Sunday, December 22, 2024
Homeകഥ/കവിതക്‌ളാര (കഥ) ✍ബെന്നി സെബാസ്റ്റ്യൻ, ഇടുക്കി

ക്‌ളാര (കഥ) ✍ബെന്നി സെബാസ്റ്റ്യൻ, ഇടുക്കി

ബെന്നി സെബാസ്റ്റ്യൻ, ഇടുക്കി

കട്ടപ്പന പഴയ സ്ററാൻറിൽ നിന്നും പുതിയ സ്ററാൻറിലേയ്ക്കുള്ള ഷോർട്ട് കട്ട് വഴി ഇറങ്ങിവരുമ്പോളാണ് വർഗ്ഗീസിനെ കാണുന്നത്,

ഞാനും അവനും ഒന്നിച്ചാണ് കോളേജിൽ പഠിച്ചത് ഞങ്ങളൊരേ ബസ്സിനാണ് കോളേജിലേയ്ക്ക് പോകുന്നത്.

ഒരു സ്വാതന്ത്ര്യം കിട്ടിയത് വീടിന് അകലെയുള്ള കോളേജിൽ പോകാൻ തുടങ്ങിയപ്പോളാണ്.

വളരെക്കാലംക്കൂടിയാണ് ഞങ്ങൾക്കാണുന്നത്,

ഒരു ചായക്കുടിയ്ക്കാൻ ഞങ്ങൾ തീരുമാനിച്ചു. പുതിയ സ്ററാൻറിലെ ആര്യാസിൽക്കയറി മസാലദോശയ്ക്ക് ഓർഡർ ക്കൊടുത്തു.
രണ്ടു വർഷത്തെ കോളേജ് ജീവിതത്തിലെ പല കഥകളും പറഞ്ഞു.

ഒരു ദോശകഴിഞ്ഞപ്പോൾ ഞാൻ ചോദിച്ചു ഒന്നുകൂടിയായലോ.?
ആയ്ക്കോട്ടെ
രണ്ടാമത്തെ ദോശക്കഴിച്ചുകൊണ്ടിരിയ്ക്കയാണ് അവൻ പെട്ടന്നു ചോദിച്ചത്,

എടാ നീ ക്ളാരയെ ഓർക്കുന്നുണ്ടോ ?

പെട്ടന്നെനിയ്ക്ക് ദോശവിക്കി.
അവൻ പൊട്ടിച്ചിരിച്ചു.

ഒരു നിമിഷത്തിനുശേഷം ഞാൻ ചോദിച്ചു

നീയവളെക്കാണാറുണ്ടോ..?

അവൻെറ പെങ്ങളുടെ വീടിനടുത്ത് വാഴവരയിലായിരുന്നു അവളുടെ വീട്.

ഞാൻ കഴിഞ്ഞമാസം അവളെ കണ്ടിരുന്നു പലവിശേഷവും പറഞ്ഞക്കൂട്ടത്തിൽ അവൾ നിന്നെ ചോദിച്ചു ..

പിരിയാൻ നേരമവൻ പറഞ്ഞു

എടാ നീയവളെപ്പോയൊന്നുകാണണം.

അതെന്താടാ

അവൾക്ക് നല്ല സുഖമില്ല, വലിയ പ്രശ്നങ്ങളുണ്ട് നീയൊന്നു പോ..

അവൻ വഴിപ്പറഞ്ഞുതന്നു.

വീട്ടിലേയ്ക്കുള്ള ബസ്സിലിരിയ്ക്കെ അവൾ മറവിയുടെ തിരശ്ശീലമാററി പുറത്തിറങ്ങി .

ഞങ്ങളുടെ ക്ളാസിലെ ഏററവും മിടുക്കിയും സുന്ദരിയുമായിരുന്നവൾ.
ഒന്നാംവർഷം പകുതിയായപ്പോളാണ് ഞാൻ വർഗ്ഗീസിനോട് പറഞ്ഞത്

എടാ എനിയ്ക്കാ ക്ളാരയെ ഇഷ്ടമാണ്.

ആഹാ..എന്നിട്ട്..?

ഞാനിന്നവളോടത് പറയാൻ പോകുവാ

എന്ന് എപ്പോ.?

ഇന്നോ നാളയോ..

നീപറഞ്ഞ് നോക്ക് പലരും അവളുടെ ചുററും കറങ്ങുന്നുണ്ട്.

ഉച്ചയ്ക്ക് കോളേജിന് താഴത്തെ ചായക്കടയിൽ നിന്നും കോളേജിലേയ്ക്ക് ഓടിക്കേറുമ്പോളാണ് അവൾ വരാന്തയിലൂടെ നടന്നുവരുന്നത്,

പെട്ടന്ന് എൻെറ ശ്വാസം വിലങ്ങി ഉള്ളം കൈയ്യെല്ലാം വിയർത്തു. വായിലെ ഉമ്മിനീർ ആവിയായിപ്പോയി. അവളടുത്തുവന്നു.
ക്ളാരേ ഞാൻ വിളിച്ചു .

എന്താ ?
അവൾ മുഖമിളക്കി.

ഒന്നു ദീർഘശ്വാസം വലിച്ചുവിട്ടു.

ഞാൻ പറഞ്ഞു
ഒരുകാര്യം പറയട്ടെ..?

മ് എന്താ പറ..

പെട്ടന്ന് എവിടുന്നോകിട്ടിയ ധൈര്യത്തിൽ ഒററശ്വാസത്തിൽപ്പറഞ്ഞു.

എനിയ്ക്ക് ക്ളാരയെ ഇഷ്ടമാണ് ക്ളാരയ്ക്കോ.?

എനിയ്ക്കോ.? എനിയ്ക്ക് തൻെറ കൂട്ടുകാരൻ വർഗ്ഗീസിനെയാണിഷ്ടം.

അതും പറഞ്ഞവൾ മുടി പിന്നിൽ നിന്നും മുൻപിലേയ്ക്കെടുത്തിട്ട് നടന്നുപ്പോയി.
ഞാനാകെ തകർന്നും പോയി.

അവൾ ക്ളാസിലേയ്ക്ക് കയറിക്കഴിഞ്ഞു കുറേക്കഴിഞ്ഞാണ് ഞാൻ ക്ളാസിലേയ്ക്ക് കയറിയത്.
അവളവളുടെ സീററിലുണ്ട് വർഗ്ഗീസ് ചോദിച്ചു,

എടാ എന്തായി.? നീപറഞ്ഞോ.?

പറഞ്ഞു .

എന്നിട്ട് ?പറ വേഗം

എടാ അവൾക്ക് നിന്നെയാണ് ഇഷ്ട്ടമെന്ന്,

പെട്ടന്നവൻ പൊട്ടിച്ചിരിച്ചു ക്ളാസ് നിശബ്ദമായി എല്ലാവരും അവനെത്തിരിഞ്ഞ് നോക്കി.

ക്ളാസ് കഴിഞ്ഞ് ബസ്സററാൻറിലേയ്ക്ക് നടക്കുമ്പോളവൻ പറഞ്ഞു.

എനിയ്ക്ക് അവളെയൊന്നും വേണ്ട എനിയ്ക്ക് എൻെറ നാട്ടിൽ വേറെ ആളുണ്ട്..

ഇടയ്ക്കവൾ ഞങ്ങളിരിയ്ക്കുന്നിടത്തേയ്ക്ക് തിരിഞ്ഞു നോക്കും. ഞാനവളുടെ മുൻപിൽപ്പെടാതെ നടന്നു .

രണ്ടാം വർഷം തിരാറായി സെൻേറാഫിന് തലേദിവസം തോമസ് സാർ എല്ലാവരോടും കുറേനേരം സംസാരിച്ചു.

നിങ്ങളിപ്പലരും ജീവിതത്തിൽ വലിയ നിലകളിലെത്താം ഒരു പക്ഷേ ജീവിത്തിൽ പരാജയപ്പെട്ടവരും ഉണ്ടാകാം, അങ്ങിനൊരു സാഹചര്യം വന്നു കൂടായ്കയില്ല അങ്ങിനെ ആരയേലും കണ്ടാൽ നിങ്ങൾ, മററുള്ളവർ അവരെ മറന്നു പോകരുത് കാണാതെപ്പോകരുത്.

അവസാനം സാർ ചോദിച്ചു

പാട്ടുപാടാൻ അറിയുന്നവർ ആരാണ് ഉള്ളത് ?

പെൺക്കുട്ടികൾ ഒരേസ്വരത്തിൽ ക്ളാരയെന്നു പറഞ്ഞു അവൾ ,

ശിലായുഗത്തിൽ ശിലകൾക്കെല്ലാം ചിറകുമുളച്ചിരുന്നു…
ചിലങ്കകെട്ടിയ സ്വപ്നങ്ങൾക്കും ചിറകുമുളച്ചിരുന്നൂ…

എന്ന ഗാനം മനോഹരമായിപ്പാടി അതിനിടയിൽ അവൾ എന്നെ നോക്കി ഞാൻ തലകുനിച്ചിരുന്നു.

കോളേജ് വിട്ടതേ ഞാൻ വർഗ്ഗീസിനെപ്പോലും കൂട്ടാതെ സ്ഥലംവിട്ടു.

പിറേറന്ന് സെൻേറാഫിന് ഞാൻ പോയില്ല.

കുറേക്കാലം ഒരുവലിയ മുറിവിൻെറ വടുപോലെ അവൾ മനസ്സിലുണ്ടായിരുന്നു.

പിന്നീട് ഇപ്പോൾ വർഷങ്ങൾക്ക് ശേഷമാണ് അവളെ ഓർക്കുന്നത്,

ഓരാഴ്ച്ചക്കഴിഞ്ഞപ്പോൾ വർഗ്ഗീസ് വിളിച്ചു

നീയവളെക്കാണാൻ പോയോ?

ഞാനിന്നലയവളെ കണ്ടിരുന്നു.

ഏതായാലും ഞാനിന്നു പോകാൻ തീരുമാനിച്ചു. അവളിപ്പോൾ താമസിയ്ക്കുന്നത് ചെങ്കരയെന്ന ഗ്രാമത്തിലാണ് ശരിയ്ക്കും ഒരു തമിഴ്ഗ്രാമത്തിലെത്തിയ പ്രതീതി.

ഞാനിറങ്ങിയ ബസ്സ് പൊടി പറത്തിക്കൊണ്ട് പോയി, അതിനുപിറകെ പൊടിക്കാററിനൊപ്പം ഒരു പേപ്പർകഷ്ണം ബസ്സിൽക്കേറാനെന്നവണ്ണം പിറകെ പറന്നു .അവസാനം കാററു നിലച്ചപ്പോൾ പൊടിയിലൂടെ നിരങ്ങി നിശ്ചലമായി.

വർഗ്ഗീസ് പറഞ്ഞ അടയാളംവച്ച് ഞാൻ മുൻപോട്ട് നടന്നു. പൊടിപ്പറക്കുന്ന മെററലിളകിയ റോഡിൽ നിന്നും മൺ റോഡിലേയ്ക്ക് തിരിഞ്ഞു. കുറച്ചുകൂടി മുൻപോട്ട് നടന്നപ്പോൾ വർഗ്ഗീസ് പറഞ്ഞ ട്രാൻസ്ഫോർമർക്കണ്ടു.

അവിടെ നിന്നു നോക്കുമ്പോൾ ചെമ്പരത്തിപ്പൂക്കൾ നിറഞ്ഞുനിൽക്കുന്ന ഒരു വേലി കണ്ടു. വേലിയിൽ ക്രോസായിട്ട് രണ്ട് മൂന്നു കാട്ടുകമ്പുകളിട്ട ചെറിയ ഗേററിൻെറ പ്രാകൃതരൂപം.

അത് കവച്ചുകടന്ന് ചെന്നപ്പോൾ ഒരു നായ കുരയ്ക്കുവാണോ കരയുവാണോയെന്നു തിരിച്ചറിയാൻ പററാത്ത ഒരു ശബ്ദം ഉണ്ടാക്കി.

ആസ്ബറേറാസ് മേഞ്ഞ പെയിൻെറ് മങ്ങിയ ഏതോ ബ്ളാക്ക് ആൻറ് വൈററ് സിനിമയിലെപ്പോലൊരു വീട്, പക്ഷേ അതിൻെറ മുററം നിറയെ പൂച്ചെടികൾ പല നിറങ്ങളിൽ ..നായയുടെ ശബ്ദം കേട്ടിട്ടാണെന്നുതോന്നുന്നു. വീടിൻെറ അടുക്കള വശത്തുനിന്നും ഒരു സ്ത്രീരുപം മുൻവശത്തേയ്ക്ക് വന്നു അവരെ കണ്ടിട്ട് ഒരു പരിചയവും തോന്നിയില്ല. വിദൂരമായ ഏതോ ദേശത്ത് കാലങ്ങൾക്കുമപ്പുറം പുക മഞ്ഞിനിടയിലെവിടയോ, എന്നോ, കണ്ടു മറന്ന ഒരു രൂപം.

അവളും അമ്പരന്ന് നിൽക്കയാണ്

കേറിവാ എന്താ എന്നെക്കണ്ട് പേടിച്ചുപോയോ.?

പണ്ട് ഫുൾപ്പാവാടയും ലോങ്ങ്ബ്ളൗസും മാറിലടുക്കിപ്പിടിച്ച പുസ്തകവും ചോററുപാത്രവുമായി നീണ്ടമുടി അഴിച്ചിട്ട് അല്ലെങ്കിൽ മെടഞ്ഞിട്ടു വന്നിരുന്ന അവളുടെ ആ സൗന്ദര്യമെവിടെപ്പോയി.?

ഞാൻ വരാന്തയിലെ പഴയ നിറം മങ്ങിയ കസേരയിലിരുന്നു. അവൾ വാതിൽപ്പടിയിൽ ചാരിനിന്നു.

വിശേഷങ്ങൾ തിരക്കി ചായയെടുക്കട്ടെ..?
കട്ടനേയുള്ളൂ പാലില്ല.

ചായവേണ്ട ചൂടുവെള്ളം മതി

വെള്ളംക്കുടിയ്ക്കുന്നതിനിടയിൽ കോളേജ് പഠനക്കാലത്തേയ്ക്കുറിച്ചും കൂട്ടുകാരെക്കുറിച്ചും സംസാരിച്ചു.
ഞാൻ ചോദിച്ചു

നിൻെറ ഭർത്താവെവിടെ.?

വാ അവൾ അകത്തേയ്ക്ക് നടന്നു .

അകത്തെ മുറിയിലെ മങ്ങിയ ഇരുട്ടിൽ കട്ടിലിലൊരാൾ, അവൾ ലൈററിട്ടു. പുകപിടിച്ച മങ്ങിയപ്പോലൊരു വെളിച്ചം മുറിയിൽ നിറഞ്ഞു.

കട്ടിലിൽ കറുത്തകരിമ്പടം പുതച്ചൊരാൾ, ഒരു പടുവൃദ്ധൻ മുടിയെല്ലാം നരച്ച് താടിരോമങ്ങൾ നീണ്ട്.

അയാൾ ചോദ്യഭാവത്തിലവളെ നോക്കി അവൾപ്പറഞ്ഞു

ഇന്നാള് വർഗ്ഗീസ് വന്നപ്പോൾ പറഞ്ഞില്ലേ..?
ആ ആളാണ്..

അയാൾ ചിരിച്ചതുപോല ചുണ്ടനക്കി .

അവൾപ്പുറത്തേയ്ക്ക് നടന്നു പിറകെ ഞാനും.

ഹൃദയത്തിന് പമ്പിംഗ് ശേഷിയില്ല അധികം വർത്തമാനംപ്പോലും പറയാൻപററില്ല ശ്വാസംമുട്ടൽ , ഇന്നോ നാളയോയെന്നാ.

നിനക്കെന്നാപററിയേ ?

ഒന്നുമില്ല കിഡ്നിയങ്ങ് പോയി അത്രയേയുള്ളൂ,

ചിരിച്ചുകൊണ്ടവൾ തുടർന്നു ദൈവ്വം സഹായിച്ച് മക്കളൊന്നുമുണ്ടായില്ല.

അതും നന്നായി ഇപ്പോ കട്ടപ്പനയിലുള്ളൊരു അനാഥമന്ദിരക്കാരാണ് ഞങ്ങളുടെ ചികിത്സയും മററ്കാര്യങ്ങളും നോക്കുന്നത്.
പുള്ളിക്കാരന് ആരുമില്ലേ.?
ആരിരിയ്ക്കാൻ.? ആരുമില്ല.

എൻെറവീടിനടുത്തുള്ള വീട്ടിലെ പണിക്കാരനായിരുന്നു എന്നേക്കാൾപത്തിരുപത്തിരണ്ട് വയസ്സ് മുപ്പുണ്ട്.

ഓർക്കുന്നുണ്ടോ എന്നോട് ഇഷ്ടമാണ് എന്നു പറഞ്ഞത്.?

ഞാൻ തലക്കുലുക്കി

എനിയ്ക്കും ഇഷ്ടമായിരുന്നു. ഞാനന്ന് വെറുതെയൊന്നുപ്പററിയ്ക്കാൻ ഇഷ്ടമല്ലെന്നു പറഞ്ഞതായിരുന്നു.

പിന്നീട് പറയാമെന്നു കരുതി പിന്നെ നമ്മൾകണ്ടില്ലല്ലോ?
ഒരുകണക്കിന് കാണാതിരുന്നതും നന്നായി.

ഞാൻ പറഞ്ഞില്ലേ ഇങ്ങേര് പലപ്പോളും വഴിയിലും പറമ്പിലും കാണുമ്പോൾ ചിരിയ്ക്കും സംസാരിയ്ക്കും കോളേജ്ക്കഴിഞ്ഞ് ഒരാഴ്ച്ചയ്ക്കുശേഷമാണെന്നുതോന്നുന്നു, താഴെ പറമ്പിലെ ഓലിയിൽ നിന്നും കുളിക്കഴിഞ്ഞു വരുമ്പോൾ വഴിയിൽ ആ മനുഷ്യൻ,

വിശാലമായ കുരുമുളകു തോട്ടമാണ് വിജനമായ ആ പറമ്പിലങ്ങനെ വേറാരും വരില്ല.

പോരാഞ്ഞ് നല്ല ഉച്ചസമയം ആരും ആ സമയത്ത് അതിലെ വരാറില്ല. ചില പുല്ലുചെത്തുകാരല്ലാതെ അവിടെ ,

അയാൾ കണ്ടതെ ചിരിച്ചുകൊണ്ട് അടുത്തു വന്നു . അയാളെക്കടന്നു പോകാൻ ശ്രമിയ്ക്കവേ എന്നെ കയറിപ്പിടിച്ചു വായപ്പൊത്തി
താഴെ കാപ്പിത്തോട്ടത്തിലേയ്ക്ക് വലിച്ചുകൊണ്ട് പോയി.

ബോധം വരുമ്പോൾ വെയിൽ ചാഞ്ഞിരുന്നു.

അടുത്തുള്ള കല്ലിലയാൾ ബീഡിയും വലിച്ചിരിപ്പുണ്ട്.

ഒരു വിധമെഴുന്നേററ് വഴിയിലേയ്ക്ക് നോക്കുമ്പോളമ്മച്ചി കാണാഞ്ഞിട്ടന്വേക്ഷിച്ചുവന്നതാണ്.

പിന്നെ പ്രശ്നങ്ങളൊതുങ്ങിയത് ആയാളൊക്കൊണ്ട് താലികെട്ടിച്ചാണ് നാട്ടുകാരറിയാതിരിയ്ക്കാൻ വീട്ടുകാർ വളരെ ശ്രദ്ധിച്ചു.

പിന്നെ ഇങ്ങോട്ട് പോന്നു എത്ര വർഷമായോ ആവോ.?

അവൾപ്പറഞ്ഞുകൊണ്ടേയിരുന്നു.
ഒരു സിനിമാക്കഥ കേൾക്കുന്ന പിരിമുറുക്കത്തോടെ ഞാനത് കേട്ടിരുന്നു.

ഇപ്പോ നാലഞ്ച് വർഷമായി മുഴുവൻ സമയവും കിടപ്പ് തന്നെ , എനിയ്ക്കും വയ്യ കിഡ്നിരണ്ടും പോയി കണ്ടില്ലേ കാലിൽ രണ്ടിലും നീര്,

വർഗ്ഗീസിനോട് ഞാൻ ചോദിക്കാറുണ്ടായിരുന്നു കാണാൻ പററുമെന്ന് കരുതിയിട്ടില്ല. വന്നതിൽ വലിയ സന്തോഷം.

ഞാനവളുടെ മുഖത്തു നോക്കി അവിടെ സങ്കടമാണോ സന്തോഷമാണോ എന്തു വികാരമെന്നെനിയ്ക്കുമനസ്സിലായില്ല.

ആ വീടിൻെറ ഭിത്തിയിലവളുടെ മനോഹരമായ ഒരു ഫോട്ടോ ഇരിപ്പുണ്ട് ഞാൻ നോക്കുന്നതുകണ്ടവൾപ്പറഞ്ഞു ആ ഫോട്ടോയുടെ പ്രേതമാണ് ഞാൻ,

അവളുടെ ചിരിയ്ക്ക് മാത്രം ഒരുമാററവുമില്ല മങ്ങലും.

വീട്ടിലെല്ലാവരേയും അന്വേക്ഷിച്ചതായിപ്പറയണം കേട്ടോ..? അല്ലേൽ വേണ്ട ആരെന്നുപറയുമല്ലേ..?

ഞാൻപറയാം..
എന്നാ ഞാനിറങ്ങട്ടെ..?
ശരി ഇപ്പോ ഇറങ്ങിയാലൊരു ബസ്സുണ്ട് അതുപോയാൽ പിന്നെ രണ്ട് മണിക്കൂർ കഴിയണം.
ഞാൻ മുററത്തേയ്ക്കിറങ്ങി ഒപ്പമവളും.

ഞാൻ വേലിയ്ക്കരുകിലേയ്ക്ക് നടന്നു അവളെന്നോട് ചേർന്നു നടന്നു. വേലിക്കമ്പവൾമാററി.

ഞാൻ പോക്കററിൽ നിന്നും കരുതികൊണ്ട് വന്ന കുറച്ചു പണമെടുത്തവളുടെ കൈയ്യിൽ പിടിപ്പിച്ചു.
അവൾ അത് വാങ്ങാതെ ബലംപിടിച്ചു

ഇതെനിയ്ക്കുവേണ്ടാ.
പിന്നെ.?

എനിയ്ക്കൊരു ഉമ്മതരുമോ.? ഞാനവളുടെ കണ്ണിലേയ്ക്കു നോക്കി അത് തുളുമ്പിനിൽക്കയാണ് ,

ഇമയൊന്നനങ്ങിയാലത് താഴേയ്ക്ക് ഒഴുകും ഞാനവളെ ചേർത്തുനിർത്തി നെററിയിലൊരുമ്മ നൽകി.

മതി സന്തോഷമായി ഞാൻ മരിച്ചെന്നറിഞ്ഞാൽ വരരുത് ,

അന്ന് വന്നാലും ഇത് എനിയ്ക്കന്നു തരാൻപററില്ലല്ലോ.?

അതാണ് ഞാനിന്ന് ഇപ്പോ ചോദിച്ചു വാങ്ങിയത്.

ഞാൻ ആ രൂപ അവളുടെ കൈയ്യിൽ വച്ചു കൊടുത്ത് അവളെ ഒന്നുകൂടി നോക്കി,

കവിളിലൂടൊഴുകുന്ന കണ്ണുനീർ ചാലിനിടയിലൂടെ അവൾ പുഞ്ചിരിച്ചു.

റോഡിലോട്ടുള്ള വഴിയിറങ്ങുമ്പോളെനിയ്ക്ക് കണ്ണു നീറിയിട്ട് വഴികാണാൻ പലപ്പോഴും പററിയില്ല.

റോഡിലിറങ്ങിയ ശേഷം ഞാൻ തിരിഞ്ഞു നോക്കി.

ദൂരെ ആ വഴിയുടെ അററത്ത് ,

വേലിക്കമ്പിൽ പിടിച്ചവൾ,

അവൾ കൈവീശി ഞാനും,

ഒരു പക്ഷേ ഇതു ഞങ്ങളുടെ അവസാനക്കാഴ്ച്ചയായിരിയ്ക്കും.

ഇനി ഞങ്ങളീ ജന്മം പരസ്പരം കാണുകയേ ഇല്ലായിരിയ്ക്കും.!!

✍ബെന്നി സെബാസ്റ്റ്യൻ, ഇടുക്കി

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments