Thursday, December 26, 2024
Homeസ്പെഷ്യൽറോബിൻ പള്ളുരുത്തി അവതരിപ്പിക്കുന്ന "ലേഖയും മാഷും" (ഭാഗം - 56)

റോബിൻ പള്ളുരുത്തി അവതരിപ്പിക്കുന്ന “ലേഖയും മാഷും” (ഭാഗം – 56)

റോബിൻ പള്ളുരുത്തി

“എന്താ മാഷേ ഇന്നത്തെ പത്രപാരായണം കഴിഞ്ഞോ ?”

“ആങ്ഹാ, കുറച്ചുകൂടി ബാക്കിയുണ്ട്. അത്, പിന്നെ വായിക്കാമെന്ന് കരുതി പത്രം മടക്കിവെച്ചതാടോ ”

” ഞാൻ കരുതി മാഷ് പത്രം മുഴുവൻ വായിച്ചുതീർത്തുവെന്ന്. ”

” ദിവസവും മിനിമം മൂന്ന് പത്രമെങ്കിലും ഞാൻ വായിക്കാറുള്ളതാണ് അതിനാണ് ഞാൻ വായനശാലയിൽ പോകുന്നതുതന്നെ. ”

” അപ്പോ ഞാൻ പറഞ്ഞയുന്നത് ശരിയല്ലെ മാഷേ ?”

“അതിന് ലേഖ എന്താണ് പറഞ്ഞതെന്ന് ഞാൻ ഓർക്കുന്നില്ലല്ലോ ?”

“ഓ, മാഷിനെ ഒരു മറവി ഇങ്ങനെ മറവിയുള്ളവർ പത്രം വായിച്ചിട്ടെന്തിനാ വായിച്ചു കഴിയുമ്പോൾ വായിച്ച വാർത്തകളെല്ലാം മറന്നുപോയിട്ടുണ്ടാവും. ”

” ചെറിയ മറവിയുണ്ട് എന്നാലും ലേഖ പറഞ്ഞത്രയും മറവിയെനിക്കുണ്ടെന്ന് തോന്നുന്നില്ലട്ടോ. ”

” ആ ബെസ്റ്റ്. എന്നിട്ടാണോ പത്രത്തിൽ വന്ന വാർത്തകളെക്കുറിച്ച് ചോദിക്കുമ്പോൾ കണ്ടില്ലന്നും വായിച്ചില്ലെന്നും പറയുന്നത്. ”

” അത് നുണയെന്നുമല്ലടോ ചില വാർത്തകൾ ഞാൻ മനപ്പൂർവ്വം വായിക്കാത്തതാണ്. മനുഷ്യൻ അവൻ്റെ മനുഷ്യത്വം വെടിഞ്ഞ് കാട്ടിക്കൂട്ടുന്ന തെമ്മാടിത്തരങ്ങൾക്കും പറയുന്ന വിടുവായത്തങ്ങൾക്കും പത്രത്തിൽ വാർത്താ പ്രധാന്യം നൽകുന്നവരെ പറഞ്ഞാൽ മതീല്ലോ.. അവർക്കിന്ന് വാർത്തകളെല്ലാം കച്ചവടമല്ലെ. ”

” പത്രത്തിൽ വരുന്ന പരസ്യങ്ങളിൽ നിന്നു തന്നെ നല്ലൊരു വരുമാനം പത്രങ്ങൾക്ക് ലഭിക്കുന്നുണ്ടല്ലോ മാഷേ ? പിന്നെന്തിനാ അവർ മറ്റൊരു കച്ചവടം നടത്തുന്നത് ?”

“ലേഖേ , ഒരാൾ ചെയ്ത പ്രവർത്തിയെ മോശമാക്കാനും ന്യായീകരിക്കുവാനും മാധ്യമങ്ങൾക്കുള്ള സ്വാധിനം ഇന്ന് വളരെ വലുതാണ്. വാർത്തയിൽ പറയുന്ന കാര്യങ്ങളെല്ലാം സത്യമാണെന്നാണോ തൻ്റെ വിചാരം. ”

” തീയില്ലാതെ പുകയുണ്ടാവില്ലല്ലോ മാഷേ ?”

“അത് ശരിയാണ്. പക്ഷെ, തീ കത്തിച്ചാലും പുകയുണ്ടാകും. ഇന്നത്തെ ചില വാർത്തകൾ വായിക്കുമ്പോൾ അങ്ങനെ പറയുന്നതാവും കൂടുതൽ ശരി. ”

“അതൊക്കെ പോട്ടെ. കലാമണ്ഡലം സത്യഭാമ നടത്തിയ പരാമർശ്ശത്തെക്കുറിച്ച് എന്താ മാഷിൻ്റെ അഭിപ്രായം”

“സത്യഭാമയോ ? കലാമണ്ഡലമോ ? പരാമർശ്ശമോ ? എന്തൊക്കെയാ ലേഖേ നീ പറയുന്നത് ?”

“എൻ്റെ പൊന്നു മാഷേ, കഴിഞ്ഞ ദിവസം പത്രത്തിൽവന്നൊരു പ്രധാനപ്പെട്ട വാർത്തയെക്കുറിച്ചാണ് ഞാൻ ചോദിച്ചത് ”

” ഓ അതാണോ ? എനിക്ക് തോന്നുന്നത് ആ വാർത്ത ഞാൻ വായിച്ചില്ലെന്നാണ്. അത് ഇന്നലത്തെ പത്രത്തിലാണോ ? പക്ഷെ, ആ പത്രം ഞാൻ വായിച്ചതാണെല്ലോ എന്നിട്ടും ഇങ്ങനെയൊരു പേരും , വാർത്തയും ഞാൻ കണ്ടില്ലല്ലോ ?”

“മാഷേ, മാഷിന് മറവി രോഗത്തിൻ്റെ ആരംഭമാണെന്നാണ് തോന്നുന്നത്. അതാണ് കഴിഞ്ഞ കാര്യങ്ങളെക്കുറിച്ച് ഓർമ്മയില്ലാതാകുന്നത്. ”

” ചില കാര്യങ്ങൾ മറക്കുന്നതാണ് ലേഖേ നല്ലത്. അല്ലെങ്കിൽ മനുഷ്യൻ മൃഗമായി മാറും. അതാണിന്ന് നടക്കുന്നതും. ”

റോബിൻ പള്ളുരുത്തി✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments