Sunday, November 24, 2024
Homeകേരളംപരിസ്ഥിതി സംരക്ഷണത്തിൽ വേറിട്ട ജീവിതമാതൃകയായി കാലടിയിലെ ദമ്പതികൾ

പരിസ്ഥിതി സംരക്ഷണത്തിൽ വേറിട്ട ജീവിതമാതൃകയായി കാലടിയിലെ ദമ്പതികൾ

കാലടി : പരിസ്ഥിതി സംരക്ഷണത്തിൽ വേറിട്ട ജീവിതമാതൃകയായി കാലടി എസ് മുരളീധരനും പങ്കാളി രാധയും . കാലടിയിലെ ഗ്രന്ഥശാലാപ്രവർത്തകരായ ഈ ദമ്പതികൾ പ്രഭാത സവാരിക്കിടെ തെരുവോരങ്ങളിൽ നിന്നും കഴിഞ്ഞ അറുപത് ദിവസങ്ങൾ കൊണ്ട് സമാഹരിച്ചത് ആറായിരത്തിലേറെ കുപ്പികളും ഏഴായിരത്തിലധികം കുപ്പി അടപ്പുകളും , കൂടാതെ മുന്നൂറിൽപ്പരം മദ്യക്കുപ്പികളും .

പ്ലാസ്റ്റിക് കുപ്പികളേക്കാൾ ഏറെ പരിസ്ഥിതിക്ക് വിനാശകാരിയാണ് ഒറ്റച്ചവിട്ടിൽ തന്നെ മണ്ണിൽ താണ് ഭൂമിയും വെള്ളവും ഒരുപോലെ വിഷലിപ്തമാക്കുന്ന പ്ലാസ്റ്റിക് അടപ്പുകൾ എന്നും ജലജീവികളും മറ്റും ഇവ അറിയാതെ വെട്ടിവിഴുങ്ങുന്നത് മൂലം ലക്ഷക്കണക്കിന് ജീവജാലങ്ങളാണ് വംശനാശഭീഷണി നേരിടുന്നതെന്നും ഇവർ പറയുന്നു. ഇവ തെരുവിൽ നിന്നും നീക്കം ചെയ്യുന്നതിലൂടെ മഹത്തായ ഒരു കൃത്യമാണ് പരിസ്ഥിതി സംരക്ഷണത്തിനായി ഈ ദമ്പതികൾ ചെയ്യുന്നത്.

പിന്നീട് ഇവയെ പുനരുൽപാദനത്തിനായി നൽകുക വഴി പുതിയ പ്ലാസ്റ്റിക്കിന്റെ ഉത്പാദനം അത്രയും കുറയുകയും ചെയ്യുന്നു. ഇവ വിറ്റു കിട്ടുന്ന തുക കാലടി എസ്എൻഡിപി ലൈബ്രറിയിലെ ശാസ്ത്രപുസ്തകവിഭാഗം വിപുലീകരിക്കാൻ ഉപയോഗിക്കുവാനാണ് ഇവർ ഉദ്ദേശിക്കുന്നത്.

ഹൃദയശസ്ത്രക്രിയയെത്തുടർന്ന് വിശ്രമത്തിൽ ആയിരുന്ന മുരളീധരൻ ഡോക്ടറുടെ നിർദ്ദേശപ്രകാരമാണ് ആരോഗ്യസംരക്ഷണത്തിനായി സഹധർമ്മിണിയോടൊത്ത് പ്രഭാതസവാരി ആരംഭിച്ചത്. ഞങ്ങളുടെ നടത്തം നാടിന്റെ ആരോഗ്യത്തിന് എന്നതാണ് ഇവർ പരിഷ്കരിച്ച മുദ്രാവാക്യം. മണ്ണിൽനിന്നും കുനിഞ്ഞും നിവർന്നും പ്ലാസ്റ്റിക് അടപ്പുകൾ പെറുക്കുമ്പോൾ നല്ല ഒരു വ്യായാമവും ഇതോടൊപ്പം അറിയാതെ നടക്കുന്നു എന്ന് അവർ പറയുന്നു.

പെറുക്കിയെടുക്കുന്ന ചില്ലു കുപ്പികൾ കഴുകി വൃത്തിയാക്കി രാധയും സമീപത്തെ കുട്ടികളും ചേർന്ന് മഹദ് വചനങ്ങൾ എഴുതിയും ചിത്രങ്ങൾ വരച്ചും മനോഹരമാ
ക്കി എസ് എൻ ഡി പി ലൈബ്രറിയിൽ പ്രദർശിപ്പിക്കുന്നു. സമീപപ്രദേശങ്ങളിലെ റെസിഡൻസ് അസോസിയേഷനുകളുമായും ലൈബ്രറികളുമായും സഹകരിച്ച് കുപ്പിവര കുസൃതി എന്ന പേരിൽ ബോട്ടിൽ ആർട്ട് വർക്ക് ഷോപ്പുകൾ നടത്തിയാണ് പാഴായ മദ്യക്കുപ്പികളെ മൂല്യവർദ്ധിതവസ്തുക്കൾ ആക്കി മാറ്റുന്നത്.

മികച്ച ഗ്രന്ഥശാലാപ്രവർത്തകർക്കുള്ള ജില്ലാതല പുരസ്കാരങ്ങൾ ഈ ദമ്പതികൾക്ക് ലഭിച്ചിട്ടുണ്ട്. കാലടി എസ്എൻഡിപി ലൈബ്രറിയുടെ സെക്രട്ടറിയാണ് മുരളീധരൻ . കാലടി ഗ്രാമപഞ്ചായത്തിലെ ലൈബ്രേറിയൻ ആണ് രാധ. മക്കളായ അമ്പാടിക്കണ്ണനും ആരോമലുണ്ണിയും ഇവർക്ക് പിന്തുണയേകി ക്കൊണ്ട് കലാരംഗങ്ങളിൽ പ്രവർത്തിക്കുന്നു.

സമൂഹത്തിൽ ഏറ്റവും താഴെക്കിടയിൽ ഉള്ളവർ മാത്രം ചെയ്യേണ്ട ഒന്നല്ല പ്ലാസ്റ്റിക് മാലിന്യം പെറുക്കി മാറ്റുന്ന സദ്പ്രവൃത്തി എന്നും ദൈവത്തിന്റെ സ്വന്തം നാട് എന്ന അഭിമാനിക്കുന്ന കേരളത്തിലെ ഓരോ പൗരന്റെയും ഉത്തരവാദിത്വമാണ് ഇതൊന്നും ഈ ദമ്പതികൾ ഉറപ്പിച്ചു പറയുന്നു. അവനവൻ ആത്മസുഖത്തിന് ആചരിക്കുന്നവ അപരന്ന് സുഖത്തിനായി വരേണമെന്ന ശ്രീനാരായണഗുരുവചനം സ്വന്തം ജീവിതത്തിലൂടെ പ്രവൃത്തിപഥത്തിൽ എത്തിക്കുകയാണ് ഈ മാതൃകാദമ്പതികൾ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments