Thursday, January 2, 2025
Homeസ്പെഷ്യൽനക്ഷത്രക്കൂടാരം – (ബാലപംക്തി – 26) – കുഞ്ഞുമലയാളി മനസ്സിന്റെ കിളിക്കൊഞ്ചൽ.

നക്ഷത്രക്കൂടാരം – (ബാലപംക്തി – 26) – കുഞ്ഞുമലയാളി മനസ്സിന്റെ കിളിക്കൊഞ്ചൽ.

കടമക്കുടി മാഷ്

പ്രിയ കൂട്ടുകാരേ

സുഖമല്ലേ?
മെയ്മാസത്തിലെത്തിയിട്ടും ചൂടിന് കുറവൊട്ടും തന്നെയില്ല. പഠിക്കാനും ‘കളിക്കാനും പാടാനും ആടാനുമുള്ള ദിവസങ്ങൾ ചൂടിൽ മുങ്ങിപ്പൊള്ളിത്തീരുകയാണ്. ജീവിതത്തിൽ നാം നേരിടുന്ന ഏത് അത്യുഷ്ണത്തിലെയും വാടാത്ത തണലാണ് നമ്മുടെ അമ്മ.

അമ്മമാർക്കു വേണ്ടി ഒരുദിവസം നാമാഘോഷിക്കാറുണ്ട് – മാതൃദിനം . ജീവിതത്തിൽ പകർന്നുകിട്ടുന്ന പകരം വയ്ക്കാനാകാത്ത സ്നേഹത്തിനും കരുതലിനും ലോകം നന്ദി പറയുന്ന ദിവസം. മാതൃത്വം ആഘോഷിക്കാനുള്ളതാണെന്ന് ലോകത്തെങ്ങുമുള്ള സ്‌നേഹത്തിന്‍റെയും സഹനത്തിന്‍റെയും പ്രതീകമായ ഓരോ അമ്മയെയും വീണ്ടും വീണ്ടും ഓര്‍മ്മിപ്പിക്കുന്ന ദിവസം.

അമ്മയുടെ സ്‌നേഹമോർക്കാൻ പ്രത്യേകമായി ഒരു ദിവസം ആവശ്യമില്ല. കാരണം എല്ലാ ദിവസവും അമ്മമാരുടേതും കൂടിയാണ്.

മെയ് മാസത്തിലെ രണ്ടാമത്തെ ഞായറാഴ്ചയാണ് (2024 മെയ് 12) ലോകം മാതൃദിനമായി ആചരിക്കുന്നത്. പുരാതന ഗ്രീക്കിലെ ദേവമാതാവായ റിയയോടുള്ള ആദര സൂചകമായാണ് ആദ്യമായി മാതൃദിനം ആഘോഷിച്ചിരുന്നതത്രേ.
പുതിയകാലത്തെ അമ്മദിനത്തിന് ആരംഭമിട്ടത് അന്ന മേരീസ് ജാർവിസ് എന്ന അധ്യാപികയാണ്. അമേരിക്കൻ യുദ്ധത്തിൽ പരുക്കേറ്റ അന്നയുടെ അമ്മയുടെ ആഗ്രഹമായിരുന്നു അമ്മദിനം ആചരിക്കുക എന്നത്. 1905 ൽ അമ്മ മരിച്ചതിനെ തുടർന്ന് അന്ന മാതൃദിനപ്രചാരണത്തിന് തുടക്കമിട്ടു. പള്ളികൾ കേന്ദ്രീകരിച്ചായിരുന്നു അക്കാലത്ത് മാതൃദിനാഘോഷം നടത്തിയിരുന്നത് അമ്മമാരെ നേരിൽക്കണ്ടും അവർക്ക് കത്തുകളയച്ചുമാണ് അന്ന് മക്കൾ അമ്മദിനം ആഘോഷിച്ചത്. പതിയെപ്പതിയെ മറ്റുരാജ്യങ്ങളും അമ്മ ദിനാചരണം തുടങ്ങി.

മുമ്പെങ്ങുമില്ലാത്ത വിധം അമ്മമാർ മക്കളുടെ അതിക്രമത്തിന് ഇരയാകുന്ന ഒരു കാലത്താണ് നാം ജീവിക്കുന്നത്. ദൃശ്യശ്രാവ്യ മാധ്യമങ്ങൾ തുറന്നു കാണിക്കുന്ന ഇത്തരം വാർത്തകൾ ഞെട്ടലോടെയാണ് നാം അനുഭവിക്കുന്നത്. ചിലരെങ്കിലും കണ്ണില്ലാത്ത ക്രൂരതയാണ് അമ്മമാരോട് കാണിക്കുന്നത്. സമയ ക്കുറവുകൊണ്ടും മറ്റും കെയർഹോമുകളിൽ അമ്മമാരെ പുറന്തള്ളുന്ന മക്കളുടെ എണ്ണവും കൂടി വരികയാണ്. ഏതു പ്രതികൂല സാഹചര്യങ്ങളിലും അമ്മമാരെ എന്നും ചേർത്തുപിടിക്കാൻ നമുക്ക് കഴിയണം.

ഇനി രണ്ടു മൂന്ന് അമ്മക്കവിതകളായാലോ? മാഷ് എഴുതിയതാണ്.
🌺🌺🌺🌺🌺🌺🌺🌺🌺🌺🌺

🦋🦋🦋🦋🦋🦋🦋🦋🦋🦋

നിലാവ്
“””””””””””””””
പുഞ്ചിരിച്ചുമ്മ നല്കുമ്പോളമ്മതൻ
നെഞ്ചിലുണ്ടൊരു വെണ്ണിലാവ്.
അമ്മ കൊഞ്ചുന്ന വാക്കിന്റെയുള്ളിലും
നന്മ പെയ്യും കുളിർ നിലാവ്.

എന്നമ്മ പൊന്നമ്മ
++++++++++++++++*
എന്നുമെണീക്കുമ്പോളമ്മ നല്കും
എന്റെ കവിളത്തു പൊന്നുമുത്തം
എന്നമ്മ പൊന്നമ്മ നല്ലൊരമ്മ,
എന്നമ്മയോടെനിക്കിഷ്ടമാണ്.

മധുരമാണമ്മ
++++++++++++++
മധുരമാണമ്മ തൻ വാക്കെനിക്ക്
മധുരമാണമ്മ തൻ പാട്ടെനിക്ക്
മധുരമാണമ്മതൻ ചിരിയെനിക്ക്
മധുമധുരമാണമ്മ നല്കുമുമ്മ.

അമ്മക്കവിതകൾ ഇഷ്ടമായോ? നിങ്ങൾക്കും അമ്മയെക്കുറിച്ചൊരു കവിത എഴുതിക്കൂടെ? ഈ വർഷത്തെ അമ്മദിനത്തിൽ കുഞ്ഞു കൂട്ടുകാർ നിങ്ങളെഴുതിയ ഒരു കവിത അമ്മയ്ക്കു കൊടുത്താൽ എന്തു സന്തോഷമായിരിക്കും!
ശ്രമിക്കണം.

🍄🍄🍄🍄🍄🍄🍄🍄🍄🍄🍄
ഇനി ഒരു കഥയാവാം
കഥ പറയാനെത്തുന്നത് ശ്രീ.ഷാജി മാലിപ്പാറ യാണ്

വർക്കി – അന്നക്കുട്ടി ദമ്പതികളുടെ മകനായി കോതമംഗലം താലൂക്കിലെ മാലിപ്പാറ ഗ്രാമത്തിലാണ് ഷാജി മാലിപ്പാറ ജനിച്ചത്. 1992 മുതൽ എറണാകുളം തേവര സെൻ്റ.മേരീസ് യു. പി. സ്‌കൂൾ അധ്യാപകനായ അദ്ദേഹം ആനുകാലികങ്ങളിൽ ലേഖനങ്ങളും കഥകളും കവിതകളും എഴുതുന്നു. റേഡിയോ-ടിവി മാധ്യമങ്ങ ളിൽ കഥകൾ അവതരിപ്പിക്കുന്നു. മിഷൻ ബാലമാസികയുടെ എഡിറ്റർ -ഇൻ-ചാർജ്, ജീവജ്വാല മാസികയുടെ ചീഫ് എഡിറ്റർ, സ്‌കൂൾ സാഹിത്യവേദി ജില്ലാ കൺവീനർ എന്നീ നിലകളിൽ പ്രവർത്തിച്ചു. മേരി വിജയം യുവസാഹിത്യ അവാർഡ്, കെ. സി. ബി. സി. മതാധ്യാപക അവാർഡ്, സത്യദീപം നവതി മാധ്യമപുരസ്‌കാരം, കുഞ്ഞേട്ടൻ പുരസ്‌കാരം, നിത്യചൈതന്യയതി പ്രതിഭാ പുരസ്കാരം, വിദ്യാരംഗം അധ്യാപകസാഹിത്യമത്സരപുരസ്‌കാരം എന്നിങ്ങനെ വിവിധ അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്..

അക്ഷരസദ്യ, കൊതിയൂറും കഥകൾ, സ്നേഹം വിടർത്തും കഥകൾ, ടോട്ടോചാൻ കഥകൾ, രസം പകരും കഥകൾ തേനൂറും കഥകൾ,കുരുവിമാഷും കൂട്ടുകാരും, അമലിൻ്റെ സ്വപ്‌നയാത്രകൾ, സ്നേഹപ്പേന, ഇത്തിരി ഇരിക്കാം, കളിവണ്ടി, പ്രസംഗകല കുട്ടികൾക്ക് സൺഡേസ്കൂ‌ൾ പ്രസംഗങ്ങൾ കുട്ടികൾക്ക്* കലോത്സവങ്ങളിൽ വിജയിക്കാൻ, ക്ലാസ്സ് റൂം കളികൾ,അമ്പത്തൊന്ന് അക്ഷരകേളികൾ സ്വർഗ്ഗത്തിലെ ക്ലോക്കുകൾ, കുഞ്ഞുങ്ങളെ സ്നേഹിക്കുന്നവർക്ക്, പൂമുഖത്തെ പുഞ്ചിരി, മരുഭൂമി യിലെ ഗർജ്ജനം, ധന്യവിചാരങ്ങൾ നർമ്മവിചാരങ്ങൾ, തിരു സഭ ചോദ്യോത്തരങ്ങളിലൂടെ, മതബോധനം ആകർഷകമാക്കാൻ, യേശുവിൻ്റെ അധ്യാപന കല, വിശുദ്ധരെ അറിയാൻ, ഡോൺബോസ്കോ, വിശുദ്ധ മാർട്ടിൻ ഡി പോറസ് ,വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചൻ, ഒരു മധുരമാമ്പഴക്കഥം കണ്ണീർമഴയത്തെ പുഞ്ചിരി, കുഞ്ഞുനക്ഷത്രങ്ങളും മഞ്ഞുതുള്ളികളും, ഉണ്ണീശോയുടെ ഉണ്ണിക്കഥകൾ, പ്രസംഗവീഥി കാട്ടിലെ ക്ലാസ്‌റൂം കഥകൾ ഹൃദയമൊഴികൾ പൊതിച്ചോറ് നന്മമലയാളം നമ്മുടെ മലയാളം, ആകാശവിസ്‌മയം*
തുടങ്ങി വിവിധ പ്രസാധകരിലൂടെ ബാലസാഹിത്യകൃതികളടക്കം എഴുപതിലധികം പുസ്‌തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഇപ്പോൾ ഭാര്യ മിനിക്കുട്ടിയോടൊത്ത് ആലുവ അശോകപുരത്ത് ഈട്ടിക്കാട്ടിൽ വീട്ടിൽ താമസിക്കുന്നു.

ശ്രീ. ഷാജി മാലിപ്പാറ എഴുതിയ കഥ

🎀🎀🎀🎀🎀🎀🎀🎀🎀🎀🎀

🌷🌷🌷🌷🌷🌷🌷🌷🌷🌷🌷

തന്നതിനും തരാത്തതിനും

ചുട്ടുപഴുത്ത മരുഭൂമിയിലൂടെ ഒരു യാത്രികൻ നടക്കുകയായിരുന്നു. അയാൾക്ക് ചെരുപ്പുകൾ ഇല്ലാതിരുന്നതിനാൽ കാലുകൾ ചുട്ടുപൊള്ളി. തറയിൽ ചവിട്ടാതെ നടക്കാൻ കഴിയാത്തതോർത്ത് അയാൾ ദുഃഖിച്ചു. ഒരു ചെരുപ്പ് വാങ്ങാൻ നിവൃത്തിയില്ലാത്തതിൽ സ്വയം പരിതപിച്ചു.
മുകളിൽ കത്തിനിൽക്കുന്ന സൂര്യൻ. ഒരു തൊപ്പി പോലും ഇല്ലാതിരുന്നതിനാൽ വെയിലേറ്റ് തല പൊള്ളി. ദേഹവും വിയർത്തൊഴുകി. ചെരുപ്പും തൊപ്പിയും ഇല്ലാതെ ആ മരുഭൂമിയിൽ ആരും നടക്കുന്നത് അയാൾ കണ്ടില്ല. തനിക്കുമാത്രം അവ വാങ്ങാനുള്ള ശേഷിപോലും തരാത്ത ദൈവത്തോട് അയാൾക്ക് ദേഷ്യം തോന്നി. ഇപ്പോൾ ദൈവത്തെ മുന്നിൽക്കണ്ടാൽ പുറംകാലുകൊണ്ട് തൊഴിച്ചുതെറിപ്പിക്കാനാണ് അയാളുടെ മനസ്സിൽ തോന്നിയത്.
അങ്ങനെ മുന്നോട്ടുപോകുമ്പോൾ തൊട്ടടുത്തായി വലിയൊരു പള്ളി കണ്ടു. എന്നാൽപ്പിന്നെ പള്ളിയിൽ കയറിയിരുന്ന് സൗകര്യപ്രദമായി ദൈവത്തെ ശപിക്കാം എന്ന് അയാൾ തീരുമാനിച്ചു അങ്ങനെ അകത്തു കയറി. പല മാന്യന്മാരും അവിടെയിരുന്ന് ദൈവത്തെ സ്തുതിക്കുന്നത് അയാൾ കണ്ടു. അല്പം അകലെയായി ഒരു യുവാവ് ചുമരിൽ ചാരിയിരിക്കുന്നു. അടുത്തുചെന്നപ്പോഴാണ് മനസ്സിലായത്, ആ യുവാവിന് രണ്ടു കാലുകളും ഇല്ല. അപ്പോൾ ദൈവത്തെ ശപിക്കാൻവേണ്ടി ആയിരിക്കും അയാൾ വന്നിരിക്കുന്നതെന്ന് യാത്രികന് തോന്നി. എങ്കിൽ അയാളോടൊപ്പം ചേർന്ന് ശപിക്കാമെന്ന വിചാരത്തോടെ യുവാവിന്റെ അടുത്തായി സ്ഥാനം പിടിച്ചു.
യുവാവിന്റെ ശാപവചനങ്ങൾ കേൾക്കാൻ കാതുകൂർപ്പിച്ച യാത്രികൻ കേട്ടത് മറ്റൊന്നായിരുന്നു. അയാൾ ഇരുകൈകളും ആകാശത്തേക്ക് ഉയർത്തി ദൈവത്തെ സ്തുതിക്കുകയാണ്. കേട്ടത് വിശ്വസിക്കാൻ കഴിയാതെ അയാൾ ചോദിച്ചു: “”താങ്കൾക്ക് രണ്ട് കാലുകൾപോലും ഇല്ലല്ലോ. നിരങ്ങി നീങ്ങാൻപോലും പ്രയാസപ്പെടുന്ന താങ്കൾ രണ്ടു കൈയും നീട്ടി ദൈവത്തെ സ്തുതിക്കുന്നത് എന്തിനാണ്?”
ചോദ്യം കേട്ട് യുവാവ് ഒരു നിമിഷം നിശബ്ദനായി ഇരുന്നു. അരയ്ക്കു താഴേക്ക് ശരീരമില്ലാത്ത അയാൾ യാത്രികനെ സൂക്ഷിച്ചുനോക്കി. എന്നിട്ട് പതുക്കെ പറഞ്ഞു: “”ഞാൻ ദൈവത്തെ സ്തുതിക്കുകയാണ്. എന്തിനെന്നോ? പുറംകാലുകൊണ്ട് ദൈവത്തെ തൊഴിക്കാൻ കാലുകൾ തരാത്തതിന്; കൈകൾ ഉയർത്തി സ്തുതിക്കാനായി കൈകൾ തന്നതിന്.”
അറിയാതെ യാത്രികന്റെ കൈകൾ മുകളിലേക്ക് ഉയർന്നു. അയാൾ ദൈവത്തെ സ്തുതിച്ചു!
—————————————-

തനിക്കു കിട്ടിയതു പോരാഞ്ഞ് ദൈവത്തെ ശപിക്കാൻ എത്തിയ ആളുടെ മാനസാന്തരം എത്ര മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു അല്ലേ?
കഥ മനസ്സിൽകൊണ്ടു അല്ലേ?

🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
ഇനി ഒരു രസമുള്ള കവിതയാണ്. ഗിരിജ ടീച്ചറാണ് കവിത പാടിയെത്തുന്നത്

ആയുർവേദ വൈദ്യനായിരുന്ന ശ്രീ. അരിക്കാട്ട് നാരായണമേനോൻ്റെയും പ്രൈമറി സ്കൂൾ അദ്ധ്യാപികയായിരുന്ന ശ്രീമതി. വാഴപ്പിള്ളി ജാനകിയമ്മയുടെയും മകളായി തൃശൂർ ജില്ലയിലെ മറ്റത്തൂർ വില്ലേജിൽ ചെമ്പുതുറയിലാണ് ഗിരിജ.വി. ജനിച്ചത്.
തൃശൂർ NSS സ്ക്കൂളിൽ അദ്ധ്യാപികയായി . പിന്നീട് വെള്ളിക്കുളങ്ങര വിമല ഹയർ സെക്കന്ററി സ്ക്കൂളിലെ ഹൈസ്ക്കൂൾ വിഭാഗം ഇംഗ്ലീഷ് ടീച്ചറായി വിരമിച്ചു.

അമ്മിണിക്കുട്ടിയുടെ പൂരം (ബാലകവിതകൾ ), ആത്മഗതങ്ങളുടെ ഇടവഴികൾ (അനുഭവക്കുറിപ്പുകൾ / കവിതകൾ ) എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു.

123 ഗുണപാഠ കവിതകൾ ,222 സംഖ്യാ ഗാനങ്ങൾ, 101 സ്ഥല നാമ കവിതകൾ,121 കടങ്കവിതകൾ എന്നീ സമാഹാരങ്ങളിൽ ബാലകവിതകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഭർത്താവായ സത്യൻ .തൃശൂർ ജില്ലാ സഹകരണ ബാങ്ക് റിട്ട.ഡി.ജി.എം ആയ ഭർത്താവ് പി. സത്യൻ, മകൻ അക്ഷജ്, മരുമകൾ അശ്വതി. എന്നിവരാെത്ത്
തൃശൂർ കൊടകരയ്ക്കടുത്തുള്ള ചുങ്കാൽ ദേശത്താണ് ടീച്ചർ ഇപ്പോൾ താമസിക്കുന്നത്…

ശ്രീമതി. വി. ഗിരിജ എഴുതിയ കവിതയാണ് താഴെ കൊടുക്കുന്നത്.

🌳🌳🌳🌳🌳🌳🌳🌳🌳🌳🌳

🎊🎊🎊🎊🎊🎊🎊🎊🎊🎊🎊

ശാപ്പാട്ടുരാമൻ
〰️〰️〰️〰️〰️〰️〰️

ശാപ്പാട്ടുരാമനാം അപ്പുണ്ണിച്ചേട്ടന്
ശാപ്പാട് കല്യാണ വീട്ടിലിന്ന്.

ഒന്നല്ല,രണ്ടല്ല, മൂന്നാലു പ്രാവശ്യം
കുന്നോളം ചോറു കഴിച്ച,ശേഷം
പപ്പടം,പാലടപ്പായസത്തിൽ ചേർത്ത്
ഒപ്പം പൂവൻ പഴവും കുഴച്ച്
തട്ടിവിടുന്നതു കണ്ടപ്പോളമ്പമ്പോ …!
കുട്ടികൾ പൊട്ടിച്ചിരിച്ചു പോയി.

————————————-

ശാപ്പാട്ടു രാമൻ്റെ കവിത ഇഷ്ടായോ? പപ്പടവും പഴവും പായസവും കിട്ടിയാൽ നമുക്കും ഒരുകൈ നോക്കാമായിരുന്നു. വായിൽ കപ്പലോടിക്കാൻ വെള്ളമായി. പക്ഷേ എന്താ ചെയ്യാ?
🍎🍎🍎🍎🍎🍎🍎🍎🍎🍎🍎
കവിതയ്ക്കു ശേഷമൊരു കഥയാവാം.
നിങ്ങളോട് കഥ പറയാൻ എത്തുന്നതാരെന്നറിയേണ്ടേ?
ദീപ വിനയചന്ദ്രൻ എന്ന ടീച്ചറാണ്.

പോസ്റ്റൽ ഡിപ്പാർട്ടുമെൻ്റിൽ നിന്നും വിരമിച്ച ശ്രീ. എം.എൻ.നാരായണ മാരാർ, എം.ബി. ഭുവനേശ്വരിയമ്മയുടെയും മകളാണ്. ഇപ്പോൾ എറണാകുളം ജില്ലയിലെ കാക്കനാട് ഗവ.യു.പി.സ്ക്കൂളിലെ പ്രധാനാധ്യാപികയാണ്.

കാട്ടിലെ കച്ചേരി (ബാലസാഹിത്യം) എന്ന പുസ്തകം പ്രസിദ്ധീകരിച്ചു. സ്ഥലനാമ കഥകൾ, കുരുന്നോല, സംഖ്യാഗാനങ്ങൾ,888 അക്ഷരപ്പാട്ടുകൾ, 121 ഗുണപാഠകഥകൾ, കടംകവിതകൾ എന്നീ സമാഹാരങ്ങളിൽ കവിതകൾ എഴുതിയിട്ടുണ്ട്.

ടീച്ചർ ഇപ്പോൾ ബി.പി.സി.എൽ. ഉദ്യോഗസ്ഥനായ ഭർത്താവ് വി. വിനയചന്ദ്രനുമൊത്ത് എറണാകുളം സൗത്ത് ചിറ്റൂരിലെ മാരുതി നിവാസിൽ താമസിക്കുന്നു.

ശ്രീമതി. ദീപ വിനയചന്ദ്രൻ എഴുതിയ കഥയാണ്
താഴെ കൊടുക്കുന്നത്.

🍉🍉🍉🍉🍉🍉🍉🍉🍉🍉🍉

🥀🥀🥀🥀🥀🥀🥀🥀🥀🥀🥀

അംഗീകാരത്തിന്റെ വില

ഇന്ന് പള്ളിക്കൂടത്തിൽ ഓണാഘോഷമാണ്. ആർദ്രയും, സാന്ദ്രയും പുത്തനുടുപ്പുകൾ അണിഞ്ഞ് കൈയിൽ പൂക്കൾ നിറച്ച കവറുമായി സന്തോഷത്തോടെ സ്കൂളിലേക്ക് നടക്കുകയാണ്. സ്കൂളിലെ ഒരു വികൃതി പയ്യനാണ് റിങ്കുമോൻ. അവൻ്റെ അച്ഛനും അമ്മയും ഗൾഫിലാണ്. അമ്മൂമ്മയുടെ കൂടെ കൊട്ടാരം പോലുള്ള വീട്ടിലാണ് താമസം. അനുസരണ ഒട്ടുമില്ലാത്ത അവനോട് ആരും കൂട്ടുകൂടാറില്ല.

സാന്ദ്രയുടേയും, ആർദ്രയുടേയും മുൻപിലായി റിങ്കു നടക്കുന്നത് കണ്ടതും സാന്ദ്ര പതുക്കെ പറഞ്ഞു.
=ഇന്ന് റിങ്കു ആരെയൊ ക്കെ ഉപദ്രവിക്കുമോ? നമുക്ക് അവൻ്റെ മുന്നിൽ കയറിപ്പോകാം.

ആർദ്രയ്ക്ക് അവനെ പേടിയാണ്. കാരണം കഴിഞ്ഞ മഴക്കാലത്ത് അവളുടെ ബാഗിൽ ഒരു തവളയെ പിടിച്ചിട്ടതാണ് റിങ്കു.

രണ്ടു പേരും ഒപ്പമെത്തിയപ്പോൾ റിങ്കു കുശലം ചോദിച്ചു. =എന്താ കൈയിലെ കൂട്ടിൽ?
പെൺകുട്ടികൾ ഒന്നും മിണ്ടിയില്ല. റിങ്കുവിന് ദേഷ്യംവന്നു. കൂടു തട്ടിപ്പറിച്ച് അതിലെ പൂക്കൾ അവൻ റോ ഡിൽ ചതച്ചരച്ചു. കുട്ടികൾ കരഞ്ഞുകൊണ്ട് സ്കൂളിലെത്തി. ഇതു
കണ്ട സോമിനി ടീച്ചർ കാര്യം അന്വേഷിച്ചു. അപ്പോഴേക്കും ഒന്നും സംഭവിക്കാത്തതു പോലെ റിങ്കു എത്തി. ടീച്ചർ ഒന്നും ചോദിക്കാ നും പോയില്ല. ഓണാഘോഷം തുടങ്ങി. മത്സരങ്ങളിൽ കുട്ടികൾ വാശിയോടെ പങ്കെടുത്തു. പക്ഷേ റിങ്കു മാത്രം മാറിനിൽക്കുന്നു.

സോമിനി ടീച്ചർ അവൻ്റെ അടുത്തു ചെന്നു. എന്താ റിങ്കു.. മത്സ രങ്ങളിൽ പങ്കെടുക്കാത്തത്.. ?

അവരുടെ ചോദ്യത്തിന് ഒന്നുമില്ല ടീച്ചർ എന്ന മറുപടിയെത്തി. അപ്പോൾ കസേരകളി തുടങ്ങുവാൻ പോകുന്ന വിവരം സാനുമാഷ് അനൗൺസ് ചെയ്തു. സോമിനി ടീച്ചർ റിങ്കുവിനെ നിർബന്ധിച്ച് മത്സരത്തിനായി കൊണ്ടുവന്നു. മനസ്സില്ലാമനസ്സോടെ അവൻ പങ്കെടുത്തു. ഓരോ റൗണ്ടിലും ഓരോരുത്തർ ഔട്ട് ആയി.. അവസാനം റിങ്കുവും, ചന്തുവും ഒരു കസേരയും മാത്രം. മറ്റ് കുട്ടികൾ ആവേശ ത്തോടെ കയ്യടിക്കുന്നുണ്ട്. റിങ്കുവും ചന്തുവും കസേരയ്ക്ക് ചുറ്റും ഓടി. ബെൽ നിന്നു. റിങ്കു കസേരയിൽ ചാടി ഇരുന്നു.

മത്സരത്തിൽ വിജയിച്ച റിങ്കുവിന് അഭിമാനംതോന്നി. മറ്റുള്ളവർ തനിക്ക് തരുന്ന അംഗീകാരം കണ്ട് അവന്റെ കണ്ണുനിറഞ്ഞു. ഇനി മുതൽ എല്ലാവരോടും നല്ല രീതിയിലേ പെരുമാറുകയുള്ളു എന്ന് മനസ്സിലുറപ്പിച്ച ശേഷം റിങ്കു സമ്മാനവും വാങ്ങി വീട്ടിലേക്കു പോയി.

——————————

പല കുസൃതികളും വികൃതികളായി മാറുന്നത് ആരും അവരെ അംഗീകരിക്കാഞ്ഞതുകൊണ്ടാവും പലപ്പോഴും. ദീപ ടീച്ചറെഴുതിയ കഥ അതാണ് വ്യക്തമാക്കുന്നത്.

നിങ്ങൾക്ക് ഇഷ്ടമായിട്ടുണ്ടാവും എന്നു തീർച്ചയാണ്. ഇനിയൊരു കവിതയാണ് . കവിത പാടിയെത്തുന്നത് മാഷിൻ്റെ പ്രിയ സുഹൃത്തായ ശ്രീ.അശോക് കുമാർ പെരുവ, സാറാണ്. ഹയർ സെക്കണ്ടറി സ്ക്കുൾ മലയാളം അധ്യാപകനായി വിരമിച്ചു.

ധാരാളം കവിതകളും കഥകളും മുതിർന്നവർക്കു വേണ്ടി എഴുതിയിട്ടുള്ള ശ്രീ. അശോക് കുമാർ പെരുവ ഇതാദ്യമായിട്ടാണ് ഒരു കുട്ടിക്കവിത എഴുതിയത്. നക്ഷത്രക്കൂടാരത്തിലേക്കു വേണ്ടി എൻ്റെ നിർബന്ധം മൂലമാണ് അദ്ദേഹം അമ്മ എന്ന കവിത എഴുതി നല്കിയത്.

വേട്ടക്കാരനോട് ഇര, പൊള്ളിത്തിണർത്ത വാക്കുകൾ, പ്രൊമിത്യൂസിൻ്റെ കാമുകി എന്നീ കാവ്യ സമാഹാരങ്ങളും ആത്മാവിൻ്റെ സഞ്ചാര പഥങ്ങൾ,
പക്ഷിപാതാളം, നെഞ്ചിൽ തറച്ച അമ്പുകൾ എന്നീ കഥാസമാഹാരങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പുരസ്കാരങ്ങൾ: (കവിതകൾക്ക്)
Dr. അയ്യപ്പപ്പണിക്കർ സ്മാരക കവിതാ പുരസ്കാരം, വിദ്യാരംഗം പുരസ്കാരം,
KSTA/STFI- പുരസ്കാരം,
സൈലൻറ് വാലി പുരസ്കാരം, നെഹ്രു യുവകേന്ദ്ര, തുളുനാട്, അധ്യാപക കലാവേദി,
സുരേന്ദ്രൻ സ്മാരക പുരസ്കാരം (സെക്രട്ടേറിയറ്റ്)…
ലിപി പുരസ്കാരം
സമഷ്ടി കഥാപുരസ്കാരം (ഛത്തീസ്ഗഡ്)
OVവിജയൻ സ്മാരക മൈക്രോ കഥാപുരസ്കാരം (ഇന്ത്യൻ റൈറ്റേഴ്സ് ഫോറം) തുടങ്ങി വിവിധ അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്.

ഇപ്പോൾ അധ്യാപികയായിരുന്ന പ്രിയതമയോടാെത്ത് മലപ്പുറം പട്ടിക്കാട് മാനസോദ്യാനത്തിൽ താമസിക്കുന്നു.

ശ്രീ. അശോക് കുമാർ പെരുവ എഴുതിയ കവിത.
🎄🎄🎄🎄🎄🎄🎄🎄🎄🎄🎄

☘️☘️☘️☘️☘️☘️☘️☘️☘️☘️☘️

അമ്മ
〰️〰️〰️

നർത്തനമാടാൻ മയിലമ്മ ,
പാട്ടുകൾ പാടാൻ കുയിലമ്മ,
കൊത്തി വിളിയ്ക്കാൻ കോഴ്യമ്മ,
ഞ്യാവൂ ഞ്യാവൂ പൂച്ചമ്മ..

കാക്കയ്ക്കുണ്ടു കറുത്തമ്മ,
അമ്മിണിയാടിനുമുണ്ടമ്മ,
പാണ്ടൻ ക്ടാവിനു പയ്യമ്മ,
താരയ്ക്കുണ്ടമ്പിളിയമ്മ!

സ്ക്കൂളിൽ പോയി മടങ്ങുമ്പോൾ,
ക്ഷീണിച്ചോടിത്തളരുമ്പോൾ,
വഴിയിൽ കാവലിരിക്കുന്നു,
എന്നുടെ സ്വന്തം പൊന്നമ്മ!….

▪️▪️▪️—————————

കഥകളും കവിതകളും എല്ലാം നിങ്ങൾക്കിഷ്ടപ്പെട്ടിട്ടുണ്ടാവുമല്ലോ.
ഈ ആഴ്ചയിലെ വിഭവങ്ങൾ രസകരമായിരുന്നോ?
പുതിയ കഥകളും കവിതകളുമായി നമുക്കിനി അടുത്ത ആഴ്ചയിൽ കാണാം.

സ്നേഹത്താേടെ,
നിങ്ങളുടെ.. സ്വന്തം

കടമക്കുടി മാഷ്✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments