Thursday, December 26, 2024
Homeകേരളം“ഇന്നത്തെ ചിന്താവിഷയം” 2024 | മാർച്ച് 17| ഞായർ ✍പ്രൊഫസ്സർ എ.വി. ഇട്ടി മാവേലിക്കര

“ഇന്നത്തെ ചിന്താവിഷയം” 2024 | മാർച്ച് 17| ഞായർ ✍പ്രൊഫസ്സർ എ.വി. ഇട്ടി മാവേലിക്കര

പ്രൊഫസ്സർ എ.വി. ഇട്ടി മാവേലിക്കര

പഠനം തുടർന്നു കൊണ്ടേയിരിക്കുക
_____________________________________

ഒരു ഗുരുവിൻ്റെ ശിഷ്യർക്ക് കാരാട്ടേയിൽ, ‘ബ്ലാക്ക് ബെൽറ്റ് ‘ ലഭിക്കുന്ന ദിവസം വന്നെത്തി. ഗുരു അവരെ വിളിച്ചു ചോദിച്ചു: “എന്താണു് ബ്ലാക്ക് ബെൽറ്റിൻ്റെ അർത്ഥം?” ഒരാൾ പറഞ്ഞു: “ഞങ്ങളുടെ കഠിനാദ്ധ്വാനത്തിൻ്റെ പ്രതിഫലം”. മറ്റൊരാൾ പറഞ്ഞു ഞങ്ങളുടെ പoനത്തിൻ്റെ അവസാനം”. നിരാശനായ ഗുരു അവരോട് ഒരു വർഷം കാത്തിരിക്കാൻ ആവശ്യപ്പെട്ടു.

ഒരു വർഷത്തിനു ശേഷം ഗുരു, അതേ ചോദ്യം തന്നെ, അവരോട് ആവർത്തിച്ചു. അവരുടെ ഉത്തരങ്ങളിൽ, കുറച്ചു മാറ്റം ഉണ്ടായിരുന്നു: “ബ്ലാക്ക് ബെൽറ്റ് , ബഹുമതിയുടെ അടയാളമാണ് . ഞങ്ങളും ഗുരുക്കന്മാരായി തീരുകയാണ് …….” അങ്ങനെ പോയി, അവരുടെ മറുപടികൾ. വീണ്ടും ഒരു വർഷം കൂടി കാത്തിരിക്കാനാണ് ഗുരു അവരോടാവശ്യപ്പെട്ടത്. അക്കാലയളവിനു ശേഷമുള്ള അവരുടെ മറുപടി തികച്ചും വ്യത്യസ്ഥമായിരുന്നു. “ബ്ലാക്ക് ബെൽറ്റ് അവസാനമല്ല; ആരംഭമാണ്. അച്ചടക്കത്തിൻ്റെയും, പ്രയത്നത്തിൻ്റെയും, ഉയർന്ന ചിന്താഗതികളുടെയും തുടക്കമണിത് ”, അവർ പറഞ്ഞു. ഗുരു അപ്പോൾ തന്നെ അവർക്ക് ബ്ലാക്ക് ബെൽറ്റ് സമ്മാനിച്ചു!

പഠനം അവസാനിച്ചു എന്നു കരുതുന്നവർ, പഠിപ്പിക്കാൻ തുടങ്ങുമ്പോഴാണ് പാഠ പുസ്തകങ്ങൾ പരാജയപ്പെടുന്നത്. യോഗ്യത നേടാൻ വേണ്ടി മാത്രമുള്ള പoനങ്ങളാണ് ഒരാളുടെ ഏറ്റവും വലിയ അയോഗ്യത. ഗുരുവിനേക്കാൾ വലിയ ശിഷ്യരെ രുപപ്പെടുത്തുകയാകണം, എല്ലാ ഗുരുകുലങ്ങളുടെയും അടിസ്ഥാന ദൗത്യം. അതു സംഭവിക്കണമെങ്കിൽ, കാലത്തിനപ്പുറത്തേക്കു സഞ്ചരിക്കാനുള്ള ശേഷിയും, ശേമുഷിയും, ശിഷ്യരുടെ മികവിൻ്റെ പരകോടി കണ്ടെത്താനുള്ള വൈദഗ്ധ്യവും ഗുരുവിന് ഉണ്ടാകണം. പoനം അവസാനിക്കുമ്പോഴാണ് പരിശീലകനാകുന്നതെന്നും, പരിശീലിപ്പിക്കാൻ തുടങ്ങുമ്പോൾ, പoനം അവസാനിക്കുന്നുവെന്നും കരുതുന്നവർ, കാലഹരണപ്പെട്ടവരും, കര്യശേഷിയില്ലാത്തവരും ആണ്.

ഒരു പoനവും ഒരിക്കലും അവസാനിക്കുന്നില്ല. കാരണം, ഒരറിവും ഒരിക്കലും പൂർണ്ണമാകുന്നില്ല എന്നതു തന്നെ. എല്ലാ സിദ്ധാന്തങ്ങൾക്കും, കണ്ടു പിടിത്തങ്ങൾക്കും, എന്നും തുടർച്ചകളും മാറ്റങ്ങളും ഉണ്ടാകും; ഉണ്ടാകണം. തുടങ്ങിയ തൊഴിലിനു ശേഷവും, തുടരുന്ന പഠനമാണ് പ്രവൃത്തികൾക്കു പുതുമയും, പൂർണ്ണതയും നൽകുന്നത്. തൊഴിൽ സമ്പാദിക്കാനുള്ള മാർഗ്ഗമല്ല, തൊഴിലിനെ പ്രസക്തവും, കുടുതൽ പ്രയോജനപ്രദവുമാക്കാനുള്ള മാർഗ്ഗമാണ് പoനം.
ദൈവം അനുഗ്രഹിക്കട്ടെ.. എല്ലാവർക്കും നന്മകൾ നേരുന്നു… നന്ദി, നമസ്ക്കാരം.

പ്രൊഫസ്സർ എ.വി. ഇട്ടി മാവേലിക്കര✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments