തിരുവനന്തപുരം: രാജ്യസഭാംഗങ്ങളുടെ തെരഞ്ഞെടുപ്പിൽ വിട്ടുവീഴ്ച ചെയ്ത് സിപിഎം. സീറ്റിനെ ചൊല്ലി മുന്നണിയിലുള്ള തര്‍ക്കം പരിഹരിക്കാൻ സ്വന്തം രാജ്യസഭാ സീറ്റ് സിപിഎം കേരള കോൺഗ്രസ് എമ്മിന് വിട്ടുനൽകി. ഒഴിവുള്ള മൂന്ന് സീറ്റിൽ മുന്നണിക്ക് ഉറപ്പുള്ളത് രണ്ട് സീറ്റാണ്. അതിൽ ഒന്നിലാണ് കേരള കോൺഗ്രസ് എം മത്സരിക്കുക. അവശേഷിക്കുന്ന സീറ്റിൽ സിപിഐ സ്ഥാനാര്‍ത്ഥി മത്സരിക്കും.
ജോസ് കെ മാണിയാണ് കേരള കോൺഗ്രസ് എമ്മിൽ നിന്ന് രാജ്യസഭയിലേക്ക് മത്സരിക്കുക. എന്നാൽ എൽഡിഎഫിൽ രാജ്യസഭാ സീറ്റിൽ അവകാശ വാദം ഉന്നയിച്ച ആര്‍ജെഡി കടുത്ത വിമര്‍ശനമാണ് ഉന്നയിച്ചത്.തീരുമാനം മുന്നണിയുടെ ഐക്യത്തിനു വേണ്ടിയാണെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഇടതു മുന്നണിയുടെ ഐക്യവും കെട്ടുറപ്പുമാണ് ഏറ്റവും പ്രധാനം. അതിനുതകുന്ന നിലപാടാണ് സ്വീകരിച്ചത്. സിപിഎമ്മിന് ഒറ്റയ്ക്ക് തന്നെ ഒരു സീറ്റിൽ വിജയിക്കാൻ കഴിയുമായിരുന്നുവെന്നും ജയരാജൻ പറഞ്ഞു.
എൽഡിഎഫിലെ ഒരു പാർട്ടിക്കും യുഡിഎഫിലേക്ക് പോകേണ്ട ഗതികേടില്ല. മറ്റു മുന്നണികളെപ്പോലെ സ്ഥാനമാനങ്ങൾക്കുവേണ്ടി ഓടി നടക്കുന്ന നിലപാടുള്ള പാർട്ടികളല്ലെന്നും അദ്ദേഹം പറഞ്ഞു. കേരള കോൺഗ്രസ് എം പാർലമെൻററി പാർട്ടിയോഗം ഉടൻ ചേരുമെന്ന് ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ് അറിയിച്ചു.