ന്യൂഡൽഹി: ഇന്ത്യൻ കരസനേയുടെ പുതിയ മേധാവി (ചീഫ് ഓഫ് ദ ആർമി സ്റ്റാഫ്) ആയി ലഫ്റ്റനൻ്റ് ജനറൽ ഉപേന്ദ്ര ദ്വിവേദിയെ കേന്ദ്രസർക്കാർ നിയമിച്ചു. നിലവിലെ മേധാവിയായ ജനറൽ മനോജ് പാണ്ഡെയുടെ കാലാവധി ജൂൺ 30ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് നിയമനം. ജൂൺ 30ന് ഉച്ചകഴിഞ്ഞ് ഉപേന്ദ്ര ദ്വിവേദി സ്ഥാനമേൽക്കും. പരം വിശിഷ്ട സേവാ മേഡൽ, അതിവിശിഷ്ട സേവാ മെഡൽ തുടങ്ങിയ അംഗീകാരങ്ങൾ ലഫ്റ്റനൻ്റ് ജനറൽ ഉപേന്ദ്ര ദ്വിവേദിക്ക് ലഭിച്ചിട്ടുണ്ട്.
1964 ജൂലൈ ഒന്നിനാണ് ഉപേന്ദ്ര ദ്വിവേദിയുടെ ജനനം. 1984 ഡിസംബർ 15നാണ് ദ്വിവേദി ഇന്ത്യൻ കരസേനയുടെ ജമ്മു ആൻ്റ് കശ്മീർ റൈഫിൾസിൻ്റെ ഭാഗമായത്. നാല് പതിറ്റാണ്ട് നീണ്ട സൈനിക ജീവിതത്തിൽ കരസേനയുടെ കമാൻഡ്, സ്റ്റാഫ് തുടങ്ങിയ വിവിധ വിഭാഗങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. കശ്മീർ താഴ്വരയിലും രാജസ്ഥാനിലും യൂണിറ്റിനെ നയിച്ചിട്ടുണ്ട്. അസം റൈഫിൾസിൻ്റെ സെക്ടർ കമാൻഡറായും ഇൻസ്പെക്ടർ ജനറലായും സേവനമനുഷ്ഠിച്ചിട്ടുണ്ട്
കരസേനയുടെ ഉപമേധാവിയായി (വൈസ് ചീഫ് ആർമി സ്റ്റാഫ്) തുടരുന്നതിനിടെയാണ് 30-ാമത് മേധാവിയാകാനുള്ള നിയോഗം. മധ്യപ്രദേശിലെ രേവയിലെ സൈനിക സ്കൂളിലെ പൂർവവിദ്യാർഥിയായ ഉപേന്ദ്ര ദ്വിവേദി നാഷണൽ ഡിഫൻസ് കോളേജ്, യുഎസ് ആർമി വാർ കോളേജ് എന്നിവിടങ്ങളിൽനിന്ന് ഉന്നത വിദ്യാഭ്യാസം പൂർത്തീകരിച്ചു. ഡിഎസ്എസ്സി വില്ലിങ്ടൺ, മധ്യപ്രദേശിലെ മഹുവിലുള്ള ആർമി വാർ കോളേജ് എന്നിവിടങ്ങളിൽ നിന്നും കോഴ്സ് ചെയ്തിട്ടുണ്ട്.
ലോക്സഭാ തെരഞ്ഞെടുപ്പിൻ്റെ പശ്ചാത്തലത്തിൽ ജനറൽ മനോജ് പാണ്ഡെയുടെ കാലാവധി ഒരു മാസത്തേക്ക് കൂടി നീട്ടുകയായിരുന്നു. പാണ്ഡെയുടെ കാലാവധി മേയ് 31ന് അവസാനിക്കാനിരിക്കെയായിരുന്നു ഒരു മാസത്തേക്ക് കൂടി നീട്ടിയത്. കരസേന മേധാവിയുടെ കാലാവധി നീട്ടുന്നത് അഞ്ചു പതിറ്റാണ്ടിനിടെ ആദ്യമാണ്. നേരത്തെ, 1970കളിൽ ഇന്ദിര ഗാന്ധി സർക്കാർ അന്നത്തെ കരസേന മേധാവിയായ ജനറൽ ജിജി ബെവൂറിന് ഒരു വർഷത്തേക്ക് കാലാവധി നീട്ടിനൽകിയിട്ടുണ്ട്.