ഓരോ വ്യക്തിക്കും അവരുടെ പുതു വർഷം ജന്മദിനത്തിലാണെന്നാണ് കണക്കാക്കപ്പെടേണ്ടത്. ഓരോ ജന്മ ദിനം കടന്നു വരുമ്പോഴും ഒരു വാർഷീക അവലോകനം നാം തന്നെ നടത്തണം . ചുരുക്കത്തിൽ ഇതുവരെ നാം എങ്ങനെ ആയിരുന്നു എന്ന ആത്മ പരിശോധന അത്യാവശ്യമാണ്.
കേരളത്തിലെ സ്കൂൾ വിദ്യാഭ്യാസത്തിൻറെ ആവശ്യാർഥം ഒട്ടു മിക്ക ആളുകളുടെയും ജൻമദിനം മെയ് മാസത്തിലാണ് പതിനൊന്നു മാസം വരെ പുറകിൽ ജന്മദിനം ആഘോഷിക്കുന്നവരുണ്ട്. എതായാലും എനിക്കു ഒരു ദിവസം പുറകിൽ മെയ് 31 നാണു ഔദ്യോഗിക ജന്മദിനം .
1983 ജൂൺ 1 ന് പത്തനംതിട്ട ജില്ലയിലെ റാന്നി – തൃക്കോമല എന്ന കൊച്ചു ഗ്രാമത്തിൽ ജനിച്ചു .വീടിനോടു ചേർന്നുള്ള അംഗൻവാടി, എൻ. എം
എ ൽ. പി സ്‍കൂൾ മണ്ണാറത്തറ ,എബനേസർ ഹൈസ്കൂൾ ഈട്ടിച്ചുവട് ,ഗവണ്മെന്റ് ഹൈസ്കൂൾ നാരങ്ങാനം, സെന്റ് തോമസ് കോളേജ് റാന്നി , എംഐ ടി സി ചെറുകോൽ , ഗവണ്മെന്റ്പോളിടെക്‌നിക് നാട്ടകം എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. തുടർന്ന് സാഹിത്യത്തോടുള്ള താൽപര്യത്തിൽ സഞ്ജീവനി മാസികയുടെ അസ്സോസിയേറ്റ് എഡിറ്റർ ആയി .പിന്നീട് നിരവധി പ്രസിദ്ധീകരങ്ങളിൽ തുടർച്ചയായി ലേഖനങ്ങൾ എഴുതി . ഇടതുപക്ഷ യുവജന സംഘടനയിലും
ഗാന്ധിയൻ പ്രസ്ഥാനങ്ങളിലും പ്രവർത്തിച്ചു , ക്രിസോസ്റ്റം തിരുമേനി
ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോൾ അദ്ദേഹത്തിന് ലഭിച്ച ബൊക്ക എന്റെ പ്രസംഗം കേട്ടിട്ട് നൽകിയതും , അഴീക്കോട് മാഷിനൊപ്പം വേദി പങ്കിട്ട് അദ്ദേഹത്തിന്റെ സാനിധ്യത്തിൽ പ്രസംഗിക്കാനായതും അദ്ദേഹവുമായി അഭിമുഖം നടത്താനായതും, പ്രൊഫ ടോണി മാത്യു സാർ നൽകിയ സാഹിത്യ പിന്തുണകളും പൈതൃകമായി ലഭിച്ച സാഹിത്യ അഭിരുചികളും ഇന്ന് മലയാളത്തിൽ മൂന്ന് പുസ്തകങ്ങളും പത്തിലധികം കൂട്ട് സാഹിത്യ കൃതികളും , നിരവധി ദൃശ്യാവിഷ്‌കാരം ചെയ്ത കവിതകളും ഗാനങ്ങളും മലയാളി മനസ്സ് ഓൺലൈനിൽ സ്ഥിരം എഴുത്തുകാരനായതും ഈ ജന്മ ദിനത്തിൽ എടുത്തു പറയാതിരിക്കാനാകില്ല .
പത്തനംതിട്ട കൊല്ലം ജില്ലയുടെ അതിർത്തി പ്രദേശമായ മാങ്കോട് താമസത്തിനെത്തി അവരോടൊപ്പം ഇഴുകി ചേർന്ന് ഇന്നൊരു മാങ്കോട് കാരനായി മാറി എന്നതാണ് വസ്തുത.ജിവിത യാത്രയിൽ ജയ പരാജയത്തെ കുറിച്ചോ ഭാഗ്യ നിർഭാഗ്യങ്ങളെ കുറിച്ചോ ഞാനോർക്കാറില്ല .എന്നാൽ പ്രതിസന്ധികൾ ആരും മറക്കാറില്ലല്ലോ .അതിലേറ്റവും പ്രധാനം സ്വന്തം നാട്ടിൽ നിന്നുമുള്ള പറിച്ചു നടീൽ തന്നെ.ദൈവം കാരണങ്ങളെ ഉണ്ടാക്കുന്നു. പലായനത്തിന് എനിക്കും ചില കാരണങ്ങളുണ്ടായി അതൊരു പാഠമായിരുന്നു .രണ്ടു കാലിൽ തല ഉയർത്തി നിൽക്കാൻ പണം സമ്പാദനം ആവശ്യമാണെന്ന ബോധം ,പിന്നീട് പ്രവാസ ലോകത്തേക്ക് കടന്നു വരുമ്പോൾ
സ്വപ്നങ്ങളേക്കാൾ യാഥാർഥ്യങ്ങളെ തിരിച്ചറിയാൻ ശ്രമിച്ചു എന്നതാണ് ശരി , പ്രവാസത്തിന്റെ കയ്പ്പും മധുരവും ആവശ്യത്തിലേറെ അനുഭവിച്ചിട്ടുണ്ട് .
അവഗണിക്കാൻ ശ്രമിച്ചവർ , ശത്രുവായി കണ്ടവർ , ഭീഷണിപെടുത്തിയവർ , ഒറ്റപെടുത്തിയവർ , ആട്ടിപായിക്കാൻ ശ്രമിച്ചവർ അവരോടൊക്കെയുള്ള നന്ദി ഈ സമയം അറിയിക്കാതിരിക്കാൻ കഴിയുന്നില്ല . കാരണം എന്നെ പ്രവാസ ജീവിതത്തിൽ ഇന്നും പിടിച്ചു നിർത്തുന്നത് അത്തരക്കാരുടെ ചെയ്തികൾ തന്നെയാണ് . പലരും പ്രവാസിക്ക് ജീവിതമില്ല പണിയെടുത്തു കുടുംബം പോറ്റാൻ വിധിക്കപ്പെട്ടവരാണ് എന്നൊക്കെ പറയുമ്പോഴും ആദ്യ കാലങ്ങളിൽ അനുഭവിക്കേണ്ടി വന്ന ക്ലേശങ്ങളെ വരാനുള്ള നല്ല നാളെയുടെ ആമുഖമായാണ് അന്ന് കണ്ടത് .
ഇന്ന് ഏറ്റവും മികച്ച സാമൂഹിക സാംസ്കാരിക സാമ്പത്തിക ഭദ്രതയിലേക്കു എനിക്ക് കടന്നു വരാൻ കഴിഞ്ഞത് പ്രവാസം കൊണ്ടാണ് .മാത്രമല്ല ഈ നാട്ടിലെ സ്വാദേശി വിദേശി വിത്യാസമില്ലാതെ ആളുകളുടെ ഇടയിൽ അനായാസം ചേർന്ന് നിൽക്കാനായതും അവരോടൊത്തു സഹകരിക്കാനും കഴിഞ്ഞത് മികച്ച അനുഭവമാണ് .
ജീവിതത്തിൽ പ്രതിസന്ധി ഘട്ടങ്ങളിൽ യുക്തമായ തീരുമാനങ്ങൾ എടുത്തു എന്നാണ് ഞാനിപ്പോൾ വിശ്വസിക്കുന്നത് . മറ്റുള്ളവരുടെ നാവിനെ ആശ്രയിച്ചല്ല എന്റെ മനസമാധാനം എന്ന് പറയാതിരിക്കാനാകില്ല. എന്നെ കുറിച്ച് ആര് നല്ലതു പറഞ്ഞാലും മോശം പറഞ്ഞാലും ഞാനിങ്ങനെ തന്നെ ആയിരിക്കും. സൗഹൃദങ്ങളിൽ അന്ധമായി അഭിരമിക്കുന്നില്ല. അനുഭവങ്ങൾ അങ്ങനെയാണ് പഠിപ്പിച്ചത് .ഓരോരുത്തരേയും പരിചയക്കാരായാണ് പരിഗണിക്കുന്നത് . അവരവരുടെ ഇച്ഛകൾക്കനുസരിച്ചു വ്യക്തികൾ പ്രവർത്തിക്കുന്നു .പിന്നെന്തു സൗഹൃദം? .എങ്കിലും എന്നെ ചേർത്ത്
നിർത്തുന്നവരെ ഞാനും ചേർത്ത് നിർത്തും.
എതായാലും ജീവിതത്തിന്റെ നല്ല സമയങ്ങളിൽ നിന്നും ഒരു വര്ഷം കൂടി കടന്നു പോകുകയാണ് .നഷ്ടപെട്ടതൊന്നും എനിക്കവകാശപെട്ടതല്ല.ലഭിച്ചതോരോന്നും സമ്മാനങ്ങളുമാണ്.അമിതമായ ആഹ്ലാദങ്ങൾക്കോ ആഘോഷങ്ങൾക്കൊ ഒന്നും വർത്തമാന കാലത്തു പ്രസക്തിയില്ല .
കൂടുതൽ ദീര്ഘവീക്ഷണത്തോടും പക്വതയോടും നിങ്ങളോടൊപ്പം ഇനിയും ഉണ്ടാകും. ….