ലഖ്നൗ: ഐപിഎല്‍ 17-ാം സീസണില്‍ രണ്ടാം ജയവുമായി ഡല്‍ഹി ക്യാപ്പിറ്റല്‍സ്. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ ആറു വിക്കറ്റിനാണ് ഡല്‍ഹി തകര്‍ത്തത്. ലഖ്‌നൗ ഉയര്‍ത്തിയ 168 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഡല്‍ഹി 11 പന്ത് ബാക്കിനില്‍ക്കേ നാലു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. ജെയ്ക് ഫ്രേസര്‍ മഗ്രുക്ക്, ക്യാപ്റ്റന്‍ ഋഷഭ് പന്ത്, പൃഥ്വി ഷാ എന്നിവരുടെ ബാറ്റിങ്ങാണ് ഡല്‍ഹിയുടെ ജയം അനായാസമാക്കിയത്.
35 പന്തില്‍ നിന്ന് അഞ്ച് സിക്‌സറുകളുടെയും രണ്ട് ഫോറിന്റെയും അകമ്പടിയോടെ 55 റണ്‍സെടുത്ത മഗ്രുക്കാണ് ഡല്‍ഹിയുടെ ടോപ് സ്‌കോറര്‍. 24 പന്തുകള്‍ നേരിട്ട ഋഷഭ് പന്ത് രണ്ട് സിക്‌സും നാല് ഫോറുമടക്കം 41 റണ്‍സെടുത്ത് പുറത്തായി. മൂന്നാം വിക്കറ്റില്‍ ഈ സഖ്യം 77 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. ഇരുവരും പുറത്തായ ശേഷം ട്രിസ്റ്റന്‍ സ്റ്റബ്ബ്‌സും (15*), ഷായ് ഹോപ്പും (11*) ചേര്‍ന്ന് ഡല്‍ഹിയുടെ ജയം പൂര്‍ത്തിയാക്കി.
ഡേവിഡ് വാര്‍ണര്‍ (8) ഒരിക്കല്‍ കൂടി നിരാശപ്പെടുത്തിയെങ്കിലും 22 പന്തില്‍ നിന്ന് ആറ് ഫോറടക്കം 32 റണ്‍സെടുത്ത പൃഥ്വി ഷാ ഡല്‍ഹിക്ക് മികച്ച തുടക്കം സമ്മാനിച്ച ശേഷമാണ് പുറത്തായത്. ലഖ്‌നൗവിനാണ് രവി ബിഷ്‌ണോയ് രണ്ടു വിക്കറ്റ് വീഴ്ത്തി.
നേരത്തേ സ്വന്തം മൈതാനത്ത് ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ലഖ്നൗ മധ്യ ഓവറുകളിലെ തകര്‍ച്ചയെ അതിജീവിച്ചാണ് 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സെടുത്തത്.
ഡല്‍ഹിയുടെ കണിശതയാര്‍ന്ന ബൗളിങ്ങാണ് ലഖ്നൗവിന് കാര്യങ്ങള്‍ കടുപ്പമാക്കിയത്. നാല് ഓവറില്‍ വെറും 20 റണ്‍സ് മാത്രം വഴങ്ങി മൂന്നു വിക്കറ്റെടുത്ത കുല്‍ദീപ് യാദവാണ് ബൗളിങ്ങില്‍ തിളങ്ങിയത്. ഖലീല്‍ അഹമ്മദ് രണ്ടു വിക്കറ്റെടുത്തു.
ഒരു ഘട്ടത്തില്‍ ഏഴിന് 94 റണ്‍സെന്ന നിലയില്‍ തകര്‍ന്ന ലഖ്നൗവിനെ എട്ടാം വിക്കറ്റില്‍ ഒന്നിച്ച ആയുഷ് ബധോനി – അല്‍ഷാദ് ഖാന്റെയും കൂട്ടുകെട്ടാണ് പൊരുതാവുന്ന സ്‌കോറിലെത്തിച്ചത്. 48 പന്തില്‍ നിന്ന് 73 റണ്‍സടിച്ച ഈ കൂട്ടുകെട്ടാണ് ലഖ്നൗ ഇന്നിങ്സിന്റെ നട്ടെല്ല്. 35 പന്തില്‍ നിന്ന് ഒരു സിക്സും അഞ്ചു ഫോറുമടക്കം 55 റണ്‍സോടെ പുറത്താകാതെ നിന്ന ബധോനിയാണ് ടീമിന്റെ ടോപ് സ്‌കോറര്‍. 16 പന്തുകള്‍ നേരിട്ട അര്‍ഷദ് 20 റണ്‍സുമായി പുറത്താകാതെ നിന്നു.
ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ലഖ്നൗവിന് മൂന്നാം ഓവറില്‍ തന്നെ ഓപ്പണര്‍ ക്വിന്റണ്‍ ഡിക്കോക്കിനെ നഷ്ടമായി. 13 പന്തില്‍ നിന്ന് നാല് ബൗണ്ടറിയടക്കം 19 റണ്‍സെടുത്താണ് ഡിക്കോക്ക് മടങ്ങിയത്. പിന്നാലെ മോശം ഫോം തുടരുന്ന ദേവ്ദത്ത് പടിക്കല്‍ (3) വന്നപോലെ മടങ്ങി. പിന്നാലെ എട്ടാം ഓവറില്‍ മാര്‍ക്കസ് സ്റ്റോയ്നിസിനെയും (8), നിക്കോളാസ് പുരനെയും (0) അടുത്തടുത്ത പന്തുകളില്‍ മടക്കി കുല്‍ദീപ് ലഖ്നൗവിനെ ഞെട്ടിച്ചു. തുടര്‍ന്ന് 10-ാം ഓവറില്‍ ഒരറ്റത്ത് നിലയുറപ്പിച്ച് കളിച്ച ക്യാപ്റ്റന്‍ കെ.എല്‍ രാഹുലിനെയും പുറത്താക്കിയ കുല്‍ദീപ് കളി ഡല്‍ഹിക്ക് അനുകൂലമാക്കി. 22 പന്തില്‍ നിന്ന് ഒരു സിക്സും അഞ്ച് ഫോറുമടക്കം 39 റണ്‍സായിരുന്നു ക്യാപ്റ്റന്റെ സമ്പാദ്യം. പിന്നാലെയെത്തിയ ദീപക് ഹൂഡയും (13 പന്തില്‍ 10), ക്രുണാല്‍ പാണ്ഡ്യയും (3) കാര്യമായ സംഭാവനയില്ലാതെ മടങ്ങുമ്പോള്‍ ലഖ്നൗ ഏഴിന് 97 എന്ന നിലയിലായിരുന്നു. അവിടെ നിന്ന് അര്‍ഷദിനെ കൂട്ടുപിടിച്ച് ബധോനിയാണ് ടീം സ്‌കോര്‍ 167-ല്‍ എത്തിച്ചത്.