Tuesday, December 24, 2024
Homeകഥ/കവിതഅവൾ എൻ്റെ രാഗം (കവിത) ✍ രചന: രവി കൊമ്മേരി.

അവൾ എൻ്റെ രാഗം (കവിത) ✍ രചന: രവി കൊമ്മേരി.

രവി കൊമ്മേരി.

യുഗസന്ധ്യകളിലൊരു നനുത്ത
കാറ്റിൻ്റെ മർമ്മരമായെൻ
തപോവനത്തിലെന്നെ പൊതിഞ്ഞവൾ,
അശാന്തിയുടെ തിരത്തെ
അന്ത്യയാത്രയിൽ ഒരു
ശാന്തിമന്ത്രമായെന്നിൽ പടർന്നവൾ,
നൂറു മന്ത്രങ്ങൾ ആയിരം വട്ടം
ആത്മഗതം ചൊല്ലി ലക്ഷ്യമണയാൻ
കൊതിച്ചവൾ,
എൻ്റെ വാക്കുകളെ ഏറെ
പ്രണയിച്ചവൾ,
എൻ്റെ നോട്ടങ്ങളെ ഒത്തിരി
ഇഷ്ടപ്പെട്ടവൾ,
ജീവിതം കടലിലെ തോണിയാണെന്ന്
എന്നും പറയുന്നവൾ,
ആകാശനക്ഷത്രങ്ങളെ തൻ്റെ
ഹൃദയത്തിൽ ഒളിപ്പിക്കാൻ വെമ്പൽ
കൊള്ളുന്നവൾ,
മഞ്ഞുവീഴുന്ന പ്രഭാതങ്ങളിൽ
മഞ്ഞുതുള്ളിയായ് അലിഞ്ഞെങ്കിലെന്ന്
ആശിച്ചവൾ,
അഗ്നിയിൽ ആവാഹനത്തിൻ്റെ ഹവിസ്സ്
വീഴുമ്പോൾ ആശ്വാസമായെന്നെ
പുണരുന്നവൾ,
ഉൾക്കരുത്തിൻ്റെ പുത്തൻ ഭാവമായ്
പുത്തൻ കിരണമായ് എന്നിൽ
പടരുന്നവൾ,
അവൾ, അവളെൻ്റെ പ്രാണൻ.
അവളെൻ്റെ രാഗം .
ഇന്നെൻ്റെ മുന്നിലെ ശൂന്യതയിൽ
ഞാൻ തേടുന്ന എൻ്റെ ഹൃദയരാഗം.
അവളെ അറിയണം.
അറിഞ്ഞു കൊണ്ടെനിക്ക് പാടണം.

രചന,
രവി കൊമ്മേരി.

RELATED ARTICLES

1 COMMENT

  1. അവളെ ഹൃദയത്തോട് ചേർത്ത് വച്ച് ചെവിയിൽ മന്ത്രിക്കണം
    രാഗലോലയായ് ഒഴുകി വരു പ്രിയേ
    എൻ ജീവരാഗമായ് കത്തിപ്പടരാൻ നിന്നിലലിയാൻ🥰🥰🥰🥰

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments