താരകാസുരൻ തൃലോകങ്ങളിലേയും ജീവിതം ദുസ്സഹമാക്കിയപ്പോൾ മഹർഷിമാരും ദേവന്മാരും ശിവപാർവതിമാരെ അഭയം പ്രാപിച്ചു. താരകാസുര നിഗ്രഹത്തിനായി പുത്രനായ സുബ്രഹ്മണ്യനെയാണ് ശിവ ഭഗവാൻ അയയ്ക്കുന്നത്. താരകാസുരനെ വധിച്ച് സുബ്രഹ്മണ്യദേവൻ ലോകത്ത് വീണ്ടും ഐശ്വര്യമെത്തിച്ചു. ആ നാളിന്റെ സ്മരണയ്ക്കാണ് തൈപ്പൂയാഘോഷം.
”ധര്‍മ്മത്തിന്റെ മൂലം വേദങ്ങളിലാണ്” വേദം സ്വയംഭൂവാണ്. തപോനിഷ്ഠരായിരുന്ന മഹര്‍ഷിമാര്‍ തപസ്സനുഷ്ഠിച്ച്, മനനംചെയ്ത് മനക്കണ്ണാല്‍ ദര്‍ശിച്ച് ഉദീരണംചെയ്തു. ആമന്ത്രങ്ങള്‍ ഋഷിമാര്‍ അര്‍ഷിച്ചതുകൊണ്ട് (പ്രാപിച്ചതുകൊണ്ട്) മഹര്‍ഷിമാരായി, ഋക്കുകളായി.
വിദ് എന്ന ധാതുവില്‍നിന്ന് വേദം എന്ന വാക്കുണ്ടായി. വേദം എന്നാല്‍ അറിവിന്റെ ഭണ്ഡാരം എന്ന് അര്‍ത്ഥം വരുന്നു. ചതുര്‍വേദങ്ങള്‍ സാധാരണ ജനങ്ങള്‍ക്ക് വ്യാസമഹര്‍ഷി പകര്‍ന്നതാണ്. പതിനെട്ട് പുരാണങ്ങള്‍ അതില്‍ ഏറ്റവും
വലിയ പുരാണം (എണ്‍പത്തേഴായിരത്തി ഒരുനൂറ് (87100)ഗ്രന്ഥം) സ്‌കന്ദപുരാണം.
ധര്‍മ്മച്യുതിവരുമ്പോള്‍ ഈശ്വരന്‍ അവതാരമെടുത്ത് അധര്‍മ്മികളെ ഹനിച്ച് ധര്‍മ്മം പുനസ്ഥാപിക്കുന്നു.
സ്‌കന്ദപ്പെരുമാള്‍ ശത്രുക്കളുടെ ശക്തിയെ ക്ഷയിപ്പിച്ച് ജ്ഞാനം പകര്‍ന്നുകൊടുക്കുന്നു.
ശ്രീപരമേശ്വരന്റെ തേജപുഞ്ജം ഗംഗാനദിയില്‍ക്കൂടി ഒഴുകി ശരവണപൊയ്കയിലെത്തി. ആയിരത്തെട്ടു ഇതളുള്ള താമരപ്പൂവില്‍ ആറുശിശുക്കളായി രൂപം പ്രാപിച്ചു. പാര്‍വതി ദേവി ഈ ശിശുക്കളെ ആലിംഗനം
ചെയ്തപ്പോള്‍ ശരീരം ഒന്നായി.
ആറുമുഖങ്ങളും ഒരു ശരീരവും ഉള്ള ഷഡാനന്‍ ആയിത്തീര്‍ന്നു. കാര്‍ത്തിക മങ്കമാര്‍ ഈ ശിവുവിനെ വളര്‍ത്തിയതിനാല്‍ കാര്‍ത്തികേയനായി. വിശാഖം നാളില്‍ അവതരിച്ച ഭഗവാന്‍ വൈശാഖന്‍ എന്നും അറിയപ്പെട്ടു. ശക്തി വേല്‍ ആയുധമായ ദേവന്‍ വേലായുധനുമായി..
തമിഴ് പഞ്ചാംഗത്തിൽ ”തൈ” മാസത്തിലെ (മലയാളം പഞ്ചാംഗത്തിൽ മകരമാസത്തിൽ) പൂയം നാളാണ് തൈപ്പൂയമായിആഘോഷിക്കുന്നത്
ശിവസുതനും ദേവസേനാപതിയുമായ സുബ്രഹ്മണ്യൻ താരകാസുരനെ
യുദ്ധത്തിൽ വധിച്ച് വിജയം കൈവരിച്ച ദിവസമാണ് മകരമാസത്തിലെ പൂയം നാൾ
എന്ന് കരുതുന്നു.
തമിഴ് നാട്ടിലേയും കേരളത്തിലേയും സുബ്രഹ്മണ്യക്ഷേത്രങ്ങളിൽ ഈ ദിവസം പ്രധാനമാണ്. കേരളത്തില്‍ എല്ലാ സുബ്രഹ്മണ്യ ക്ഷേത്രങ്ങളിലും സുബ്രഹ്മണ്യ
ദേവൻ ഉപദേവതയായ ക്ഷേത്രങ്ങളിലും തൈപ്പൂയാഘോഷം നടക്കുന്നു.
കേരളത്തില്‍ തെക്കന്‍ പളനി എന്നറിയപ്പെടുന്ന (ആലപ്പുഴ ജില്ലയിലെ) ഹരിപ്പാട് ശ്രീ സുബ്രഹ്മണ്യസ്വാമി മഹാ ക്ഷേത്രത്തിലെ തൈപ്പൂയം വലിപ്പം കൊണ്ടും ആഘോഷംകൊണ്ടും പ്രസിദ്ധമാണ്.
ഭാരതത്തിലും പുറംദേശങ്ങളിലേയും സുബ്രഹ്മണ്യസ്വാമി ക്ഷേത്രങ്ങളിലേ പ്രധാന ആഘോഷമാണ് (കാവടിയാട്ടം )
. തൈമാസത്തിലെ (മലയാളമാസം മകരത്തിൽ) പൂയം നാൾ നടത്തുന്ന ആഘോഷമായതിനാൽ ” തൈപ്പൂയം ” എന്നപേര് കൈവന്നു.
ഐതീഹ്യംഃ-
ഒരിക്കൽ അഗസ്ത്യമഹർഷി ശ്രീപരമേശ്വരനേ ദർശിക്കുവാനായി ശ്രീ കൈലാസത്തിലെത്തി. മഹർഷിയുടെ ആരാധനയിൽ സംപ്രീതനായ ഭഗവാൻ രണ്ട് ശൃംഗങ്ങൾ( മലകൾ) –”ശിവശൃംഗവും ശക്തിശൃംഗവും”– അദ്ദേഹത്തിനു സമ്മാനിച്ചു. തന്റെ ശിഷ്യനായ ഹിഡുംബൻ എന്ന അസുരന്റെ സഹായത്താൽ ആ കുന്നുകൾ ദക്ഷിണദിക്കിലേക്ക് കൊണ്ടുപോകുവാൻ തയ്യാറായി. അനന്തൻ, വാസുകി, തക്ഷകൻ തുടങ്ങിയ നാഗശ്രേഷ്ടന്മാരേ കയറായി ഉപയോഗിച്ച് ഒരു ബ്രഹ്മദണ്ഡിന്റെ രണ്ടറ്റത്തും മലകൾ ബന്ധിച്ച് അവർ യാത്രതിരിച്ചു.
പഴനിയിൽ എത്തിയപ്പോൾ ഭാരമിറക്കി അല്പനേരം വിശ്രമിച്ചു. ക്ഷീണമകറ്റി വീണ്ടും മലകളെടുത്ത് യാത്ര തുടങ്ങാൻ തുനിഞ്ഞപ്പോൾ ആ ശൃംഗങ്ങൾ അനങ്ങുന്നില്ല.
അത്ഭുതപ്പെട്ട് ചുറ്റും നോക്കിയ ഹിഡുംബൻ കണ്ടത് ഒരു മലയിൽ വടിയും പിടിച്ച് നിൽക്കുന്ന ഒരു പയ്യനെയാണ്. ആ മല ശിവശൈലമാണെന്നും, അത് തൻറെതാണെന്നും ഹിഡുംബനോട് ആ പയ്യൻ വാദിച്ചു. എന്നാൽ ഹിഡുംബൻ സമ്മതിച്ചില്ല.
അങ്ങനെ അവർ തമ്മിൽ യുദ്ധമായി.ഒടുവിൽ ബാലൻ ഹിഡുംബനെ വധിച്ചു.
ആബാലകൻ സാക്ഷാൽ പഴനിയാണ്ടവൻ ആണെന്ന് പറയേണ്ടതില്ലല്ലോ!!!!!
ബാലകൻ ശ്രീമുരുകനാണെന്ന് മനസ്സിലായ അഗസ്ത്യമുനി, അദ്ദേഹത്തെ സ്തുതിച്ച് പ്രാർത്ഥിച്ചു.
അഗസ്ത്യമുനിയുടെ അപേക്ഷപ്രകാരം മുരുകൻ ഹിഡുംബനെ ജീവിപ്പിച്ചു. പുനർജ്ജീവിച്ച ഹിഡുംബൻ താൻ മലകൾ കൊണ്ടുവന്ന പോലെ പൂജാദ്രവ്യങ്ങൾ കാവടിയിൽ കെട്ടിക്കൊണ്ട് വരുന്ന ഭക്തരെ അനുഗ്രഹിക്കണമെന്നും ഒപ്പം തന്നെ ദ്വാരപാലകൻ ആക്കണമെന്നും മുരുകനോട് അപേക്ഷിച്ചു. അങ്ങനെയാണ് കാവടി എടുത്ത് തുടങ്ങിയതെന്നു ഐതിഹ്യം. കാവടി മഹോത്സവത്തിന്റെ ഭാഗമായി ചില സുബ്രമണ്യക്ഷേത്രങ്ങളിൽ “ഹിഡുംബൻ പൂജ” എന്നൊരു പൂജയുണ്ട്.
ഒരു വടിയില്‍ ഇരുവശത്തുമായി ഒരു ‘തുലാസ്’ പോലെ (തമിഴില്‍ ‘കാവടി’) ,( ദണ്ഡിനുമീതെ കമാനാകൃതിയില്‍ കാവടി രൂപം) ഭക്തര്‍ മുരുകന് അര്‍പ്പിക്കാന്‍ തുടങ്ങിയതെന്നു ഐതിഹ്യം .
എണ്ണ, നെയ്യ്, ശർക്കര, കരിമ്പിൻ നീര്, കരിക്ക്, തേന്, പാല്, പനിനീര്, പഞ്ചാമൃതം, കളഭം, കുങ്കുമം, ഭസ്മം, പുഷ്പം തുടങ്ങിയ അഭിഷേക ദ്രവ്യങ്ങൾ കാവടിയിൽ ചെറിയ കലശ കുടങ്ങളിൽ നിറക്കുന്ന പൂജക്ക് ഹിഡുംബൻ_പൂജ എന്നു പറയുന്നു.
കാവടി
സാധാരണ കാവടിക്ക് പ്രധാനമായും അഞ്ച് ഭാഗങ്ങളാണ് ഉള്ളത്. തടയിൽ തീർത്തഭാഗമാണ് പ്രധാന ഭാഗം. അത് കാവടി ചട്ടം എന്നറിയപ്പെടുന്നു. ഇത് വരിക്കപ്ലാവിന്റെ തടിയിലാണ് നിര്‍മ്മിക്കുന്നത്. ഹരിപ്പാട് പ്രദേശത്തേ ഭവനങ്ങളിൽ
ഇത്തരം കാവടികൾ വർഷങ്ങളായി സൂക്ഷിച്ചു പോരുന്നുണ്ട്. രണ്ടും മൂന്നും ഭാഗങ്ങൾ അതാത് വർഷത്തെഉത്സവത്തോട് അനുബന്ധിച്ച് പ്രത്യേകം നിർമ്മിച്ചെടുക്കുന്നവയാണ്.
രണ്ടാമത്തെ പ്രധാനഭാഗം ഈറ ഉപയോഗിച്ച് കാവടാച്ചട്ടത്തിന്റെ രണ്ടുകാലുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ” റ ” ആകൃതിയിലുള്ള വളച്ചുകെട്ടാണ്. ഇത് പട്ട് ഞൊറിവെച്ച് തയിച്ചിട്ട് അലങ്കരിക്കുന്നു
കാവടി എടുക്കുന്ന ഭക്തരെ പോലെകാവടി നിർമ്മിക്കുന്നവരും ആചാര അനുഷ്ടാന പ്രകാരമുള്ള ശുദ്ധവും, വൃത്തിയും സൂക്ഷിക്കണമെന്ന് നിർബന്ധമാണ്.
കാവടിയുടെ മൂന്നാമത്തെ പ്രധാന ഭാഗം“ചെണ്ട്” എന്ന് അറിയപ്പെടുന്നു. പൂക്കളുടെ ആകൃതിയിൽ മുറിച്ചെടുക്കുന്ന വിവിധ വർണ്ണ കടലാസുകളെ ചിട്ടയോടെ ഒരു കമ്പിയിൽ കോർത്ത് മനോഹരങ്ങളായ പുഷ്പങ്ങളാക്കി മാറ്റുന്നു. പിന്നീട് ഇവ കവുങ്ങിൽ നിന്നു ചീന്തിയെടുത്ത് ഉരുട്ടിയെടുത്ത ഒരു ദണ്ഡിൽ ഭംഗിയായി നിരത്തി കെട്ടുന്നു. ഇത് തികച്ചും ഒരു കലയാണ്. തഴക്കവും, പഴക്കവും ഒപ്പം തികഞ്ഞ കലാപാരമ്പര്യവും വേണം ഇത് നിർമ്മിക്കാൻ. ചെണ്ടുകൾ കാവടിക്കാലിൽ മദ്ധ്യത്തായി തിർത്തസുഷിരങ്ങളിലാണ് ഉറപ്പിക്കുക.
നാലാമത്തേ ഭാഗം കാവടിച്ചട്ടത്തിന്റെ ഇരുകാലുകളിലും നാല് മയില്‍പ്പീലി
കെട്ടുകളാണ്.
അഞ്ചാമത്തേ ഭാഗം കാവടി നിറ എന്നറിയപ്പെടുന്ന അഭിഷേക ദ്രവ്യമടങ്ങിയരണ്ട് കലശങ്ങള്‍ ആണ്..
തോളില്‍ വയ്ക്കാന്‍ ഒരു തണ്ടും കമാനാകൃതിയില്‍ ഒരു ഭാഗവും കുറച്ചു മയില്‍ പീലികളും പൂക്കളും ചേര്‍ന്ന ഈ ആദ്യ രൂപം അനുഷ്ടാനങ്ങളുമായി ബന്ധപ്പെട്ട് മാത്രമെ ഇപ്പോഴും ഉപയോഗിക്കുന്നുള്ളൂ.
കാവടിയിൽ കൊണ്ടുപോകുന്ന ദ്രവ്യത്തെ അടിസ്ഥാനമാക്കി വിവിധ പേരുകള്‍ കാവടികൾക്ക് പറയുന്നു. പാൽക്കാവടി, ഭസ്മക്കാവടി, എണ്ണക്കാവടി, കളഭക്കാവടി, പുഷ്പക്കാവടി, പനനീര്‍ക്കാവടി, കർപ്പൂരക്കാവടി, കുങ്കുമക്കാവടി, പഞ്ചാമൃതക്കാവടി എന്നിവ പ്രധാനം. ഇപ്പോൾ അലങ്കാരമായും കവടികൾ ഉപയോഗിക്കുന്നു.
കാവടി എടുക്കുവാൻ ആഗ്രഹിക്കുന്ന ഭക്തൻ 41ദിവസത്തേ വ്രതമെടുക്കണം .
(21 ദിവസവും, 12ദിവസവും വ്രതം നോക്കുന്നവരുമുണ്ട് ) ഏതായാലും
തൈപ്പൂയത്തിന് തലേന്നാൾ (പുണർതത്തിന് ) വ്രതം പൂർത്തിയാകണം അതാണ് ചിട്ട.
വ്രതമെടുക്കുന്ന ആൾ കുളിച്ച് ശുദ്ധമായി കാവി വസ്ത്രം ധരിച്ച് ക്ഷേത്രത്തിലെത്തി മുദ്രയണിയണം . വ്രതത്തിന്റെ അവസാന 12 ദിവസം പഞ്ചഗവ്യം സേവിക്കണം. ക്ഷേത്രത്തിലേ ഉച്ചപ്പൂജയുടെ സ്നാനഘട്ടത്തിൽ നിത്യേന ദേവന് അഭിഷേകം ചെയ്യുന്ന നവക-പഞ്ചഗവ്യാഭിഷേക തീർത്ഥം ആണ് കാവടി സ്വാമിമാർ സേവിക്കുന്ന പഞ്ചഗവ്യം. പഞ്ചഗവ്യസേവ തുടങ്ങിയാൽ കാവടിസ്വാമിമാർ മുദ്രയോടെപ്പം കയ്യിൽ പിടിപ്പീലിയും കരുതണം. ഭഗവത്പ്രതീകമാണ് പിടിപ്പീലി. ഒരുപിടി മയിൽപ്പീലിയോടൊപ്പം ദണ്ഡായുധപാണിയുടെ ദണ്ഡും ശൂലവും എന്ന സങ്കൽപ്പത്തിൽ ഒരുകഷ്ണം ചൂരലും ഒരു ചെറിയ ശൂലവും കൂട്ടിക്കെട്ടിയതാണ് പിടിപ്പീലി. പഞ്ചഗവ്യം സേവിച്ചുതുടങ്ങിയാൽ പാദരക്ഷ ഉപേക്ഷിക്കണം. പകലുറങ്ങരുത്. നിലത്ത്കിടന്നേ രാത്രി ഉറങ്ങാവു. അരിയാഹാരം ഒരിക്കൽ മാത്രം.
കാവടിഭിക്ഷ നിർബ്ബന്ധമാണ് സ്വാമിമാർക്ക്. കുറഞ്ഞത് പരിചയമില്ലാത്ത ഏഴ് വീടുകളിൽനിന്നെങ്കിലും അരി ഭിക്ഷയായി വാങ്ങണം. ഈ ഭിക്ഷാന്നം വ്രതത്തിന്റെ ഒരു ദിവസം വച്ചുണ്ണണം എന്നാണ് വിധി. കാവടി എടുക്കുന്നതിന്റെ തലേദിവസം അരി ആഹാരം വർജ്ജിച്ച് (ഏകാദശി വ്രതം പോലെ) വ്രതം നോക്കണം. രാത്രി കാവടി നിറക്കുന്ന സ്ഥലത്ത് നാമസങ്കീർത്തനവുമായി കഴിഞ്ഞുകൂടണം. ഉറങ്ങരുത്.
കാവടി അഭിഷേകം നടത്തി അഭിഷേകശിഷ്ടം വാങ്ങി സേവിച്ച് /ഉപയോഗിച്ചതിന്ശേഷം മാത്രം മറ്റ് ആഹാരങ്ങൾ കഴിക്കാവു.
*ഹരിഗീതപുരേശന്റെ
കാവടി അഭിഷേകം*
വെളുപ്പിനെ നടതുറന്നാലുടനെ എണ്ണകൊണ്ട് അഭിഷേകംചെയ്ത് ഇഞ്ചതേച്ച് വിഗ്രഹം ശുചിയാക്കിയശേഷം ഋഗ്വേദ മന്ത്രങ്ങള്‍ , പുരുഷസൂക്തം , സപ്ത ശുദ്ധിമന്ത്രങ്ങൾ, ദേവന്റെ മൂലമന്ത്രം ഇവ ജപിച്ച് ശംഖാഭിഷേകം നടത്തിയാണു ക്ഷേത്രങ്ങളില്‍ ദിവസപൂജകള്‍ ആരംഭിക്കുന്നത്.
തുടർന്ന് ഉഷപ്പുജ നടത്തുന്നു.ഈ പൂജയുടെ സ്നാനഘട്ടത്തിലാണ് ആദ്യം ദേവന് അഭിഷേകം ചെയ്യുന്ന ദ്രവ്യമായ എണ്ണക്കാവടി അഭിഷേകം നടത്തി ഉഷപ്പായസം നിവേദിച്ച് ആരതി നടത്തി പൂജ പൂർത്തിയാക്കുന്നു..
പിന്നീട് രണ്ടാമത്തേ പൂജയായ എതിരേറ്റ്പൂജ തുടങ്ങി അതിന്റെ സ്നാനഘട്ടത്തിൽ ആണ് അഷ്ടാഭിഷേകദ്രവ്യങ്ങളായ നെയ്യ് ശർക്കര മുതലായ ദ്രവ്യങ്ങൾ അഭിഷേകം ചെയ്യുന്നത്.ശേഷം പായസം, വെള്ള ഇവ നിവേദിച്ച് ആരതി നടത്തി പൂജ പൂർത്തിയാക്കുന്നു.. തുടർന്ന് ഉഷശ്രീബലി നടത്തുന്നു.
തുടർന്ന് മൂന്നാമത്തേ പൂജയായ പന്തീരടി പൂജ ആരംഭിച്ച് ആ പൂജയുടെ സ്നാനഘട്ടത്തിൽ പഞ്ചഗവ്യ-നവകാഭിഷേകങ്ങൾ നടത്തി വീണ്ടും ദ്രാവകരൂപത്തിലുള്ള പാൽ,പനിനീര്,കരിമ്പിൻനീര് ഇളനീര് തുടങ്ങിയ ദ്രവ്യങ്ങൾ ആടുന്നു.തുടർന്ന് പായസം, വെള്ള തുടങ്ങിയവ നിവേദിച്ച് ആരതി നടത്തി പൂജ പൂർത്തിയാക്കുന്നു..
തുടർന്ന് നാലാമത്തേ പൂജയായ ഉച്ച പൂജ ആരംഭിച്ച് ആ പൂജയുടെ സ്നാനഘട്ടത്തിൽ പഞ്ചാമൃതം, കളഭം എന്നീ കാവടികളും അഭിഷേകം നടത്തുന്നു. മഹാനിവേദ്യം (ചതുഃശ്ശതം,തുലാപ്പായസം )കഴിഞ്ഞ് ആരതിനടത്തി ,ഉച്ചശ്രീബലിയും നടത്തി നടയടക്കുന്നു.
വൈകിട്ട് 5ന് നടതുറന്ന് 6മണി കഴിഞ്ഞ് ദീപാരാധന നടത്തിയശേഷം അത്തഴപ്പൂജ തുടങ്ങി ആ പൂജയുടെ സ്നാനഘടത്തിൽ കുങ്കുമം ,ഭസ്മം,പുഷ്പം എന്നീ കാവടികൾ അഭിഷേകം നടത്തി അത്താഴ പൂജ പൂർത്തിയാക്കി ഉണ്ണിയപ്പം, പാൽ, പായസം വെറ്റില ,അടക്ക ഇവയെല്ലാം നിവേദിച്ച് ആരതി നടത്തി അത്താഴ ശ്രീബലിയും നടത്തി നടയടക്കുന്നു..
നെയ്യ്,ശർക്കര,പാൽ,കരിമ്പിൻനീര്, ഇളനീര് എന്നിവ ഉച്ചപ്പൂജക്ക് മുമ്പും പഞ്ചാമൃതം, കളഭം ഇവ ഉച്ചപ്പൂജക്കും, ഭസ്മം,കുങ്കുമം എന്നിവ അത്താഴപ്പൂജക്കും അഭിഷേകം ചെയ്യുന്നു.
ചിലഭക്തർ കർപ്പൂരം കാവടി നിറച്ച് കൊണ്ടുവരുമെങ്കിലും ക്ഷേത്രത്തിൽ അഭിഷേകം ചെയ്യാറില്ല. ശുലം ശരീരത്തിൽ തറച്ച് കാവടി ഹരിപ്പാട് ശ്രീ സുബ്രഹ്മണ്യസ്വാമി മഹാക്ഷേത്രത്തിൽ ആചാര വിരുദ്ധമാണ്.
തൈപ്പൂയാഘോഷമുള്ള കേരളത്തിലെ ചില പ്രശസ്തമായ ക്ഷേത്രങ്ങൾ:
സുബ്രഹ്മണ്യസ്വാമി മഹാക്ഷേത്രം -ഹരിപ്പാട്
ചെറിയനാട്ടു ശ്രീ ബാലസുബ്രഹ്മണ്യ സ്വാമി ക്ഷേത്രം,
കരിക്കാട് സുബ്രഹ്മണ്യസ്വാമീക്ഷേത്രം,
പെരുന്ന സുബ്രഹ്മണ്യസ്വാമിക്ഷേത്രം,
തൃപ്പേരൂർ കുളങ്ങര ശ്രീസുബ്രഹ്മണ്യസ്വാമിക്ഷേത്രം,
കൊടുന്തറ ശ്രീ സുബ്രഹ്മണ്യസ്വാമിക്ഷേത്രം,
ആർപ്പൂക്കര സുബ്രഹ്മണ്യസ്വാമിക്ഷേത്രം,
കിടങ്ങൂർ ശ്രീ സുബ്രഹ്മണ്യസ്വാമിക്ഷേത്രം,
നീണ്ടൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം
ഇടവട്ടം, പൂജപ്പുര സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം,
ചേർപ്പ് തായംകുളംങര സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം.
ഹരഹരോ..ഹരഹര