ജൂൺ 14 ന് ലോക രക്തദാന ദിനം ആചരിക്കുന്നു. രക്തദാനം ചെയ്യുന്നവരെ ആദരിക്കുകയും രക്തദാനത്തിന്റെ പ്രധാന്യത്തെക്കുറിച്ച് അവബോധം വളർത്തുകയും ചെയ്യുന്നതിനാണ് ഈ ദിനം ആചരിക്കുന്നത്. രക്തത്തിലെ അമിതമായ അയൺ നീക്കം ചെയ്യാൻ രക്തദാനത്തിലൂടെ സാധിക്കും.
അമിതമായി അയൺ രക്തത്തിൽ അടിഞ്ഞുകൂടുന്നത് ഹൃദയാഘാതത്തിനും സ്‌ട്രോക്കിനും വരെ കാരണമായേക്കാവുന്ന ഹീമോക്രോമാറ്റോസിസിന് കാരണമാകും. ദാനത്തിൻ്റെ 20 വർഷം : രക്തദാതാക്കളേ, നന്ദി…’- എന്നതാണ് ഈ വർഷത്തെ രക്തദാനദിന പ്രമേയം.
2005 ലാണ് ജൂൺ 14ന് രക്തദാന ദിനമായി ആചരിക്കാമെന്ന് ലോകാരോഗ്യ അസംബ്ലി ഏകകണ്‌ഠേന പ്രഖ്യാപിക്കുന്നത്. സുരക്ഷിതമായ രക്തദാനത്തിന്റെ പ്രാധാന്യവും ആരോഗ്യമേഖലയിൽ സുസ്ഥിരമായ രക്തവിതരണം ഉറപ്പാക്കുന്നതിനുമാണ് രക്തദാന ദിനം ആചരിക്കുന്നത്. രക്തദാനം ചെയ്യുന്നത് കൊണ്ട് നിരവധി ഗുണങ്ങളാണുള്ളത്.
ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു
രക്തദാനം ചെയ്യുന്നത് ഹൃദയാരോഗ്യം മെച്ചപ്പെടുത്തും. രക്തംദാനം ചെയ്യുന്നത് രക്തത്തിൻ്റെ വിസ്കോസിറ്റി കുറയ്ക്കുന്നു. ഇത് ഹൃദയാഘാതം സാധ്യത കുറയ്ക്കും. ഉയർന്ന രക്ത വിസ്കോസിറ്റി രക്തക്കുഴലുകൾക്ക് കേടുപാടുകൾ വരുത്തുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു.
അമിതമായ ഇരുമ്പ് കുറയ്ക്കുന്നു
രക്തത്തിൽ ഇരുമ്പ് അധികമായാൽ കരൾ, ഹൃദയം തുടങ്ങിയ അവയവങ്ങൾക്ക് കേടുപാടുകൾ വരുത്തുന്ന ഹീമോക്രോമാറ്റോസിസ് എന്ന അവസ്ഥയിലേക്ക് നയിക്കാം. പതിവ് രക്തദാനം ഈ അധിക ഇരുമ്പ് ശേഖരം ഇല്ലാതാക്കാൻ സഹായിക്കുന്നു. മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്തുന്നു.
പുതിയ രക്തകോശങ്ങളുടെ ഉത്പാദനം കൂട്ടുന്നു
രക്തം ദാനം ചെയ്യുമ്പോൾ രക്തനഷ്ടം നികത്താൻ ശരീരം പ്രവർത്തിക്കുന്നു. ഈ പ്രക്രിയ പുതിയ രക്തകോശങ്ങളുടെ ഉത്പാദനത്തെ ഉത്തേജിപ്പിക്കുന്നു. രക്തകോശങ്ങളെ ആരോഗ്യകരവും പ്രവർത്തനക്ഷമവുമായി നിലനിർത്തുന്നു.
ആർക്കൊക്കെ രക്തദാന ചെയ്യാൻ കഴിയുക?∙
1.നല്ല ആരോഗ്യമുള്ള വ്യക്തികൾ∙
2. പ്രായം: 18 – 60 വയസ്സിന് ഇടയിലുള്ളവർ∙
3. ശരീരഭാരം: 50 കിലോയിൽ കൂടുതലുള്ളവർ