കഴിഞ്ഞഭാഗത്തിൽ പ്രതിപാദിച്ചതുപോലെ ത്രസ്റ്റർ തകരാറിലായത് മാത്രമല്ല ബോയിങ് സ്റ്റാർലൈൻ ദൗത്യത്തിൽ സംഭവിച്ച പിഴവ്.
വിക്ഷേപണത്തിനു മുമ്പ് സ്റ്റാർലൈനറിന്റെ സർവീസ് മൊഡ്യൂളിൽ കണ്ടെത്തിയ ചെറിയതോതിലെ ഹീലിയം ചോർച്ച ശാശ്വതമായ് പരിഹരിക്കാൻ നാസയ്ക്ക് കഴിഞ്ഞില്ല. ഒരു ബഹിരകാശപേടകത്തിന്റെ മർമ്മപ്രധാനമായ ഭാഗമാണ് മൊഡ്യുൾ സർവീസ് പേടകത്തിന് ആവശ്യമായ ഊർജ്ജം,അതിന്റെ മുന്നോട്ടുള്ള സഞ്ചാരത്തെ നിർണ്ണയിക്കുന്ന സംവിധാനങ്ങൾ, ജീവൻ രക്ഷാസംവിധാനങ്ങൾ തുടങ്ങിയവയുൾപ്പെടുന്നതാണ് സർവീസ് മൊഡ്യൂൾ.വിക്ഷേപണത്തിനുമുമ്പ് സംഭവിച്ചതുകൂടാതെ ബഹിരാകാശത്തിലേക്ക് പ്രവേശിച്ചപ്പോഴും സർവീസ് മൊഡ്യുളിന്റെ മുകൾഭാഗത്തിൽ ഹീലിയം ചോർച്ച സംഭവിച്ചു. ഇത്രയുമായപ്പോൾ പേടകം ISS നോട് അടുപ്പിക്കുന്ന കാര്യത്തിൽ ആശങ്കകൾ ഉയർന്നുവന്നു.
എന്നാൽ മരണത്തെ മുന്നിൽക്കണ്ട നിമിഷങ്ങളിൽ നിന്ന്
രക്ഷനേടിയതിന് പിന്നിൽ അതിപ്രഗത്ഭനായ എഞ്ചിനിയർ വിൽമോറിന്റെ കരങ്ങളുണ്ട്. നാസ,ഉത്തരവാദിത്വത്തിൽ നിന്നൊഴിഞ്ഞു സംസാരിക്കുമ്പോഴും അദ്ദേഹം തകരാറുകൾ പരിഹരിക്കാനുള്ള ശ്രമം തുടർന്നുകൊണ്ടേയിരുന്നു.അങ്ങനെ തകരാറിലായ ത്രസ്റ്ററുകളിൽ നാലെണ്ണം പ്രവർത്തനയോഗ്യമാക്കി. സ്വയംപ്രവർത്തിച്ച് (ഓട്ടോണമസ്)ISS ലേയ്ക്ക് അടുക്കുന്നതരത്തിലാണ് ബോയിങ്സ്റ്റാർ രൂപകല്പന ചെയ്തിരുന്നത്. പേടകത്തിന്റെ ഈ കഴിവ് സാധ്യമല്ലെന്ന് മനസ്സിലാക്കിയ വിൽമോർ, എല്ലാ ഓട്ടോണമസ് സംവിധാനങ്ങളും വേർപെടുത്തിയ ശേഷം പേടകത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു. അങ്ങനെ സമർത്ഥനായ വിൽമോർ പേടകത്തെ “keep out of sphere” ൽ എത്തിച്ചു.
ISS ന്റെ 200 മീറ്റർ ചുറ്റളവിലുള്ള സുരക്ഷിതമായ സ്ഥലത്തിനാണ് KOS(Keep out of sphere,) എന്നുപറയുന്നത്. അവിടേക്ക് പേടകം പ്രവേശിക്കുമ്പോൾ ISS ലുള്ളവരുടെ അനുമതി ആവശ്യമാണ്. പേടകത്തിന്റെ ത്രസ്റ്ററുകൾ ISS ന്റെ ദിശയിൽ നിന്നും മാറ്റി പ്രവർത്തിപ്പിക്കേണ്ടതുണ്ട്. അതുപോലെ തന്നെ കൂട്ടിയിടിച്ച് അപകടം ഉണ്ടാകാനുള്ള എല്ലാസാധ്യതകളും ഒഴിവാക്കുകയുംവേണം. തകരാറുകൾ മൂലം പേടകത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത വിൽമോർ നേരിട്ട ഏറ്റവും വലിയ വെല്ലുവിളി അതായിരുന്നു. ഓട്ടോണമസ് സംവിധാനങ്ങൾ ഉപയോഗപ്പെടുത്താൻ കഴിഞ്ഞിരുന്നങ്കിൽ ഇത്തരം സങ്കീർണ്ണതകൾ ഒഴിവാക്കാൻ കഴിയുമായിരുന്നു.
സ്വന്തം ജീവന് പ്രാധാന്യം കൽപ്പിക്കാതെ ഏറ്റെടുത്ത കർത്തവ്യം മാത്രം ലക്ഷ്യമാക്കിയുള്ള ആ മഹത്തായ പ്രവർത്തനങ്ങൾക്ക് സാക്ഷ്യം വഹിച്ചനിമിഷങ്ങളിലെപ്പോഴോ ദൈവത്തിന്റെ കരങ്ങൾ പ്രവർത്തിച്ചുവോ എന്ന് പോലും സംശയിക്കേണ്ടി യിരിക്കുന്നു.ധീരനായ വിൽമോറിനോട് കമാൻണ്ടർ കൂടിയായ സുനിതാ വില്യംസ് നിയന്ത്രണം ഏറ്റെടുക്കാൻ പറഞ്ഞത് അദ്ദേഹത്തിന്റെ കഴിവിൽ നൂറുശതമാനം വിശ്വാസമുള്ളതുകൊണ്ടാണ്. ദീർഘനാൾ ഒരുമിച്ചുള്ള പരിശീലനത്തിനിടയിൽ സഹപ്രവർത്തകന്റെ വൈദഗ്ധ്യം സുനിതാ വില്യംസ് തിരിച്ചറിഞ്ഞിരുന്നു.
ഒടുവിൽ പേടകം നൂറു ശതമാനവും ISS ൽ അടിപ്പിക്കാൻ തയ്യാറാണന്ന് ഉറപ്പാക്കിയ വിൽമോർ ISS നും മിഷൻ കൺട്രോളിനും സന്ദേശം കൈമാറി.നാസയും ISS ഉം ലോകജനതയും നെഞ്ചിടിപ്പോടെകാത്തു നിന്ന നിമിഷങ്ങൾക്ക് വിരമിട്ടുകൊണ്ട് ദക്ഷിണപസഫിക് സമുദ്രത്തിൽ നിന്ന് 257 മൈൽ ഉയരത്തിൽ വെച്ച് ഡോക്കിംഗിനായി ബഹിരാകാശ നിലയത്തിലേക്ക് പേടകം നീങ്ങി. EDT 1:34 ന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് ബോയിങ് സ്റ്റാർ വിജയകരമായി ഡോക്ക് ചെയ്തു. EDT എന്നാൽ Eastern Daylight Time ഇത് യുണൈറ്റഡ് സ്റ്റേറ്റ്സിന്റെയും കാനഡയുടെയും കിഴക്കൻ ഭാഗത്ത് ഉപയോഗിക്കുന്ന ഒരു സമയമേഖലയാണ്. വേനൽക്കാല മാസങ്ങളിൽ ഇത് ഗ്രീൻവിച്ച് സമയത്തേക്കാൾ (GMT) ഒരു മണിക്കൂർ മുന്നിലാണ്. ഫ്ലോറിഡയിലെ കേപ് കനാവറൽ സ്‌പേസ് ഫോഴ്‌സ് സ്റ്റേഷനിലെ സ്‌പേസ് ലോഞ്ച് കോംപ്ലക്‌സ്-41-ൽ നിന്ന്2024 ജൂൺ 5-ന് രാവിലെ 10: 52-ന് യുണൈറ്റഡ് ലോഞ്ച് അലയൻസ് അറ്റ്‌ലസ് വി റോക്കറ്റിൽ സ്റ്റാർലൈനർ വിക്ഷേപിച്ചത്.
ജൂൺ 14 ന് വിൽമോറും സുനിതാ വില്യംസും തിരിച്ചെത്താമെയിരുന്നു കരുതിയത്.എന്നാൽ തകരാറുകൾ മൂലം അതേ പേടകത്തിൽ യാത്രക്കാരെ തിരിച്ചു കൊണ്ടുവരുന്നത് അപകടമാണെന്ന്
കൊളംബിയ ദുരന്തത്തിന്റെ അടിസ്ഥാനത്തിൽ നാസ വിലയിരുത്തി.
2024 ഓഗസ്റ്റിൽ, സ്റ്റാർലൈനർ ആളില്ലാതെ തിരിച്ചെത്തുമെന്നും 2025 ൽ ബഹിരാകാശയാത്രികർ മറ്റൊരു ബഹിരാകാശ പേടകത്തിൽ തിരിച്ചെത്തുമെന്നും നാസ പ്രഖ്യാപിച്ചു.ഇതറിഞ്ഞു പരിഭ്രാന്തരായ കുടുംബാഗങ്ങളോടും സൗഹൃദങ്ങളോടും ഒരുപക്ഷെ ലോകരോടും സുനിതാ വില്യംസ് ഇങ്ങനെ അറിയിച്ചു.”ആളുകൾ ഞങ്ങളെക്കുറിച്ച് വിഷമിക്കുന്നുണ്ടന്നറിയാം വിഷമിക്കേണ്ട ആവശ്യമില്ല.ഞങ്ങൾ സുഖമായി ജീവിക്കുന്നു, വ്യായാമം ചെയ്യുന്നു, ശരിയായി ഭക്ഷണം കഴിക്കുന്നു. ഞങ്ങൾക്ക് ഇവിടെയും ധാരാളം പരിപാടികളുണ്ട്”. ആ
വനിത എങ്ങനെയാണ് വളരെനീണ്ട ഒരു കാലയളവിലേയ്ക്ക് ബഹിരാകാശത്ത് തങ്ങാൻ മാനസികമായ് തയാറെടുത്തത് എന്നാവും നമ്മൾ ആലോചിക്കുന്നത്.
ഒരു വലിയ തത്വമുണ്ട് “Live at Present”, ഈ നിമിഷത്തിൽ ജീവിക്കുക.ഇത്തരത്തിൽ വലിയ ദൗത്യങ്ങളിൽ ഏർപ്പെടുന്നവർക്ക് ശാരീരികപരിശീലനം മാത്രമല്ല നൽകുന്നത്. മാനസികമായ പരിശീലനവും കൂടിയുണ്ട്.ഏതൊരു സാഹചര്യത്തോടും പുഞ്ചിരിയോടെ പൊരുത്തപ്പെടാനും ലക്ഷ്യങ്ങളിൽനിന്ന് പിന്തിരിയാതെയിരിക്കാനും കഴിയുന്ന ഈ പരിശീലനം ഒരുപക്ഷെ സാധാരണ മനുഷ്യർക്കും ഉപകാരപ്പെടും.
സ്റ്റാർലൈനർ ഒടുവിൽ ന്യൂ മെക്സിക്കോയിലെ വൈറ്റ് സാൻഡ്സ് സ്പേസ് ഹാർബറിൽ യാത്രക്കാരില്ലാതെ തിരിച്ചിറക്കി. വിൽമോറിനെയും വില്യംസിനെയും കൊണ്ടു വരുന്നതിനായി എന്തിനാണ് നീണ്ട കാലയളവ് വേണ്ടിവന്നത്? അടുത്ത ബഹിരാകാശദൗത്യം 2024 സെപ്റ്റംബറിലായിരുന്നു ഉദ്ദേശിച്ചിരുന്നത്.പെട്ടെന്നുള്ള ദൗത്യങ്ങൾ സാധ്യമല്ല. ഓരോ ദൗത്യങ്ങളും മുൻകൂട്ടി തയ്യാറാക്കിയ പദ്ധതികളാണ്. പേടകവും യാത്രികരും അതിനുവേണ്ടി പരിശീലിപ്പിക്കപ്പെടുന്നു.അങ്ങനെ അടുത്ത Crew Rotation -ൽ (ISS ലെ ജോലിക്കാരെ മാറ്റി പുതിയ ആളുകളെ നിയമിക്കുന്നതിനാണ് ക്രൂ റൊട്ടേഷൻ )ക്രൂ-9-നൊപ്പം അവരുടെ തിരിച്ചുവരവ് സാധ്യമാക്കാനും നാസ തീരുമാനിച്ചു.
സാധാരണ നാലുപേർക്ക് പകരം ഹേഗും ഗോർബുനോവും എന്ന രണ്ട് ബഹിരാകാശയാത്രികരെ മാത്രം ഉൾപ്പെടുത്തി ഈ ദൗത്യം വിക്ഷേപിക്കാൻ തീരുമാനിച്ചു.. തുടർന്ന് വിൽമോറും വില്യംസും ഔദ്യോഗികമായി ക്രൂ-9 ടീമിന്റെ ഭാഗമായി മാറ്റപ്പെടുകയും ആറുമാസത്തെ പൂർണ്ണ ദൗത്യത്തിനായി ISS-ൽ തന്നെ തുടരുകയും ചെയ്തു.എന്നാൽ എന്തൊക്കെയാണ് ISS ൽ അവർക്ക് ചെയ്യേണ്ടിവന്നത്.? നാസ അവരുടെ തിരിച്ചുവരവ് എങ്ങനെയാണ് സാധ്യമാക്കിയത്? കേവലം 400 മീറ്റർ മുകളിലുള്ള ISS ൽ നിന്ന് ഭൂമിയിലെത്താൻ 17 മണിക്കൂറുകൾ ആവശ്യമാണോ?മറ്റൊരു പേടകത്തിൽ ഉടനെ കൊണ്ടുവരാൻ കഴിയാതിരുന്നത് സാങ്കേതിക പ്രശ്നങ്ങൾ കൊണ്ടുമാത്രമാണോ?
(തുടരും..)
വൈക്കം സുനീഷ് ആചാര്യ,
(സാഹിത്യകാരനും നാസയുടെ സിറ്റിസൺ സയൻസ് ഗവേഷകസംഘത്തിലംഗവുമാണ്).
മനോഹരം