മാധവി❤️
മറുനാടൻ മലയാളിയായ ഉണ്ണിയാർച്ച!
കണ്ണുകളിലെ തീക്ഷ്ണഭാവം കൊണ്ട്, ഒരു കാലത്തെ സിനിമാ പ്രേക്ഷകരുടെ മനം മയക്കിയ സുന്ദരിയുടെ കഥയാണ് നമ്മളിന്ന് പറയാൻ പോകുന്നത്.
1962 സെപ്റ്റംബർ 14ന് ശശി രേഖയുടെയും ഗോവിന്ദ സ്വാമിയുടെയും മകളായി, ഒരു സാധാരണ കുടുംബത്തിലാണ് വിജയലക്ഷ്മി എന്ന മാധവിയുടെ ജനനം.
വളരെ ചെറിയ പ്രായത്തിൽ ഡാൻസ് പഠിച്ചു തുടങ്ങിയ മാധവിയെ, ഒരു നൃത്തവേദിയിൽ വച്ച് തെലുങ്ക് സംവിധായകനായ ദസാരി നാരായണറാവു തന്റെ സിനിമയിലേക്ക് കാസ്റ്റ് ചെയ്തു. അങ്ങനെ തന്റെ മധുരപ്പതിനാറിന്റെ വസന്തകാലത്ത് മാധവി അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചു. ചിത്രം വൻ ഹിറ്റായി.
ശേഷം ചിരഞ്ജീവിക്കൊപ്പം നിരവധി സിനിമകളിൽ അഭിനയിച്ച് തന്റെ പ്രതിഭ തെളിയിച്ച മാധവി, തമിഴ്, കന്നഡ, മലയാളം, ഹിന്ദി, ഒറിയ, ബംഗാളി ഭാഷകളിലെ ചിത്രങ്ങളിൽ മാറിമാറി അഭിനയിച്ചു. അഭിനയം അവർക്കൊരു ലഹരിയായിത്തീർന്നു.
സമയമാസമയങ്ങളിൽ എടുത്ത അച്ഛന്റെ നിർണ്ണായക തീരുമാനങ്ങളും, കുടുംബത്തിന്റെ സപ്പോർട്ടും പ്രാർത്ഥനയും ആണ് തന്റെ വളർച്ചക്ക് കാരണമെന്ന് മാധവി വിശ്വസിക്കുന്നു.
ശിവാജി ഗണേശൻ, പ്രേംനസീർ, അമിതാഭ് ബച്ചൻ, രാജ്‌കുമാർ, ദേവാനന്ദ് തുടങ്ങിയ പഴയകാല നടന്മാർക്കൊപ്പം മാത്രമല്ല, രജനീകാന്ത്, വിഷ്ണുവർദ്ധൻ, അംബരീഷ്, മമ്മൂട്ടി, മോഹൻലാൽ എന്നിവർക്കൊപ്പവും ഒരുപോലെ തിളങ്ങിയ നടിയാണ് മാധവി.
അസാധാരണ നിരീക്ഷണ പാടവമുള്ള വ്യക്തിത്വത്തിനുടമയായിരുന്നു അവർ. ഓരോ നടന്മാരുടെയും ഗുണങ്ങൾ അവർ സാകൂതം നിരീക്ഷിക്കുമായിരുന്നു. അങ്ങനെ ശിവാജി ഗണേശനിൽ നിന്നും അഭിനയത്തിന്റെ ആദ്യ പാഠങ്ങൾ പഠിച്ച അവർ രാജ്‌കുമാറിൽ നിന്നും വിനയവും, പ്രേംനസീറിൽ നിന്നും ലാളിത്യവും, എൻ. ടി. ആറിൽ നിന്നും സമയനിഷ്ഠയും, അമിതാഭ് ബച്ചനിൽ നിന്നും കൃത്യമായ ശ്രദ്ധയും പഠിച്ചെടുത്ത് തന്റെ വ്യക്തിത്വം ഒന്നുകൂടി തേച്ചുമിനുക്കിയെടുത്തു.
മലയാളത്തിലേക്ക് ഓഫർ വന്നപ്പോൾ ഭാഷ അവർക്ക് വലിയൊരു പ്രശ്നം തന്നെയായിരുന്നു. ഉണ്ണിയാർച്ച ആരെന്ന് അവർ കേട്ടിട്ടുപോലും ഇല്ലായിരുന്നു. എങ്കിൽ പോലും നിരന്തരം റിസർച്ച് നടത്തിയും അതികാലത്ത് എഴുന്നേറ്റ് കളരിപ്പയറ്റ് അഭ്യസിച്ചും, കഠിനാധ്വാനത്തിലൂടെ ആ റോൾ അഭിനയിച്ച് ചരിത്രം സൃഷ്ടിച്ചു. നിരൂപകരുടെ പോലും കയ്യടി നേടിയ വടക്കൻവീരഗാഥ, എം. ടി. വാസുദേവൻ നായർ, മമ്മൂട്ടി, മാധവി കൂട്ടായ്മയുടെ വിജയകിരീടമാണ്.
അഹങ്കാരി, വാശിക്കാരി എന്നൊക്കെ പരക്കെ അറിയപ്പെട്ടിരുന്ന മാധവി, തന്റെ നിശ്ചയദാർഢ്യം ഒന്നുകൊണ്ടുമാത്രം തന്റെ ജൈത്രയാത്ര തുടർന്നു കൊണ്ടേയിരുന്നു.
ആകാശദൂദിലെ രക്‌താർബുദം ബാധിച്ച് അവസാനം വരെ വിധിയോട് പൊരുതുന്ന അമ്മവേഷം, അവരുടെ അഭിനയജീവിതത്തിലെ മറ്റൊരു നാഴികക്കല്ലാണ്. ദാരിദ്ര്യം നിറഞ്ഞ കുടുംബത്തിലെ സ്ത്രീയുടെ റോളിൽ അഭിനയിക്കാൻ വിലകുറഞ്ഞ സാരികൾ ധരിക്കാൻ ആവശ്യപ്പെട്ട സിബി മലയിലിനെ അവർ വെള്ളം കുടിപ്പിച്ചു. ഓരോ സീനിൽ ഓരോ സാരി എന്ന വാശിയിൽ അവർ ഉറച്ചു നിന്നു. പക്ഷേ അഭിനയം കൊണ്ട് അവർ ഇതെല്ലാം മറികടന്നു. ഇതിലെ അഭിനയത്തിന് മികച്ച രണ്ടാമത്തെ നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം കിട്ടി.
ഓർമ്മക്കായി, നൊമ്പരത്തിപ്പൂവ്, പൂച്ചസന്യാസി, തിരകൾ എഴുതിയ കവിത, അനുരാഗക്കോടതി, കുറുക്കന്റെ കല്യാണം, തുടങ്ങി 17 വർഷത്തെ അഭിനയജീവിതത്തിൽ പല ഭാഷകളിലായി ഒരുപാട് സിനിമകൾ അവരുടെ ലിസ്റ്റിലുണ്ട്.
‘ഓർമ്മക്കായി’ എന്ന സിനിമയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള കേരള സ്റ്റേറ്റ് ഫിലിം അവാർഡ് നേടി. ‘ആകാശദൂദ്’, ‘വളർത്തു മൃഗങ്ങൾ’ എന്നിവയിലെ അഭിനയത്തിന് മികച്ച രണ്ടാമത്തെ നടിക്കുള്ള അവാർഡും നേടി.
റാൽഫ് ശർമ്മ എന്ന ബിസ്നസ്സുകാരനെ വിവാഹം ചെയ്ത് യു എസ്സിലേക്ക് പറന്ന അവർ വെറുമൊരു സാധാരണ വീട്ടമ്മയായി ഒതുങ്ങിക്കൂടിയില്ല. സ്വപ്‌നങ്ങൾ തേടിയുള്ള യാത്രയായിരുന്നു അവർക്കത്. ഫാർമസ്യുട്ടിക്കൽ കമ്പനി ഉടമയായ ഭർത്താവിന്റെ ബിസ്നസ്സിൽ പങ്കാളിയായി, ഒരു ബിസ്നസ്സ് വുമൺ ആയി, കഠിനാധ്വാനം ചെയ്ത്, അവർ യു എസ്സിൽ തന്റെ സ്വന്തം സ്വപ്ന സാമ്രാജ്യം പടുത്തുയർത്തി. കൊട്ടാരസദൃശ്യമായ വീട്ടിൽ , മാനുകളെയും പക്ഷികളെയും വളർത്തി ചക്രവർത്തിനിയായി വാഴുകയാണ് മാധവി ഇപ്പോൾ. സ്വന്തമായി ഒരു വിമാനവും ലൈസൻസും ഉണ്ട്.
ഇവർക്ക് മൂന്ന് പെണ്മക്കൾ- ടിഫാനി ശർമ്മ, പ്രിസില്ല ശർമ്മ, ഇവ്‌ലിൻ ശർമ്മ.
സ്വന്തമായ ഇച്ഛാശക്തിയും നിശ്ചയദാർഢ്യവും വാശിയും കൊണ്ട് സ്വപ്‌നങ്ങൾ വെട്ടിപ്പിടിച്ച മാധവി എന്ന നടി നമുക്ക് ഓരോരുത്തർക്കും മാതൃകയാണ്.