Sunday, January 5, 2025
Homeസിനിമ' എൺപതുകളിലെ വസന്തം ' ലിസി ✍അവതരണം: ആസിഫ അഫ്രോസ്

‘ എൺപതുകളിലെ വസന്തം ‘ ലിസി ✍അവതരണം: ആസിഫ അഫ്രോസ്

ആസിഫ അഫ്രോസ്

ലിസ്സി ❤️

“ചെന്തളിരുകളോലും…
കന്യാവാടികയിൽ…
മാനിണകളെ നോക്കി…
കയ്യിൽ കറുകയുമായി….”
വെളുത്ത് കൊലുന്നനെയുള്ള, ഒരു മാൻപേട പോലെ മനോഹരിയായ ലിസ്സിയാണ് ഈ ആഴ്ചയിലെ നമ്മുടെ താരം.

1967 ൽ പൂക്കാട്ടുപടി ഏലിയാമ്മയുടെയും നെല്ലിക്കാട്ടിൽ പാപ്പച്ചന്റെയും ഏകമകളായി ചെന്നൈയിലാണ് ലിസ്സി ജനിച്ചത്. സെന്റ് തെരേസാസ് സ്കൂളിലും കോളേജിലും ആയിരുന്നു വിദ്യാഭ്യാസം. പഠിക്കാൻ മിടുക്കിയായിരുന്ന ലിസ്സി SSLC പരീക്ഷയിൽ ഉയർന്ന മാർക്ക് നേടിയാണ് പാസ്സായത്. എന്നാൽ പ്രീഡിഗ്രി ആയപ്പോഴേക്കും പഠനം നിർത്തി അഭിനയ രംഗത്തേക്ക് പ്രവേശിച്ചു.അമ്മയുടെ പ്രോത്സാഹനം ആയിരുന്നു, ഒരു അഭിനേത്രിയാവാൻ ലിസ്സിക്ക് സഹായകമായിത്തീർന്നത്.

തമിഴ് സിനിമയിലൂടെ അരങ്ങേറ്റം കുറിച്ചെങ്കിലും, മലയാളസിനിമാലോകം ആണ് ലിസ്സിക്ക് കൂടുതൽ അവസരങ്ങൾ ഒരുക്കിക്കൊടുത്തത്. ‘ഇത്തിരിനേരം ഒത്തിരി കാര്യം’ എന്ന സിനിമയിലൂടെ മലയാളികളുടെ മനസ്സിലേക്ക് ചേക്കേറിയ ലിസ്സിക്ക് പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നില്ല.

എൺപതുകളിലും തൊണ്ണൂറുകളിലും ബിഗ്സ്‌ക്രീനിൽ തിളങ്ങി നിന്ന ലിസ്സി എൺപതുകളിലെ പ്രിയദർശൻ സിനിമകളിലെ തുടർസാന്നിധ്യമായിരുന്നു.

മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു, ആവനാഴി, ചിത്രം, കിലുക്കം, നാടോടിക്കാറ്റ്, താളവട്ടം, പട്ടണപ്രവേശം, ബോയിങ് ബോയിങ്, ഓടരുതമ്മാവാ ആളറിയാം, മുത്താരംകുന്ന് പി.ഒ. തുടങ്ങിയവ മലയാള സിനിമാചരിത്രത്തിൽ തന്നെ ഇടം പിടിച്ച ലിസ്സി ചിത്രങ്ങളാണ്.

അക്കാലത്തെ ലീഡിങ് നായകന്മാർക്കൊപ്പമെല്ലാം അഭിനയിച്ചിട്ടുള്ള ലിസ്സി, മോഹൻലാലിന്റെയും മുകേഷിന്റെയും ജോഡിയായി ബിഗ്സ്‌ക്രീനിൽ വിസ്മയം തീർത്തു.

താരശോഭയിൽ തിളങ്ങി നിൽക്കുമ്പോഴും സഹോദരിയായും അയൽക്കാരിയായും തോഴിയായും അഭിനയിക്കാൻ ഒട്ടും മടിച്ചിരുന്നില്ല ലിസ്സി. എളിമയും വിനയവും നിറഞ്ഞ അവരുടെ വ്യക്തിത്വം അവർക്ക് ഒരുപാട് ആരാധകരെ നേടിക്കൊടുത്തു.

ആകർഷകമായ രൂപവും അതിനൊത്ത സൗന്ദര്യവും ഒത്തിണങ്ങിയ ലിസ്സിക്ക് നാടൻ മാത്രമല്ല, മോഡേൺ വസ്ത്രങ്ങളും ഒരുപോലെ ചേരുമായിരുന്നു. ഒരു ബോളിവുഡ് നടിയുടെ അഴകളവുകൾ തികഞ്ഞ ലിസ്സി, തമിഴിലും തെലുങ്കിലും തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.

കേരള കലാകേന്ദ്രത്തിൽ നിന്നും 2013ൽ ‘സ്ത്രീരത്ന’ അവാർഡ് ലഭിച്ചു. അതേവർഷം തന്നെ ‘Woman achiever of the year ‘ അവാർഡിനും അർഹയായി.

1990 ഡിസംബർ 13 ന് പ്രിയദർശനുമായിട്ടുള്ള പ്രണയവിവാഹത്തിന് ശേഷം അഭിനയം കുറച്ചെങ്കിലും, പ്രൊഡ്യൂസറായും കോ -പ്രൊഡ്യൂസറായും സിനിമാരംഗത്ത് സജീവമായിരുന്നു. 1992 ൽ ‘കാലാപാനി’യിൽ ആയിരുന്നു ലിസ്സി ഏറ്റവും ഒടുവിൽ അഭിനയിച്ചത്.

വിവാഹശേഷം ഹിന്ദുമതം സ്വീകരിച്ച ലിസ്സി പിന്നീട് ലക്ഷ്മി പ്രിയദർശൻ എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി. 24 വർഷത്തെ ദാമ്പത്യജീവിതത്തിന് 2014 ൽ തിരശ്ശീല വീണു. തുടർന്ന് ലിസ്സി ജീവകാരുണ്യ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുന്നു. അനാഥാലയങ്ങൾക്കും, ദരിദ്രരായ കുട്ടികൾക്കായുള്ള സ്കൂളുകൾക്ക് വേണ്ടിയും പ്രവർത്തിക്കുന്നു.

ഇവർക്ക് രണ്ട് മക്കൾ. സിദ്ധാർഥ് പ്രിയദർശനും കല്യാണി പ്രിയദർശനും സിദ്ധാർഥ് സാൻഫ്രാൻസിസ്കോയിൽ പഠിക്കുന്നു. കല്യാണി അഭിനേത്രിയും ആർക്കിടെക്റ്റുമാണ്.

പ്രിയദർശനും മോഹൻലാലും ആത്മസുഹൃത്തുക്കളാണ്. അവരുടെ ഭാര്യമാരായ ലിസ്സിയും സൂചിത്രയും അടുത്ത സുഹൃത്തുക്കളാണ്. ഈ സൗഹൃദം ഒരു തലമുറ കൂടി പിന്നിട്ട് മോഹൻലാലിന്റെ പുത്രൻ പ്രണവും, ലിസ്സിയുടെ പുത്രി കല്യാണിയും ബാല്യകാല സുഹൃത്തുക്കളാണ്. രണ്ടുപേരും സിനിമരംഗത്തും സജീവമാണ്.
ചുരുങ്ങിയ കാലയളവിൽ ടോപ് നായികയായി മാറിയ ലിസ്സിയെ പോലെ കല്യാണിയും കൂടുതൽ പ്രശ്‌തിയിലേക്ക് കുതിക്കട്ടെ എന്നാശംസിക്കുന്നു.

അവതരണം: ആസിഫ അഫ്രോസ്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments