Sunday, November 24, 2024
Homeപാചകംകിടിലൻ രുചിയിൽ ഒരു 'കോട്ടയം സ്റ്റൈൽ ബീഫ് ചാപ്സ് ' ✍റീന നൈനാൻ വാകത്താനം (മാജിക്കൽ...

കിടിലൻ രുചിയിൽ ഒരു ‘കോട്ടയം സ്റ്റൈൽ ബീഫ് ചാപ്സ് ‘ ✍റീന നൈനാൻ വാകത്താനം (മാജിക്കൽ ഫ്ലേവേഴ്സ്)

റീന നൈനാൻ വാകത്താനം (മാജിക്കൽ ഫ്ലേവേഴ്സ്)

മലയാളി മനസ്സിൻ്റെ പ്രിയപ്പെട്ട വായനക്കാർക്കായി ഇന്നു ഞാൻ പരിചയപ്പെടുത്തുന്നത് കിടിലൻ രുചിയിൽ ഒരു ‘കോട്ടയം സ്റ്റൈൽ ബീഫ് ചാപ്സ് ‘ ആണ്. അത് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നമുക്ക് നോക്കാം.

ആവശ്യമായ ചേരുവകൾ
———————————

1- ബീഫ് 1 കിലോ
2- ഉള്ളി 20 എണ്ണം
3- സവാള 1 വലുത്
4- വെളിച്ചെണ്ണ ആവശ്യത്തിന്
5- ഇഞ്ചി ഇടത്തരം വലിപ്പമുള്ളത് – ഒരു വലിയ കഷ്ണം
6- വെളുത്തുള്ളി തൊലി കളഞ്ഞത് – കാൽ കപ്പ്
7- പച്ചമുളക് 4 എണ്ണം
8- തേങ്ങാപ്പാൽ (ഒന്നാം പാൽ) 1 കപ്പ്
9- ഗ്രാമ്പു , പട്ട , എലയ്ക്ക ചതച്ചത് 1 ടീ സ്പൂൺ
10- മുളകുപൊടി 4 ടീസ്പൂൺ
11- മല്ലിപ്പൊടി 4 ടീസ്പൂൺ
12- മഞ്ഞൾപൊടി അര ടീസ്പൂൺ
13- കുരുമുളകുപൊടി 2 ടീസ്പൂൺ
14- മീറ്റ് മസാല 2 ടീസ്പൂൺ
15- ഗരം മസാല 1 ടീസ്പൂൺ
16- തേങ്ങാക്കൊത്ത് 2 ടേബിൾ സ്പൂൺ
17- കറിവേപ്പില ആവശ്യത്തിന്
18- ഉപ്പ് ആവശ്യത്തിന്
19- വെള്ളം ആവശ്യത്തിന്
20- കശുവണ്ടി 2 ടീസ്പൂൺ
21- വറ്റൽമുളക് 2 എണ്ണം

തയ്യാറാക്കുന്ന വിധം
*********

ഇറച്ചി കനം കുറച്ച് ഇടത്തരം വലുപ്പത്തിൽ അരിഞ്ഞെടുത്ത് നന്നായി കഴുകി വൃത്തിയാക്കി ഒരു അരിപ്പ പാത്രത്തിൽ വെള്ളം മുഴുവൻ ഊർന്നു പോകുന്നതുവരെ വയ്ക്കുക.

അതിനുശേഷം ഇറച്ചി ഒരു പാത്രത്തിലേക്ക് മാറ്റി അതിലേക്ക് ഇഞ്ചി , വെളുത്തുള്ളി , കുരുമുളക് , കറിവേപ്പില എന്നിവ ഒരു മിക്സിയിൽ നന്നായി ചതച്ചെടുത്ത് ഇതിൽ നിന്നും രണ്ട് ടീസ്പൂൺ എടുത്തു വച്ചിരിക്കുന്ന ഇറച്ചിയിലേക്ക് ഇടുക.

അതിൻറെകൂടെ മുളകുപൊടി, മല്ലിപ്പൊടി , മഞ്ഞൾപ്പൊടി , മീറ്റ്മസാല ഇവ ഒരു ടീസ്പൂൺ വീതവും പാകത്തിന് ഉപ്പും ഒരു ചെറുനാരങ്ങയുടെ നീരും ചേർത്ത് 10 മിനിറ്റ് റസ്റ്റ് ചെയ്യാൻ വയ്ക്കുക.

അതിനുശേഷം ഇറച്ചി ഒരു കുക്കറിലേക്ക് മാറ്റി അര ഗ്ലാസ്സ് വെള്ളം ഒഴിച്ച് 7 തവണ വിസിൽ വരുന്നതുവരെ നന്നായി വേവിക്കുക.

അടുത്തതായി ചുവട് കട്ടിയുള്ള ഒരു ചീനച്ചട്ടി അടുപ്പിൽ വച്ച് തീ കൊടുത്ത് ചീനച്ചട്ടി ചൂടാകുമ്പോൾ അതിലേക്ക് എണ്ണയൊഴിക്കുക. എണ്ണ ചൂടാകുമ്പോൾ കടുക് ഇട്ട് പൊട്ടിക്കുക. ഇതിലേക്ക് ചതച്ചുവെച്ച ഇഞ്ചിയുടെയും വെളുത്തുള്ളിപേസ്റ്റിന്റെ ബാക്കിയും കൂടി ചേർത്ത് വഴറ്റുക.

അതിനുശേഷം പച്ചമുളക് , ഉള്ളി, സവാള കറിവേപ്പില, ഉപ്പ് വേണമെങ്കിൽ അല്പം എന്നിവയും ചേർത്ത് നന്നായി വഴറ്റുക. വഴന്നു വരുമ്പോൾ മഞ്ഞൾപൊടി, മുളകുപൊടി ,മല്ലിപ്പൊടി, മീറ്റ് മസാല, ഗരം മസാല ഇത്രയും പാകത്തിന് ചേർത്ത് തീ കുറച്ചുവെച്ച് വഴറ്റുക.

ഇതിലേക്ക് ഒരു ഗ്ലാസ് വെള്ളം ഒഴിച്ച് നന്നായി ചേർത്ത് തിളപ്പിക്കുക. അതിനു ശേഷം വേവിച്ചു വെച്ചിരിക്കുന്ന ബീഫ് ഇട്ട് വരട്ടുക. ഒരു സ്പൂൺ അണ്ടിപ്പരിപ്പ് നന്നായി അരച്ച് ചേർത്ത് ഇളക്കി യോജിപ്പിക്കുക.

വെള്ളം വറ്റിവരുന്ന ബീഫിലേക്ക് ഒരു തക്കാളികൂടി വേണമെങ്കിൽ ചേർക്കാം. അതിനു ശേഷം ഒരു ടീസ്പൂൺ അണ്ടി പരിപ്പ് നന്നായി അരച്ചു ചേർത്ത് ഇളക്കി യോജിപ്പിച്ച് ഒരു കപ്പ് തേങ്ങാപ്പാൽ കൂടി ചേർത്ത് വാങ്ങി വയ്ക്കുക.

ഇതിനു മുകളിലേക്ക് തേങ്ങാക്കൊത്ത്, വറ്റൽ മുളക്, അണ്ടിപ്പരിപ്പ്, കറിവേപ്പില എന്നിവ വറുത്ത് ചേർത്ത് ഇളക്കുക.

നല്ല മസാല മണവും രുചിയും ഉള്ള ‘കോട്ടയം സ്റ്റൈൽ ബീഫ് ചാപ്സ് ‘ റെഡിയായി കഴിഞ്ഞു. ചൂടോടുകൂടി അപ്പം, ഇടിയപ്പം, ചപ്പാത്തി, പത്തിരി, പൊറോട്ട തുടങ്ങിയവയുടെ എല്ലാം കൂടെ കഴിക്കാവുന്നതാണ്.

ബീഫ് വാങ്ങി ഇത് തയ്യാറാക്കി നോക്കുവാൻ എല്ലാവരും റെഡി ആയിക്കോളൂ….

മറ്റൊരു കിടിലൻ റെസീപ്പിയുമായി ഞാൻ വീണ്ടും വരുന്നതാണ്….

റീന നൈനാൻ വാകത്താനം
(മാജിക്കൽ ഫ്ലേവേഴ്സ്)

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments