Friday, November 22, 2024
Homeഅമേരിക്കഓർമ്മയിലെ മുഖങ്ങൾ: വള്ളത്തോൾ ✍അവതരണം: അജി സുരേന്ദ്രൻ

ഓർമ്മയിലെ മുഖങ്ങൾ: വള്ളത്തോൾ ✍അവതരണം: അജി സുരേന്ദ്രൻ

അജി സുരേന്ദ്രൻ

”ഭാരതമെന്ന പേർ കേട്ടാലഭിമാന –
പൂരിതമാകണമന്തരംഗം
കേരളമെന്നു കേട്ടാലോ തിളയ്ക്കണം
ചോര നമുക്ക് ഞരമ്പുകളിൽ “…
..
ഭാരതത്തിന്റെ ഐക്യത്തേയും, കേരളത്തിന്റെ പൈതൃകത്തേയും എന്നും ഉയർത്തിപ്പിടിച്ച മലയാളിയുടെ ദേശീയ കവിയാണ് വള്ളത്തോൾ നാരായണമേനോൻ. കൈരളിയുടെ പൂമുഖത്ത് നിറഞ്ഞു കത്തി നിൽക്കുന്ന നിലവിളക്കിന്റെ നിത്യസാന്നിധ്യമാണ്
അദ്ദേഹം.

1878 ഒക്ടോബർ 16 ന് തിരൂരിന് സമീപം ചെന്നറ ഗ്രാമത്തിലെ കോഴി പറമ്പിൽ മല്ലിശ്ശേരി ദാമോദരന്റെയും കുട്ടിപ്പാറു അമ്മയുടേയും ഇളയ മകനായി ജനിച്ചു.സംസ്ക്യത പഠനത്തിനു ശേഷം കൈക്കുളങ്ങര രാമവാര്യരിൽ നിന്നും തർക്കം പഠിച്ചു.

ശ്ലോകങ്ങൾ എഴുതിയും, കവിതകൾ ചൊല്ലി കേൾപ്പിച്ചും സാഹിത്യ സംവാദങ്ങൾ നടത്തിയും കൗമാരത്തിൽ തന്നെ ജനശ്രദ്ധ പിടിച്ചുപറ്റി.

നാരായണ മേനോന്റെ അച്ഛൻ കഥകളി കമ്പക്കാരനായിരുന്നു. മകനേയും കൂട്ടിയാണ് അരങ്ങിലേക്ക് പോയിരുന്നത്. കഥകളിയുടെ സൂക്ഷമ രഹസ്യങ്ങൾ മകന് മനസിലാക്കി കൊടുത്തു. തന്റെ അച്ഛനിൽ നിന്നു കിട്ടിയ അമൂല്യ സമ്പാദ്യമാണ് കഥകളിയെന്ന് കവി തന്നെ പലപ്പോഴും പറഞ്ഞിട്ടുണ്ട്.

കേരളത്തിന്റെ മഹത്തായ ഈ കലാരൂപത്തോടുള്ള വള്ളത്തോളിന്റെ അഭിനിവേശമാണ് കേരള കലാമണ്ഡലത്തിന്റെ സാക്ഷാത്കാരത്തിന് ഊർജജം പകർന്നത്.

കേരളത്തിൽ അലയടിച്ചുയർന്ന ദേശീയ സമരപ്രസ്താനത്തിലും വള്ളത്തോൾ സജീവമായി പങ്കെടുത്തു. കെ.പി കേശവമേനോന്റെയും മറ്റും നേതൃത്വത്തിൽ മലബാറിൽ നടന്ന ദേശീയ സമരത്തിൽ വച്ച് ഗാന്ധിജിയെ കാണുകയുണ്ടായി. അദ്ദേഹത്തിന്റെ ആദർശങ്ങൾ വള്ളത്തോളിനെ കൂടുതൽ ആകർഷിച്ചു. ദേശീയ സ്വാതന്ത്ര്യ പ്രസ്താനത്തിലേക്ക് മഹാകവി കടന്നു വരാനുള്ള പ്രധാന കാരണം ഗാന്ധിയൻ ദർശനങ്ങളുടെ സ്വാധീനമായിരുന്നു

1918 ൽ ആണ് സാഹിത്യമഞ്ജരി ഒന്നാം ഭാഗം പ്രസിദ്ധീകരിച്ചത് .11 ഭാഗങ്ങളാണ് അതിൽ ഉള്ളത്. സ്വാതന്ത്ര്യബോധം, സാമൂഹിക നവോത്ഥാനം, ദേശീയ വികാരം തുടങ്ങിയവയെല്ലാം സാഹിത്യ മഞ്ജരിയിലെ കവിതകളിൽ കാണാം.

സ്വന്തം ഭാഷയെക്കുറിച്ച് ഇത്ര ആവേശം കൊണ്ട കവികൾ ചുരുക്കമാണ്.
പ്രകൃതിയുടെ ഭാവങ്ങളെ വളരെ മനോഹരമായി അവതരിപ്പിച്ച മറ്റൊരു കവി വേറെ ഇല്ല.

വള്ളത്തോളിന്റെ ഖണ്ഡകാവ്യങ്ങൾ വളരെ പ്രസിദ്ധങ്ങളാണ് .പുരാണങ്ങളിൽ നിന്നും, ഇതിഹാസങ്ങളിൽ നിന്നും കണ്ടെടുത്ത കഥാസന്ദർഭങ്ങളുടെ പുനരാഖ്യാനം നിർണ്ണയിക്കുകയാണ് വള്ളത്തോൾ ചെയ്തത്. ഓരോ കഥാപാത്രത്തേയും ജീവിതഗന്ധിയായി അവതരിപ്പിച്ചു. മനസിലെ ക്ഷോഭങ്ങളെയും, വികാരങ്ങളേയും, വിഷാദങ്ങളേയും എല്ലാം സൂക്ഷമമായി ആവിഷ്കരിക്കും.

വള്ളത്തോളിനെ കവിത്രയത്തിലെ തിളങ്ങുന്ന നക്ഷത്രമാക്കുന്നത് ഒരർത്ഥത്തിൽ ഖണ്ഡകാവ്യങ്ങളാണ്. ഭാഗവത പുരാണത്തിൽ നിന്നാണ് വള്ളത്തോൾ ബന്ധനസ്ഥനായ അനിരുദ്ധന്റെ ഇതിവൃത്തം തിരഞ്ഞെടുത്തത്.

കവിയുടെവ്യത്യസ്തമായ ഒരു കാവ്യ സമീപനമാണ് കൊച്ചു സീത.ചെമ്പകവല്ലി എന്ന ഒരു വേശ്യകുമാരിയെ കേന്ദ്രീകരിച്ചാണ് ഈ കാവ്യം.

വള്ളത്തോളിന്റ ജീവിതത്തിലെ നാഴികക്കല്ലാണ് ചിത്രയോഗം. ഇദ് ദേഹത്തെ മഹാകവിയാക്കുന്ന ഈ മഹാകാവ്യം എഴുതിയത് 1913 ൽ ആണ്.
അച്ഛനും മകളും, അഭിവാദ്യം, എന്റെ ഗുരുനാഥൻ, കാവ്യാമൃതം, പത്മദളം അങ്ങനെ എത്രയോ രചനകൾ .

1958 മാർച്ച് 13ന് ഭാരതത്തേയും കേരളത്തേയും കുറിച്ച് അഭിമാനത്തോടെ പാടിയമഹാകവി യാത്രയായി.ദീപ്തമായ ആ ഓർമ്മയ്ക്കു മുന്നിൽ പ്രണാമം…

അവതരണം: അജി സുരേന്ദ്രൻ✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments