Saturday, July 27, 2024
Homeസ്പെഷ്യൽകതിരും പതിരും: പംക്തി ( 39) 'റിയാലിറ്റി ഷോകളുടെ വിവാദച്ചുഴികളിലേക്ക് ഒരു യാത്ര' ✍...

കതിരും പതിരും: പംക്തി ( 39) ‘റിയാലിറ്റി ഷോകളുടെ വിവാദച്ചുഴികളിലേക്ക് ഒരു യാത്ര’ ✍ ജസിയഷാജഹാൻ

ജസിയഷാജഹാൻ

ഏതൊരു പരിപാടിയും വിവാദങ്ങൾ സൃഷ്ടിക്കുന്നത് അത് ജനഹൃദയങ്ങളിലേക്ക് അത്രയേറെ ആഴത്തിൽ അതിന്റെ പോസിറ്റീവ് വശം കൊണ്ടോ ! നെഗറ്റീവ് വശം
കൊണ്ടോ എന്നതിനേക്കാളുപരി ഇറങ്ങിച്ചെല്ലുമ്പോഴാണ്. ഏതൊരു പരിപാടിയുടേയും ലക്ഷ്യവും അതിന്റെ ഏറ്റവും ഉച്ചസ്ഥായിയിൽ ഉള്ള വിജയം കൊയ്യുക എന്നതുതന്നെയാണ്.അത് നമുക്കേവർക്കും അറിയാം. ഇവിടെ അവർ തിരഞ്ഞെടുക്കുന്ന കണ്ടൻ്റുകളിൽ ഏതാണ് പ്രേക്ഷകർക്കിടയിൽ ക്ലിക്ക് ആവുക എന്നൊന്നും എത്ര ഫലസിദ്ധി ലഭിച്ചവർക്കും അറിയാൻ കഴിയില്ല.പ്രവചിക്കാൻ കഴിയില്ല.അപ്പോ…പിന്നെന്താണ് ? പോംവഴി . ഏതിനെയാണോ പ്രേക്ഷകർ കൊന്നും തിന്നും കുടിച്ചും ആസ്വദിക്കുന്നത് ! അതിലേക്ക് ശ്രദ്ധ തിരിച്ചുവിടുക. ആരെയാണോ? അതിനവർ കരുവാക്കിയിരിക്കുന്നത് അവരെ പരമാവധി ഉപയോഗപ്പെടുത്തി തലങ്ങളെ മാറ്റിമറിച്ച് പ്രേക്ഷകരെ കൈയ്യിലെടുത്ത് ചാനലും തുറന്ന് റിമോട്ടും പിടിച്ചങ്ങനെ കണ്ണിൽ എണ്ണയുമൊഴിച്ച് ഉദ്വേഗജനകമായ നിമിഷങ്ങളിലൂടെ കടന്നുപോകാൻ പ്രാപ്തരാക്കിയെടുക്കുക.അത് തലപ്പത്തിരിക്കുന്ന പ്രോഗ്രാം കണ്ടക്ട് ചെയ്തവരുടെ ,അതിനെ തന്നെ വാച്ച് ചെയ്ത് നയിക്കുന്നവരുടെ ടെക്നിക് ആണ്.അവരുടെ മഹത്തായ വിജയം ആണ്.

ഇവിടെ പ്രേക്ഷകരായ നമ്മളൊക്കെ മണ്ടന്മാരാണോ? ബുദ്ധിമാൻമാരാണോ … എന്ന് പൂർണ്ണമായും വിലയിരുത്തേണ്ടത് നമ്മൾ പ്രേക്ഷകർ സ്വയം തന്നെയാണ്. നമ്മൾ പുറം സ്ക്രീൻ മാത്രമേ ദർശിക്കുന്നുള്ളൂ…അവരകത്തേക്ക് കലക്കിയൊഴിച്ച വർണ്ണങ്ങളെ , അവയുടെ ചാരുതയെ , മിക്സിംഗിനെ ഒക്കെ കുറിച്ച് ,രഹസ്യ പരമായ നിയമാവലികളെ ക്കുറിച്ച് ഈ കാഴ്ചക്കാർ ചികഞ്ഞുമിനക്കെടാറുണ്ടോ? ഓരോ പ്രേക്ഷകനും അവൻ്റെ മനസ്സ് സ്വീകരിക്കാത്തതിനെ തള്ളിപ്പറയുകയും,തെറി വിളിക്കുകയും ആ പാർട്ടി സിപ്പൻ്റിനെ പൊളിച്ചെഴുതി കൊന്ന് കൊലവിളിച്ച് സദാചാരക്കൂട്ടിൽ നിർത്തി വിസ്തരിച്ച് ബാക്കി പ്രേക്ഷകർക്കും കൂടി മീഡിയകൾ വഴി അവരെ വിധിയെഴുത്തിനെത്തിക്കുകയും , അഭിപ്രായങ്ങൾ ആരായുകയും ചെയ്യുന്നു.മോങ്ങാനിരുന്ന പട്ടിയുടെ തലയിൽ തേങ്ങ വീണപോൽ പിന്നെ രോദനങ്ങൾ തന്നെ. സമൂഹത്തിൽ ഇറക്കി അവരെ നാറ്റിക്കാനുള്ള തത്രപ്പാട് !.

ഏതു പ്രോഗ്രാമിനും അതിന്റേതായ നിയമാവലികളും ലക്ഷ്യങ്ങളും ,നീതി ബോധവും , ഏതറ്റം വരെ പോകാം എന്ന വ്യക്തമായ കാഴ്ചപ്പാടും ,സമൂഹത്തിനോടൊരു പ്രതിബദ്ധതയും വിൽപവറുമൊക്കെ ഉണ്ടാകും.പിന്നെ ഈ പ്രോഗ്രാമുകളെ നയിക്കുന്ന മെയിൻ സാരഥികൾ ആരായാലും അവരും അവതരണ മികവ് ,ഒരു പവ്വർ, സമൂഹത്തോട് സംവദിച്ചു നിൽക്കുന്ന സ്ഥാനം, നന്മ,പദവി , ഇവയെല്ലാം ഒത്തുചേർന്ന തലയെടുപ്പോടെയുള്ള വ്യക്തികളായിരിക്കും. അവരേയും നമ്മൾ പ്രേക്ഷകർ വെറുതെ വിടുന്നില്ല.എല്ലാ വ്യക്തിബന്ധങ്ങൾക്കും , പണത്തിനും പ്രശസ്തിക്കും അപ്പുറം കലയോടുള്ള ഒരു അധിനിവേശം, അർപ്പണബോധം , പ്രതിബദ്ധത,മനോവ്യാപാരം … അങ്ങനെ ചിലതൊക്കെയുണ്ട്.അവയെക്കൂടി നമ്മൾ പ്രേക്ഷകർ സ്വീകരിക്കാൻ പഠിക്കുക.

അവർഎന്തു കളിയും കളിപ്പിക്കും.അതു കളിക്കാൻ തയ്യാറായി ആണല്ലോ ഇതിലെ പാർട്ടിസിപ്പൻസ് തുനിഞ്ഞിറങ്ങിയിരിക്കുന്നത്.പിന്നെ…കണ്ടോണ്ടിരിക്കുന്നവരുടെ കണ്ണുകളിൽ കരടുകൾ തറഞ്ഞാൽ അതിശയിക്കാനുണ്ടോ ?
പ്രായം, സ്വാതന്ത്ര്യം, സാഹചര്യം, അവസരം ഒക്കെ ഒത്തു വരുമ്പോൾ ചിലപ്പോൾ ലോകം മുഴുവൻ ഒളിക്യാമറകളിലൂടെ ഉറ്റു നോക്കിയാലും! ചോരയും നീരുമുള്ള മനുഷ്യജീവികളല്ലേ?… ഒന്നു പാളിപ്പോയെന്നിരിക്കാം.സ്വയം മറന്നു പോയെന്നിരിക്കാം… കപട സദാചാരം വീമ്പിളക്കുന്ന സമൂഹത്തോട് ഒരു നേരിൻ്റെ പൊളിച്ചെഴുത്ത് ആണ് പല റിയാലിറ്റി ഷോകളും.

ഏതു ഷോ ആയിരുന്നാലും തിരശ്ശീല വീഴുമ്പോൾ അവർ പുറത്തുവരും . ജനം എല്ലാം മറന്ന് അവരെ എതിരേൽക്കും .ഓരോ പരിപാടികളും ഓരോ അനുഭവമാണ്.അസ്ഥി
യിൽ പിടിച്ചതിനെ ഉരച്ചു ചേർക്കാനും അവസാനിച്ച അദ്ധ്യായത്തെ പുറം തള്ളാനുമുള്ള കപ്പാസിറ്റിയൊക്കെ അവർക്കുണ്ട്.

അതുകൊണ്ട് തന്നെ നിങ്ങളുടെ മനോവ്യാപാരങ്ങളെ മുൾമുനയിൽ നിർത്തിയ,നിങ്ങളെ ചിന്തിപ്പിച്ച, ചിരിപ്പിച്ച,ടെൻഷനടിപ്പിച്ച,കരയിപ്പിച്ച, രസിപ്പിച്ച,കോപമുണർത്തിച്ച ചീത്ത പറയിപ്പിച്ച, നിങ്ങളിൽ സദാചാര ബോധം ഞരമ്പുകളിലൂടൊഴുക്കിയ റിയാലിറ്റി ഷോകൾ ഇനിയുമിനിയും പിറക്കട്ടെ.
വ്യത്യസ്ത മേഖലകളിൽ, തലങ്ങളിൽ തിളങ്ങട്ടെ!
അവരൊക്കെയുണ്ടെങ്കിലേ… നമ്മളൊക്കെയുള്ളൂ..

നമ്മളൊക്കെയുണ്ടെങ്കിലേ…. അവരൊക്കെയുള്ളൂ…

വരൂ… നമുക്കൊരുമിച്ചു കൈകോർക്കാം…

പാടില്ല… പാടില്ല…നമ്മെ നമ്മൾ
പാടേ മറന്നൊന്നും ചെയ്തുകൂടാ..എന്ന ശ്രീ ചങ്ങമ്പുഴയുടെ വരികൾ
ഓർമ്മപ്പെടുത്തിക്കൊണ്ട്…

വീണ്ടും അടുത്തയാഴ്ച മറ്റൊരു വിഷയവുമായി കാണാം.നന്ദി, സ്നേഹം

ജസിയഷാജഹാൻ✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments