ശക്തമായ സ്ത്രീ കഥാപാത്രങ്ങളുമായി ഉറൂബിന്റെ “സ്ത്രീ കഥകൾ ” ആവട്ടെ ഇന്നത്തെ പുസ്തകപരിചയത്തിൽ.
“നീലക്കുയിൽ ” എന്ന ചലച്ചിത്രത്തിന്റെ തിരക്കഥാകൃത്ത് ആണ് ഈ പൊന്നാനിക്കാരൻ.” കുങ്കുമം ” ” മലയാള മനോരമ ” എന്നീ ആഴ്ചപ്പതിപ്പുകളുടേയും പത്രാധിപർ ആയിരുന്നു. കേന്ദ്ര സാഹിത്യ അക്കാദമി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായും കേരള സാഹിത്യ അക്കാദമി പ്രസിഡന്റായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.എം പി പോൾ സമ്മാനം, മദ്രാസ് സർക്കാർ പുരസ്‌കാരം, കേരള സാഹിത്യ അക്കാദമി അവാർഡ്, കേരള സാഹിത്യ അക്കാദമിയുടെ ആശാൻ ജന്മശതാബ്‌ദി പുരസ്‌കാരം, കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്, എന്നിവയ്ക്ക് അർഹനായിട്ടുണ്ട്. സുന്ദരികളും സുന്ദരന്മാരും, ഉമ്മാച്ചു, തുറന്നിട്ട ജാലകം, കൂമ്പെടുക്കുന്ന മണ്ണ്, അപ്പുവിന്റെ ലോകം, മല്ലനും മരണവും, രാച്ചിയമ്മ, ഇവയൊക്കെ പ്രധാന കൃതികൾ ആണ്.
അന്ന് വരെ നില നിന്നിരുന്ന സ്ത്രീ സങ്കല്പങ്ങളിൽ നിന്നും വ്യത്യസ്തമായ സ്ത്രീ കഥാപാത്രങ്ങൾ ആണ് ഉറൂബിന്റെ രചനകളിൽ ഉടനീളം. ” താമരതൊപ്പി”യിലെ താമരയുടെ കുറുമ്പും ശകാരവും ഇഷ്ടപ്പെടുന്ന രാജാവ്. പതിവിൽ നിന്നും വ്യത്യസ്തമായി രാജാവിന്റെ പ്രേമാഭ്യർത്ഥനയോട് ശകാരവർഷങ്ങൾ ചൊരിഞ്ഞുള്ള താമരയുടെ പ്രതികരണവും അത് ഇഷ്ടത്തോടെയും കൗതുകത്തോടെയും സ്വീകരിക്കുന്ന രാജാവും. അതുവരെ ഉള്ള പ്രണയഭാഷകളിൽ നിന്നും വേറിട്ട പ്രണയം.
ചണ്ണക്കാലി, ഉരൽപ്പെണ്ണ് എന്നിങ്ങനെ എല്ലാരും കളിയാക്കി വിളിച്ചിരുന്ന അമ്മുക്കുട്ടിയെ ആദ്യമായി ഒരാൾ സ്നേഹത്തോടെ പേര് വിളിച്ചത് സുകുമാരൻ നായർ ആയിരുന്നു. അവളിലെ സൗന്ദര്യവും മനസ്സും തിരിച്ചറിഞ്ഞ പുരുഷൻ.എത്ര വൈകല്യം ഉണ്ടായിട്ടും അവളിലെ നല്ല മനസ്സ് മനസ്സിലാക്കിയത് അയാൾ മാത്രമായിരുന്നു.വിചിത്രമായ സ്ത്രീ പുരുഷ ബന്ധത്തിന്റെ കഥ പറയുകയാണ് ” പൂട്ടിയിട്ട വീടുകൾ ” എന്ന കഥയിലൂടെ.
മൊട്ടു സൂചിയുടെ അഗ്രം പോലെ മൂർച്ചയുള്ള കണ്ണുകൾ ഉള്ള ” ഗ്ലാസ്സ് വിത്ത് കേർ ” ലെ ഭാമയും, വാൾത്തലപ്പ് പോലെ മിന്നി ചുണ്ടുകൾ മുറുകി കൂടിയ മൂടൽ മഞ്ഞിലെ മാർഗരറ്റും, അഗ്നിദേവതയെ പോലെ തോന്നിച്ച വാടക വീടുകൾ എന്നതിലെ പങ്കജവും,തീപ്പന്തം ലക്ഷ്മിയും വേറിട്ട ഓരോ സ്ത്രീ കഥാപാത്രങ്ങൾ ആണ്.ചങ്കൂറ്റവും സൗന്ദര്യവും ഉള്ള രാച്ചിയമ്മ. മാനസികവും ശാരീരികവുമായ കരുത്തുള്ളവൾ. ഉള്ളിന്റെ ഉള്ളിൽ ഈ കഥാപാത്രങ്ങൾ എല്ലാം സ്നേമയികൾ തന്നെയാണ് എന്നാൽ തെറ്റിനെതിരെ പ്രതികരിക്കാൻ ഉറൂബിന്റെ സ്ത്രീ കഥാപാത്രങ്ങൾ ക് സാധിക്കുന്നു. ആർജവത്തിന്റെയും തീക്ഷണതയുടെയും സ്നേഹനിർഭരതയുടെയും കർമ്മകുശലതയുടേയും സമ്മിശ്രനമാണ് ഉറൂബിന്റെ കഥകളിലെ ഓരോ സ്ത്രീ കഥാപാത്രങ്ങളും അവരുടെ വിശേഷണങ്ങളും.