Saturday, November 16, 2024
Homeഇന്ത്യഷിരൂർ മണ്ണിടിച്ചിൽ: ഡ്രൈവർ അർജുന് വേണ്ടിയുള്ള തിരച്ചിൽ പുനരാംഭിക്കും: ഡ്രഡ്ജർ കാർവാർ തുറമുഖത്ത് എത്തി

ഷിരൂർ മണ്ണിടിച്ചിൽ: ഡ്രൈവർ അർജുന് വേണ്ടിയുള്ള തിരച്ചിൽ പുനരാംഭിക്കും: ഡ്രഡ്ജർ കാർവാർ തുറമുഖത്ത് എത്തി

ഷിരൂരിൽ മണ്ണിടിച്ചിലിനെ തുടർന്ന് കാണാതായവർക്കായുള്ള നിർണായകമായ തിരച്ചിലിനായി ഗോവയിൽ നിന്നും പുറപ്പെട്ട ഡ്രഡ്ജർ കർണാടകയിലെ കാർവാർ തുറമുഖത്തെത്തി. അർജുൻ ഉൾപ്പടെയുള്ള മൂന്ന് പേർക്കായിട്ടാണ് ഇപ്പോൾ തിരച്ചിൽ നടത്തുക. ഇവർക്ക് എന്ത് സംഭവിച്ചുവെന്നുള്ള ചോദ്യത്തിനുള്ള മറുപടിയായി ഈ തിരച്ചിൽ മാറും.

ഇക്കഴിഞ്ഞ ജൂലൈ പതിനാറിനാണ് ഷിരൂരിലെ മണ്ണിടിച്ചിലിൽ അ‍ർജുനൊപ്പം ലോറിയും കാണാതാവുന്നത്.ടഗ് ബോട്ടുകളിൽ ഘടിപ്പിച്ചാണ് ഡ്രഡ്ജർ കാർവാർ തുറമുഖത്ത് എത്തിച്ചത്. പ്രതികൂല കാലാവസ്ഥയെ തുടർന്ന് കഴിഞ്ഞദിവസം ഡ്രഡ്ജറിന്റെ യാത്ര നിർത്തിവെച്ചിരുന്നു. പിന്നീട് ഇന്ന് രാവിലെയാണ് ഡ്രഡ്ജർ പുറപ്പെട്ടത്.

ഡ്രഡ്ജർ ആറ് മണിക്കൂർ മുതൽ ഒൻപത് മണിക്കൂർ വരെ എത്തിക്കാൻ സമയമെടുക്കുന്നതിനാൽ ഇന്ന് ഷിരൂരിലേക്ക് എത്താനുള്ള സാധ്യതയില്ല. പകരം നാളെ രാവിലെയാകും ഡ്രഡ്ജർ പുറപ്പെടുകയെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി. കാറ്റിന്റെ ഗതിയും, തിരമാലകളുടെ ഉയരവും, മഴക്കോളും നിരീക്ഷിച്ച ശേഷമായിരിക്കും ഷിരൂരിലേക്കുള്ള യാത്ര. നാവികസേനയുടെ സോണാർ പരിശോധനയിൽ ലോഹ ഭാഗങ്ങൾ കണ്ടെത്തിയ ഇടത്താണ് ആദ്യഘട്ട തിരച്ചിൽ നടത്തുക.

ഗോവയിലെ മർമ ഗോവയിലുള്ള തുറമുഖത്തു നിന്ന് ചൊവ്വാഴ്ച പുലർച്ചെ യാത്ര തിരിച്ച ഡ്രെഡ്ജർ വെസൽ വൈകിട്ടോടെ ഉത്തര കന്നഡ ജില്ലയുടെ തീര അതിർത്തിയിൽ പ്രവേശിച്ചിരുന്നു. എന്നാൽ കാറ്റിന്റെ വേഗം കൂടിയതോടെ ഡ്രെഡ്ജറിന്റെ പ്രയാണം തടസപ്പെട്ടു . ഇതോടെ സുരക്ഷിതമായ ഇടത്ത് നിർത്തി ബുധനാഴ്‌ച പുലർച്ചയോടെ യാത്ര തുടരാൻ തീരുമാനിക്കുകയായിരുന്നു.

കടൽ കടന്ന് അഴിമുഖം താണ്ടി ഗംഗാവലി പുഴയിലേക്ക് ഡ്രെഡ്ജർ പ്രവേശിപ്പിക്കുന്നത് സാങ്കേതികമായി ശ്രമകരമായ ദൗത്യമാണ്. ഡ്രഡ്ജർ എത്തുന്ന മുറയ്ക്ക് ഗംഗാവലി പുഴയിൽ തിരച്ചിൽ പുനരാരംഭിക്കാനുള്ള നടപടികൾ ഉത്തര കന്നഡ ജില്ലാ ഭരണകൂടം തുടങ്ങി. ലോറിയുടെ മീതെ പതിച്ച മുഴുവൻ മണ്ണും പാറകല്ലുകളും പൊടിച്ച്‌ വെള്ളത്തോടൊപ്പം നീക്കം ചെയ്യുന്നതാണ് പ്രക്രിയ.

ആഗസ്റ്റ് പതിനാറിനാണ് അ‍ർജുനായുള്ള തിരച്ചിൽ അവസാനിപ്പിച്ചത്. കാലാവസ്ഥ പ്രതികൂലമായതിനെ തുട‍ർന്ന് തിരച്ചിൽ അവസാനിപ്പിക്കുകയായിരുന്നു. തുട‍ന്ന് അ‍ർജുന്റെ മാതാപിതാക്കൾ ക‍ർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ നേരിട്ടെത്തിക്കണ്ട് തിരച്ചിൽ പുനരാരംഭിക്കണമെന്ന് അഭ്യ‍ർത്ഥിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കൂടിയാണ് സാങ്കേതിക പ്രശ്നങ്ങള് പരിഹരിച്ച് തിരച്ചിൽ പുനരാരംഭിക്കാൻ സർക്കാർ തീരുമാനിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments