കരിപ്പൂര്‍: മലബാർ പ്രവാസികളുടെ ആശാ കേന്ദ്രമായ കരിപൂർ വിമാനത്താവളത്തിലേക്ക് ആഴ്ചയിൽ ആറു സർവീസുമായി ഫ്ലൈ നാസ്. നിലവിലെ അവരുടെ സർവ്വീസുകൾ വിപുലീകരിച്ചാണ് ആഴ്ചയിൽ ഒരു ദിവസം ഒഴികെ എല്ലാ ദിവസവും സർവ്വീസ് നടത്തുന്നത്. ഒക്ടോബർ ഒന്ന് മുതൽ ബുധൻ ഒഴിച്ചുള്ള എല്ലാ ദിവസങ്ങളിലും സഊദിക്കും കരിപ്പൂരിനും ഇടയിൽ സർവ്വീസ് നടത്താനാണ് സഊദിയിലെ ബജറ്റ് വിമാനകമ്പനിയായ ഫ്ലൈ നാസ് ഒരുങ്ങുന്നത്.
റിയാദ് – കോഴിക്കോട് – റിയാദ് റൂട്ടിൽ നിലവിൽ ആഴ്ചയിൽ 4 വീതം സർവീസുകളാണ് ഉള്ളത്. ഇതാണ് ആറ് സർവീസ് ആക്കി ഉയർത്തുന്നത്. ഈ സർവീസ് ഉപയോഗപ്പെടുത്തി സഊദിയിലെ ജിദ്ദ, അബഹ, നജ്റാൻ, ജിസാൻ, ദമാം, തബൂക് തുടങ്ങിയ മറ്റു നഗരങ്ങളിലേക്കും യാത്ര ചെയ്യാൻ സാധിക്കും.
റിയാദിൽ നിന്ന് അർധരാത്രി 00:05 നു പറന്നുയരുന്ന വിമാനം രാവിലെ 07:30 നു കോഴിക്കോട് ഇറങ്ങും. കോഴിക്കോട് നിന്നും രാവിലെ 08:25 പറന്നുയരുന്ന വിമാനം റിയാദിൽ 11:45 എത്തിച്ചേരും. ലൈറ്റ് ടിക്കറ്റ് നിരക്കിൽ 20 കിലോ ലഗ്ഗേജ്, 07 കിലോ ഹാൻഡ് ബാഗും അനുവദിക്കും. എന്നാൽ, തൊട്ടുയർന്നു നിൽക്കുന്ന ടിക്കറ്റ് നിരക്കിൽ 30 കിലോ ലഗ്ഗേജ്, 07 കിലോ ഹാൻഡ് ബാഗും ഏറ്റവും ഉയർന്ന കാറ്റഗറിയിൽ നാൽപത് കിലോ ലഗ്ഗേജ്, ഏഴു കിലോ ഹാൻഡ് ബാഗ് എന്നിവയും അനുവദിക്കും.