നോമ്പുകാലത്ത് പാലപ്പം, ചപ്പാത്തി , പൊറോട്ട തുടങ്ങിയവയുടെ കൂടെ കഴിക്കുവാൻ പറ്റുന്ന ഒരു വിഭവം ആണ് ‘പനീർ ബട്ടർ മസാല’. അത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നമുക്ക് നോക്കാം.
ചേരുവകൾ
———————
പനീർ 200 ഗ്രാം
തക്കാളി 250 ഗ്രാം
സവാള രണ്ടെണ്ണം
കശുവണ്ടി പരിപ്പ് രണ്ട് ടേബിൾ സ്പൂൺ
ബട്ടർ 50 ഗ്രാം
മുളകുപൊടി ഒരു ടീസ്പൂൺ
മല്ലിപ്പൊടി അര ടീസ്പൂൺ
വെളുത്തുള്ളി അര ടീസ്പൂൺ
ഇഞ്ചി പേസ്റ്റ് അര ടീസ്പൂൺ
പഞ്ചസാര അര ടീസ്പൂൺ
ഉപ്പ് പാകത്തിന്
ഫ്രഷ് ക്രീം 50ml
മല്ലിയില ആവശ്യത്തിന്
കസൂരിമേത്തി ഒരു ടീസ്പൂൺ
വെള്ളം ആവശ്യത്തിന്
ബേലീഫ് 1
പട്ട ഒരു കഷണം
ഗ്രാമ്പൂ മൂന്നെണ്ണം
ഏലക്ക മൂന്നെണ്ണം
തയ്യാറാക്കുന്ന വിധം
____________________
പനീർ ചതുര കഷ്ണങ്ങൾ ആക്കി 20 മിനിറ്റ് ചൂടുവെള്ളത്തിൽ കുതിർത്തു വെക്കുക. (സോഫ്റ്റ് ആയി കിട്ടുവാനാണ് ഇങ്ങനെ ചെയ്യുന്നത് ) ഒരു പാൻ നന്നായി ചൂടാക്കി അതിലേക്ക് കുറച്ച് ബട്ടർ ചേർത്ത് ഉരുകി വരുമ്പോൾ സവാള, തക്കാളി , അണ്ടിപ്പരിപ്പ് ഇവ ഓരോന്നായി ചേർത്ത് വഴറ്റുക. ഇതിലേക്ക് പഞ്ചസാര, മുളകുപൊടി, മല്ലിപൊടി, അല്പം ഗരം മസാല ഇവ ചേർത്ത് നന്നായി വഴറ്റി മൂടി വെച്ച് വേവിക്കുക.
ആറിയതിനുശേഷം ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ട് വെള്ളം ചേർത്ത് കുഴമ്പു രൂപത്തിൽ അരച്ചെടുക്കുക. വീണ്ടും ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാകുമ്പോൾ ബട്ടർ ഇട്ട് ഉരുകി വരുമ്പോൾ ഗ്രാമ്പൂ , പട്ട , ഏലക്ക , ബേലീഫ് ഇവ ചേർത്ത് വഴറ്റുക. ഇതിലേക്ക് ഇഞ്ചി, വെളുത്തുള്ളിപേസ്റ്റ് ഇവ ചേർത്ത് മൂപ്പിക്കുക. പിന്നീട് അരച്ചുവെച്ച മിശ്രിതം കൂടി ചേർത്ത് വഴറ്റി മൂടിവെച്ച് വേവിക്കുക.
കുതിർത്തു വച്ച ബട്ടർ വെള്ളം കളഞ്ഞ് ഇതിലേക്ക് ചേർത്ത് 2 മിനിറ്റ് വഴറ്റി വേവിക്കുക. ( കൂടുതൽ സമയം വേവിച്ചാൽ പനീർ കഷ്ണങ്ങൾ റബർ പോലെ ആകും ) ഇതിലേക്ക് ഫ്രഷ് ക്രീം ഒഴിച്ച് ഇളക്കി തീ ഓഫ് ചെയ്ത് മാറ്റിവെക്കുക.
ഇതിൻറെ മുകളിൽ കസൂരിമേത്തി തിരുമ്മിപൊടിച്ചതും മല്ലിയിലയും വിതറി കൊടുക്കുക .
വളരെ സ്വാദിഷ്ടമായ പനീർ മസാല തയ്യാറായി. ഇത് ചൂടോടുകൂടി പാലപ്പം, ചപ്പാത്തി, പൊറോട്ട തുടങ്ങിയവയോടൊപ്പം കഴിക്കാവുന്നതാണ്.