ശ്രീ മലയാറ്റൂർ രാമകൃഷ്ണന്റെ ഡി സി ബുക്സ് പ്രസിദ്ധീകരിച്ച യക്ഷി എന്ന നോവൽ ആണ് ഇന്ന് ഇവിടെ പരിചയപ്പെടുത്തുന്നത്.
1967 ൽ പ്രസിദ്ധീകരിച്ച സൈക്കോളജിക്കൽ ത്രില്ലർ നോവൽ ആണ് യക്ഷി.. പിന്നീട് ഇത് ചലച്ചിത്രമാകുകയും ചെയ്തിട്ടുണ്ട്.
യക്ഷികൾ എന്ന പ്രഹേളികയെ കുറിച്ച് ഗവേഷണം നടത്തുന്ന ശാസ്ത്രജ്ഞനും കോളേജ് പ്രൊഫസറുമായ സുന്ദരനായ ശ്രീനിവാസൻ. അദ്ദേഹത്തിന് കോളേജ് ലാബിൽ വെച്ചുണ്ടായ ഒരു അപകടത്തിൽ മുഖം പൊള്ളലേറ്റ് വികൃതമാകുന്നു. അതുവരെ ഉണ്ടായിരുന്ന പ്രണയവും അതോടുകൂടി അയാൾക് നഷ്ടപ്പെടുന്നു.
എല്ലാവരും ഭീതിയോടും അറപ്പോടും കൂടി ഒഴിഞ്ഞു മാറിയപ്പോൾ അയാളുടെ ഉള്ളിൽ മാനസികപ്രശ്നം ആയി മാറുകയാണ്. എന്നാൽ ഈ വികൃതമായ മുഖം ഒരു പെൺകുട്ടിയും ഇഷ്ടപ്പെടില്ലന്നും യക്ഷികളെകുറിച്ചുള്ള ഗവേഷണവും എല്ലാം കൂടി അയാളെ സംശയരോഗി ആക്കുന്നു.. മുഖത്തുണ്ടായ വൈകൃതം അയാളുടെ മനസ്സിനെയും ബാധിക്കുന്നു.അയാൾ സമൂഹത്തിൽ നിന്നും ഒഴിഞ്ഞു മാറി ഉൾവലിഞ്ഞു ജീവിക്കുന്നു.. എന്നാൽ പൂർവ വിദ്യാർത്ഥിയായ രാഗിണി അയാളെ സ്നേഹിക്കാൻ തയ്യാറായി എത്തിച്ചേരുന്നു.. മുഖസൗന്ദര്യത്തിനെക്കാളും മനസ്സിന്റെ സൗന്ദര്യം മുഖ്യമായി കണ്ടാണ് അവൾ എത്തിച്ചേരുന്നത്.. കൂടാതെ സമൂഹത്തിലെ പൊയ്മുഖങ്ങളെക്കാളും നല്ല ഹൃദയത്തിനുടമയായ ശ്രീകുമാറിൽ താൻ സുരക്ഷിതആയിരിക്കും എന്ന ചിന്തയും..
പക്ഷെ മുഖത്തിന്റെ വൈകൃതം അയാളിൽ ഉണ്ടാക്കിയ അപകർഷതാബോധം എല്ലാം കൂടി കിടപ്പറയിൽ പോലും അയാൾ പരാജയപ്പെടുന്നു.. അയാളുടെ ഉപബോധ മനസ്സിൽ രാഗിണി ഒരു യക്ഷിയാണ് എന്ന ചിന്ത ബലപ്പെടുകയും അതുമായി കൂട്ടി യോജിപ്പിച്ചു ഓരോ സംഭവങ്ങളും ബന്ധിപ്പിക്കുകയും ചെയ്യുന്നു.. ഏതോ ദുർബല നിമിഷത്തിൽ അയാൾ അവളെ കൊലപ്പെടുത്തുകയും ചെയ്യുന്നു.
മാനസികരോഗിയായി മാറിയ അയാൾ വിശ്വസിക്കുന്നത് രാഗിണി യക്ഷിയാണെന്ന് തന്നെയാണ്.. വായനക്കാരിലും തുടക്കം മുതൽ ഒടുക്കം വരെ ജിജ്ഞാസയോടെയുള്ള വായനനുഭവം നൽകി.. അവർക്കും ഉള്ളിൽ ഇതിലേതു സത്യം എന്നുള്ള സംശയം ബാക്കി നിർത്തി വായന. വേറിട്ട ഒരു രചനതന്നെയാണ് യക്ഷി. യഥാർഥ്യവും കാല്പനികതയും ചേർന്നനോവൽ വായനക്കാരിൽ ആകാംക്ഷ ഉണർത്തുന്നു.