സ്നേഹ സന്ദേശം
💚💚💚💚💚💚
“പൊന്നൊളിതൂകി കതിരവനെത്തി
പുഞ്ചിരിതൂകി ഉണർന്നീടാം..
ഓരോദിനവും ഒരുവരദാനം
ഓർത്തുവണങ്ങാം ഈശ്വരനെ..”
ശുഭദിനം..
🍀🍀🍀
“കർമ്മം ചെയ്യുക, എന്നിട്ട് കർമ്മഫലത്തിൽ ചിന്ത പോകാതിരിക്കുക…
ഒരാൾക്ക് സഹായം ചെയ്യുക, എന്നാൽ അയാൾ കൃതജ്ഞനായിരിക്കണമെന്ന് ഒരിക്കലും വിചാരിക്കാതിരിക്കുക… ഒരു സത്കർമ്മം അനുഷ്ഠിക്കുക, അതേസമയം അതിൽനിന്നു തനിക്ക് പേരോ പെരുമയോ ഉണ്ടാകുന്നോ ഇല്ലയോ എന്നു നോക്കാതിരിക്കുക… ഇതു ലോകത്തിൽ ഏറ്റവും പ്രയാസമുള്ള കാര്യമാകുന്നു.
സഹജീവികളുടെ പ്രതികരണങ്ങൾ ശ്രദ്ധിക്കാതെ നിരന്തരം നന്മ ചെയ്തു കൊണ്ടിരിക്കുക എന്നത് മനുഷ്യനെ സംബന്ധിച്ച് അത്യുത്കൃഷ്ടമായ ത്യാഗമാകുന്നു.. ”
– സ്വാമി വിവേകാനന്ദൻ
🌿അപരന്ന് വേണ്ടി നന്മ ചെയ്യുമ്പോഴെല്ലാം ഒരു നല്ലവാക്കും നന്ദിയും ഒപ്പം പുകഴ്ചയും ആഗ്രഹിക്കുന്നവരാണ് മനുഷ്യരെന്നും ചെയ്യുന്ന കർമ്മങ്ങൾക്ക് പേരോ പെരുമയോ കൃതജ്ഞതയോ ലഭിക്കുന്നതിനെപ്പറ്റി ചിന്തിക്കാതെ കർമ്മം ചെയ്യുക എന്നത് ഏറ്റവും പ്രയാസമുള്ള കാര്യമെന്നും സ്വാമി വിവേകാനന്ദൻ തൻ്റെ പ്രശസ്തമായ മൊഴികളിൽക്കൂടി ഓർമ്മിപ്പിക്കുന്നു. അപ്രകാരമാവാതെ കർമ്മം ചെയ്യുന്നതിനായി പ്രബോധനം നൽകുന്നു. മറ്റുള്ളവരുടെ പ്രശംസക്കായി സഹായവും സൽക്കർമ്മങ്ങളും ചെയ്യുമ്പോൾ അത് ദൈവസന്നിധിയിൽ എപ്രകാരമാണ് എന്നും, നന്മ ചെയ്യേണ്ടത് എങ്ങനെയായിരിക്കണം എന്നും വിശുദ്ധ ബൈബിളിൽ സാക്ഷ്യപ്പെടുത്തിയിരിക്കുന്നത് ഇങ്ങനെ:
🍀”മനുഷ്യർ കാണേണ്ടതിനായി നിങ്ങളുടെ നീതിപ്രവൃത്തികൾ അവരുടെ മുമ്പിൽ ചെയ്യാതിരിപ്പാൻ ജാഗ്രതയുള്ളവരായിരിപ്പിൻ; അല്ലായെങ്കിൽ സ്വർഗ്ഗത്തിലുള്ള നിങ്ങളുടെ പിതാവിന്റെ പക്കൽനിന്നും നിങ്ങൾക്ക് പ്രതിഫലം ലഭിക്കുകയില്ല.
ആകയാൽ ഭിക്ഷ കൊടുക്കുമ്പോൾ മനുഷ്യരാൽ പ്രശംസിക്കപ്പെടേണ്ടതിന് പള്ളികളിലും വീഥികളിലും കപടഭക്തിക്കാർ ചെയ്യുന്നതുപോലെ നിന്റെ മുമ്പിൽ കാഹളം ഊതിക്കരുത്.”
🍀”നീയോ ദാനം ചെയ്യുമ്പോൾ നിന്റെ ദാനം രഹസ്യത്തിലായിരിക്കേണ്ടതിന് വലതുകൈ ചെയ്യുന്നതു എന്ത് എന്നു ഇടതുകൈ അറിയരുത്. രഹസ്യത്തിൽ കാണുന്ന നിന്റെ പിതാവ് നിനക്ക് പ്രതിഫലം തരും.”
🌿ചെയ്യുന്ന സൽപ്രവൃത്തികൾ ചെറുതോ വലുതോ ആവട്ടെ..
അത് മനുഷ്യർ കാണുന്നതിനോ പ്രശംസക്കോ വേണ്ടിയാവരുത്..
എങ്കിൽ മാത്രമേ അത് ഹൃദയത്തിൽ നിന്നുള്ള സൽക്കർമ്മമായി പരിണമിക്കയുള്ളു..
🌿”സഹജീവികളുടെ പ്രതികരണങ്ങൾ ശ്രദ്ധിക്കാതെ നിരന്തരം നന്മ ചെയ്തു കൊണ്ടിരിക്കുക എന്നത് മനുഷ്യനെ സംബന്ധിച്ച് അത്യുത്കൃഷ്ടമായ ത്യാഗമാകുന്നു.. ” എന്ന വാക്കുകൾ എന്നും ഹൃദയത്തിൽ സൂക്ഷിക്കാം..
🌺സ്വാമി വിവേകാനന്ദൻ്റെ മഹനീയമായ ചിന്തകളും വി. ബൈബിൾ വചനങ്ങളും വരും നാളുകളിലെ നമ്മുടെ നല്ല പ്രവർത്തനങ്ങൾക്ക് വെളിച്ചമേകട്ടെ..
🌺കർമ്മങ്ങൾ ആത്മാർത്ഥമായിരിക്കട്ടെ…
ഒന്നും തിരികെ പ്രതീക്ഷിക്കാതെ നന്മ ചെയ്യാനാവട്ടെ..
🌺തിരികെ കിട്ടുന്നത് നന്ദിവാക്കോ, നന്ദികേടോ പരിഹാസമോ ആവാം..
അതേക്കുറിച്ചോർക്കാതെ സൽപ്രവൃത്തികൾ ചെയ്യുവാൻ ഈ ചിന്തകൾ പ്രചോദനമാകട്ടെ..
ഏവർക്കും സ്നേഹപൂർവ്വം ശുഭദിനാശംസകൾ
നേരുന്നു 💚🙏