അയാള്‍ക്ക് മോനും മോളുമല്ലാതെ ആരും സുഹൃത്തുക്കളായി ഉണ്ടായിരുന്നില്ല.
മോന് പത്തുവയസ്സും മോള്‍ക്ക് അഞ്ചുവയസ്സുമുള്ളപ്പോളാണ് ഭാര്യ മരിയ്ക്കുന്നത്. വളരെ കഷ്ടപ്പെട്ടാണ് മക്കളെ വളര്‍ത്തിയെടുത്തത്.
മോന്‍ ഡിഗ്രി കഴിഞ്ഞ് യുകെയിലാണ്.
മോള് കാരക്കോണത്ത് എം ബി ബി എസ്സ് മൂന്നാം വര്‍ഷം.
കുട്ടികളൊക്കെ വീടുവിട്ടു പോയപ്പോളാണയാള്‍ ഏകാന്തതയ്ക്ക് ഒരു മനുഷ്യനെ എങ്ങിനെ തകര്‍ക്കാമെന്നു മനസ്സിലായത്.
മക്കള്‍ രണ്ടും സമയം കിട്ടുമ്പോളെല്ലാം വിളിയ്ക്കും പക്ഷേ ഒററയ്ക്കാകുകയെന്നത് ഏതോ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പിനെ ഓര്‍മ്മിപ്പിക്കും. മക്കളായിരുന്നു അയാളുടെ കൂട്ടുകാര്‍. അവര്‍ തമ്മില്‍ ഒരു രഹസ്യവും ഒളിച്ചു വച്ചിരുന്നില്ല. അയാള്‍ക്കൊളിയ്ക്കാനൊന്നും ഉണ്ടായിരുന്നുമില്ല.
അയാളുടെ പകലുകള്‍ക്കും രാത്രിയ്ക്കും ഒരേ നിറമായിരുന്നു നരച്ച നിറം. അയാള്‍ ലോകത്തേയോ അതിന്‍റെ ചലനങ്ങളേയോ ശ്രദ്ധിച്ചിരുന്നില്ല. അതിരാവിലെ ഉണര്‍ന്ന് ചോറ് വെച്ച് മിക്കവാറും ഒരു മെഴുക്കു പുരട്ടിയും വച്ച് , ചോറും പാത്രത്തിലാക്കി ബാഗിലാക്കി അതും തോളില്‍ തൂക്കി സ്ഥിരം ബസ്സില്‍ കയറി പതിനഞ്ചു മിനിററു മുന്‍പേ ഓഫീസിലെത്തി ഫയലുകളില്‍ മുങ്ങിത്തപ്പി പരാതികള്‍ക്കോ ശാസനകള്‍ക്കോ ഇടം കൊടുക്കാന്‍ നില്‍ക്കാതെ ജോലി ചെയ്തു മടങ്ങും.
വൈകുന്നേരങ്ങളില്‍ മാത്രമാണ് ബസ്സ്റേറാപ്പില്‍ അഞ്ചോ പത്തോ മിനിററ് നില്‍ക്കേണ്ടിവരിക. വീട്ടിലെത്തി മക്കളുടെ ഫോണ്‍ വരുന്നത് നോക്കിയിരിയ്ക്കും.
ബസ്റേറാപ്പില്‍ സ്ഥിരം കാണുന്ന മുഖങ്ങളുണ്ട് , കൂടെ ജോലി ചെയ്യുന്നവരും. പക്ഷേ,അയാളൊരിയ്ക്കലും ആരേയും ശ്രദ്ധിച്ചിരുന്നില്ല.ആരേലും എന്തേലും ചോദിച്ചാല്‍ ഒന്നോ രണ്ടോ വാക്കില്‍ ഒരു മൂളലില്‍, ഒരു ചെറുചിരിയില്‍ , ഒതുക്കി തീര്‍ക്കും. കളിയായും കാര്യമായും മക്കള്‍ അയാളോട് പറയാറുണ്ട് ഒരു കല്യാണം കഴിച്ചു കൂടെയെന്ന് അയാള്‍ തലയാട്ടി ചിരിയ്ക്കും.
വേനല്‍മഴ പെയ്തതിന്‍റെ പിറേറന്ന് പുലര്‍ന്നപ്പോള്‍ നല്ല പനി തല പൊങ്ങുന്നില്ല. മോളാണ് അയല്‍ക്കാരന്‍റെ ഓട്ടോ വിളിച്ച് ആശുപത്രിയിലേക്ക് വിട്ടത് , അയാള്‍ പരമാവധി വീട്ടില്‍ പോകുവാന്‍ ശ്രമിച്ചെങ്കിലും ആശുപത്രിയില്‍ കിടക്കേണ്ടിവന്നു. അയല്‍ക്കാരന്‍ തന്നെ വീട്ടില്‍ നിന്നും അത്യാവിശ്യ സാധനങ്ങള്‍ എത്തിച്ചു തന്നു. വീട്ടില്‍ തനിച്ചായിരുന്നതുകൊണ്ട് അയാള്‍ക്ക് അവിടേയും ഒരു ബുദ്ധിമുട്ടും തോന്നിയില്ല. രണ്ട് ദിവസം സുഖമായിയുറങ്ങി. മൂന്നാം ദിവസം ഉച്ചമയക്കത്തിലാരോ വിളിയ്ക്കുന്നതു കേട്ടാണയാള്‍ കണ്ണു തുറന്നത്. ആദ്യമാളെ മനസ്സിലായില്ല.
ഒരു സ്ത്രീരൂപം.
മനസ്സിലായില്ലേയെന്ന ചോദ്യത്തിനു മറുപടിയായി അയാള്‍ പുഞ്ചിരിച്ചു .
ഓഫീസില്‍ നിന്നു മടങ്ങുമ്പോള്‍ ബസ്റേറാപ്പില്‍ പതിവായിക്കാണുന്നയാള്‍. ഇന്നേവരെ അവര്‍ സംസാരിച്ചിട്ടില്ല ഒരു പുഞ്ചിരിയില്‍ ഒരു നോട്ടത്തില്‍ പരിചയം തീര്‍ക്കും. ഏകദേശമൊരു രണ്ട് വര്‍ഷമായി ഇതാണ് പതിവ്..
ഇവരെന്താ പോലും ഇവിടെയെന്നാണോ സാറ് ആലോചിക്കുന്നേ..
അയാള്‍ അത് സമ്മതിക്കും പോലെ പുഞ്ചിരിച്ചു.
രണ്ട് ദിവസം കാണാതിരുന്നപ്പോള്‍ സാറിന്‍റെ കൂടെ ജോലി ചെയ്യുന്നവരോട് അന്വേക്ഷിച്ചപ്പോളാണ് പനിയായി ഇവിടെ കിടപ്പാണെന്നറിഞ്ഞത്.
അപ്പോള്‍ തോന്നി വെറുതെ ഒന്നു കണ്ടിട്ട് പോകാമെന്ന്.
അയാള്‍ തലയാട്ടി
ഇരിയ്ക്കൂ..
അടുത്തു കിടന്ന കൂട്ടിരിപ്പുകാര്‍ക്കുള്ള ബെഡ്ഡ് അയാള്‍ ചൂണ്ടിക്കാട്ടി. അവര്‍ അവിടിരുന്നു. റോസ് നിറമുള്ള ബാഗ് കട്ടിലില്‍ വച്ചു.
ഇപ്പോ പനിയെങ്ങിനുണ്ട്
കുറവുണ്ട്..
രണ്ട് ദിവസം കൂടിക്കഴിഞ്ഞാല്‍ പോകാം ശരീര വേദനയാണ് കൂടുതല്‍..
അത് മാറാന്‍ ഒരാഴ്ച്ച കഴിയുമായിരിയ്ക്കും
ഉം..
എന്നാല്‍ ഞാന്‍ പോകട്ടെ നേരം പോയി.
അവര്‍ വാതില്‍ ചാരി പുറത്തേയ്ക്ക് പോയി.
ഇന്നലയും മിനിഞ്ഞാന്നുമായി ആരൊക്കയോ വന്നു പോയി.
പക്ഷേ ഇവരെ പ്രതീക്ഷിച്ചിരുന്നില്ല. അവര്‍ പോയിട്ടും അവരുപയോഗിച്ച പെര്‍ഫ്യൂമിന്‍റെ സുഗന്ധം കുറേ നേരം കൂടി അവിടെ ഒഴുകി അലഞ്ഞു.
വീണ്ടും ഒരു ദിവസം കൂടി ആശുപത്രിയില്‍ കഴിഞ്ഞു പോയി. റൗണ്ടസിന് വന്ന ഡോകടര്‍ നാളെ പോകാം കേട്ടോയെന്നു പറഞ്ഞു. പററുമെങ്കില്‍ രണ്ട് ദിവസംകൂടി വീട്ടില്‍ റെസ്റെറടുത്തോളൂ..
പിറേറന്ന് ഡിസ്ച്ചാര്‍ജ്ജ് ചെയ്ത് പോകാറായപ്പോളേയ്ക്കും ഉച്ചയായി. സാധനങ്ങളൊക്കെ പായ്ക്ക് ചെയ്തോണ്ടിരുന്നപ്പോളവള്‍.
ആഹാ..പോകാറായോ…?
ഞാനിപ്പോ വന്നില്ലായിരുന്നേ പോയേനെ അല്ലേ..?
അതെ…
ഞാന്‍ ഇന്ന് വീട്ടിലേയ്ക്ക് പോകുവാണ് രണ്ട് ദിവസം കഴിഞ്ഞേ മടങ്ങിവരൂ.
അതേയോ..?
മഴക്കാലത്ത് വീടിന്‍റെ ഓടെല്ലാം ഇളകി കിടക്കുന്നതു കൊണ്ട് നനയും. അതൊക്കെയൊന്ന് ശരിയാക്കണം.
ആം
അയാള്‍ തലയാട്ടി .
ഇറങ്ങാറായാല്‍ പോകാം ഒന്നിച്ചിറങ്ങാം.
ഫാര്‍മസിയില്‍ നിന്നും മരുന്നു വാങ്ങണം.
ഓ.. കുറിപ്പിങ്ങുതരൂ ഞാന്‍ വാങ്ങിക്കൊണ്ട് വരാം..
അവരയാളുടെ കൈയ്യില്‍ നിന്നും കുറിപ്പും വാങ്ങി പുറത്തേയ്ക്കു പോയി. അയാളത്ഭുതപ്പെട്ടു.എന്താണിവിടെ സംഭവിയ്ക്കുന്നത് . എന്തിനാണിവര്‍ ഇങ്ങനെയൊക്കെ പെരുമാറുന്നത് ഒരു അസ്വസ്ഥത തോന്നിയെങ്കിലും അവരുടെ സാമിപ്യവും ആ ചന്ദനസുഗന്ധവും എന്തോ അയാളെ ആകര്‍ഷിച്ചിരുന്നു.
മരുന്നും വാങ്ങിവന്ന ശേഷം ഒന്നി ച്ചാണവര്‍ ഓട്ടോയില്‍ ബസ്ററാന്‍ഡിലേയ്ക്ക് പോയത്. റോഡിലെ ഗട്ടറില്‍ വണ്ടിയുലയുമ്പോള്‍ അവരെ തൊടാതിരിയ്ക്കാനയാള്‍ പണിപ്പെട്ടു. പക്ഷേ അവരത് ശ്രദ്ധിക്കുന്നേയില്ലെന്നു തോന്നി. അവരുടെ നേര്‍ത്ത മുടിയിഴകള്‍ കാററില്‍ പറന്നയാളുടെ മുഖത്തു കൂടിയൊഴുകി.
ബസ്സ്റേറാപ്പില്‍ അവര്‍ക്കുള്ള വണ്ടി ആദ്യം വന്നു. ബസ്സില്‍ കയറിശേഷം അവര്‍ കുനിഞ്ഞ് പുറത്തേയ്ക്ക്.. അയാളെ നോക്കി കൈവീശി.
അയാള്‍ക്ക് ഏറെ പ്രിയപ്പെട്ടതെന്തോ എവിടയോ നഷ്ടപ്പെട്ടതുപോലെ അയാള്‍ ബസ്സ് പോയ വഴിയിലേയ്ക്ക് നോക്കി നിന്നു.
പിന്നെ രണ്ട് മൂന്നു ദിവസത്തേയ്ക്ക് അവരെ കണ്ടതേയില്ല. മക്കള്‍ എല്ലാ ദിവസവും രണ്ടും മൂന്നും തവണ വച്ച് വിളിയ്ക്കും പക്ഷേയെന്തോ ഒരു കുറവ്, അയാള്‍ക്ക് അനുഭവപ്പെട്ടു.
വൈകുന്നേരങ്ങളില്‍ ബസ്സ് കയറാന്‍ നില്‍ക്കുമ്പോള്‍ അയാള്‍ക്ക് നിരാശയും ആരോടെന്നില്ലാത്ത കോപവും വരും. ഫോണ്‍ നമ്പര്‍ ചോദിക്കാമായിരുന്നു.
അയാള്‍ അയാളെ തന്നെ വഴക്കുപറഞ്ഞു.
ഒരാഴ്ച്ച കഴിഞ്ഞൊരു ദിവസം വൈകിട്ട് ബസ്റേറാപ്പിലേയ്ക്ക് നടക്കുമ്പോള്‍ ആരോ പിറകെ ഓടിവരുന്ന ശബ്ദം. തിരിഞ്ഞു നോക്കുമ്പോള്‍ അവള്‍.
അവള്‍ തൊട്ടുമുന്‍പില്‍ വന്നു നിന്നു കിതച്ചു.
ആഹാ..ആളുഷാറായല്ലോ..
എവിടായിരുന്നു ഇത്രയും ദിവസം..?
അയാള്‍ ഗൗരവത്തില്‍ മുഖം ചുളിച്ചു ചോദിച്ചു.
അവള്‍ ഒരു നിമിഷം അയാളുടെ,മുഖത്തെ വലിഞ്ഞുമുറുകിയ ചെറുതായ കണ്ണുകളിലേയ്ക്ക് നോക്കി.
പെട്ടന്നവള്‍ അയാളുടെ മുഖത്തേയ്ക്ക് നോക്കി പൊട്ടിച്ചിരിച്ചു.
ചിരിച്ചു ചിരിച്ചവളുടെ കണ്ണുകളിലൂടെ കണ്ണുനീര്‍ പടര്‍ന്നു.
അയാള്‍ വല്ലാതായി എന്തിനാണ് താനവരോട് പെട്ടന്നു ചൂടായത്..
കള്ളം പിടിയ്ക്കപ്പെട്ടൊരു കുട്ടിയേപ്പോലെ അയാള്‍ പരിഭ്രമിച്ചു.
അവള്‍ കൈകള്‍ കൊണ്ട് മുഖം തുടച്ചു
വാ …പോകാം.
അവര്‍ നടന്നു തുടങ്ങി.
നാട്ടില്‍ ചെന്നപ്പോള്‍ പണിക്കാരെ കിട്ടാനില്ല. അവരെ കിട്ടി എല്ലാം ശരിയാക്കിയപ്പോള്‍ ഇത്രയും ദിവസമായി.
ഉം..
അവളുടെ ബസ്സാണാദ്യം വന്നത് ബസ്സ് കടന്നു പോകുമ്പോള്‍ അവള്‍ മുഖം കൊണ്ട് യാത്ര പറഞ്ഞു.
ഒരു വെള്ളിയാഴ്ച്ച വൈകിട്ടവള്‍ ചോദിച്ചു.
നാളെ രണ്ടാം ശനിയല്ലേ നമുക്കൊന്നു പുറത്തു പോയാലോ ഞാന്‍ ടൗണിലെ ബസ്ററാന്‍റില്‍ നില്‍ക്കാം .
അവരൊന്നിച്ച് ടൗണിലെ കോഫി ഹൗസില്‍ കയറി കോഫി കുടിച്ചു. പിന്നെ അവള്‍ക്കു കുറച്ച് ഡ്രസ്സെടുക്കാന്‍ പോയി. അവള്‍ക്കെടുത്ത ഒപ്പമയാള്‍ക്കും അവളൊരു ഷര്‍ട്ടെടുത്തു. അവളത് അയാളുടെ ശരീരത്തില്‍ ചേര്‍ത്തുവച്ച് കളറും അളവും ശരിയാണോയെന്നു നോക്കി. തനിയെ തലകുലുക്കി.
ബില്ലു കൊടുക്കാനയാള്‍ പേഴ്സെടുത്തപ്പോളവള്‍ അയാളെ തടഞ്ഞു കൊണ്ട് കൈയ്യില്‍ കയറിപിടിച്ചു. പെട്ടന്ന് അബദ്ധം പററിയപോലെ പിടിവിട്ടു. അവള്‍ തന്നെ പണം കൊടുത്തു.
പിന്നീടവര്‍ വല്ലപ്പോളും പുറത്തു പോയി കോഫിഹൗസുകളില്‍ നിന്നും ചായ കുടിച്ചു.
ഇന്‍ഡ്യന്‍ കോഫി ഹൗസിലെ മസാലദോശ കഴിച്ചു. തീയേറററിന്‍റെ നനുനുത്ത ഇരുളിലിരുന്ന് സിനിമ കണ്ടു.
ഒരു ദിവസം മോള്‍ വിളിച്ചപ്പോള്‍ ചോദിച്ചു
എന്താ പിള്ളേച്ചാ ഒരു സന്തോഷം സംസാരത്തിലൊരു തിടുക്കം..
വല്ല മീനും വലയിലായോ…?
നിനക്ക് വേറെ പണിയൊന്നുമില്ലേ..
ഉണ്ടേലും കുഴപ്പമില്ല ഞങ്ങളങ്ങ് നടത്തിത്തരും..
ഉവ്വ്…സമയമാകുമ്പോള്‍ പറയാം…
ശരി കാര്‍ന്നോരെ..
ഒരു ദിവസം ബസ്റേറാപ്പില്‍ നില്‍ക്കുമ്പോളാണവള് പറഞ്ഞത്
നാളെ ഉച്ചകഴിഞ്ഞ് ടൗണിലൊന്നു പോയാലോ..?
എന്താ…?
ഒരത്യാവിശ്യമുണ്ട്..
ശരി..
പതിവു പോലെ കോഫി ഹൗസിലെ മസാലദോശ കഴിയ്ക്കുമ്പോളാണ് മുഖവുരയില്ലാതെ അവള്‍ പറഞ്ഞത് ,
ഞാന്‍ വിആര്‍എസ്സെടുക്കുവാണ്, നാലുവര്‍ഷം കൂടി സര്‍വ്വീസുണ്ട് പക്ഷേ മോളുടെ അടുത്തേക്ക് പോകണം
മോളെവിടെ..?
അവള് ബാഗ്ളൂര്‍ നേഴ്സ് ..ഇപ്പോ അവള് ഗര്‍ഭിണി. പ്രസവസമയമടുക്കുന്നു. അവള് അങ്ങോട്ടു ചെല്ലാന്‍ പറയുന്നു. സ്നേഹം കൊണ്ടല്ല . ഒരു ഹോം നേഴ്സിനെ വെച്ചാലെത്ര രൂപ ശംമ്പളം കൊടുക്കണം അതാ.. അവളുണ്ടായി അഞ്ചാറ് വര്‍ഷം കഴിഞ്ഞപ്പോള്‍ ഒരു വണ്ടിയപകടത്തില്‍ അവടച്ഛന്‍ മരിച്ചു. പിന്നാ ജോലികിട്ടിയത്. നേഴ്സിംഗ് കഴിഞ്ഞവള്‍ വിവാഹിതയായി
അവിടെ സെററിലായി. അവളെ കണ്ടിട്ടു തന്നെ മൂന്നു വര്‍ഷമായി.
പണം ആവശ്യമുണ്ടേലേ വിളിയ്ക്കൂ…
അവര്‍ മസാലദോശയിലെ മസാലയില്‍ വിരലിട്ടു കറക്കി കൊണ്ടിരുന്നു. അയാള്‍ അവളുടെ മുഖത്തേയ്ക്ക് നോക്കി.
ഒന്നും പറയാനില്ലേ…?
അവള്‍ ചോദിച്ചു..
അയാള്‍ എന്തോ ആലോചിക്കും പോലെ ഇരുന്നു. ഒരൂ മറുപടി പറയാനയാള്‍ക്ക് സാധിച്ചില്ല.
പിരിയുമ്പോളവള്‍ പറഞ്ഞു
എനിയ്ക്കൊരാഗ്രഹമുണ്ട്
എന്താ ?
നമുക്ക് ഗുരുവായൂര്‍ക്കൊന്നു പോയാലോ..?
അയാള്‍ അവളെ നോക്കി . ഞാനിതിനുമുന്‍പവിടെ പോയിട്ടില്ല.
അതല്ലേ പോകാമെന്നു പറഞ്ഞത്..
ശരി പോകാം
ബുധന്‍ രാവിലെ പോകാം വൈകിട്ടത്തെ ദീപാരാധനയും രാവിലത്തെ നിര്‍മ്മല്യവും തൊഴുതു മടങ്ങിപ്പോരാം.
മൂന്നുമണിയോടു കൂടിയാണവര്‍ ഗുരുവായൂരെത്തിയത് ലോഡ്ജില്‍ അവളുടെ ഐഡിക്കാര്‍ഡാണ് നല്‍കിയത്…
ദീപാരാധനയ്ക്ക് ഇനിയും സമയമുണ്ട് വേണലൊന്നുറങ്ങിക്കോളൂ.
ചൂടും യാത്രാക്ഷീണവും കൊണ്ട് അയാള്‍ ഉറങ്ങിപ്പോയി. അവള്‍ വിളിച്ചപ്പോളാണ് അയാള്‍ ഉറക്കം തെളിഞ്ഞത്. അവള്‍ കുളിച്ച് മുടിയഴിച്ചിട്ട് സെററുസാരിയും ഉടുത്തു നില്‍ക്കുന്നു. ബ്ളൗസിന്‍റേയും സെററുസാരിയുടേയും കരയുടെ നിറം അവളുടെ നിറത്തോട് ചേര്‍ന്നു കിടക്കുന്നു. അതിന്‍റെ അതിരുകള്‍ അറിയാനേ പററുന്നില്ല.
അയാള്‍ കുളിച്ചു ഡ്രസ്സ് മാറി.
അമ്പലത്തിനുള്ളില്‍ കേറുമ്പോള്‍ ഷര്‍ട്ടൂരണേ..ഒരു സൈഡൂരി തോളിലൂടെ ഇട്ടാല്‍ മതി.
അവര്‍ ലോഡ്ജില്‍ നിന്നിറങ്ങി. അമ്പലത്തിലേയ്ക്ക് നടന്നു വഴിയുടെ ഇരുപുറവും കടകളാണ് മാലയും വളയും ഭക്ത സാധനങ്ങളും ഫോട്ടോകളും..
വഴിയരുകിലിരുന്നു പൂവില്‍ക്കുന്നയാളുടെ കൈയ്യില്‍ നിന്നും അവള്‍ മുല്ലപ്പൂമാല വാങ്ങി മുടിയില്‍ ചാര്‍ത്തി. പൂ ചാര്‍ത്തിയ അവള്‍ക്ക് ഭംഗിയും അന്തസും കൂടിയെന്നയാള്‍ക്ക് തോന്നി.
നടപ്പന്തലിലൂടെ നൂറുകണക്കിനാളുകള്‍. ദൂരെ കണ്ണനെ കാണാനുള്ള ക്യൂ . അവരും ആ ക്യൂവിലലിഞ്ഞു ഒരു മണിക്കൂറിനു ശേഷമാണ് അവര്‍ കണ്ണനെ കണ്ടത്. വിവരിയ്ക്കാനാവാത്ത ആനന്ദത്തിനു നടുവില്‍ നിലവിളക്കിന്‍റെ സ്വര്‍ഗ്ഗീയവെളിച്ചത്തിന്‍റെ നടുവില്‍ കണ്ണന്‍.
അവള്‍ എത്ര ഭക്തിയോടെയാണ് തൊഴുതു നില്‍ക്കുന്നത്.
മേല്‍പ്പത്തൂര്‍ ഓഡിറേറാറിയത്തില്‍ ആരോ നൃത്തം ചെയ്യുന്നുണ്ട്.
അവര്‍ പുറത്തേയ്ക്ക് നടന്നു. നടപ്പന്തലിന് പുറത്ത് ഗുരുവായൂര്‍ കേശവന്‍ തലയുയര്‍ത്തി നില്‍ക്കുന്നു. അവര്‍ തിരിച്ചു നടന്നു. അവള്‍ കടയില്‍ നിന്നും എന്തൊക്കയോ വാങ്ങി.
നടപ്പന്തലിന് പുറത്തെ മരത്തണലില്‍ രണ്ട് മൂന്നു ആനകളെ തളച്ചിട്ടുണ്ട് അവ താളത്തില്‍ തലയാട്ടി പനംപട്ട തിന്നുന്നു.
നമുക്കിവിടെ കുറച്ചിരുന്നാലോ അയാള്‍ തലയാട്ടി.
തോക്കേന്തി നില്‍ക്കുന്ന പട്ടാളക്കാരുടെ സമീപത്തുള്ള ബഞ്ചിലവരിരുന്നു.
പല നാടുകളിലുള്ള ഭക്തജനങ്ങള്‍, അവര്‍ ചിലപ്പോള്‍ നിറഞ്ഞ പുഴപോലയും മററ് ചിലപ്പോള്‍ കടലു പോലെയും നടപ്പന്തല്‍ നിറഞ്ഞൊഴുകി.
നമുക്ക് പോയലോ
ശരി പോകാം അവര്‍ നടപ്പന്തലിലൂടെ നടന്നു ശ്രീകോവിലിനു നേരെ വന്നപ്പോളവള്‍ പറഞ്ഞു
ഒരു രണ്ട് മിനിററ് ഗുരുവായൂരപ്പനോട് ഒരു കാര്യം കൂടിപ്പറയട്ടെ…
അവള്‍ ശ്രീ കോവിലിനെ നോക്കി കണ്ണടച്ചു കൈകൂപ്പി. അയാള്‍ പോക്കററില്‍ നിന്നും ഫോണെടുത്തു മോളെ വിളിച്ചു. കോണ്‍ഫ്രസ് കോളിലിട്ട് മകനേയും വിളിച്ചു. അവര്‍ ലൈനില്‍ വന്നു .
എന്താ അപ്പേ ഈ സമയത്ത്..?
എവിടാ ,
ഗുരുവായൂരില്‍
ആഹാ..
ഞാനൊരു കാര്യം പറയട്ടെ…
ഞാനൊരു വിവാഹം കഴിക്കട്ടെ ..?
ങേ…?
എന്ന്…?
ഇപ്പോ..
അമ്പട കള്ളാ വെറുതയാണോ ഗുരുവായൂരില്‍…
ആളെവിടെ അയാള്‍ ഫോണ്‍ പിറകിലേയ്ക്ക് തിരിച്ചു.
മുഖം കാണുന്നില്ല..
സാരമില്ല.
ശരിയെന്നാല്‍…
പിറേറന്ന് പുലര്‍ച്ചെ അവര്‍ നാട്ടിലേയ്ക്ക് തിരിച്ചു. അയാള്‍ ബസ്സിന്‍റെ സീററില്‍ ചാരിയിരുന്നുറങ്ങിപ്പോയി. വണ്ടി കുലുങ്ങിയപ്പോള്‍ അയാള്‍ ഞെട്ടിയുണര്‍ന്നു. അവള്‍ അയാളുടെ വലതുകൈയ്യുടെ മുട്ടിന് മേലെകൈയ്യിട്ട് മുറുകെ പിടിച്ചിരുന്നു. അവള്‍ അയാളുടെ മുഖത്തേയ്ക്കു തന്നെ നോക്കിയിരിയ്ക്കുകയായിരുന്നു.
അവളുടെ മുടിയിഴകള്‍ കാററില്‍ പറന്നു. നെററിയില്‍ സീമന്തരേഖയിലണിഞ്ഞ കുങ്കുമം തീ പോലെ ജ്വലിച്ചു. കാററില്‍ നെററിയില്‍ നിന്നും ഉതിര്‍ന്നു വീണ കുങ്കുമ തരികള്‍ അവളുടെ മൂക്കിന്‍ തുമ്പില്‍ ചുമപ്പ് വര്‍ണ്ണം പടര്‍ത്തി. അവളുടെ കൈയ്യിലിരുന്ന ഫോണ്‍ബെല്ലടിച്ചു .
മകള്‍ ….
അവള്‍ ഫോണ്‍ കട്ടു ചെയ്ത് ബാഗിനുള്ളിലേയ്ക്ക് ഇട്ടു.
അതിന്‍റെ സ്വിബ്ബ് വലിച്ചിട്ടു…
ബെന്നി സെബാസ്റ്റ്യൻ
(മികച്ച രചന: സംസ്‌കൃതി & ആർഷഭാരതി)