പത്തനംതിട്ട —ഈ വർഷത്തെ മകരവിളക്ക് ഉത്സവവുമായി ബന്ധപ്പെട്ട കെ.എസ്.ഇ.ബിയുടെ ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ. തടസ്സമില്ലാതെ വൈദ്യുതി ഉറപ്പാക്കുക, ആവശ്യമായ ഇടങ്ങളിൽ വെളിച്ചം ക്രമീകരിക്കുക എന്നീ ചുമതലകളാണ് പ്രധാനമായും കെ.എസ്.ഇ.ബി നിർവഹിക്കുന്നത്.
മകരവിളക്ക് ദർശനത്തിനായി അയ്യപ്പഭക്തർ സാധാരണ തമ്പടിക്കുന്ന പാണ്ടിത്താവളം, ഒരുക്കുഴി ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ ഇതിനോടകം പ്രത്യേകം വെളിച്ചം ക്രമീകരിച്ചിട്ടുണ്ട്. ദേവസ്വം ബോർഡ് ആവശ്യപ്പെടുന്നത് പ്രകാരം കൂടുതൽ സ്ഥലങ്ങളിൽ വെളിച്ചം ഒരുക്കുമെന്ന് കെ.എസ്.ഇ.ബിയുടെ നോഡൽ ഓഫീസർ ആർ. ബിജുരാജ് പറഞ്ഞു.
വൈദ്യുതിയുടെയും വെളിച്ചത്തിന്റെയും കാര്യത്തിൽ മകരവിളക്ക് പ്രമാണിച്ച് പ്രത്യേക ജാഗ്രതയാണ് പുലർത്തുന്നത്. മണ്ഡലകാലം തുടങ്ങിയതുമുതൽ ഇടതടവില്ലാതെയാണ് സന്നിധാനത്തും പമ്പയിലും ഉൾപ്പെടെ കെ.എസ്.ഇ.ബി വൈദ്യുതി ഉറപ്പാക്കി വരുന്നത്. ദേവസ്വം ബോർഡിന്റെയും കേരള ഹൈക്കോടതിയുടെയും നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ടാണ് പ്രവർത്തനങ്ങൾ.
പമ്പയിലും സന്നിധാനത്തുമായി 13 അസിസ്റ്റന്റ് എൻജിനീയർമാരുടെയും 12 സബ് എഞ്ചിനീയർമാരുടെയും നേതൃത്വത്തിലാണ് കെ.എസ്.ഇ.ബിയുടെ പ്രവർത്തനം. ഇവർക്കൊപ്പം കരാർ ജീവനക്കാരും കർമ്മനിരതരായി രംഗത്തുണ്ട്.