അക്ഷതം എന്നാൽ ക്ഷതം ഇല്ലാത്തത് അഥവാ പൊട്ടാത്തത് എന്നാണർത്ഥം. മിക്ക ഹൈന്ദവ അനുഷ്ഠാനങ്ങളിലും ഉപയോഗിക്കുന്ന പൂജാദ്രവ്യമാണ് അക്ഷതം. ക്ഷേത്രങ്ങളിൽ പ്രത്യേക പൂജകളും പ്രതിഷ്ഠകളും നടക്കുമ്പോൾ അക്ഷതം നൽകാറുണ്ട്. പൂജാകർമ്മങ്ങളിൽ പഞ്ചഭൂതങ്ങളിൽ അധിഷ്ഠിതമായ തത്വങ്ങൾ ഉപയോഗിക്കുന്നു.
അക്ഷതം ഒരേ സമയം തന്നെ ഭൂമി, ആകാശം എന്നീ തത്വങ്ങളെ പ്രതിനിധാനം ചെയ്യുന്നു. പുഷ്പം ആകാശതത്വമായിട്ടുള്ളതിനാൽ പുഷ്പം ഇല്ലെങ്കിൽ അക്ഷതം കൊണ്ട് പൂജ പൂർത്തിയാക്കാം എന്നൊരു സങ്കൽപവുമുണ്ട്. ഷോഡശോപചാരങ്ങളിൽ വസ്ത്രം, ആഭരണം, ഉത്തരീയം മുതലായ ദ്രവ്യങ്ങൾ ഇല്ലാത്ത അവസരങ്ങളിൽ ആ സ്ഥാനത്ത് അക്ഷതം സമർപ്പിക്കാറുണ്ട്.
വിവാഹവേളയിൽ വധൂവരൻമാരുടെ ശിരസ്സിൽ അക്ഷതം തൂകി അനുഗ്രഹിക്കുന്ന പതിവുണ്ട്. സാധാരണ പൂജാവേളയിലും, പൂജാവസാന സമയത്തും, അല്ലാതെയും അനുഗ്രഹിക്കാൻ വേണ്ടിയും അക്ഷതം ഉപയോഗിക്കാറുണ്ട്. അക്ഷതം കയ്യിലെടുത്ത് പിടിച്ചു കൊണ്ട് ധ്യാനിക്കുകയോ ജപിക്കുകയോ ചെയ്തശേഷം ആളുകളിലേക്ക് വിതറിയാണ് അനുഗ്രഹിക്കുന്നത്. പൂജകളിൽ ചെയ്യുന്ന സങ്കൽപ്പങ്ങളും പ്രാർത്ഥനകളും ഈശ്വരനിലേക്ക് ചേർക്കാൻ അക്ഷതം ഉപയോഗിക്കും. പൂജകളിൽ പങ്കെടുക്കുന്നവരുടെ കയ്യിൽ അക്ഷതം കൊടുത്ത് പ്രാർത്ഥനകൾ അക്ഷതത്തിലേക്ക് എത്തിച്ച് ഈശ്വരനിൽ സമർപ്പിക്കുന്നതാണ് രീതി. മഞ്ഞൾപ്പൊടി പാകത്തിൽ കലർത്തിയ അക്ഷതം മന്ത്രോച്ചാരണത്തോടെ ദേവതകൾക്കു സമർപ്പിച്ചശേഷം ഭക്തർക്ക് വിതരണം ചെയ്യാറുമുണ്ട്.
ദേശ വ്യത്യാസമനുസരിച്ച് അക്ഷതം തയ്യാറാക്കുന്നതിലും ഉപയോഗിക്കുന്നതിലും വ്യത്യാസമുണ്ട്. ഏതു തരത്തിലുള്ള ധാന്യം കൊണ്ടും അക്ഷതം തയ്യാറാക്കാം. എന്നാൽ ഏതു ധാന്യമായാലും പൊട്ടാൻ പാടില്ല എന്നതാണ് അടിസ്ഥാന കാര്യം. കേരളത്തിൽ സാധാരണ ഉണക്കലരിയും നെല്ലും 2:1 എന്ന അനുപാതത്തിൽ ചേർത്താണ് അക്ഷതം തയ്യാറാക്കുന്നത്. എന്നാൽ അരിക്ക് പകരമായി കടുകും എള്ളും ചേർത്ത അക്ഷതവും ഉപയോഗിക്കാറുണ്ട്. തമിഴ്‌നാട്ടിൽ പച്ചരിയിൽ മഞ്ഞൾപൊടിയോ കുങ്കുമമോ ചേർത്താണ് അക്ഷതം ഉണ്ടാക്കുന്നത്. ഉത്തരേന്ത്യയിൽ ഗോതമ്പ് മണികളിൽ മഞ്ഞൾപൊടിയോ കുങ്കുമമോ ചേർത്ത് ഉണ്ടാക്കുന്നു.
വഴിപാടംശം പോലെ പാവനവും പരിശുദ്ധവുമായതിനാൽ പൂജ കഴിഞ്ഞു തിരികെ ലഭിക്കുന്ന പുണ്യമാർന്ന അക്ഷതം പവിത്രമായി സൂക്ഷിക്കേണ്ടതുമാണ് എന്നാണ് സങ്കൽപം.
– – –