പത്തനംതിട്ട: ജീവിത സാഹചര്യങ്ങളോട് പട പൊരുതി 76-ാം വയസിലും കിണറ് പണിക്ക് പോയി ഉപജീവനം കണ്ടെത്തുന്ന അടൂർ ചൂരക്കോട് സ്വദേശി കുഞ്ഞുപെണ്ണ് ഈ പ്രായത്തിനിടയ്ക്ക് കുഴിച്ചത് ആയിരത്തിലധികം കിണറുകൾ. മണ്ണിനോട് പടവെട്ടി ശുദ്ധജലം കണ്ടെത്താൻ ഇന്നും ഇറങ്ങുകയാണ് കുഞ്ഞുപെണ്ണ്. തോർത്തുമുണ്ട് വരിഞ്ഞുകെട്ടി കുഞ്ഞുപെണ്ണ് മണ്ണിനടിയിലെ ഉറവ് തേടിയിറങ്ങുന്ന കാഴ്ച്ച നാട്ടുകാർക്ക് പുതുമയല്ല കാരണം അവർ നിത്യവും കാണുന്നതാണ്.
30ാം വയസ് മുതൽ മണ്ണിനോട് പടവെട്ടി തുടങ്ങിയ ജീവിതമാണ് കുഞ്ഞി പെണ്ണിന്റേത്. കിണറുപണിയിലേക്ക് ജീവിതം വഴിമാറിയിതിനു പിന്നിലും ഒരു അനുഭവവും കുഞ്ഞുപെണ്ണ് പറയുന്നു. രണ്ട് ആണുങ്ങൾ കിണറ് കുഴിച്ചു കൊണ്ടിരിക്കുകയാണ്. ആ സമയത്ത് കെട്ടിടപ്പണിയിലായിരുന്നു താനെന്ന് പറയുന്നു കുഞ്ഞുപെണ്ണ്. ഈ കിണറ് പണിയൊന്ന് കാണാൻ വേണ്ടി ഓടിവന്നപ്പോൾ സ്ത്രീകൾ ഇങ്ങോട്ട് വരരുത്, പുരുഷന്മാരുടെ ആജ്ഞയായിരുന്നു. പെണ്ണുങ്ങൾ നോക്കാൻ പാടില്ല. നോക്കിയാൽ എന്തേലും സംഭവിച്ചു പോകുമെന്ന് അവര് പറഞ്ഞു. അങ്ങനെ ഹൃദയം പൊളിച്ച അവഗണനയാണ് പിന്നീട് ആയിരം കിണറുകൾ കുത്തുന്നതിലേക്ക് കുഞ്ഞുപെണ്ണിനെ നയിച്ചത്.
മണ്ണറിഞ്ഞ് വളരെ ശ്രദ്ധയോടെ ചെയ്യേണ്ട ജോലിയാണ് കിണറുപണിയെന്ന് കുഞ്ഞുപെണ്ണ്. ‘കിണറുകുത്തി വെള്ളം കിട്ടും വരെ ഉള്ളിൽ പ്രാർത്ഥനയാണ്. ജില്ലയ്ക്ക് പുറത്തുവരെ പോയും കിണറുകൾ കുത്തിയിട്ടുണ്ട്’- എരിയുന്ന വയറാണ് എല്ലാത്തിനും ഊർജ്ജമെന്നാണ് കുഞ്ഞുപെണ്ണിന്റെ വാദം. ദാഹമകറ്റാൻ, തെളിനീരൊഴുക്കാൻ കുഞ്ഞുപെണ്ണ് ഓടിനടക്കുമ്പോഴും ഉള്ളിലൊരു സങ്കടവുമുണ്ട്. ‘ഞാൻ ഇത്രയും കാലം ഓരോന്നും ചെയ്യുന്നു. കിണറിന്റെ മേഖലയിലേക്ക് പോകുകയും ജോലി ചെയ്യുന്നുമുണ്ട്. പക്ഷേ ഈ കുഞ്ഞുപെണ്ണിന് ഇപ്പോഴുമൊരു അടച്ചുറപ്പുള്ള വീടില്ല. പുരുഷന്മാരെ സ്ത്രീകളെ അവഗണിക്കാതെ ലിംഗ സമത്വമാണ് നാടിനാവശ്യം.
വടക്കടത്തുകാവ് ഓട്ടോസ്റ്റാൻഡിൽ ഓട്ടോറിക്ഷ ഓടിക്കുന്ന മകൻ കിഷോറും കിണർ കുഴിക്കാൻ ചിലപ്പോൾ സഹായിക്കും. കിണറിന് സ്ഥാനം കാണുന്നതുമുതൽ എല്ലാ ജോലികളും ഇവർ ചെയ്യുന്നു. കിണറ്റിൽ ഇറങ്ങി കുഴികുത്തുന്നത് അമ്മയാണെന്ന് കിഷോർ പറയുന്നു. 76-ാം വയസ്സിലും ഒരു ശാരീരികപ്രശ്നവും കുഞ്ഞുപെണ്ണിനില്ല.