Monday, September 30, 2024
Homeസിനിമ' എൺപതുകളിലെ വസന്തം: ' സുകുമാരി ❤️ ' ✍ അവതരണം: ആസിഫ അഫ്രോസ്,...

‘ എൺപതുകളിലെ വസന്തം: ‘ സുകുമാരി ❤️ ‘ ✍ അവതരണം: ആസിഫ അഫ്രോസ്, ബാംഗ്ലൂർ.

ആസിഫ അഫ്രോസ്. ബാംഗ്ലൂർ.

80കളിലെ വസന്തങ്ങളിൽ സുകുമാരിയമ്മയെ സ്മരിക്കാം നമുക്ക്.
സിനിമാരാധകരുടെ ഹൃദയങ്ങളിൽ കൂടുകൂട്ടിയ, മലയാളികളുടെ സ്വന്തം അമ്മ- സുകുമാരിയമ്മ. മലയാള സിനിമയുടെ കൗമാരത്തെ ചിലമ്പണിയിച്ച ഒരു പത്തു വയസ്സുകാരി ചലച്ചിത്ര ലോകത്തെ അമ്മയായും പത്മശ്രീയായും മാറിയ ചരിത്രത്തിലൂടെ ഒന്ന് പ്രദക്ഷിണം വച്ചു വരാം നമുക്ക്.

ദക്ഷിണേന്ത്യൻ സിനിമയിലെ രണ്ടു തലമുറകൾക്കൊപ്പം പല പല വേഷങ്ങൾ ചെയ്യാനുള്ള അസുലഭ ഭാഗ്യത്താൽ അനുഗ്രഹീതയായ നടി.

1940 ഒക്ടോബർ 6 ന് തമിഴ്നാട് നാഗർകോവിലിൽ മാധവൻ നായരുടെയും സത്യഭാമയുടെയും ആറു മക്കളിൽ ഒരാളായി ട്ടായിരുന്നു സുകുമാരിയുടെ ജനനം. അച്ഛൻ പൂജപ്പുരയിൽ ബാങ്ക് മാനേജർ ആയിരുന്നു. പുരോഗമന ചിന്താഗതിക്കാരായ ഒരു മലയാളി കുടുംബം. സുകുമാരിയുടെ അമ്മ ആ കാലഘട്ടത്തിൽ കാർ ഡ്രൈവ് ചെയ്യുമായിരുന്നു.

തിരുവിതാംകൂർ സഹോദരിമാർ എന്ന പേരിൽ പ്രശസ്തരായിരുന്ന ലളിത, പത്മിനി, രാഗിണിമാർ, അവരുടെ കുട്ടിക്കാലം തിരുവനന്തപുരത്തെ തറവാട്ടിലായിരുന്നു ചിലവഴിച്ചിരുന്നത്. സുകുമാരിയുടെ അമ്മയായിരുന്നു അവർക്ക് അമ്മ. അവരുടെ അമ്മ സുകുമാരിയുടെ അമ്മാവിയായിരുന്നു. അവരെ കുഞ്ഞമ്മ എന്നായിരുന്നു സുകുമാരി വിളിച്ചിരുന്നത്. പിന്നീട് അവർ ചെന്നൈയിലേക്ക് ചേക്കേറാൻ തീരുമാനിച്ചപ്പോൾ കുഞ്ഞു സുകുമാരിയെയും കൂടെ കൂട്ടി. തിരുവിതാംകൂർ സഹോദരിമാരുടെ ഒരു കുടുംബാംഗമായി മാറിയ സുകുമാരി സ്വന്തം അച്ഛനെ മാമ എന്നായിരുന്നു വിളിച്ചിരുന്നത്. നൃത്തവും മറ്റു കലകളും ഒരു തപസ്യയാക്കി മാറ്റിയ കുടുംബമായതുകൊണ്ട് ഭരതനാട്യം, കഥകളി, കേരള നടനം തുടങ്ങിയവയിൽ സുകുമാരി പ്രാവീണ്യം നേടി. ഏഴാം വയസ്സ് മുതൽ തിരുവിതാംകൂർ സഹോദരിമാരുടെ ഡാൻസർസ് ഓഫ് ഇന്ത്യ ട്രൂപ്പിന്റെ ഭാഗമായി ഇന്ത്യയിലുടനീളവും, സിംഗപ്പൂർ, മലേഷ്യ, സിലോൺ തുടങ്ങിയ വിദേശ രാജ്യങ്ങളിലും നൃത്ത പരിപാടികൾ അവതരിപ്പിച്ചു തുടങ്ങി.

അങ്ങനെ നൃത്ത വേദികളിലെ പ്രകടനം കണ്ടാണ് പി. നീലകണ്ഠൻ ‘ഒരു ഇരവ്’ എന്ന തന്റെ സിനിമയിലേക്ക് ബാലതാരമായി സുകുമാരിയെ ക്ഷണിക്കുന്നത്. പത്തു വയസ്സുകാരിയായ സുകുമാരിക്ക്‌ ചെറിയൊരു നൃത്തരംഗം മാത്രമേ അതിൽ ചെയ്യാനുണ്ടായിരുന്നുള്ളു.

1957ൽ ആറു ഭാഷകളിൽ പുറത്തിറങ്ങിയ ‘തസ്കരവീരൻ’ എന്ന സിനിമയിൽ ആദ്യമായി ശ്രദ്ധേയമായ കഥാപാത്രം ചെയ്തു. ചെറുപ്രായത്തിൽ തന്നെ മുതിർന്ന കഥാപാത്രങ്ങൾ അവതരിപ്പിച്ച് ജനശ്രദ്ധ നേടിയ സുകുമാരി, ആദ്യകാല ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങളിലും പിന്നീട് പുതിയ ചിത്രങ്ങളിലും അഭിനയിച്ചു മുന്നേറി. ഹാസ്യം വളരെ ഭംഗിയായി കൈകാര്യം ചെയ്യാൻ അറിയുന്ന അവർ, അക്കാലത്തെ മുതിർന്ന നടന്മാരായിരുന്ന അടൂർ ഭാസി, എസ്.പി. പിള്ള, ബഹദൂർ, തിക്കുറിശ്ശി, ശങ്കരാടി, തിലകൻ തുടങ്ങിയവർക്കൊപ്പം തോളോട് തോൾ ചേർന്നഭിനയിച്ച് സ്ത്രീ സാന്നിധ്യത്തിന്റെ മാറ്റുരച്ചു. ഇതിൽ അടൂർ ഭാസി സുകുമാരി ഹാസ്യ രംഗങ്ങൾ പ്രത്യേക ശ്രദ്ധയാകർഷിച്ചിരുന്നു.

തമിഴിൽ ജയലളിത, എം.ജി.ആർ, ശിവാജി ഗണേശൻ എന്നിവരോടൊപ്പവും തെലുങ്കിൽ എൻ.ടി. രാമറാവുവിനോടൊപ്പം മാറിമാറി വേഷമിട്ടു.
4000 ത്തോളം സ്റ്റേജുകളിൽ നാടകങ്ങൾ അഭിനയിച്ചിട്ടുണ്ട്. ‘തുഗ്ലക്ക് ‘ എന്ന നാടകം തന്നെ 1500 വേദികളിൽ കളിച്ചു. നാടകങ്ങളിൽ മാത്രമല്ല ടെലിവിഷൻ സീരിയലുകളിലും അവർ അഭിനയിച്ചു.

പ്രിയദർശൻ ചിത്രങ്ങളായ പൂച്ചക്കൊരു മൂക്കുത്തി, ഓടരുതമ്മാവാ ആളറിയാം, ബോയിങ് ബോയിങ്, വന്ദനം തുടങ്ങിയവയിൽ മാത്രമല്ല ബാലചന്ദ്രമേനോനും അടൂർ ഗോപാലകൃഷ്ണനും സംവിധാനം ചെയ്ത ചിത്രങ്ങളിലും സുകുമാരി നിറഞ്ഞു നിന്നിരുന്നു. 1948- 2013 വരെയായിരുന്നു സജീവകാലം. രണ്ടായിരത്തിലധികം സിനിമകൾ! എണ്ണിയാലൊടുങ്ങാത്ത പുരസ്കാരങ്ങൾ! ‘നമ്മഗ്രാമം’ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ദേശീയ അവാർഡ്! അഭ്രപാളികളിൽ ജീവിച്ച് ഒടുവിൽ രാഷ്ട്രപതിയിൽ നിന്നും പത്മശ്രീ നേടിയ സുകുമാരിയെ മലയാളക്കര വേണ്ടത്ര ആദരിച്ചില്ല.

മലയാളം, തമിഴ്, ഹിന്ദി ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തും, ചിത്ര സംയോജകനും, നിർമ്മാതാവുമായ ഭീം സിംഗ് ആയിരുന്നു ഭർത്താവ്. ഭീം സിംഗിന്റെ രണ്ടാം വിവാഹമായിരുന്നു ഇത്. മലയാളത്തിൽ അറിയപ്പെട്ടിരുന്നത് സുകുമാരിയുടെ ഭർത്താവ് എന്നായിരുന്നെങ്കിലും ഒരാസാമാന്യ പ്രതിഭയായിരുന്നു അദ്ദേഹം. ശിവാജി ഗണേശനെ അഭിനയത്തിലകമാക്കി മാറ്റിയത് ഭീം സിംഗ് ആയിരുന്നു. ഭീം-ശിവാജി ഒന്നിച്ച ചിത്രങ്ങൾ എല്ലാം സൂപ്പർ ഹിറ്റുകൾ ആയിരുന്നു. തമിഴ് സിനിമ ചരിത്രത്തിന്റെ ഭാഗം. ഭീം ശിവാജി യുഗം തന്നെയായിരുന്നു അത്. കമലഹാസനെ ബാലതാരമായി അവതരിപ്പിച്ചതും അദ്ദേഹം തന്നെ. 1978 ജനുവരി 16ന് തന്റെ 53മത്തെ വയസ്സിൽ അദ്ദേഹം മരണപ്പെട്ടു. അന്ന് സുകുമാരിക്ക് വെറും 38 വയസ്സായിരുന്നു. ഭർത്താവിന്റെ മരണശേഷം പുനർവിവാഹം ചെയ്യാൻ അവർ തയ്യാറായില്ല. സുകുമാരി ഭീം ദമ്പതികൾക്ക് ഒരേ ഒരു മകൻ. ഡോക്ടർ സുരേഷ്. ‘അമ്മേ നാരായണ’, ‘യുവജനോത്സവം’, ‘ചെപ്പ്’ എന്നീ സിനിമകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ഭാര്യ ഉമ കോസ്റ്റ്യൂം ഡിസൈനറാണ്. മകൻ വിഘ്നേഷ്.

വീട്ടിലെ പൂജാമുറിയിൽ നിന്നും പൊള്ളലേറ്റ് ചികിത്സയിലായിരിക്കെ ഹൃദയാഘാതം മൂലം സുകുമാരിയമ്മ ഈ ലോകത്തോട് വിട പറഞ്ഞു. കലയ്ക്കുവേണ്ടി ജീവിച്ച സുകുമാരിയമ്മ ഇന്നില്ല. അവർക്കൊപ്പം ഉണ്ടായിരുന്ന പലരുമില്ല. ഒരു കാലഘട്ടം തന്നെയില്ല. എന്നാൽ നമ്മുടെ ഉള്ളിൽ ആ കാലഘട്ടം ഉണ്ട്. ഒരു നിത്യ വസന്തമായി. മലയാളത്തിന്റെ സ്വന്തം അമ്മയ്ക്ക് ആദരാഞ്ജലി അർപ്പിച്ചുകൊണ്ട്,

ആസിഫ അഫ്രോസ്. ബാംഗ്ലൂർ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments