Friday, December 27, 2024
Homeകഥ/കവിതതിരുവോണക്കഞ്ഞി (ചെറുകഥ) ✍ഉണ്ണി ആവട്ടി

തിരുവോണക്കഞ്ഞി (ചെറുകഥ) ✍ഉണ്ണി ആവട്ടി

✍ഉണ്ണി ആവട്ടി

നിടുമ്പ്രം ഇരുവനാട് വില്ലിപ്പാലൻ വലിയ കുറുപ്പിൻ്റെ കീഴിലുള്ള സങ്കേതങ്ങളിലെയും മഠങ്ങളിലെയും വേറെവെപ്പ് തുടങ്ങിയ നെയ്യമൃത് ഭക്തർക്ക് ഇക്കൊല്ലവും മേടമാസത്തിലെ തിരുവോണനാളിന് തിരുവോണക്കഞ്ഞി വിളമ്പിത്തുടങ്ങിയത്, ചെറിയ രാമൻ നമ്പ്യാർ തന്നെയായിരുന്നു.

ദേവന് പാനകം നിവേദിച്ചതിനുശേഷം വാഴപ്പോള കൊണ്ട് തടയുണ്ടാക്കി അതിൻ്റെ മുകളിൽ വാഴയില വെച്ചാണ് കഞ്ഞി വിളമ്പിയത്. കഞ്ഞിയോടൊപ്പം ചക്ക വറവ്, ബെന്നി (വെള്ളരിക്ക കറി), കുഞ്ഞുണ്ണി ( ചെറുപയർ മധുരം ചേർത്തത്), മമ്പയർ കറി, കൊസ്സ് (പച്ച മാങ്ങ വിഭവം), മാങ്ങച്ചമ്മന്തി, പഴുത്ത മാങ്ങ, പഴുത്ത ചക്ക, തേങ്ങാപ്പൂൾ, പപ്പടം, തൃമധുരം എന്നിവയും വിളമ്പി.

വ്രതം എടുത്തവരുടെയൊക്കെ കഞ്ഞികുടി കഴിഞ്ഞതിനുശേഷം രാമൻ നമ്പ്യാരും അതേ വിഭവങ്ങൾ ചേർന്ന കഞ്ഞി, പ്ലാവില കോട്ടി ഈർക്കിലി കോർത്ത്, കുടിച്ചു തുടങ്ങി. പക്ഷെ ആദ്യത്തെ പ്ലാവിലക്കഞ്ഞി വായിലേക്കെത്തിയപ്പോൾ തന്നെ നമ്പ്യാരുടെ മനസ്സു പതറിത്തുടങ്ങി.

“രാമേട്ടാ…ങ്ങളുടെ ഹാർട്ടിൻ്റെ ഓപ്പറേഷൻ കയിഞ്ഞിറ്റ് ആറുമാസം കയിഞ്ഞിറ്റേ ഉള്ളൂ. നെയ്യാട്ടത്തിന് ഈട്ന്ന് കൊട്ടിയൂരെത്താൻ അയിമ്പത് മൈല് താണ്ടണം. അതൊന്നും താങ്ങാൻ ങ്ങളെക്കൊണ്ട് ഇപ്പോ പറ്റൂല. ങ്ങള് പൊറപ്പെട്ടാലും ഞാള് ങ്ങളെ ബിടൂല. എനക്കും ഇപ്പോ എയുപതിനടുത്തായി. ങ്ങളെ കെട്ടി ബലിക്കാനുള്ള ബലോന്നും ഇപ്പോ ഞാക്കും ഇല്ല. ഞാളും പ്രസറിനും സുഗറിനും മരുന്ന് തിന്നിട്ടന്യാന്ന് ഈട കയീന്ന്.” ഒപ്പം രാവിലത്തെ കുഞ്ഞമ്മിണിയുടെ മുന്നറിയിപ്പും ശാസനയും നമ്പ്യാരുടെ കാതുകളിൽ ഒരു ഇടിമുഴക്കമായി മുഴങ്ങാനും തുടങ്ങി.

പ്രായം സപ്തതിയും പിന്നിട്ട് രണ്ടോ മൂന്നോ വർഷങ്ങളും കൂടി കഴിഞ്ഞിട്ടേയുള്ളൂ. പക്ഷെ അതിൻ്റെ അസ്ക്യത ധാരാളമായിട്ടുള്ളതുകൊണ്ടും, വാമഭാഗത്തിൻ്റെ വാക്കുകളെ ധിക്കരിച്ചുകൊണ്ട്, കഴിഞ്ഞ നാല്പതു വർഷക്കാലത്തിലധികമായി ഒരു മുടക്കവും കൂടാതെ നെയ്യാട്ടത്തിനു പോയിക്കൊണ്ടിരുന്ന തനിക്ക്, ഇപ്രാവശ്യത്തെ നെയ്യാട്ടത്തിന് പങ്കെടുക്കാൻ കഴിയുമോ എന്നുള്ള ചിന്തകളും ആധികളും ആ വന്ദ്യവയോധികനെ തളർത്തിത്തുടങ്ങി. കഞ്ഞികുടി നിർത്തി നമ്പ്യാർ ആലോചനകളിൽ മുഴുകി.

കൊട്ടിയൂരിൽ വൈശാഖ മാസത്തിൽ നടക്കുന്ന ഇരുപത്തിയെട്ടു ദിവസത്തെ വൈശാഖോത്സവത്തിന് തുടക്കം കുറിച്ചു നടക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ചടങ്ങാണ് നെയ്യാട്ടം.

നെയ്യാട്ടത്തിന് പ്രാരംഭമായി ഇതിൽ പങ്കെടുക്കാൻ അവകാശികളായ വിവിധ നെയ്യമൃത് മഠങ്ങളിലെ വ്രതക്കാർ മേട മാസത്തിലെ ചോതിനാൾ മുതൽ (പ്രക്കൂഴം മുതൽ) വ്രതം ആരംഭിക്കണം. ചതയം നാൾ മുതൽ വേറെ വെപ്പ് തുടങ്ങണം. ഇങ്ങിനെ വ്രതം അനുഷ്ഠിക്കുന്ന ഭക്തർ അവരുടെ മഠങ്ങൾ കേന്ദ്രീകരിച്ച് മേടമാസത്തിലെ തിരുവോണം നാളിൽ ഉണ്ടാക്കുന്ന കഞ്ഞിയാണ് തിരുവോണക്കഞ്ഞി. തുടർന്നുള്ള ദിവസങ്ങളിൽ ഓരോ വ്രതക്കാരും തങ്ങളുടെ തറവാട് കേന്ദ്രീകരിച്ച് സംഘം ചേർന്ന്, ഇതേ വിഭവങ്ങൾ ചേർന്ന തിരുവോണക്കഞ്ഞി ഉണ്ടാക്കി കഴിക്കും.

ആയില്യം നാളിൽ വ്രതം അനുഷ്ഠിക്കുന്നവർ അവരവരുടെതായ നെയ്യമൃത് മഠങ്ങളിൽ കയറി താമസം തുടങ്ങും. കയറുന്നതിന്നു മുമ്പായി അടുത്തുള്ള അമ്പലത്തിൽ ചെന്ന് കലശം കുളിക്കണം. മകം നാളിൽ കിഴക്കു നോക്കി കൊട്ടിയൂർ പെരുമാളിനെ പ്രാർത്ഥിക്കുന്ന ചടങ്ങ്.. ചെനക്കൽ നടക്കും. പിന്നീട് നെയ് നിറക്കുന്ന കിണ്ടിയിൽ കെട്ടാനുള്ള കയർ പിരിക്കും. ഉത്രം നാളിൽ നെയ്ക്കുടങ്ങളിൽ നെയ് നിറച്ചു കെട്ടും. ആചാരാനുഷ്ഠാനങ്ങളോടെയുള്ള നാലുദിവസത്തെ താമസത്തിനുശേഷം അത്തം നാളിന് മഠത്തിൽ നിന്നും കൊട്ടിയൂർക്ക് കാൽനട യാത്ര പുറപ്പെടും. പോകുന്ന വഴിയെ എടയാറിലും മണത്തണയിലും താമസിക്കും. ചോതി നാളിന് രാത്രിയാണ് കൊട്ടിയൂരിൽ നെയ്യാട്ടം നടക്കുക. അങ്ങിനെ മേടമാസത്തിലെ ചോതിക്കു തുടങ്ങി അടുത്ത ചോതി വരെയുള്ള ഇരുപത്തിയെട്ടു ദിവസങ്ങളും നെയ്യമൃത് ഭക്തരുടെ വ്രതാനുഷ്ഠാനക്കാലമാണ്.

പരമ്പരാഗതമായി വ്രതമെടുത്ത് നെയ്യാട്ടത്തിനു പോയിരുന്ന വില്ലിപ്പാലൻ കുറുപ്പു തറവാടായിരുന്നു തങ്ങളുടേത്. സ്ഥിരമായി വ്രതമെടുത്തിരുന്ന വലിയ രാമൻ നമ്പ്യാരുടെ ആകസ്മിക മരണം തറവാടിനെ നടുക്കി. സമാഗതമായിക്കൊണ്ടിരുന്ന കൊട്ടിയൂർ ഉത്സവക്കാലത്തെ നെയ്യമൃത് വ്രതത്തിന് തറവാടിനെ ആരു പ്രതിനിധീകരിക്കുമെന്നുള്ളതും കുടുംബാംഗങ്ങളെ കടുത്ത ആശങ്കയിലും സമ്മർദ്ദത്തിലുമാഴ്ത്തി.

താനപ്പോൾ കർണ്ണാടകത്തിലെ വിരാജ് പേട്ടയിലെ ഒരു കാപ്പി എസ്റ്റേറ്റിൽ മാനേജരായി ജോലി നോക്കുകയായിരുന്നു. മനസ്സിൽ ഡോക്ടർ മോഹവുമായി പ്രീഡിഗ്രിക്ക് തലശ്ശേരി ബ്രണ്ണൻ കോളേജിൽ നിന്നും ഫസ്റ്റ് ക്ലാസോടെ മികച്ച വിജയം നേടിയ തനിക്ക് പേട്ടയിലേക്ക് പോകേണ്ടി വന്നത് ഒട്ടും ഗത്യന്തരമില്ലാത്തതു കൊണ്ടുതന്നെയായിരുന്നു,

1965…70 കാലഘട്ടത്തിൽ വന്ന ജന്മി കുടിയാൻ നിയമം വില്ലിപ്പാലൻ തറവാടിനെ ശരിക്കും തകർത്തു തരിപ്പണമാക്കിയെന്നു പറയാം. കാര്യമായ വിളഭൂമികളെല്ലാം കുടിയാൻമാരുടെ കൈകളിലേക്കെത്തി. ആഡ്യത്വം കൊണ്ട് വയർ നിറയില്ലല്ലോ. കുറച്ചുകാലം മുണ്ടുമുറുക്കി പിടിച്ചു നിന്നു. ആറു പെൺമക്കളടങ്ങിയ പത്തംഗ കുടുംബത്തിനെ പട്ടിണി കൂടാതെ പോറ്റാൻ അച്ഛൻ പെടുന്ന പെടാപാട് കണ്ടുനില്ക്കാൻ എന്നിലെ പതിനെട്ടുകാരന് കഴിഞ്ഞില്ല. അങ്ങിനെയാണ്, തൻ്റെ ഉറ്റസുഹൃത്തുകൂടിയായ ബഷീറിൻ്റെ ബാപ്പ അബ്ദുള്ള ഹാജിയുടെ കൂടെ വിരാജ് പേട്ടയിലേക്കെത്തിയത്.

സ്റ്റെതസ്കോപ്പ് സ്വപ്നം കണ്ടിരുന്ന കൈകളിലേക്ക് പേന വന്നപ്പോൾ ആദ്യം അതിനെ കയ്യിലെടുക്കാൻ മടി കാണിച്ച മനസ്സിന് വിവാഹപ്രായമെത്തിയ ആറു സഹോദരിമാരുടെ നിറകണ്ണുകളിലെ ദൈന്യതയും നിരാശാബോധവും കാണാതിരിക്കാൻ കഴിയുമായിരുന്നില്ല. എസ്റ്റേറ്റുടമ വീരേന്ദ്ര ഹെഗ്ഡെ തീരെ കണ്ണിൽച്ചോരയില്ലാത്തവനായിരുന്നില്ല. ശമ്പളത്തിനു പുറമെ നാട്ടിൽ വരുന്ന സമയത്തൊക്കെ അദ്ദേഹം കണ്ടറിഞ്ഞ് വല്ലതും കൂട്ടിത്തരുമായിരുന്നു. അദ്ദേഹത്തിൻ്റെ പ്രത്യേക താല്പര്യം കൊണ്ടുതന്നെയാണ് താൻ പത്തു വർഷം കൊണ്ട് റൈറ്റർ ജോലിയിൽ നിന്നും ഉയർന്ന് എസ്റ്റേറ്റ് മാനേജരായതും. കൂടാതെ സഹോദരിമാരുടെയെല്ലാം വിവാഹം ഒരു വിധം നല്ല നിലയിൽ നടത്തിക്കാൻ കഴിഞ്ഞതിലും ഒരു കൈ സഹായം പെൺമക്കളില്ലാത്ത അദ്ദേഹത്തിൻ്റെതു തന്നെയായിരുന്നു.

ആൺമക്കൾ ഇല്ലാതിരുന്ന അമ്മാവന് എന്നെ വലിയ കാര്യമായിരുന്നു. അതു കൊണ്ടുതന്നെയാകണം തറവാട്ടിലെ അടുത്ത അനന്തരാവകാശിയായ തനിക്ക് അദ്ദേഹത്തിൻ്റെ പേരുതന്നെ നല്കിയതും. പക്ഷെ താൻ ചെറുതായതുകൊണ്ട്, പേരിൻ്റെ മുമ്പിൽ ഒരു ‘ചെറിയ’ വാലും കൂടി കയറി വന്നുവെന്നു മാത്രം. അമ്മാവൻ്റെ അടിയന്തിരാദിക്രിയകളെല്ലാം ചെയ്ത് തിരിച്ച് എസ്റ്റേറ്റിലേക്കു തന്നെ മടങ്ങാനായിരുന്നു, വരുമ്പോഴുള്ള തൻ്റെ തീരുമാനം. പക്ഷെ കുടുംബാംഗങ്ങളുടെ കടുത്ത സമ്മർദ്ദം, തറവാടിൻ്റെ പാരമ്പര്യം, സർവ്വോപരി മുറപ്പെണ്ണായ കുഞ്ഞമ്മിണിയുടെ കണ്ണുനീർ എല്ലാം ഹെഗ്ഡെ മുതലാളിയുടെ സ്നേഹമസൃണമായ സമ്മർദ്ദത്തെയും നിർബന്ധത്തെയും അതിജീവിച്ച് നാട്ടിൽ തന്നെ തുടരാൻ തന്നെ നിർബന്ധിതനാക്കി.

പക്ഷെ നാട്ടിലെ ജീവിതം പ്രതീക്ഷിച്ചപോലെ ഒട്ടും എളുപ്പമായിരുന്നില്ല. ഒരു വർഷം വ്രതാനുഷ്ഠാനവുംകൂടി കണക്കിലെടുത്താൽ രണ്ടു മാസത്തോളംകാലം കൊട്ടിയൂർ ഉത്സവത്തിനുവേണ്ടി മാത്രമായി മാറ്റി വെക്കേണ്ടതുകൊണ്ട്, ഗവർമെണ്ട് ജോലികളോ പ്രൈവറ്റു ജോലികളോ ചിന്തിക്കാൻ പോലും കഴിയുമായിരുന്നില്ല. നാട്ടിലാണെങ്കിൽ പറ്റിയ നാടൻ ജോലികളും കുറവ്. അമ്മായിയുടെയും കുടുംബത്തിൻ്റെയും നിർബന്ധം മൂലം താനപ്പോൾ കുഞ്ഞമ്മിണിയുടെ ഭർത്താവുകൂടിയായി മാറിയിരുന്നു. എല്ലാം കൂടി ചെലവുകൾ കൂടിവന്നു. വരവു തുലോം കമ്മിയും. രണ്ടു മൂന്നു ഏക്കറിലെ കൃഷി കൊണ്ടും മറ്റും വയറ് പട്ടിണിക്കിടാതെ കഴിഞ്ഞുവെന്നുമാത്രം. പക്ഷെ പണത്തിന് പഞ്ഞം തന്നെയായിരുന്നു. ഒരുവേള തിരിച്ചുവീണ്ടും പേട്ടയിലെത്തി, എപ്പോൾ ചെന്നാലും രണ്ടുകൈയ്യും നീട്ടി സ്വീകരിക്കുമെന്നുള്ള ഹെഗ്ഡെയുടെ വാഗ്ദാനം കൈപ്പറ്റാൻ വരെ മനസ്സു ചിന്തിച്ചിരുന്നു. പക്ഷെ നെയ്യാട്ടവും അഭിമാനവും തന്നെ വിലക്കി.

അമ്മാവൻ്റെ മരണശേഷം വന്ന ആദ്യത്തെ കൊട്ടിയൂർ വൈശാഖോത്സവത്തിൻ്റെ പ്രാരംഭമായുള്ള തൻ്റെ പ്രഥമ വ്രതാന്ഷ്ഠാനക്കാലത്തെ തിരുവോണക്കഞ്ഞി, രുചിയറിഞ്ഞു കുടിക്കുമ്പോഴായിരുന്നു, മനസ്സിലേക്ക് ആ ആശയം കടന്നു വന്നത്. കുഞ്ഞമ്മിണിക്കും അതിനോട് പൂർണ്ണ സമ്മതമായിരുന്നു.

അങ്ങിനെ ഉത്സവം കഴിഞ്ഞതിൻ്റെ പിറ്റേന്നു തന്നെ വീടിനോടു ചേർന്ന് ‘ തിരുവോണക്കഞ്ഞി’ യുടെ ബോർഡു പൊങ്ങി. തീർത്തും സസ്യഭോജനമായതുകൊണ്ട് തുടക്കത്തിൽ കച്ചവടം വളരെ കുറവായിരുന്നു. ഉത്സവപ്പിറ്റേന്നത്തെ കഞ്ഞിയെപ്പറ്റി പരിഹസിച്ചു ചിരിച്ചവരും കുറവായിരുന്നില്ല. പക്ഷെ പിന്നീട് കഞ്ഞിയുടെ നാടൻ രുചി പതുക്കെ പതുക്കെ മറ്റു നാടുകളിലേക്കും പരന്നു. കഞ്ഞിയുടെ കൂട്ടിനു വേണ്ടുന്ന കൂട്ടുകൾക്കുള്ള അസംസ്കൃത സാധനങ്ങളും തീർത്തും ജൈവമായി തങ്ങളുടെ വയലിലും പറമ്പിലും വിളയിച്ചവയായിരുന്നു. ചക്കയില്ലാത്ത സമയത്ത് പകരത്തിന് മറ്റു കിഴങ്ങുകൾ വിളമ്പി. പച്ചമാങ്ങ ഉപ്പിലിട്ടുവെച്ചു. പഴുത്ത മാങ്ങ ഉണക്കി കച്ചാക്കി. അങ്ങനെ ഒട്ടുമിക്ക തിരുവോണക്കഞ്ഞിയുടെ വിഭവങ്ങളെല്ലാം മററുകാലങ്ങളിലും വിളമ്പാൻ കഴിഞ്ഞു. എല്ലാറ്റിനും സഹായിയായി കുഞ്ഞമ്മിണിയും കൂടെയുണ്ടായിരുന്നു. തൻ്റെ കൊട്ടിയൂർ വ്രതക്കാലത്ത്, ചിലപ്പോൾ നിറവയറും വെച്ചായിരുന്നു, അവൾ കഞ്ഞിക്കടയുടെ ചുക്കാൻ പിടിച്ചിരുന്നത്.

എല്ലാ കാലത്തും സാധാരണക്കാർക്കും, ഉത്സവകാലത്ത് പ്രത്യേകിച്ചും ഭക്തർക്കും ന്യായനിരക്കിൽ രുചിയേറുന്ന ഒരു സസ്യ ഭക്ഷണം കിട്ടുന്ന ഭോജനശാലയായി തിരുവോണക്കഞ്ഞി വളർന്നു. ഒപ്പം തങ്ങളുടെ കുടുംബത്തിലെ അംഗസംഖ്യയും വളർന്നുകൊണ്ടിരുന്നു. അങ്ങിനെ നാലു പെൺകുട്ടികളും അവർക്ക് ഇളയതായി ഒരാൺകുട്ടിയും കൂടി വീടിന് കൂടുതൽ ഒച്ചയും അനക്കവും നല്കി.

മക്കൾ വലുതായപ്പോൾ പുരോഗമനാശയങ്ങളും വന്നു. കഞ്ഞിക്കട ഒരു ഹോട്ടലായി വളർന്നു. പക്ഷെ തിരുവോണക്കഞ്ഞിയുടെ കാര്യത്തിലും വെജിറ്റേറിയൻ വിഭവങ്ങൾ മാത്രം മതിയെന്ന കാര്യത്തിലും ഒരു വിട്ടുവീഴ്ചയും വരുത്താതെ എല്ലാവരും ഒറ്റ മനസ്സായിരുന്നു. ഒരു ചെറിയ വ്യത്യാസം വരുത്തിയത് കഞ്ഞി വിളമ്പുന്ന രീതിയിലായിരുന്നു. പരമ്പരാഗതമായി പടിഞ്ഞിരുന്ന്, കഴിക്കാൻ പറ്റാത്തവർക്ക്, ഡൈനിംഗ് ടേബിളിൽ പ്ലേറ്റിൽ വിളമ്പിക്കൊടുത്തു. എങ്കിലും പല ന്യൂജെൻകാരുവരെ താല്പര്യപ്പെട്ടത് പഴഞ്ചൻ രീതി തന്നെയായിരുന്നു.

കല്യാണം കഴിഞ്ഞിട്ടും പെൺമക്കളും ജാമാതാക്കളും തങ്ങളെ സഹായിച്ചുകൊണ്ട് വീട്ടിൽ തന്നെ നിന്നതുകൊണ്ട്, ഒരു വലിയ കാര്യം കൂടി തനിക്കു സാധിച്ചെടുക്കാൻ പറ്റി. അതെ..ജീവിതത്തിൽ താനേറെ മോഹിച്ച കാര്യം… ആഗ്രഹിച്ച കാര്യം.. തൻ്റെ ജീവിതാഭിലാഷം മകനിലൂടെ തനിക്ക് സാധിച്ചെടുക്കാൻ കഴിഞ്ഞു.

അങ്ങിനെ വീടിനു മുമ്പിൽ ഹോട്ടലിൻ്റെ പേരിനൊടൊപ്പം, ഡോ. വി.പി മഹേഷ് കമാർ, കാർഡിയോളസ്റ്റിൻ്റെ ബോർഡുകൂടി കഴിഞ്ഞമാസം മുതൽ തൂങ്ങിക്കിടന്നു.

” അച്ഛനെന്താ പ്ലാവിലയും പിടിച്ച് അന്തിച്ചിരിക്കുന്നത്. കഞ്ഞിക്ക് സ്വാദില്ലാത്തതുകൊണ്ടല്ലെന്ന് നൂറുശതമാനം ഉറപ്പാണ്. പിന്നെ ഞാൻ രാവിലെ വീട്ടിലേക്കു കയറുമ്പോൾ തന്നെ കേട്ടത് അമ്മയുടെ ശകാരമായിരുന്നു. അതുകൊണ്ട്, അപ്പോൾ തന്നെ അച്ഛൻ്റെ മെഡിക്കൽ റിപ്പോർട്ട് വിശദമായി നോക്കി. ഇപ്പോൾ ഒരു കുഴപ്പവുമില്ല. അച്ഛൻ നൂറുശതമാനം ഫിറ്റ് ആണ്. വ്രതം എടുത്ത സ്ഥിതിക്ക്, അച്ഛൻ എന്തായാലും മഠത്തിൽ കയറി കഴിഞ്ഞ പ്രാവശ്യത്തെപ്പോലെ തന്നെ നെയ്യാട്ടത്തിന് പോയ്ക്കോളൂ. ഒരു ധൈര്യത്തിന്, ആവശ്യമായ മെഡിക്കൽ കിറ്റുമായി, നിങ്ങളെ അനുഗമിച്ചു കൊണ്ട്, ഒരു കാറിൽ കൊട്ടിയൂർവരെ ഞാനും വരാം.”

ലോകത്തെവിടെയായിരുന്നാലും നെയ്യമൃത് വ്രതക്കാരുടെ തിരുവോണക്കഞ്ഞി ദിവസം നാട്ടിലേക്ക് ഓടിയെത്തുന്ന കുഞ്ഞിമകൻ്റെ വാക്കുകൾ, ആ വൃദ്ധപിതാവിനു നല്കിയ ആത്മവിശ്വാസം വളരെ വലുതായിരുന്നു. അദ്ദേഹം കഞ്ഞി മുഴുവൻ ആർത്തിയോടെ കുടിച്ചു. വിശപ്പുമാറാത്തതു പോലെ നില്ക്കുന്ന നമ്പ്യാരുടെ ഇലക്കുമ്പിളിലേക്ക് വീണ്ടും കഞ്ഞി പകർന്നത് മഹേഷു തന്നെയായിരുന്നു. കഞ്ഞി കുടി കഴിഞ്ഞ്, ഒരു ഏമ്പക്കവും വിട്ട്, എഴുന്നേൽക്കാൻ ശ്രമിക്കുന്ന നമ്പ്യാർക്ക് ഒരു കൈസഹായവുമായി വീണ്ടും മഹേഷ് ഓടിയെത്തിയപ്പോൾ നമ്പ്യാറിൻ്റെ കണ്ണുകളിൽ വിടർന്നത് ആത്മഹർഷത്തിൻ്റെ നിറകൺചിരിയായിരുന്നു.

✍ഉണ്ണി ആവട്ടി

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments