പത്തു വർഷങ്ങൾ എത്ര വേഗമാണ് കടന്നു പോയത്. അതിൽ ഒരിക്കലെങ്കിലും ഞാൻ എന്റെ അച്ഛനെ ഓർക്കാത്ത ദിവസമുണ്ടോ.. ഉണ്ടാവില്ല കാരണം നമുക്ക് ജന്മം നൽകിയവർ ദൂരെയാണെങ്കിലും മണ്മറഞ്ഞു പോയെന്നാലും അവരുടെ ആത്മാവ് നമ്മോടൊപ്പം ഉണ്ടാകും. ഞാൻ ഇത് പറയുമ്പോൾ പലരും കരുതും ഇതൊക്കെ സങ്കല്പം മാത്രം ആയിരിക്കും എന്ന്. മരിച്ചു പോയവരുടെ സാന്നിധ്യം അറിയാനും അവർ നമ്മോട് സംസാരിക്കാനും നമുക്ക് സാധിക്കും. പക്ഷേ അതിന് നമ്മൾ നമ്മുടെ മനസ്സിനെ ഏകാഗ്രമാക്കി കുറച്ചു സമയം നമ്മിൽ ജീവിക്കണം. അപ്പോൾ നമ്മുടെ ചുറ്റും അവർ വരും നമ്മോട് സംസാരിക്കും സാന്ത്വനം നൽകും. ചിലപ്പോൾ നമ്മെ വേദനിപ്പിച്ചവർക്ക് നല്ല പണിയും കൊടുക്കും. അവരുടെ സാന്നിധ്യമെങ്ങനെ അറിയാം എന്ന് ചോദിച്ചാൽ അവരുപയോഗിച്ചിരുന്ന പെർഫ്യൂമിന്റെ ഗന്ധം ആവാം.. അവരുടെ ശബ്ദം മുഴങ്ങുന്ന പോലെ തോന്നാം അങ്ങനെ പലതും…
കുറച്ചു വർഷങ്ങളായി അച്ഛന്റെ ഓർമ്മ ദിവസം ഞാൻ ഒരു ഓർമ്മ പങ്കു വെയ്ക്കാറുണ്ട്. ഇത്തവണ ഞാൻ പങ്കു വെയ്ക്കുന്നത് ഞാൻ വെയിൽ കൊള്ളുന്നത് പോലും ഇഷ്ടമില്ലാതിരുന്ന അപ്പച്ചന്റെ കരുതൽ ആണ്.
അന്ന് അപ്പച്ചന് മണ്ണുത്തിയിൽ എൻജിൻ ഓയിൽ, സ്പെയർ പാർട്സ് എന്നിവയുടെ ഷോപ്പ് ആണ്. കടയുടമകൾ എല്ലാം ചേർന്ന് വ്യാപാരി വ്യവസായി സമിതി എന്നൊരു സംഘടന ഉണ്ട്. അപ്പച്ചൻ അതിലൊരു ഭാരവാഹി ആയിരുന്നു. അവർ റിപ്പബ്ലിക് ഡേയിൽ, പല മത്സരങ്ങൾ നടത്തും ചുറ്റുമുള്ള സ്കൂളിൽ നിന്നെല്ലാം കുട്ടികളെയും കൊണ്ട് അധ്യാപകർ വരും ബാൻഡ് സെറ്റ്, പരേഡ്, ടാബ്ലോ, സ്കിറ്റ് എന്നിങ്ങനെ എല്ലാം മത്സരയിനങ്ങളാണ്.. കുഞ്ഞു നാളിൽ ഒരു പനി പണി തന്നതിനാൽ എനിക്ക് ആരോഗ്യം കുറച്ചു കുറവാണ് എന്നൊരു ചിന്ത അപ്പച്ചനുണ്ടായിരുന്നു. എന്നാൽ പ്രോഗ്രാം കാണാനുള്ള എന്റെ ആഗ്രഹം നിഷേധിക്കാനും അപ്പച്ചന് കഴിയുമായിരുന്നില്ല.
റിപ്പബ്ലിക് ദിനത്തിൽ മുക്കാട്ടുക്കരയിലെ സ്കൂളിൽ നിന്നും കുട്ടികൾ യൂണിഫോമിൽ മണ്ണുത്തിയിലേക്ക് വരി വരിയായി നടക്കുന്നു. അവരുടെ പിന്നിയ മുടിയിലെ റിബൺ കൂടാതെ കൈത്തണ്ടയിൽ ഒരു കൊച്ചു റിബൺ കൂടി കെട്ടി മാർച്ച് ചെയ്ത് വരുന്നത് കാണാൻ എനിക്ക് വളരെ ഇഷ്ടമായിരുന്നു. എന്നെയും അമ്മയെയും സഹോദരങ്ങളെയും അപ്പച്ചന്റെ കടയുടെ അടുത്തുള്ള ഒരു കൂൾ ഡ്രിങ്ക്സ് ഷോപ്പിൽ ഇരുത്തും. അവിടെയാണ് സമ്മേളനം നടക്കുക. ഞങ്ങൾ അഞ്ചു പേരിൽ ഞാൻ ഒഴിച്ച് ബാക്കി എല്ലാവരും റിപ്പബ്ലിക് ഡേ പരേഡിൽ ഒരിക്കലെങ്കിലും പങ്കെടുത്തിട്ടുണ്ടാകണം. എന്നെ മാത്രം വെയിലത്തു വാടി തളരും എന്ന് പറഞ്ഞു അപ്പച്ചൻ വിലക്കി. അന്നൊക്കെ എനിക്ക് അത് ഈർഷ്യ ആയിരുന്നു… ഇന്ന് വർഷങ്ങൾക്കിപ്പുറം സ്നേഹം കൊണ്ടുള്ള കരുതൽ മാത്രമെന്ന് തിരിച്ചറിയുന്നു.
സങ്കടപ്പെട്ടു ഞാൻ ഒന്ന് നിനച്ചാൽ എന്നരികിൽ ഓടിയെത്തുന്ന അപ്പച്ചന്റെ ഗന്ധം ഒരു ഓർമ്മയായ് എന്നിൽ നിറയുന്നു