വ്യാസന്റെ മാനസവനിയിൽ
വിരിഞ്ഞൊരു കാട്ടുപൂവ്
പ്രേമാർദ്രമാനസം മാനസിയാക്കിയ
സുഗന്ധം പൊഴിക്കാത്ത കാട്ടുപൂവ്..
തേങ്ങുകയാണിന്നും സ്വപുത്രന്റെ
പ്രാണനെയോർത്തവൾ മനസ്വിനി..
പെരുമ്പറ കൊട്ടുന്ന ഹൃത്തിന്റെ
നൊമ്പരം
കേൾക്കാതെ മാഞ്ഞൊരിതിഹാസം.
ചരിത്രത്തിൽ മായുമോയീ
അശ്രുനദീ പ്രവാഹം?
കാട്ടുമുളന്തണ്ടുകളിപ്പോഴും തായേ.!
നിന്റെ ദുഃഖരാഗത്തെയറിയുന്നു.
പ്രണയ വായ്പ്പിനാൽ പാണ്ഡുപുത്രനെ
തൻമാറിലേറ്റിയ നിശാചരി !!
ഇതിഹാസത്തിന്റെയിടനാഴി
യിലെയിരുൾക്കൂട്ടിലൊളിപ്പിച്ച
കാട്ടുപെണ്ണിവൾ.
കാട്ടാറു പോലും കരഞ്ഞുവറ്റി
ഹിഡുംബി ! നിനക്കായി.
നീ ആത്മബലിയായി
സ്വപുത്രനെയേകി
രാക്ഷസവീര്യമേറ്റിയോൾ.
വൃകോദരനെ ഹൃത്തിലേറ്റിയ മഹിതേ !
നിൻമഹത്വമറിയാതെ പോയവൻ
പാണ്ഡുപുത്രൻ
മാനവൻരാക്ഷസനാകുന്നലോകമേ!
നാണിക്കുകയീ
രാക്ഷസപുത്രിതൻ
മാനുഷസ്നേഹത്തെ.
ഛായാമുഖിയ്ക്കായി
സൗഗന്ധികം
തേടിയലഞ്ഞൊരു
ഭീമനറിഞ്ഞുവോ
നിൻ ഹൃദയസൗരഭ്യം ?.
ധർമ്മപത്നീപദം കാംക്ഷിച്ചിടാത്ത നീ
സ്നേഹനിർവ്വാണത്തെ
പുൽകിയോൾ.
പൊറുക്കുക ജനനീ !
ചരിത്രം മറവിയിലാഴ്ത്തി
ചവിട്ടിയൊരപരാധത്തിനെ.
ഹിഡുംബീ നീയെന്നും
സുഗന്ധം പരത്തും
കാട്ടുപൂവായിനിൽക്കുന്നു
ചരിത്രമുറങ്ങുന്ന കാലമാം വീഥിയിൽ.