Logo Below Image
Wednesday, May 14, 2025
Logo Below Image
Homeപുസ്തകങ്ങൾധന്യഗംഗ നീലാംബരി യുടെ കവിതാസമാഹാരം 'മഴശലഭങ്ങൾ' (പുസ്തകപരിചയം: ദീപ ആർ അടൂർ)

ധന്യഗംഗ നീലാംബരി യുടെ കവിതാസമാഹാരം ‘മഴശലഭങ്ങൾ’ (പുസ്തകപരിചയം: ദീപ ആർ അടൂർ)

ദീപ ആർ അടൂർ

മഴശലഭങ്ങൾ – ധന്യഗംഗ നീലാംബരി യുടെ കവിതാസമാഹാരമാണ്. പുസ്തക പ്രസാധക രംഗത്ത് മുൻനിരയിൽ നിൽക്കുന്ന കോഴിക്കോട് സദ്ഭാവന ബുക്സ് ആണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ബുക്സ്ന്റെ എഡിറ്റർ സുനിൽ മടപ്പള്ളി ഈ പുസ്തകത്തിന് മുഖമൊഴി എഴുതിയിട്ടുള്ളതാണ്. അവതരിക എഴുതിയിരിക്കുന്നത് മലയാളത്തിലെ പ്രശസ്ത കവിയും എഴുത്തുകാരനും യുവ കലാസാഹിതിയുടെ സംസ്ഥാന പ്രസിഡന്റ് കൂടിയായ ആലങ്കോട് ലീലകൃഷ്ണൻ ആണ്. ആസ്വാദനം തയ്യാറാക്കിയിരിക്കുന്നത് ജോയ് പ്രസാദ് എഴുകോൺ. ആശംസ എഴുതിയത് എഴുത്തുകാരിയായ നിർമല അമ്പാട്ട്.ഏതോ ഒരു നിമിഷത്തിൽ തുടങ്ങി യാജ്ഞസേനയിൽ അവസാനിക്കുന്ന 40 കവിതകൾ അടങ്ങിയതാണ് ഈ കവിത സമാഹാരം.

” ലോകം അവസാനിക്കുന്നു എന്ന് തോന്നിയ നിമിഷത്തിൽ പുഴു മനോഹരമായ ഒരു ചിത്രശലഭമായി മാറി. ” ബാർബറ ഹെയൻസ് ഹോവത് ന്റെ വരികളാണവ. പുഴു മനോഹരമായ ഒരു ചിത്രശലഭമായി മാറാൻ എത്രയൊക്കെ ബുദ്ധിമുട്ട് സഹിക്കുന്നോ അതുപോലെ എന്തൊക്കെ കഷ്ടപ്പാട് അനുഭവിക്കുന്നോ അത്ര തന്നെയാണ് ഒരു നല്ല കവിത ജനിക്കുന്നതും.

വ്യത്യസ്ത പ്രമേയങ്ങളുമായി, പുരാണ കഥാപാത്രങ്ങളും സമൂഹത്തിലെ ആനുകാലിക സംഭവങ്ങളും പ്രണയവും വിരഹവും എല്ലാം കവിതകളിലെ വിഷയങ്ങളായിട്ടുണ്ട്. മനുഷ്യമനസ്സുകളുടെ വിവിധ ഭാവങ്ങൾ ഓരോ കവിതയിലും ഉൾപ്പെടുത്തിയിട്ടുണ്ട്. ജീവിതാനുഭവങ്ങളും ഓരോ കവിതയിലും വായനക്കാരന് അനുഭവമാകുന്നു.
” ഉപാധികളില്ലാത്ത
കീഴടങ്ങൽ
അത് മരണത്തിലും
പ്രണയത്തിലും മാത്രം. ”
“ഏതോ ഒരു നിമിഷം ” എന്ന ആദ്യ കവിതയിലെ ആദ്യ വരിയാണിത്.
” മരണമേ വന്നീടുകെന്നരികിൽ
മന്ദം മന്ദം നേർത്തൊരു
പദസ്വനം കേൾപ്പിച്ചു പോയീടെലോ. ”
മരണം എന്ന കവിതയിൽ നിന്നുമാണ് ഈ വരികൾ.
“ഇവിടെ നിയതിതൻ
നിഴലാൽ ചുറ്റപ്പെട്ടു ദിനരാത്രങ്ങളെണ്ണി
എത്രനാൾ കഴിയണം.
സ്വന്തമാകുമാ
തീരത്തണഞ്ഞെൻ
പദങ്ങളിൽ,
ചെമ്പരത്തിച്ചാറും പൂശി വർഷത്തെ വരവേൽക്കാൻ.”
ഈ കവിതയുടെ അവസാന വരികൾ ഇങ്ങനെയാണ്.മരണം മാത്രമേ സത്യം ആയുള്ളൂ. ഇവിടെ ഓരോ ജീവനും ഭൂമിയിൽ കുറച്ചു നാളത്തേക്ക് മാത്രമുള്ള വിരുന്നുകാർ മാത്രമാണ്. വരുമെന്ന് ഉറപ്പുള്ള ഒരേ ഒരു കാത്തിരിപ്പ് അത് മരണമാണ്.

പുരാണത്തിലായാലും പുതു യുഗത്തിലായാലും സ്ത്രീകളുടെ അനുഭവത്തിന് വലിയ മാറ്റമില്ലെന്ന് ഇതിലെ കവിതകൾ ആയ സീതയും യാജ്ഞ സേനയും പെണ്ണും അവൾ എന്നീ കവിതകളിൽ വായിക്കാൻ സാധിക്കും.സീതാദേവി അനുഭവിച്ച ഓരോ യാതനയും നമുക്ക് ഓരോരുത്തർക്കും അറിവുള്ളതാണ്. രാജകുമാരിയായി ജനിച്ചു എങ്കിലും അയോദ്ധ്യാരാജനെ വിവാഹം കഴിച്ചുവെങ്കിലും ദേവി അനുഭവിച്ച കഷ്ടപ്പാടുകളും വനവാസവും തന്റെ പ്രജകളുടെ മുൻപിൽ അനുഭവിച്ച അപമാനം ഇവയൊക്കെയും ഒരു സ്ത്രീയും ഒരിക്കലും അനുഭവിക്കാൻ ഇഷ്ടപ്പെടാത്ത സംഭവമാണ്. സീതാദേവി സർവ്വംസഹയാണ് എന്നിരുന്നാലും തന്റെ അഭിമാനത്തിനിടിവ് സംഭവിക്കുന്ന ഒരിടത്ത് നിൽക്കാതിരിക്കുക എന്ന സന്ദേശം കൂടി ഇതിൽ ഉണ്ട്.
” സീതായനം
കഴിഞ്ഞീടുന്നു
കാലം മറ്റൊരു സേതുബന്ധനത്തിനായി ഒരുങ്ങുന്നു. ”
പഴയ സർവംസഹായ സീതമാരുടെ കാലം കഴിഞ്ഞു. ഇനിയും സ്വപ്നങ്ങളും പ്രതീക്ഷകളും ഉള്ള പൊതുയുഗ സീതമാരുടെ കഥ തുടങ്ങേണ്ട സമയമായി.എനിക്കിഷ്ടപ്പെട്ട ഒരു വരിയാണിത് വളരെ ശക്തമായതും. ഇനിയും ഉയർത്തെഴുന്നേൽപ്പിന്റെ സ്ത്രീ ശബ്ദമുയരുവാനുള്ള സമയമായി അടിച്ചമർത്തലുകളും ചൂഷണങ്ങളും അവഹേളനങ്ങളും വരുമ്പോൾ പ്രതികരിക്കാനും ഓരോ സ്ത്രീയും പഠിക്കുക.

ഇവയിലെ ഓരോ വരികളും ആസ്വാദകർക്ക് മനസ്സിലാകുന്ന രീതിയിൽ ലളിതമായ ഭാഷയിൽ കാച്ചി കുറുക്കിയ രീതിയിലാണ് ഉള്ളത്.ഓരോ കവിതയിലും ഒരു ശില്പം കൊത്തി വെച്ചിരിക്കുന്നത് പോലെ നോവും പ്രണയവും സന്തോഷവും വിരഹവും എല്ലാം വരികളിൽ കൊത്തി വെച്ചിരിക്കുന്നു. പ്രണയവും വിരഹവും പ്രതീക്ഷകളും പ്രതിഷേധവും ഒറ്റ നൂലിൽ കോർത്ത് കണ്ണീരും പുഞ്ചിരിയും ചേർത്ത് എഴുതിയ വരികളാണ് ഇതിലെ കവിതകൾ. ഉത്തരാധുനികം എന്ന് പറയാൻ സാധിക്കില്ല പക്ഷേ അവയ്ക്ക് വ്യത്യസ്തമായ ആധുനികതയുടെ സ്പർശമുണ്ട്.ഇവയിൽ തന്നെ പുരാണ കഥാപാത്രങ്ങളെ കവയത്രിയുടെ ജീവിത വീക്ഷണത്തിന്റെ അളവുകോലിൽ നിരീക്ഷിച്ച് അവയ്ക്ക് കവയത്രിയുടെതായ അർത്ഥതലം കൊടുത്തുകൊണ്ട് എഴുതിയത് കാണാൻ സാധിക്കും.

പെണ്ണ്- എന്ന കവിതയിൽ അമ്മയായും പെങ്ങളായും കൂട്ടുകാരിയും ഭാര്യയായും മകളായും കാമുകിയായും പെണ്ണിനെ വിവരിച്ചുകൊണ്ട് എഴുതിയിരിക്കുന്നു എന്നിരുന്നാലും അവൾ തെറ്റിദ്ധരിക്കാൻ മാത്രം വിധിക്കപ്പെട്ടവളെന്നും കവി അവസാന വരിയിൽ പറയുന്നുണ്ട്.

മഴ ശലഭം -എന്ന കവിതയിൽ നിന്നും.
“പിഞ്ഞിക്കീറിയ മനസ്സൊന്നു തുന്നി കെട്ടണം പിഞ്ചിയ അരികുകൾ മുറിച്ച് മാറ്റി തുന്നിക്കെട്ടുമ്പോൾ സ്വപ്നങ്ങളിൽ നിന്നും ഓർമ്മകളിൽ നിന്നും
നിണം ചാലിട്ടൊരുകും.”
മിക്ക കവിതകളിലും ഒരു വിഷാദം ആസ്വാദകന് അനുഭവപ്പെടുന്നുണ്ട്. എന്നാലും പൂമ്പാറ്റയായി ഉയർത്തെഴുന്നേൽക്കാനുള്ള കവി ഹൃദയം കാണാനും സാധിക്കും.മേഘന,പേരറിയാതെ, ഈ നിമിഷം,ഏറ്റുപറച്ചിൽ, പ്രതീക്ഷ, അതിജീവനം,അംഗ രാഗം,അവൾ, അതേപോലെതന്നെ സീത രാധ, യക്ഷി,അഹല്യ, ഇവയും അവയ്ക്ക് ഉദാഹരണങ്ങളാണ്. “തിരുത്ത്” എന്ന കവിതയിൽ പെണ്ണിനെ ഉപദ്രവിക്കുന്നവനെ ശിക്ഷിക്കാൻ നീതിന്യായ വ്യവസ്ഥ തന്നെ തിരുത്തി എഴുതേണ്ട സമയം കഴിഞ്ഞു എന്ന് പറയുന്നത് സ്നേഹമുള്ള ഒരു സ്ത്രീ ഹൃദയത്തിന്റെ നൊമ്പരം വരികളായതാണ്.

“മോക്ഷം കിട്ടാത്ത ആത്മാക്കളെ പോലെ അലഞ്ഞു തിരിയുന്ന ചില മനുഷ്യജന്മങ്ങൾ ഉണ്ട് ഒരിക്കൽ വീണു പോയിടത്ത് നിന്നും എഴുന്നേറ്റു ലക്ഷ്യമറിയാതെ നടക്കുന്നവർ.”

ആണ്ടുബലി എന്ന കവിതയിൽ നിന്നുമാണ് ഈ വരികൾ. വായനക്കാരിൽ തീവ്രമായ വികാരം അല്ലെങ്കിൽ അനുഭവമുണർത്തുന്ന വിധത്തിൽ വാക്കുകളെ കലാപരമായി വിവർത്തനം ചെയ്യുക എന്നതാണ് കവിത.

“സ്വർണകുണ്ഡലങ്ങളെൻ
സ്വന്തമായിരുന്നെങ്കിൽ
പങ്കവെച്ചേനെ
നിനക്കായുമെൻ
ദിനങ്ങളെ.”

യാജ്ഞസേന എന്ന കവിതയിലെ വരികൾ ആണ്. കർണനെ സൂത പുത്രനായി ഏറ്റവും കൂടുതൽ അപമാനിച്ച വ്യക്തിയാണ് പാഞ്ചാലി. കൗരവസഭയിൽ പാഞ്ചാലി അപമാനിതയായപ്പോൾ അവരുടെ അവസ്ഥയോർത്തു തലകുനിച്ചതും കർണൻ തന്നെ. കർണനെ വിവാഹം കഴിച്ചിരുന്നെങ്കിൽ തനിക്കീ യവസ്ഥ വരികയില്ലായിരുന്നു വെന്ന് ചിലപ്പോൾ പാഞ്ചാലി ചിന്തിച്ചിരുന്നിരിക്കാം.

ഭാഷയിൽ മിതത്വം പാലിച്ച് ഒരു നിശ്ചിത രൂപത്തിൽ എഴുതുക. ശക്തവും പുതുമയുള്ളതുമായ വാക്കുകളും വരികളും ബിംബങ്ങളും തിരഞ്ഞെടുക്കുക. അത് ഭാവനാത്മകമായി ഒരു ചിത്രകാരൻ ചിത്രം വരയ്ക്കും പോലെ എഴുതുക എന്നതാണ് കവിത. മനുഷ്യവികാരങ്ങളുടെ ആഴങ്ങളിലേക്ക് തുളച്ചുകയറുകയും ആഴത്തിലുള്ള ചിന്തകളെ അനാവരണം ചെയ്യുകയും ചെയ്യുന്ന കലാപരമായ ആവിഷ്കാരത്തിന്റെ മോഹിപ്പിക്കുന്ന മേഖലയാണ് കവിത. അതിന് കവയത്രിയ്ക് സാധിച്ചിട്ടുണ്ട്. കുറച്ച് കവിതകൾ മാത്രമാണ് ഞാൻ ഇവിടെ വിവരിച്ചിട്ടുള്ളത് ഇനിയും ധാരാളം നല്ല കവിതകൾ എഴുതാനും ഈ പുസ്തകം ധാരാളം വായിക്കപ്പെടാനിടയാവട്ടെ എന്ന പ്രാർത്ഥയോടെ. ആശംസകൾ.

ദീപ ആർ അടൂർ

RELATED ARTICLES

3 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ