പോകുന്നുണ്ട് ഞാൻ
പുണ്യവാഹിനിയാം ഗംഗയിൽ മുങ്ങി
ഉണരുവാൻ, ഈ അജ്ഞതയുടെ നിദ്ര
വിട്ട് വിവേകത്തിൻ്റെ ഉണർവ് വരട്ടെ,
പോകുന്നുണ്ട് ഞാൻ മഹാകുംഭത്തെ
നമിക്കുവാൻ, നശ്വരമാം ഐഹിക
ചോദന വെടിഞ്ഞു സത്യമാം
ബ്രഹ്മത്തെ പ്രാപിക്കുവാൻ,
പോകുന്നുണ്ട് ഞാൻ
ഉള്ളിലെ കാളകൂട വിഷം വർജ്ജിച്ച്,
സംസ്കരിച്ച പുതിയ ചിത്തവും
ദേഹവും സ്വീകരിപ്പാൻ,
അല്ലയോ പരമേശ്വര!
കാരുണ്യ സാഗരമേ,
ഈ ഇരുൾ നിറയും കലി തുള്ളും
യുഗത്തില്, നീ വന്നു കൊളുത്തണം
എന്നുള്ളിൽ കെടാത്ത മോക്ഷത്തിൻ്റെ
ജ്വാല!
ഈ മഹാകുംഭവും
ആത്മനാ സ്വീകരിപ്പൂ ഞാൻ,
നിന്നുടെ നാമവും പാടി ഞാൻ,
ഈ അമരമാം ഭാരത ദേശത്തിൽ
അലിഞ്ഞിടാം!