഇറങ്ങുകയായിരുന്നു അവൾ.
വൃശ്ചികത്തിലെ നേർത്ത കാറ്റും കുളിരും തഴുകിയ സായാഹ്നം.
അവൾക്ക് ഒട്ടും ധൃതിയുണ്ടായിരുന്നില്ല. അങ്ങനെ ധൃതിപിടിച്ച് വീട്ടിലെത്തിയിട്ടെന്താ? കഴുത്ത് വെട്ടിച്ച് നിൽക്കുന്ന നോട്ടങ്ങളല്ലേ ജോലി കഴിഞ്ഞ് വീട്ടിലെത്തുമ്പോൾ സ്വീകരിക്കാനുള്ളു? ഇരുമ്പുചീനിച്ചിട്ടി കഴുകിയാൽ കരിയേ പോകൂ , കറുപ്പ് പോകില്ല എന്ന് പറഞ്ഞ് അമർത്തിച്ചിരിക്കുന്നതിൻ്റെ വെളുത്ത നിറമാണ് വീടിൻ്റെ ചുമരിനു മുഴുവൻ ചുമരുചാരി കരിപറ്റാതെ ഒതുങ്ങി നടക്കുന്നതിലെ രസം ആലോചിച്ച് കോണിപ്പടികൾ ഇറങ്ങുമ്പോൾ ആരുടെയോ തിക്കുതട്ടി മുമ്പിൽ രണ്ടു സ്റ്റെപ്പിനുതാഴെ ഒരാൾ അടിതെറ്റി വീഴാൻ പോകുന്നത് അവൾ കണ്ടു. പെട്ടെന്നവൾ ഞൊടിയിടയിൽ താഴെ ഇറങ്ങി അയാളെ താങ്ങിപ്പിടിച്ച് വീഴ്ചയിൽ നിന്ന് രക്ഷപ്പെടുത്തി. അവൾ പിടിച്ചില്ലായിരുന്നുവെങ്കിൽ തീർച്ചയായും അയാൾ തലയടിച്ച് വീഴുമായിരുന്നു. താഴെ വീണ കണ്ണടയും മൊബൈൽ ഫോണും തോൾ സഞ്ചിയും എടുത്ത് അയാളുടെ കൈയിൽ കൊടുത്തു. കണ്ണടക്കും മൊബൈലിനും ഒന്നും പറ്റിയിട്ടില്ല. സഞ്ചി തോളിലിട്ട് കണ്ണട യഥാസ്ഥാനത്തുവെച്ച് അയാൾ അവളെ നോക്കി.
അവളുടെ മുഖം സ്നേഹത്തിൻ്റെ പ്രകാശത്താൽ വികസിക്കുന്നത് അയാൾ കണ്ടു. അയാൾ തൻ്റെ അശ്രദ്ധയിൽ ലജ്ജിതനായി അവളുടെ കണ്ണുകളിലേക്ക് ക്ഷമാപണത്തോടെ നോക്കി പുഞ്ചിരിച്ചു.
“സോറി കുട്ടി, ഞാൻ എന്തോ ആലോചിച്ച് ….. പടി ഇറങ്ങ്വായിരുന്നു… വളരെ നന്ദീണ്ട് ട്ടൊ. ”
അവൾ ചിരിച്ചുകൊണ്ട് അയാളോടൊപ്പം പതുക്കെ നടന്നു.
“സർ അങ്ങനെയല്ല ഉണ്ടായത്. ഒരു ചെറുപ്പക്കാരൻ സാറിനെ തള്ളിത്തിരക്കി ഇറങ്ങിയപ്പോൾ സർ അടിതെറ്റി വീഴാൻ പോയതാണ്”.
അയാൾക്കല്ല തെറ്റുപറ്റിയതെന്ന് അവൾ തിരുത്തി.
“കുട്ടി പിടിച്ചിരുന്നില്ലെങ്കിൽ ഞാൻ ശരിക്കും തലയടിച്ച് വീഴ്വായിരുന്നു. വീണിരുന്നെങ്കിൽ ….. തിരക്കിനിടയിൽ പിന്നിൽ നിന്നുള്ളവരുടെ ചവിട്ടേറ്റ് ….. ”
അയാൾ മുഴുമിച്ചില്ല.
അന്നേരം അയാളുടെ ശബ്ദത്തിലെ നടുക്കം അവൾ തിരച്ചറിഞ്ഞു.
“എന്തായാലും സാറിന് ഒന്നും പറ്റിയില്ലല്ലൊ. സമാധാനായി. ”
വാർദ്ധക്യത്തിൻ്റെ അടയാളങ്ങൾ മറയ്ക്കാതെ നടക്കുന്ന അയാൾ അവളോട് മൃദുവായി സംസാരിച്ചു. സായന്തനത്തിലെ മഞ്ഞനിറമുള്ള പ്രകാശം അവരെ മൂടിയിരുന്നു. അവർ സ്റ്റേഷനിൽ നിന്നും പുറത്തേക്ക് കടന്ന് ബസ് സ്റ്റോപ്പിലേക്കുള്ള വഴിയിലേക്ക് തിരിഞ്ഞു.
ആദ്യമായി നല്ലൊരു കേൾവിക്കാരനെ കിട്ടിയ സന്തോഷത്തിൽ അവൾ മലര് വറത്തു കൊട്ടുന്നതുപോലെ പലതും സംസാരിച്ചു കൂട്ടി. വളരെ ഹൃദ്യമായിരുന്നു അവളുടെ വർത്തമാനം. അവളുടെ സംഭാഷണകല അയാളെ വിസ്മയിപ്പിച്ചു.
പതുക്കെ മൃദുവായ സ്വരത്തിൽ അവളുടെ കണ്ണുകളിലെ കാഴ്ചകളിലേക്ക് നോക്കി അയാൾ ആഹ്ലാദത്തോടെ പറഞ്ഞു.
“നിങ്ങൾ എത്ര സുന്ദരിയാണ് ”
“നിങ്ങളോ?”
തൻ്റെ അച്ഛൻ്റെ പ്രായമുള്ള ഒരാൾ.
എന്തോ അരുതായ്ക കേട്ടിട്ടെന്ന പോലെ അവൾ അന്ധാളിച്ചു.
“അതെ, നിങ്ങൾ. നിങ്ങൾ എന്തുകൊണ്ടും സുന്ദരിയാണ് ”
അയാൾ ആവർത്തിച്ചു.
പെട്ടെന്ന് അയാൾ എന്തോ ഓർമ വന്നത് എടുക്കാൻ പോകുന്നതുപോലെ ധൃതിയിൽ നടന്നുനീങ്ങി ആൾക്കൂട്ടത്തിൽ അപ്രത്യക്ഷനായി.
കേൾവിയുടെ തുലാസിൻ്റെ സ്തംഭനാവസ്ഥയിലായിരുന്നു, അവൾ.
നിങ്ങൾ എത്ര സുന്ദരിയാണ്.
ആദ്യമായിട്ടാണ് താൻ സുന്ദരിയാണെന്ന് മുഖത്തുനോക്കി ഒരാൾ പറയുന്നത്.
സുന്ദരിമോളേ എന്ന് അച്ഛൻ മരിക്കുന്നതുവരെ വിളിച്ചിട്ടില്ല.
അച്ഛൻ കരിക്കട്ടയായതുകൊണ്ട് സുന്ദരിക്കട്ടേ എന്ന് അമ്മയും വിളിച്ചിട്ടില്ല.
രതിവേളയിൽപ്പോലും സുന്ദരിക്കുട്ടീ എന്ന് ജീവിതപങ്കാളിയും വിളിച്ചിട്ടില്ല.
ഒരു കണ്ണാടിയും അവളോട് നീ സുന്ദരിയാണെന്ന് സ്വകാര്യമായിപ്പോലും പറഞ്ഞിട്ടില്ല.
ഇല്ലേ ഇല്ല.
അവൾക്ക് ചിരിക്കാനാണ് തോന്നിയത്.
യുദ്ധവിമാനങ്ങളുടെ എയർഷോ പോലെ ആർച്ചിൻ്റെ ആകൃതിയിൽ വരി തെറ്റാതെ ചോക്കറാൻ പറക്കുന്ന ഒരു കൂട്ടം പക്ഷികളുടെ താഴെ അയാൾ പോയ വഴിയിലെ ആൾക്കൂട്ടത്തിൻ്റെ അറ്റം വരെ അവൾ വെറുതെ എത്തി നോക്കി. പക്ഷികളോടൊപ്പം അയാൾ ശരിക്കും അപ്രത്യക്ഷനായല്ലൊ.
ആരാണയാൾ. വർത്തമാനം കോരിക്കൊട്ടുന്നതിനിടയിൽ അയാളുടെ പേരുപോലും ചോദിച്ചില്ല.
വെറുതെ ഒരോരോ….
മഞ്ഞയുടെ കൈവിടാതെ മെല്ലെ തുടുക്കാൻ തുടങ്ങിയ സായാഹ്നം അവളുടെ കറുത്തു പരന്നു കിടക്കുന്ന സമൃദ്ധമായ തലമുടിയിലും മുഖത്തും ചുവപ്പുശോഭ വീഴ്ത്തി. അതിൻ്റെ അരുണിമയിൽ അവൾ ഒരു മൂളിപ്പാട്ടുപാടി ബസ് കാത്തുനിൽക്കാനായി നടന്നു.